Image

മഴയെഴുത്തുകള്‍ - (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)

രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍ Published on 10 August, 2019
മഴയെഴുത്തുകള്‍ - (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
എഴുതുവാനായെടുത്ത

പേനത്തുമ്പിലൊരു മഴത്തുള്ളി

പണ്ടുമിതേ പോലെ കവിത തേടി

നടന്നോരിടങ്ങളില്‍ വിജനശൂന്യത

രാവു കുടഞ്ഞിട്ട മഴയുടെ

താണ്ഡവത്തിന്‍ ചിലമ്പുകള്‍   

 

ഹിമകണത്തിന്‍ തണുപ്പുപോല്‍

വിണ്ണിന്റെ ചലനതാളം

നിലയ്ക്കുന്നിടങ്ങള്‍ പോല്‍

മൃതിയിരുണ്ടുവരുന്നപോല്‍

ലോകത്തിനിരുപുറങ്ങള്‍

കരഞ്ഞുതീരുന്ന പോല്‍

പ്രണയചെമ്പകപ്പൂക്കള്‍

കൊഴിഞ്ഞ പോല്‍

ഹൃദയതാളം നിലച്ചു

പോകുന്നപോല്‍

മകുടിയൂതിയൊരോര്‍മ്മ

ക്കഥയിലെ ശിലയില്‍

നാഗമാണിക്യങ്ങള്‍ തേടിയ

പഴയമന്ത്രദണ്ഡോലകുറിച്ചൊരു

ശനിജ്വലിക്കുന്ന വൈദീശ്വരങ്ങളില്‍

എവിടെയും പറന്നെത്താന്‍

ചിറകിലെ  കനവില്‍ സ്വര്‍ണ്ണം

നിറച്ച് സൂക്ഷിച്ചവര്‍;

മിഴികള്‍ പൂട്ടിയിരിക്കുന്നു

രാവിന്റെ ചിതകള്‍

കണ്ട് നടുങ്ങിയിരിക്കുന്നു

 

എഴുതുവാനായെടുത്ത

കടലാസ് മഴയിലാകെ

നനഞ്ഞുപോയീടുന്നു

എവിടെയോ സ്വരം

തെറ്റി നില്‍ക്കുന്നുണ്ട്

അരികിലെ മേഘ

രാഗാര്‍ദ്ര വര്‍ഷിണി.

ചടുല താളം

മൃദംഗം, ഇലത്താളം

ഇടയിലുണ്ട് പെരുമ്പറ

ഗര്‍ജ്ജനം

മഷി പടര്‍ന്നതെന്‍

കണ്ണിലോ, സൂര്യന്റെ

മിഴിയിലോടുന്ന

മേഘമല്‍ഹാറിലോ?

മഴയെഴുത്തുകള്‍ - (രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
Join WhatsApp News
P R Girish Nair 2019-08-10 13:00:57
മഴയെക്കുറിച്ചുള്ള ഭാവനകൾ ഉഗ്രൻ. 
മഴയുടെ കനിവും അനുഗ്രഹവും വിരഹവും ആസുരതയും  എല്ലാം വരികളിൽ തിളങ്ങുന്നു
Pisharody Rema 2019-08-11 06:07:32
Thank you Girishji for reading my poem and about the good words.. 
Nandi

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക