Image

ചോര്‍ന്നൊലിക്കുന്ന ചരിത്ര ഭവനം (വിജയ് സി.എച്ച്)

Published on 12 August, 2019
ചോര്‍ന്നൊലിക്കുന്ന ചരിത്ര ഭവനം (വിജയ് സി.എച്ച്)
ഞാന്‍ മുമ്പൊരിക്കല്‍ ഈ വീട്ടില്‍ വന്നിട്ടുണ്ട്. ഷാജി എന്‍. കരുണിന്‍റെ കന്നിസംരംഭമായ 'പിറവി' എന്ന പടത്തില്‍, രാജന്‍റെ പിതാവ് ഈച്ചരവാരിയരായി അഭിനയിച്ചു, രാജ്യത്തെ മികച്ച നടനുള്ള രജത കമലം ഇവിടെ ജീവിച്ചിരുന്ന ഒരാള്‍ നേടിയ സമയത്ത്!

1986ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'ഉപ്പി'ന്‍റെ സംവിധായകന്‍, പവിത്രനുമായി അദ്ദേഹത്തിന്‍റെ തൃശ്ശൂരിലുള്ള ഭവനത്തില്‍വെച്ച് ഒരു അഭിമുഖത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ്, ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്ത റേഡിയോവില്‍ കേട്ടത്.

1989ലെ മികച്ച ദേശീയ ചിത്രമായി പിറവിയും, സംവിധായകനായി ഷാജിയും, നടനായി പ്രേംജിയും, ശബ്ദലേഖകനായി ടി. കൃഷ്ണനുണ്ണിയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, പവിത്രേട്ടന്‍ പറഞ്ഞു, ഏറ്റവും മുന്തിയ നാലു ദേശീയ പുരസ്കാരങ്ങള്‍ ഒരു മലയാളം പടത്തിന്, ഈ വാര്‍ത്ത ഏറെ പ്രകമ്പനം കൊള്ളിക്കുന്നതാണെന്ന്!

പിന്നെ വൈകിയില്ല, പവിത്രേട്ടന്‍റെ 'ഉപ്പ്' വിശേഷങ്ങള്‍ ഉടനെ അവസാനിപ്പിച്ച്, ഞങ്ങള്‍ പൂങ്കുന്നം റെയിവെ സ്‌റ്റേഷനടുത്തുള്ള പ്രേംജിയുടെ വീട്ടിലേക്കു കുതിച്ചു. അടുത്ത സ്ഥലം. അവാര്‍ഡു വാര്‍ത്ത കേട്ട പതിനാലാമത്തെ മിനിറ്റില്‍, ദേശത്തെ ഏററവും നല്ല അഭിനേതാവിന്‍റെ മുന്നില്‍ ഞങ്ങളെത്തി!

വീടിന്‍റെ കോലായില്‍ ഒരു ചാരുകസേരയില്‍ പ്രേംജി വിശ്രമിക്കുന്നുണ്ടായിരുന്നു. അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോള്‍, എന്തിനാണെന്ന് ചോദിച്ചു. വളരെ ആവേശത്തോടെ ഞാന്‍ വിവരം പറഞ്ഞു. ഞാനാണ് ഈ വിവരം അദ്ദേഹത്തെ ആദ്യമായി അറിയിക്കുന്നതെന്നു മാത്രം പറഞ്ഞതല്ലാതെ, പ്രേംജിയില്‍നിന്ന് മറ്റൊരു പ്രതികരണവും ഉണ്ടായില്ല.

അസഹനീയമാരൊരു രസഭംഗമായിരുന്നു അത്!

ഒന്നും സംഭവിക്കാതിരുന്ന ഏതാനും നിമിഷങ്ങള്‍ക്കു ശേഷം, എന്താണീ നിസ്സംഗതയെന്ന് ഞാന്‍ അദ്ദേഹത്തോട് മുറിഞ്ഞ പദങ്ങളുടെ പിന്‍തുണയോടെ ആരാഞ്ഞു.

"ഇനിയും അഭിനയിക്കാന്‍ ജീവിതം ബാക്കിയുള്ളവര്‍ക്കു ഈ പുരസ്കാരം നല്‍കിയിരുന്നെങ്കില്‍, അവര്‍ക്കതൊരു പ്രോത്സാഹനമാകുമായിരുന്നു. എണ്‍പതു വയസ്സായ എനിക്ക് ഇതുകൊണ്ട് എന്താ നേട്ടം?" തല ഉയര്‍ത്തി പ്രേംജി എന്നോടു ചോദിച്ചു.

തങ്ങളാണ് അവാര്‍ഡു വിവരം അതു നേടിയ ആളെ അറിയച്ചതെന്ന ഉപശീര്‍ഷകത്തോടെ ഞങ്ങളുടെ ഈ അഭിമുഖം അടുത്ത ദിവസം ഒരു വിദേശ ദിനപത്രത്തില്‍ ഏറെ മോടിയോടെ പ്രത്യക്ഷപ്പെട്ടു!

വയലാര്‍ രാമവര്‍മ്മ, വൈലോപ്പിള്ളി ശ്രീധരമേനോന്‍, എസ്. കെ. പൊറ്റെക്കാട്, ഉറൂബ്, ആറ്റൂര്‍ രവിവര്‍മ്മ, ജോസഫ് മുണ്ടശ്ശേരി, സംഗീത സംവിധായകന്‍ ബാബുരാജ്, നടന്മാര്‍ പി. ജെ. ആന്‍റണി, എം. എസ്. നമ്പൂതിരി മുതലായവരില്‍ ഒരാളെങ്കിലും സന്ദര്‍ശകനായി എത്താത്ത ഒരുനാളുമില്ലാതിരുന്ന ഈ വീട്, പ്രേംജിയുടെ മരണത്തോടെ (1998) വിസ്മൃതിയിലാണ്ടു.

എന്നാല്‍, തീരെ അവിചാരിതമായൊരു കാരണത്താല്‍, ഈ വീട് കഴിഞ്ഞയാഴ്ച വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടോടുകൂടി വന്ന കനത്ത മഴയില്‍, മുന്‍വശത്തു നിന്നിരുന്ന ഒരു കൂറ്റന്‍ മാവ് വീടിനു മുകളില്‍ കട പുഴകി വിണു. മഞ്ഞ അലര്‍ട്ട് മഴയുടെ നിറം യഥാര്‍ത്ഥത്തില്‍ ചുവപ്പായിരുന്നു!

മരം വെട്ടി മാറ്റിയെങ്കിലും, വീടിന്‍റെ തെക്കു വശത്തെ കഴുക്കോലുകളും, പട്ടികകളും, ഓടുകളും, ഷീറ്റുകളും തകര്‍ന്ന്, താഴെയും മേലെയുമുള്ള മുറികളും, ഇടനാഴിയും, വരാന്തയും അപകടമായ രീതിയില്‍ ചോര്‍ന്നൊലിക്കുന്നു.

തുടര്‍ച്ചയായ മഴയില്‍ വെള്ളമൊലിച്ചു കുതിര്‍ന്നുകൊണ്ടിരിക്കുന്ന ചുമരുകകളും ദുര്‍ബലമായ മേല്‍!ക്കൂരയും, ഈ ചരിത്രമുറങ്ങുന്ന ഭവനത്തിന്‍റെ അന്ത്യം കുറിച്ചുകൊണ്ട്, ഏതു നിമിഷത്തിലും പൊളിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. വീടിനകത്തെ ശോച്യ ദൃശ്യങ്ങള്‍ കേമറയില്‍ പകര്‍ത്തുന്നതിനിടയില്‍, പകുതി വലിപ്പമുള്ള ഒരു ഓടിന്‍റെ കഷ്ണം തലനാരിഴ വ്യത്യാസത്തിനാണ് എന്‍റെ തലയില്‍ തട്ടാതെ നിലംപതിച്ചത്!

പ്രേംജിയോളം പ്രായമുള്ള ആ മാവുമരം, അദ്ദേഹത്തിന്‍റെ ചരമവാര്‍ഷിക ദിനത്തോടടുത്തൊരു (ആഗസ്റ്റ്10) നാളില്‍ വീടിനു മേലെത്തന്നെ വേരറ്റു വീണത് യാദൃച്ഛികമായിരിക്കാമെങ്കലും, നിരവധി സാംസ്കാരിക സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഈ മന്ദിരം സംരക്ഷിക്കണമെന്ന് അധികൃതരെ അല്‍പ്പം ഉറക്കെയൊന്ന് ഓര്‍മ്മപ്പെടുത്തിയതുമായിരിക്കാം!

?സാമൂഹ്യ പരിഷ്കര്‍ത്താവ്

പുരോഗമന ചിന്താധാരകള്‍ സ്വന്തം ജീവിതത്തില്‍തന്നെ പ്രായോഗികമാക്കിയ ഒരു സാമൂഹ്യനവോത്ഥാ!ന നായകനായിരുന്നു മുല്ലമംഗലത്ത് പരമേശ്വരന്‍ ഭട്ടതിരിപ്പാട് എന്ന പ്രേംജി.

പൊന്നാനിയിലെ വന്നേരിയിലുള്ള മുല്ലമംഗലം ഇല്ലത്തായിരുന്നു ജനനം. കേരളന്‍ ഭട്ടത്തിരിപ്പാടിന്‍റേയും ദേവസേന അന്തര്‍ജനത്തിന്‍റേയും പുത്രന്‍. പ്രസിദ്ധമായ മംഗളോദയം പ്രസാധനാലയത്തില്‍ ജോലി ലഭിച്ചതോടെയാണ് പ്രേംജി തൃശ്ശൂരിലെത്തുന്നത്.

ജ്യേഷ്ഠ സഹോദരന്‍ എം. അര്‍. ഭട്ടത്തിരിപ്പാടിന്‍റെ (എം.ആര്‍.ബി) സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങളും, സമുദായ നവീകരണം ഉദ്ദേശിച്ചുകൊണ്ടുള്ള പ്രൊഫഷണല്‍ നാടകങ്ങളും പ്രേംജിക്കു കുട്ടിക്കാലത്തുതന്നെ വലിയ ആവേശമായിരുന്നു.

വിധവാവിവാഹം നമ്പൂതിരി സമുദായത്തിനു നിഷിദ്ധം എന്ന അനാചാരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് തന്‍റെ നാല്‍പ്പതാം വയസ്സില്‍ വിധവയായ ആര്യ അന്തര്‍ജനത്തെ പ്രേംജി വിവാഹം ചെയ്തത്. ആര്യ അന്തര്‍ജനത്തിന്‍റെ ആദ്യവിവാഹം പതിനാലാം വയസ്സിലായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ വിധവയായി. പന്ത്രണ്ടു വര്‍ഷത്തെ വൈധവ്യത്തിനൊടുവിലാണ് പ്രേംജിയെ അവര്‍ പുനര്‍വിവാഹം ചെയ്തത്.

!1934ല്‍, വിധവയായ ഉമ അന്തര്‍ജനത്തെ വേളി കഴിച്ചു, നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹം സാധ്യമാക്കിയത് എം.ആര്‍.ബി ആയിരുന്നു! രണ്ടാമത്തെ വിധവാവിവാഹം അനിയന്‍ പ്രേംജിയും. ഈ രണ്ടു വിധവാവിവാഹങ്ങള്‍ നടന്നതോടെ, നമ്പൂതിരി സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ കടുത്ത പോര്‍വിളികള്‍ നേരിടാ9 തുടങ്ങി.

ആചാര ലംഘനം നടത്തിയ കുറ്റത്തിന് ഈ രണ്ടു കുടുംബങ്ങള്‍ക്കും, വിവാഹങ്ങളില്‍ പങ്കെടുത്തവര്‍ക്കും, യഥാസ്ഥിതിക സമൂഹം ഭ്രഷ്ടു കല്‍പ്പിച്ചു. വേളിയില്‍ !സംബന്ധിച്ചതിന് ഇ. എം. എസ്. നമ്പൂതിരിപ്പാടിനുപോലും വിലക്കു കല്‍പ്പിക്കപ്പെട്ടിരുന്നു! പക്ഷെ, ഈ പോരാട്ടം സമുദായത്തിലെ നിര്‍ഭാഗ്യവതികളായ വിധവകള്‍ക്ക് പുനര്‍വിവാഹത്തിനുള്ള വഴി ക്രമേണ തുറന്നു കൊടുത്തു.

1946ല്‍, പ്രേംജി വിപ്‌ളവ വിവാഹം ചെയ്തു, ആര്യ അന്തര്‍ജനത്തെ കൊണ്ടുവന്നു കയറ്റിയ ആ ഇല്ലമാണ്, ഇന്നു പേമാരിയില്‍ ചോര്‍ന്നൊലിച്ചു തകര്‍ച്ചയുടെ പാതയില്‍ എത്തിനില്‍ക്കുന്നത്.

?നാടക ജീവിതം

നമ്പൂതിരി സമൂഹത്തില്‍ സാമൂഹിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തന്റെ രചനകളെ ഉപയോഗിച്ച വി. ടി. ഭട്ടതിരിപ്പാടിന്‍റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിലൂടെയാണ് പ്രേംജി അഭിനയരംഗത്തെത്തിയത്. എം.ആര്‍.ബിയുടെ 'മറക്കുടക്കുള്ളിലെ മഹാനരകം', ചെറുകാടിന്റെ 'നമ്മളൊന്ന്', കെ. ദാമോദരന്‍റെ 'പാട്ടബാക്കി', പുലാക്കാട്ട് അച്യുതവാരിയരുടെ 'ചവിട്ടിക്കുഴച്ച മണ്ണ്', മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ 'അപ്ഫന്റെ മകള്‍' മുതലായവ പ്രേംജി അഭിനയിച്ച നാടകങ്ങളില്‍ ചിലതാണ്. ഇവയെല്ലാം നവ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അരങ്ങുകളായിരുന്നു!

പ്രേംജിക്കു കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിരുന്നുവെന്നു പറയുന്നതിനേക്കാള്‍ മഹത്തരമായതാണ്, ഈ വക സാമൂഹികസാംസ്കാരികരാഷ്ട്രീയ നാടകങ്ങളുടെ റിഹേര്‍സലുകള്‍ നടന്നിരുന്നത് അദ്ദേഹത്തിന്‍റെ വീടിന്‍റെ വരാന്തയില്‍ വച്ചായിരുന്നുവെന്നു പറയുന്നത്! കേരളത്തിലെ പ്രഥമ ഭരത് ജേതാവായ പി. ജെ ആന്‍റണി വരെയുള്ളവര്‍ താന്താങ്ങളുടെ അഭിനയ ചാതുര്യം മാറ്റുരച്ചു നോക്കിയിരുന്നത്, ഓടിന്‍റേയും ചെങ്കല്ലിന്‍റേയും മറ്റു വസ്തുക്കളുടേയും ഇടിഞ്ഞു പൊളിഞ്ഞ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ കുമിഞ്ഞുകിടക്കുന്ന ഈ കോലായില്‍ വെച്ചായിരുന്നു!

?അഭ്രപാളിയിലെ ഉത്തുംഗ ശൃംഗം

നാടകാഭിനയത്തില്‍ പുതിയ പാത വെട്ടിത്തെളിയിച്ച പ്രേംജി, സിനിമയില്‍ അധികം ചെയ്തത് ചെറിയ റോളുകളായിരുന്നുവെങ്കിലും, 'പിറവി'യിലെ രഘുവിന്‍റ പിതാവ് രാഘവ ചാക്യാര്‍, കാണാതായ തന്‍റെ മകനുവേണ്ടി അനന്തമായ തിരച്ചില്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ഭാവാഭിനയ കലയുടെ സകല സീമകളും താണ്ടുകയായിരുന്നു! അതുവരെ അഭിനയിച്ച, മിന്നാമിനുങ്ങ്, തച്ചോളി ഒതേനന്‍!, കുഞ്ഞാലിമരയ്ക്കാര്‍!, സിന്ദൂരച്ചെപ്പ്, ഉത്തരായനം മുതലായ പത്തെഴുപതു പടങ്ങളിലേയും തന്‍റെ പ്രകടനങ്ങളെത്തന്നെ അദ്ദേഹം നിഷ്പ്രഭമാക്കുകയായിരുന്നു!

ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഔട്ട്സ്റ്റാന്‍ഡിങ് സിനിമ, ലൊക്കാര്‍നോ ഫെസ്റ്റിവലില്‍ ഗ്രാന്റ് ജൂറി െ്രെപസ്, കാന്‍ ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം എന്നീ അംഗീകാരങ്ങള്‍ 'പിറവി' ഇന്ത്യയിലേക്കു കൊണ്ടുവന്നത് പ്രേംജിയുടെ അഭിനയ വൈഭവം കൊണ്ടുതന്നെയാണ്.

എന്നാല്‍, 'പിറവി'യുടെ സ്ക്രിപ്റ്റ് പലകുറി വായിച്ച്, അടിയന്തരാവസ്ഥ കാലത്ത് പോലീസ് നിഷ്ഠൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിയേയും, അതിനാല്‍ ഹൃദയം തകര്‍ന്ന അവന്‍റെ പിതാവിനേയും, പ്രേംജി ഉള്ളിലേക്കാവാഹിച്ചത് ഇപ്പോള്‍ മരം വീണു തകര്‍ന്ന താഴത്തെ ആ തെക്കേ മുറിയില്‍ വച്ചായിരുന്നു!

?അച്യുതമേനോന്‍ ഒളിവില്‍ താമസിച്ച മുറി

ഓടുകള്‍ തകര്‍ന്ന് മഴയത്രയും നേരിട്ട് ഉള്ളില്‍ പെയ്തു കൊണ്ടിരിക്കുന്ന തട്ടിന്‍പുറത്തെ മുറിയുടെ ചുമരുകള്‍ക്ക് സംസാരശേഷി ഉണ്ടായിരുന്നുവെങ്കില്‍, കേരള ചരിത്രത്തില്‍ അത്യധികം നിര്‍ണ്ണായകമായ ഒരദ്ധ്യായംകൂടി കേട്ടെഴുതാമായിരുന്നു!

രണ്ടു തവണ കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍, 1952ല്‍ തിരുകൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് ഈ മുറിയില്‍ ഒളിച്ചു താമസിക്കുമ്പോഴായിരുന്നു!

സഖാവിനെ തൂക്കിയെടുക്കാന്‍ പോലീസുകാര്‍ തോക്കും തൂക്കി തൃശ്ശൂരായ തൃശ്ശൂരു മുഴുവന്‍ രാപ്പകല്‍ അരിച്ചു പെറുക്കുമ്പോള്‍, ജനലുകളും വാതിലും കൊട്ടിയടച്ച് ഈ മച്ചിനുള്ളിലെ അന്ധകാരത്തില്‍ അച്യുതമേനോന്‍ സുരക്ഷിതനായിരുന്നു!

ഈ മുറിയെന്താണ് സ്ഥിരമായി അടച്ചിട്ടിരിക്കുന്നതെന്ന് അയല്‍ക്കാരും അതിഥികളും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, അടച്ച ജനലുകളുടേയും വാതിലിന്‍റേയും പഴുതുകളില്‍ വയ്‌ക്കോല്‍ തിരുകി ഞാത്തിയിട്ടു. ക്ഷാമം വരുമ്പോള്‍ പശുക്കള്‍ക്കു കൊടുക്കാനായി മുറി നിറയെ വയ്‌ക്കോല്‍! സംഭരിച്ചു വെച്ചിരിക്കുകയാണെന്ന് പ്രേംജി സംശയക്കാരോടു സൂത്രം പറഞ്ഞു!

നവകേരള ചരിത്രത്തില്‍! സുവര്‍ണ്ണ ലിപികളില്‍! എഴുതിച്ചേര്‍ക്കേണ്ട, ക്രാന്തദര്‍!ശിയായി വളര്‍ന്നുയരേണ്ട ഒരു ഭരണാധികാരിയെ, പോലീസുകാര്‍ക്ക് തല്ലിച്ചതക്കാന്‍ പ്രേംജി വിട്ടുകൊടുക്കുമായിരുന്നോ?

?തന്ത്രികള്‍ പൊട്ടിയ വീണ

ഈ ചരിത്രമുറങ്ങുന്ന മുറിയുടെ ചോര്‍ന്നൊലിക്കുന്ന സീലിങിന്‍റെ വടക്കുകിഴക്കേ മൂലയില്‍, കൂടുപോലെയൊന്ന് കെട്ടിയുണ്ടാക്കി, പ്രേംജിക്കു പ്രിയപ്പെട്ടതായിരുന്നതെല്ലാം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പഴയ പെട്ടികളില്‍ ഏറെയുള്ളത് പ്രേംജി തന്‍റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു വായിച്ച പുസ്തകങ്ങളാണ്.

ആ പെട്ടികളോടു ചേര്‍ന്നിരിക്കുന്ന വീണ, സംഗീതജ്ഞനും കൂടിയായിരുന്ന പ്രേംജിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. തന്ത്രികള്‍ പൊട്ടി, മഴവെള്ളം വീണു നനഞ്ഞു നശിച്ചുകൊണ്ടിരിക്കുന്ന ആ വിപഞ്ചിക, അതു നോക്കിനില്‍!ക്കുന്നവനു നല്‍കുന്നത് ഗൃഹാതുരത്വമല്ല, ഹൃദയവേദനയാണ്!

തടികൊണ്ടുണ്ടാക്കിയ ഗോവണിപ്പടിയുടെ നേരെ മുകളിലുള്ള ചട്ടക്കൂടിനുള്ളിലാണ് ഇവയെല്ലാം സൂക്ഷിച്ചിരിക്കുന്നത്. വീണ ശരിക്കും ദൃശ്യമാവണമെങ്കില്‍, ഗോവണിയുടെ രണ്ടുമൂന്നു പടികള്‍ താഴെയിറങ്ങിനിന്ന് കുത്തനെ മേലോട്ടു നോക്കണം.

ഗോവണി ഇരുട്ടിലാണ്. ഇലക്ട്രിക് വയറുകള്‍ അങ്ങിങ്ങായി പൊട്ടിക്കിടക്കുന്നുമുണ്ട്. മഴവെള്ളമൊലിച്ചതിനാല്‍ ചവിട്ടുന്നിടമെല്ലാം വഴുക്കുന്നുമുണ്ട്. മേലോട്ടു നോക്കി വീണയടക്കമുള്ള ആ ശേഖരത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടക്ക്, ഞാന്‍ നിന്നിരുന്ന പൂതല്‍ പിടിച്ച പടിയുടെ നടു ഒടിഞ്ഞു, അത് പൊടുന്നനെ താഴത്തെ സ്‌റ്റെപ്പിലോട്ടു വീണു!

എന്‍റെ കാലില്‍ പരുക്കേറ്റു, ഹേന്‍ഡ് റൈലില്‍ തല ശക്തിയായി ഇടിച്ചു, അല്‍പ്പനേരം ശിരസ്സില്‍ ഒരു പെരുപ്പ് അനുഭവപ്പെട്ടു. സാരമില്ല, വീണ കാണുന്ന രീതിയില്‍ വീണ്ടും നെടുംകുത്തനെ മേലോട്ടുനോക്കി സ്റ്റില്‍സ് എടുത്തതിനു ശേഷമേ ഞാന്‍ ആ ഗോവണിയില്‍നിന്ന് താഴെ ഇറങ്ങിയുള്ളൂ!

വയലാറും ഭാസ്കരന്‍ മാഷും അടുത്തടുത്തിരുന്നു
?
ഈ മുറില്‍ അച്യുതമേനോന്‍ ഉറങ്ങിയിരുന്ന കട്ടിലില്‍ വയലാറും പി. ഭാസ്കരനും ഒരുമിച്ചിരുന്നു ആശയങ്ങള്‍ പങ്കുവെച്ചു നാടക ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവിടെയിരുന്നു ബാബുരാജ് ആ വരികള്‍ക്ക് ഹാര്‍മോണിയത്തില്‍ സംഗീതം നല്‍കിയിട്ടുണ്ട്. ഇല്ലത്ത് ആളൊഴിയുമ്പോള്‍ ഈ വരികളും ഈ സംഗീതവും, പ്രേംജി തന്‍റെ വീണയില്‍ മീട്ടുമായിരുന്നു, തന്‍റെ ഹൃദയത്തിന്‍ തന്ത്രികളില്‍ തന്‍റെ വിരലുകള്‍ കൊണ്ടുതന്നെ തൊട്ടു നോക്കുമായിരുന്നു!

അക്ഷരങ്ങളെ പ്രണയിച്ച പ്രേംജി
?
സാമൂഹ്യ പരിഷ്കര്‍!ത്താവും, അഭിനേതാവും, സംഗീത പ്രിയനുമായിരുന്ന പ്രേംജി പ്രതിഭാശാലിയായൊരു സാഹിത്യകാരനുമായിരുന്നു. ഏറെ വായിച്ചു, ഏറ്റവും അഭിനിവേശം തോന്നിയത് എഴുതി.

ലളിതവും അര്‍ത്ഥസമ്പൂര്‍ണ്ണവുമായിരുന്നു പ്രേംജിയുടെ രചനകള്‍. 'പ്രേംജി പാടുന്നു' എന്ന കാവ്യസമാഹാരം ആത്മാവുള്ള ശ്ലോകങ്ങളാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഋതുമതി' യെന്ന നാടകത്തിനു പുറമെ, 'സപത്‌നി', 'രക്തസന്ദേശം', 'നാല്‍ക്കാലികള്‍' മുതലായവയാണ് അദ്ദേഹത്തിന്‍റെ മറ്റു ജനപ്രിയ കൃതികള്‍.

?സര്‍ക്കാര്‍ സംരക്ഷിക്കുമോ?

പ്രേംജി അഭിനയിച്ച പല സിനിമകളുടേയും ലൊക്കേഷനായ ഈ ഇല്ലം ഇനിയും കാണണമെങ്കില്‍ അഭ്രപാളികളെത്തന്നെ ആശ്രയിക്കേണ്ടിവരുമെന്ന അവസ്ഥ ആസന്നമാണ്. എന്നാല്‍, അതു സംഭവിച്ചുകൂടാ. ബൃഹത്തായ കേരള ചരിത്രത്തിന്‍റെ ചെറു ദൃഷ്ടാന്തമാണ് ഈ ഭവനം  ഉരുക്കുമൂശയല്ലെങ്കിലും ഒരു കൂടക്കല്ല്! ഇതു സംരക്ഷിക്കാന്‍ നാമെല്ലാവരും ഒരുപോലെ ബാദ്ധ്യസ്ഥരാണ്.

മരം വീണു തകര്‍ന്ന പ്രേംജിയുടെ വീടു സന്ദര്‍ശിച്ച മന്ത്രി സുനില്‍കുമാര്‍, ഈ ചരിത്രഭവനം സര്‍ക്കാര്‍ ഏറ്റെടുത്തു സാംസ്കാരിക കേന്ദ്രമായി സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തന്ത്രികള്‍ തകര്‍ന്ന ആ വീണയുടെ വിലാപം കേട്ടില്ലെന്നു ആര്‍ക്കെങ്കിലും നടിക്കാനാവുമോ?

സഹൃദയര്‍ ശുഭാപ്തിവിശ്വാസത്തിലാണ്‌

ചോര്‍ന്നൊലിക്കുന്ന ചരിത്ര ഭവനം (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക