Image

ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡില്‍ ആര്‍ട്ടിക്കിള്‍ 370-നെ ചൊല്ലി വാഗ്വാദം

Published on 12 August, 2019
ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡില്‍ ആര്‍ട്ടിക്കിള്‍ 370-നെ ചൊല്ലി വാഗ്വാദം
ന്യൂയോര്‍ക്ക്: ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡില്‍ കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചൊല്ലി വാഗ്വാദം.

ഗസ്റ്റ് ഓഫ് ഓണര്‍ ആയി പങ്കെടുത്ത കോണ്‍ഗ്രസ്മാന്‍ ടോം സുവോസി പ്രസംഗിച്ച ഉടനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് രാജേന്ദ്രര്‍ ഡിച്ചാപ്പള്ളി പ്രതിക്ഷേധമുയര്‍ത്തുകയായിരുന്നു

ന്യൂയോര്‍ക്ക് മൂന്നാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന സുവോസി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ പ്രസിഡന്റ് ട്രംപിനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയ്ക്കും കത്ത് എഴുതിയതായിരുന്നു പ്രശ്നം. ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടി കാശമീരില്‍ ജനകീയ പ്രക്ഷോഭത്തിനിടയാക്കും. കാശ്മീര്‍ ജനതയുടെ സ്വയംഭരണാവകാശം നിയന്ത്രിക്കുന്നത് ഭീകരരേയും തീവ്രവാദികളേയും ശക്തിപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എന്തു നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നറിയണമെന്നും തന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും കത്തില്‍ പറയുന്നു.

കത്ത് ജനശ്രദ്ധയില്‍ വന്നതോടെ ഇന്ത്യന്‍ സമൂഹം കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നു. സുവോസിയുടെ ഡിസ്ട്രിക്ടില്‍ ഇന്ത്യക്കാര്‍ ധാരാളമുണ്ട്. അദ്ദേഹത്തിനു വോട്ട് ചെയ്യുകയും, സംഭാവന നല്‍കുകയും ചെയ്തവര്‍.

സുവോസി കത്ത് പിന്‍വലിക്കുകയും ഇന്ത്യന്‍ സമൂഹത്തോട് മാപ്പ് പറയുകയും ചെയ്യണമെന്ന ആവശ്യമുയര്‍ന്നു. പ്രതിക്ഷേധം ശക്തമായതോടെ ഞായറാഴ്ച ഉച്ചയ്ക്ക് അദ്ദേഹം ഇന്ത്യക്കാരുമായി ഒരു മീറ്റിംഗ് വച്ചു. എന്നാല്‍ ആ മീറ്റിംഗില്‍ പാക്കിസ്ഥാനികളേയും കാശ്മീരികളേയും വിളിച്ചെന്നും യോഗത്തില്‍ ആളുകള്‍ തമ്മില്‍ വാഗ്വാദമുയര്‍ന്നുവെന്നും ഡിച്ചാപ്പള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ തന്റെ തീരുമാനം രണ്ടുദിവസത്തിനകം അറിയിക്കാമെന്നു പറഞ്ഞ് സുവോസി മീറ്റിംഗ് അവസാനിപ്പിച്ചു.

തുടര്‍ന്നു പരേഡിനെത്തിയ അദ്ദേഹം രണ്ടുമൂന്നു വാചകങ്ങളേ സംസാരിച്ചുവുള്ളൂ. ഇന്ത്യ- അമേരിക്ക ബന്ധം അത്യന്തം വിലപ്പെട്ടതാണെന്നും അത് അങ്ങനെതന്നെ അടുത്ത അമ്പതു വര്‍ഷത്തേക്കും തുടരുമെന്നും സുവോസി പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് സ്റ്റേജില്‍ നിന്ന സുവോസിയോട് മാപ്പ് പറയുന്നുവെന്നും, കത്ത് പിന്‍വലിക്കണമെന്നും ഡിച്ചാപ്പള്ളി ആവശ്യപ്പെട്ടു.

അതോടെ സ്റ്റേജ് വിട്ട് താഴേയ്ക്കുവന്ന സുവോസി തനിച്ച് സംസാരിക്കണമെന്നു ഡിച്ചാപ്പള്ളിയോട് പറഞ്ഞു. എന്നാല്‍ അത് ഡിച്ചാപ്പള്ളി നിരസിച്ചു. കത്ത് പരസ്യമായതിനാല്‍ സംസാരവും പരസ്യമാകട്ടെ എന്നു പറഞ്ഞു. അതോടെ ദേഷ്യംപൂണ്ട സുവോസി സ്ഥലംവിടുകയും ചെയ്തു.

വിവിദ കത്തില്‍ മാപ്പ് പറയാത്ത സാഹചര്യത്തില്‍ സുവോസിക്കുള്ള ക്ഷണം പിന്‍വലിക്കാത്ത പരേഡ് സംഘാടകരേയും ഡിച്ചാപ്പള്ളി കുറ്റപ്പെടുത്തി.

ഇക്കാര്യം സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടിനെപ്പറ്റി ചോദിച്ചപ്പോള്‍ ഡിച്ചാപ്പള്ളി മോഡി സര്‍ക്കാരിന്റെ നടപടി ശരിയായില്ലെന്നു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തേയും വിശ്വാസത്തിലെടുത്ത് ഒരു ഏകാഭിപ്രായം രൂപീകരിക്കുകയായിരുന്നു വേണ്ടത്. നോട്ട് പിന്‍വലിക്കല്‍ പോലെ തെറ്റായ നടപടിയായിരുന്നു അത്.

എന്നാല്‍ ഇതേ തുടര്‍ന്ന് രാഷ്ട്രം ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. പ്രതിസന്ധിയില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം. ചിദംബരവും തരൂരും ഒക്കെ അങ്ങനെയാണ് എഴുതിയത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് ഓവര്‍സീസ് കോണ്‍ഗ്രസ്  വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം വിശദീകരിച്ചു. ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ ചെയ്തത് ഇന്ത്യ എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ്. ജമ്മു കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ന്നത് ഒറ്റ സ്റ്റേറ്റായാണ്. അത് മാറ്റാനോ സ്റ്റേറ്റിനെ വിഭജിക്കാനോ യൂണിയന്‍ ടെറിട്ടറി ആക്കാനോ ഒരു ഗവണ്‍മെന്റിനും അധികാരമില്ല. ജമ്മു കാശ്മീര്‍ - ലഡാക് ജനതയോടൊപ്പം കോണ്‍ഗ്രസ് നിലകൊള്ളുന്നു. ബി.ജെ.പിയുടെ പൈശാചികമായ നടപടിക്കെതിരേ എല്ലാ ശക്തിയുമെടുത്ത് പോരാടും. അവിടെ സമാധാനം പാലിക്കണമെന്നും കോണ്‍ഗ്രസ് ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

വോട്ട് ചെയ്യുകയും പണം കൊടുക്കുകയും ചെയ്തതുകൊണ്ട് കോണ്‍ഗ്രസ് അംഗം നാം പറയുന്നത് മുഴുവന്‍ അംഗീകരിക്കന്‍ ബാധ്യസ്ഥനാണെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നു പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുപോലെ തന്നെ ഒരു സാഹചര്യത്തിലും അമേരിക്ക മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന നിലപാടും ശരിയല്ല. അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്ക് പറയാന്‍ കൊള്ളാവുന്ന കാര്യമല്ല അത്.

പരേഡ് സംഘടിപ്പിച്ച ഫ്ളോറല്‍പാര്‍ക്ക്- ബല്‍റോസ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ നേതാവ് സുബാഷ് കപാഡിയയും ആര്‍ട്ടിക്കിള്‍ 370-നെപ്പറ്റി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അതു ധീരമായ നടപടിയാണെന്നും സര്‍ദാര്‍ പട്ടേലിന്റേയും അംബേദ്കറിന്റേയും ശ്യാമപ്രദാസ് മുഖര്‍ജിയുടേയും സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. (എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 ഡ്രാഫ്റ്റ് ചെയ്തത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലാണെന്നും, അംബേദ്കര്‍ അത് പിന്തുണച്ചുവെന്നും വിദഗ്ധര്‍ പറയുന്നു.)

ഐ.ഒ.സിക്ക് പരേഡില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നു ജോര്‍ജ് ഏബ്രഹാം പറഞ്ഞു. എന്നാല്‍ സംഘാടകര്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയൊ രാഷ്ട്രശില്‍പിയായ നെഹ്റുവിന്റേയോ പേരുപോലും പറയാന്‍ തയാറായില്ല. അവരെ സംബന്ധിച്ചടത്തോളം മോഡിയെ സ്തുതിക്കാനും വിവാദ വിഷയമായ ആര്‍ട്ടിക്കിള്‍ 370 -നെപ്പറ്റി സംസാരിക്കാനുമായിരുന്നു താത്പര്യം.

ധാരാളം മലയാളികള്‍ അടക്കം വൈവിധ്യത്തില്‍ വിശ്വസിക്കുന്ന ജനം കാശ്മീരില്‍ നടക്കുന്നതിനെ അംഗീകരിച്ചെന്നു വരില്ല. ജനാധിപത്യത്തെ ഹനിക്കുകയും മതപരമായി രാജ്യത്തെ വേര്‍തിരിക്കുകയുംചെയ്യുന്ന നടപടിയാണിതെന്നു പലരും കരുതുന്നു.

ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നുള്ളവര്‍ തങ്ങളുടെ സാമ്പത്തികശക്തി ഉപയോഗിച്ച് അവരുടെ നിക്ഷിപ്ത താത്പര്യം അമേരിക്കയില്‍ പ്രചരിപ്പിക്കുന്നത് നിരന്തരം തുടരുകയാണ്. ജനം ആലസ്യംവിട്ട് സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ ഇന്ത്യയില്‍ സ്ഥിതി വൈകിപ്പോയെന്നിരിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡില്‍ ആര്‍ട്ടിക്കിള്‍ 370-നെ ചൊല്ലി വാഗ്വാദം
Join WhatsApp News
അട്ടകളെ മെത്തയിൽ കിടത്താൻ നോക്കരുത് 2019-08-12 15:51:06
ഒരാൾ ഒരു പള്ളി പണിയട്ടെ, മറ്റെയാൾ ഒരു പശുവിനെ കുടിയിരുത്തട്ടെ (മുല പുറത്തേക്ക് ഇട്ടേക്കണം പൽ കറക്കാനുള്ളതാണ് ) , വേറൊരാൾ ഒരു മോസ്‌ക്ക് പണിയട്ടെ എല്ലാ മതങ്ങളും അവര് സൃഷ്ട്ടിച്ച ദൈവങ്ങളും അടിച്ചു ചാകട്ടെ വേണെങ്കിൽ ട്രംപിനെയും വിളിക്ക് . ആർട്ടിക്കിൾ 370 മൂന്നാക്കി 123. 3333333 ..ആക്കി തരും (ആർട്ടിക്കിൾ 370 എന്ത് കുന്തമാണെന്ന് ചോദിച്ചാൽ ഒരു തരം മോദിയുടെ മിസൈൽ ആണെന്ന് പറയും . ചെന്ന് വീഴുന്നടം കുളം തോണ്ടി കലക്കി കയ്യിൽ കൊടുക്കും  

ഇന്ത്യക്കാരുടെ പാര മുന്നോട്ട് നീങ്ങട്ടെ .....ഇവനൊക്കെ എവിടെപ്പോയാലും ഇത് തന്നെ ---അട്ടകളെ മെത്തയിൽ കിടത്താൻ നോക്കരുത് 
josecheripuram 2019-08-13 09:22:17
"Live & Let others Live too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക