Image

സ്‌നേഹത്തിന്റെ നിലാവായി അമ്പിളി

Published on 15 August, 2019
സ്‌നേഹത്തിന്റെ നിലാവായി അമ്പിളി
`ഗപ്പി' എന്ന, പ്രേക്ഷകരുടെ ഇഷ്‌ടം ഒരുപാട്‌ പിടിച്ചു പറ്റിയ ചിത്രത്തിനു ശേഷം ജോണ്‍ പോള്‍ ജോര്‍ജ്‌ സംവിധാന ചെയ്‌ത്‌ തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ അമ്പിളി. പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ചന്ദ്രനും നിലാവുമൊക്കെയാണ്‌ പ്രേക്ഷക മനസിലേക്ക്‌ ഓടിയെത്തുക.

 സിനിമയുടെ കഥയും അതിന്റെ കാഴ്‌ചാനുഭവവും പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നതും അതേ അനുഭവം തന്നെ. 

സമൂഹം തിരിച്ചടികള്‍ നല്‍കിയാലും അതില്‍ വേദനിച്ചു മാറി നില്‍ക്കാതെ എല്ലാവര്‍ക്കും സ്‌നേഹം നല്‍കുന്ന ചിലരുണ്ട്‌. നിസ്വാര്‍ത്ഥമായി മറ്റുളളവരെ സ്‌നേഹിക്കുന്ന ചില ആളുകള്‍. അങ്ങനെയുള്ള ഒരാളെ കുറിച്ച്‌ പറയുന്ന ചിത്രമാണ്‌ അമ്പിളി.

സമീപകാലത്ത്‌ ഇറങ്ങിയതില്‍ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ ചിത്രമാണ്‌ അമ്പിളി. ഇടുക്കിയിലെ ഒരു കുഗ്രാമത്തിലാണ്‌ അമ്പിളിയുടെ വീട്‌. അയാള്‍ ഒരു മുന്‍പിന്‍ ചിന്തയില്ലാത്തവനാണ്‌.

 ശരിക്കും ബുദ്ധിയുറക്കാത്ത മാതിരിയുള്ള ഒരു ചെറുപ്പക്കാരന്‍. സൈനികനായിരുന്നു അമ്പിളിയുടെ അച്ഛന്‍. കാശ്‌മീരിലാണ്‌ ചെറുപ്പകാലം ചെലവഴിച്ചത്‌. മാതാപിതാക്കളുടെ മരണശേഷമാണ്‌ അമ്പിളി നാട്ടിലെത്തുന്നത്‌. 

വളരെ നിഷ്‌ക്കളങ്കനാണ്‌ അയാള്‍. എപ്പോഴും അയാള്‍ കുട്ടിള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ബഹളം വച്ചും നടക്കാനാണ്‌ ഇഷ്‌ടപ്പെട്ടിരുന്നത്‌. ഗ്രാമത്തിലാണ്‌ അയാളുടെ വാസമെങ്കിലും എല്ലാ ഗ്രാമവാസികളും അത്ര നന്‍മയുള്ളവരൊന്നും ആയിരുന്നില്ല.

 അതുകൊണ്ട്‌ തന്നെ അയാളെ പലരും പറ്റിക്കുന്നുണ്ട്‌. അമ്പിളിക്ക്‌ ഒരു കൂട്ടുകാരിയുണ്ട്‌. ബാല്യകാലസഖി. ടീന. അവളാണ്‌ അയാളുടെ ഏക ആശ്വാസം. അയാളുടെ സങ്കടങ്ങളില്‍ ഒരാശ്വാസ വാക്കു പറയാനും മാനസിക പിന്തുണ നല്‍കാനും അവള്‍ മാത്രമാണ്‌ അയാള്‍ക്കുണ്ടായിരുന്നത്‌.

അങ്ങനെയിരിക്കേയാണ്‌ തന്റെ കളിക്കൂട്ടുകാരനും ദേശീയ സൈക്കിളിങ്ങ്‌ ചാമ്പ്യനുമായ ബോബിക്ക്‌ നാട്ടില്‍ സ്വീകരണം നല്‍കുന്നത്‌. 

കഥ തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. ജന#ിച്ചു വളര്‍ന്ന കാശ്‌മീരിലേക്ക്‌ സൈക്കിളില്‍ യാത്ര പോകുന്ന ബോബിയെ അമ്പിളിയും പിന്തുടരുന്നു. ഈ യാത്രയില്‍ അവര്‍ക്കിരുവര്‍ക്കും ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളും തിരിച്ചറിവുകളുമാണ്‌ കഥയിലൂടെ പറഞ്ഞു പോകുന്നത്‌.

ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സൗബിന്‍ താഹിറാണ്‌. ഓരോ ;ചിത്രം കഴിയുമ്പോഴും ഒരു നടന്‍ എന്ന നിലയില്‍ സൗബിന്റെ വളര്‍ച്ചയും കഥാപാത്രമായി രൂപാന്തരം പ്രാപിക്കാനുള്ള ക്ഷിപ്രകഴിവും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്‌. 

സമീപകാലത്തു റിലീസായ ചിത്രങ്ങളില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം അമ്പേ വ്യത്യസ്‌തമായ വേഷപ്പകര്‍ച്ചയാണ്‌ അമ്പിളിയിലേത്‌. അസാധാരണമായ മികവോടെ സൗബിന്‍ ആ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്‌. പ്രത്യേകിച്ചും അമ്പിളിയുടെ ശരീരഭാഷയും സംഭാഷണങ്ങളുമെല്ലാം.

അമ്പിളി പ്രേക്ഷക മനസില്‍ ഇടം നേടണമെന്നുറച്ചു തന്നെയാണ്‌ ജോണ്‍ പോള്‍ ജോര്‍ജ്‌ ചിത്രമൊരുക്കിയിട്ടുള്ളത്‌ എന്ന്‌ കാണുമ്പോള്‍ മനസിലാകും. കഥ പറയുന്ന രീതിയിലെ വ്യത്യസ്‌ത തന്നെയാണ്‌ അതിനുളള കാരണം. 

മികച്ച രീതിയിലുള്ള ഒരു റോഡ്‌ മുവീയാണ്‌ അമ്പിളി. വിവിധ ദേശങ്ങള്‍, മനുഷ്യര്‍, സംസ്‌ക്കാരം അങ്ങനെയെല്ലാം നമുക്ക്‌ കാണാനും അനുഭവിക്കാനും സാധിക്കുന്നു. 

യഥാര്‍ത്ഥ സ്‌നേഹം അതിര്‍വരമ്പുകള്‍ക്കും ഭാഷയ്‌ക്കും അതീതമാണെന്നും അതിന്‌ എല്ലായിടത്തും ഒരേ മുഖമാണെന്നും ചിത്രം മനസിലാക്കി തരുന്നുണ്ട്‌.

നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. പുതുമുഖമായ തന്‍വി റാമാണ്‌ നായിക. 

 ചിത്രത്തിന്റെ ആകെയുള്ള മൂഡിനു ചേരുന്ന ഛായാഗ്രണവും സംഗീതവുമാണ്‌. എല്ലാ പാട്ടുകളും പ്രേക്ഷകന്റെ മനസില്‍ തങ്ങി നില്‍ക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക