Image

പ്രളയകാലം പറഞ്ഞത്-(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 14 August, 2019
പ്രളയകാലം പറഞ്ഞത്-(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
'ഇതുമാത്രമവസാന'മാരോ പുലമ്പുന്നു
മാനസത്തിരയടങ്ങാതിടയ്ക്കലറുന്നു
ജീവിതം നീന്തിത്തളര്‍ന്നു താഴ്ന്നീടുന്നു
അരികിലായന്തിച്ചുവപ്പുയര്‍ന്നീടുന്നു.
അഴലിന്റെയാഴക്കടലാണു ചുഴലവും
നിരയറ്റ നിഴലായി നീറുന്നു മനനവും
വഴിതേടി വിലപിച്ചിടുന്നിതര സ്വപ്‌നവും
പൊഴിമുറിച്ചെത്തിത്തകര്‍ക്കുന്നുലകവും.
നിരകള്‍ക്കുമേലെത്ര പെരുമയില്‍ നിര്‍മ്മിച്ചു;
തിര കവര്‍ന്നെല്ലാം; നിണമണിഞ്ഞാകെയു
വീണടിഞ്ഞരനൊടിയിലായിരമെങ്കിലും
കലിയടങ്ങാതതാ, പരതുന്നു പിന്നെയും
അംബരചുംബികളെന്നില്ല; മനുജന്റെ
നൊമ്പരമേറ്റിയിന്നിഴയറ്റ പാരിടം
മതിലില്ല! മനസ്സുകള്‍ മാറ്റിയൊരേവിധം
മതിമറക്കേണ്ട! നാം, ക്ഷണമത്രെ! ജീവിതം.
കലിയടങ്ങാതൊടുവിലിരവിന്‍ പരീക്ഷണം
പാരിതില്‍ ഝടിതി വീഴ്ത്തീടുന്നു ചുടുനിണം
കണികപോലും കാത്തിടാതേ ക്ഷമാതലം
കടലെടുത്തേയ്ക്കാം; കനിവാകയിക്ഷണം.
തിരതാണ്ഡവത്താല്‍ തകര്‍ന്നെത്ര പേരുകള്‍
പേടിയോടോര്‍ക്കുന്നിതര വിലാപങ്ങള്‍
വീണടിഞ്ഞെന്നില്‍ നിരന്നയാ സ്വപ്‌നങ്ങള്‍
നിന്നുള്ളിലിതുപോലെയിന്നെത്ര കനലുകള്‍?

പ്രളയകാലം പറഞ്ഞത്-(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക