Image

പ്രളയതാണ്ഡവം (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 11 August, 2019
പ്രളയതാണ്ഡവം (ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
നിനച്ചിരിക്കാത്തൊരു നേരം
സമസ്തകേരളദേശവും ആഴ്ത്തിയോ
പ്രളയപയോധിയില്‍ !!
സ്വന്തമെന്നോതി പുണര്‍ന്നതെല്ലാം
പ്രളയക്കെടുതി കവര്‍ന്നല്ലോ ദൈവമേ !
കവികള്‍ പുകഴ്ത്തിയ ഹരിതാഭ കേരളം
ശ്മശാനസമാനം ഞൊടിയിടമാത്രയില്‍ !
ജീവനോപായങ്ങള്‍ കൊള്ളയടിച്ചല്ലോ
നിര്‍ദ്ദയം പ്രളയ കരാളമാം കയ്യുകള്‍.
ദുര്‍വൃത്തികൊണ്ട് രമിച്ച് മദിച്ചൊരു
കേരളമക്കള്‍ തന്‍ കണ്മുന്നിലായി
സസ്യശ്യാമള കോമള കേരളം
ഹരിതവര്‍ണ്ണങ്ങളെ കൈവിട്ടരുവിയായ് !
മലനാടിന്‍ മക്കളെ ചേറാലും ചെളിയാലും
ജ്ഞാനസ്‌നാനം ചെയ്യിച്ചല്ലോ വരുണനും.
ജലാഭിഷേകേന നിമ്‌നോന്നതങ്ങളില്‍
ജലദേവതയാടി തിമിര്‍ത്തുല്ലസിച്ചു
കണ്ടു മടുത്തൂ പരിസ്ഥിതിപാലകര്‍
വെട്ടിനിരത്തും നിബിഡ വനങ്ങളെ
വയല്‍വേല, പാടങ്ങളൊക്കെ നിരത്തി,
മാളികമുകളേറിയ മന്നന്മാര്‍
നിലം തൊടാനാവാഞ്ഞ് കേണു വിളിച്ചു
കേരള സ്രഷ്ടാവാം ശ്രീ പരശുരാമനെ
ഖിന്നനാം ദേവന്‍ തരസായിറങ്ങി
കണ്ടു ഹതാശനായ് മലയാളനാടിനെ !
ദൈവത്തിന്‍ സ്വന്തം നാടെന്നൊരു കീര്‍ത്തിയില്‍
ഊറ്റം കൊണ്ടോരു നാടോയിത്!
ഇന്നതിന്‍ നിലയെത്ര പരിതാപപൂരിതം
നിയതി തന്‍ നിശ്ചയം നാമറിയുന്നുവോ?
മഴുവെറിഞ്ഞാഴിയില്‍ നിന്നും നികത്തിയ
ഭൂമിയും വെള്ളത്തില്‍ മുങ്ങി കിടക്കുന്നു
ശാപമോക്ഷം നല്‍കി കാത്തുരക്ഷിക്കണോ,
ശിക്ഷിക്കണോ, ഇവര്‍ പശ്ചാത്തപിക്കുമോ?
ചിന്തിച്ചു ചിന്തിച്ചോരുടയോനും സംസാര
സാഗരമദ്ധ്യേ ആണ്ടു സമാധിയില്‍.
======================

 
Join WhatsApp News
വിദ്യാധരൻ 2019-08-11 23:05:32
എന്തിനു കേഴുന്നു കവി 
ആരു കേൾക്കാനാണ് നിൻ രോദനം ?
വന്നു പോവുന്നു പ്രളയം പതിവ്പോൽ 
ചത്തടിയുന്നൊട്ടേറെയതിൽ
നെഞ്ചത്തടിച്ചു കരയുന്നു ചിലർ 
തഞ്ചമായി കാണുന്നത് മറ്റു ചിലർ  
പുരയ്ക്കു തീപിടിക്കുമ്പോൾ
കാളമുണ്ടം തപ്പിടുന്നാനയെപ്പോൽ.
അന്യന്റെ ദുഃഖം അറിയണമെങ്കിലത്തരം 
അഗ്നിയ്ക്കുക്കുള്ളിൽ നിന്നവനാവണം.
വന്നുപോയി സുനാമിയും ഓക്കിയും 
വന്നുപോയി മഹാപ്രളയമതിൽ 
ഒലിച്ചുപോയെത്രയോ ജീവിതം 
എന്നുമിതൊരു പതിവായി മാറുമ്പോൾ 
ഖിന്നനായിരിക്കാൻ ആവില്ല മർത്ത്യന്
കച്ചിത്തുരുമ്പിൽ പിടിച്ചാണെലും 
സ്വയരക്ഷയാണ് ഏവനും മുഖ്യം  
ആര് കേൾക്കാനാണ് കവി നിൻ രോദനം? 
അങ്ങകലെ തിരമാലയോട് മല്ലിടും 
മുക്കവന്മാർ കേട്ടാലത് ഭാഗ്യം !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക