Image

കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌

ജോസഫ് പടന്നമാക്കല്‍ Published on 15 August, 2019
കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌
2019 ആഗസ്റ്റ് പത്താം തിയതി ഷിക്കാഗോയില്‍ മലയാളി അസോസിയേഷന്‍ ഹാളില്‍ കേരളാ കത്തോലിക്ക നവീകരണ പ്രസ്ഥാനം നടത്തിയ സമ്മേളനത്തില്‍ ഞാനും സംബന്ധിക്കുകയുണ്ടായി. നവീകരണാശയങ്ങളുള്‍ക്കൊണ്ട പ്രസിദ്ധരായ നിരവധി പേര്‍ സമ്മേളനത്തിലുണ്ടായിരുന്നു.  നവീകരണ ചിന്തകനും എഴുത്തുകാരനുമായ ശ്രീ ചാക്കോ കളരിക്കല്‍ സംഘടിപ്പിച്ച ഈ സമ്മേളനം എന്തുകൊണ്ടും ബൗദ്ധിക ചിന്താധാരയിലുള്ളവര്‍ക്ക് ഉത്തേജനം നല്‍കുന്നതായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശ്രീ എബ്രാഹം നെടുങ്ങാട്ട് സമ്മേളനത്തില്‍ മുഖ്യ അതിഥിയായി പ്രഭാഷണം നടത്തി.

അന്തരിച്ച നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായ വി.ആര്‍. കൃഷ്ണയ്യര്‍ തയ്യാറാക്കിയ ചര്‍ച്ച് ആക്റ്റ് നടപ്പാക്കാത്തതിലും മാറി മാറി വന്ന സര്‍ക്കാരുകള്‍ ബില്ലിനെ ഗൗനിക്കാത്തതിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഉച്ചകഴിഞ്ഞുള്ള സെഷനില്‍ കൃഷ്ണയ്യരുടെ ബില്ലിനെപ്പറ്റി ഗാഢമായി ചര്‍ച്ചകള്‍ നടത്തുകയും സമ്മേളനത്തില്‍ പങ്കുചേര്‍ന്നവര്‍ നിരവധി നിര്‍ദേശങ്ങള്‍ മുമ്പോട്ട് വെക്കുകയും ചെയ്തു. സഭ നേരിടുന്ന ദുരൂഹ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ ചര്‍ച്ച് ആക്റ്റ് അനിവാര്യമെന്നും അഭിപ്രായപ്പെട്ടു. സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന പൗരാഹിത്യ ലോകം സ്വത്തുവിവരങ്ങള്‍ അല്‌മെനികളില്‍ നിന്നും രഹസ്യമായി സൂക്ഷിക്കുന്നതിലും യോഗം ആശങ്കപ്പെട്ടിരുന്നു. ഇന്ന് നിലനില്‍ക്കുന്ന സഭാതര്‍ക്കങ്ങള്‍ക്കെല്ലാം കാരണം ചര്‍ച്ച് ആക്റ്റിന്റെ അഭാവമെന്നും അഭിപ്രായപ്പെട്ടു.

സഭാനവീകരണത്തിനായി എന്നും മുന്നിട്ടു പ്രവര്‍ത്തിച്ച പ്രസിദ്ധരായവര്‍ക്കുള്ള പൊന്നാടകളും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. സംഘടനയ്ക്കുവേണ്ടി തീവ്രമായി പ്രവര്‍ത്തിച്ച ശ്രീ ചാക്കോ കളരിക്കലിന് അപ്രതീക്ഷിതമായി നല്‍കിയ പൊന്നാട സദസ്യരുടെ പ്രത്യേക കയ്യടി നേടി. സഭാനവീകരണ ചിന്തകളില്‍ വ്യക്തി പ്രഭാവം നേടിയ സുപ്രസിദ്ധ എഴുത്തുകാരുടെ ലേഖനങ്ങളും കവിതകളുമടങ്ങിയ മനോഹരമായ സുവനീറിന്റെ ഉത്ഘാടനവും സമ്മേളനത്തോടൊപ്പം നിര്‍വഹിച്ചു. കൂടാതെ ഡോ. ജെയിംസ് കോട്ടൂരിന്റെ മകള്‍ ശ്രീമതി ശാന്തിയുടെ സംഗീതാലാപം സദസിനെ മോഡി പിടിപ്പിക്കുകയും ചെയ്തു.

നവീകരണ വാഗ്മികളോടൊപ്പം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എന്റെ പ്രഭാഷണമാണ് താഴെ കുറിച്ചിരിക്കുന്നത്.  

സുഹൃത്തുക്കളെ,

കേരളാ ചര്‍ച്ച് റീഫോം മൂവ്‌മെന്റ്, ചീൃവേ അാലൃശരമ സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം തന്ന, എന്നെ ക്ഷണിച്ച ശ്രീ കളരിക്കലിനും ഇതിലെ  പ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പലരും ദൂരദേശങ്ങളില്‍നിന്നു ഇവിടെ വന്നെത്തിയതു സഭയോടുള്ള സ്‌നേഹം കൊണ്ടാണ്. തങ്ങളുടെ സഭാമാതാവ് തെറ്റായ വഴികളില്‍ക്കൂടി സഞ്ചരിക്കുന്ന ദുഖവും പ്രകടമായി കാണാം. പ്രത്യേകമായ ലക്ഷ്യബോധത്തോടെയും ഉദ്ദേശത്തോടെയുമാണ് നാം ഇന്ന് ഇവിടെ സമ്മേളിച്ചിരിക്കുന്നത്.സഭയുടെ നവീകരണ ഘടകമായ ചര്‍ച്ച് ആക്റ്റ് ഈ സമ്മേളനത്തിലെ പ്രധാന വിഷയമാണ്. അതുപോലെ പ്രശസ്തരായ നാല് വ്യക്തികളെ ആദരിക്കലും.

സംഘടനയുടെ പ്രസിഡന്റ് ശ്രീ ചാക്കോ കളരിക്കല്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. പക്ഷെ ആദ്യമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ മുഖാ മുഖം കാണുന്നത്. പറഞ്ഞു വന്നപ്പോള്‍ കുടുംബക്കാരെപ്പോലെയായി. എന്റെ ബന്ധുക്കളില്‍ ചിലര്‍ അദ്ദേഹത്തിന്റെയും ബന്ധുക്കള്‍. ഞങ്ങള്‍ രണ്ടു നസ്രാണി കോട്ടകളില്‍ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ ജീവിച്ച ക്രിസ്ത്യാനികള്‍. ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും അദ്ദേഹം പാലായില്‍ നിന്നും. കെസിആര്‍എം അമേരിക്കയ്ക്ക് ധീരമായി നേതൃത്വം കൊടുക്കുന്ന ശ്രീ കളരിക്കലിന് എന്റെ അഭിവാദനങ്ങള്‍. ശബ്ദിക്കാത്തവരുടെ ശബ്ദമാണദ്ദേഹം.

ഇവിടെ കൂടിയിരിക്കുന്ന സദസ്യരായ നമ്മള്‍ ടെലി കോണ്‍ഫറന്‍സുകള്‍ വഴി ചര്‍ച്ചകള്‍  നടത്തിക്കൊണ്ടിരുന്നു. മിക്കവരും അറിയുന്ന ചങ്ങാതികള്‍. എങ്കിലും പുതിയ മുഖങ്ങള്‍, ഒരേ ലക്ഷ്യങ്ങള്‍ക്കായി പൊരുതുന്നവര്‍, വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമായ സാഹചര്യങ്ങളില്‍ നിന്നും വന്നവരാണ് നാം. ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മലകളും നീങ്ങിപ്പോവുമെന്ന് വചനം തന്നെ പറയുന്നുണ്ട്. പക്ഷെ സാത്താനാണ് സഭയില്‍ കുടികൊണ്ടിരിക്കുന്നത്. നരകവും സാത്താനും ഇല്ലെന്നു ഫ്രാന്‍സീസ് മാര്‍പാപ്പാ പറയുന്നു. സാത്താനുണ്ടെങ്കില്‍ സീറോ മലബാര്‍ സഭയെ ഇന്നു ചെളിക്കുണ്ടിലിട്ടു നാറ്റിക്കുന്നതു അവന്‍ തന്നെ!

ഏകദേശം ഏഴെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.സി.ആര്‍.എം പാലായിലെ ഒരു സദസില്‍ അന്തരിച്ച ശ്രീ ജോസഫ് പുലിക്കുന്നേല്‍ സാറും ഒന്നിച്ച് ഒരേ സ്‌റ്റേജില്‍ ഇരുന്നതും ഞാന്‍ ഓര്‍മ്മിക്കുന്നു. അന്ന് സത്യജ്വാലയുടെ ആദ്യത്തെ എഡിഷന്റെ ഉത്ഘാടനമായിരുന്നു. സഭാ നവീകരണവുമായി ബന്ധപ്പെട്ട പ്രഗത്ഭരായ പലരെയും പാലായില്‍ പരിചയപ്പെടാനുമിടയായി. സഭയ്ക്കും സമുദായ പരിഷ്‌ക്കരണത്തിനും വേണ്ടി നിലകൊണ്ട 'ശ്രീ ജോസഫ് പുലിക്കുന്നേല്‍' സാര്‍ ഇന്ന് നമ്മോടുകൂടി ജീവിച്ചിരിപ്പില്ല. ആ ധീരാത്മാവിന്റെ മുമ്പില്‍ ഒരു നിമിഷം ഞാന്‍ എന്റെ ശിരസ്സ് നമിക്കട്ടെ! സഭയുടെ നവീകരണത്തിനായി, അഴിമതി, കോഴ, പൗരാഹിത്യ മേല്‍ക്കോയ്മ്മകള്‍ക്കെതിരെ ഒറ്റയാനയായി പുലിക്കുന്നേല്‍സാര്‍ പൊരുതി. അദ്ദേഹം തുടങ്ങിവെച്ച വിപ്ലവവീര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കാതെ ഒരു തുടര്‍ക്കഥയെന്നോണം കെസിആര്‍എം പോലുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. വാസ്തവത്തില്‍ കെസിആര്‍എം സംഘടനയെ നയിക്കുന്നത് ഒരു ബൗദ്ധിക ലോകമാണ്. 1990ലാണ് കേരള കത്തോലിക്ക റീഫോര്‍മേഷന്‍ മൂവ്‌മെന്റ് സ്ഥാപിച്ചത്.

ആദരണീയനായ ഡോ ജെയിംസ് കോട്ടൂര്‍! അങ്ങൊരു ചരിത്രമാണ്. അങ്ങേയ്ക്ക് നല്‍കുന്ന ഈ പൊന്നാട തീര്‍ച്ചയായും ഞങ്ങളുടെയും അഭിമാനമാണ്. ധന്യമായ ഒരു ജീവിതം താങ്കള്‍ക്ക് എന്നുമുണ്ടായിരുന്നു. ഇന്നുമുണ്ട്. നിരവധി ജന്മങ്ങള്‍കൊണ്ട് നേടേണ്ട നേട്ടങ്ങള്‍ അങ്ങ് നേടിക്കഴിഞ്ഞിരിക്കുന്നു. ഗര്‍ജിക്കുന്ന സിംഹമാണ് ശ്രീ കോട്ടൂര്‍. കര്‍ദ്ദിനാള്‍ ആലഞ്ചേരി ജെയിംസ് കോട്ടൂരിന്റെ സുഹൃത്താണ്. സഭാ നവീകരണം വിഷയമാക്കി അദ്ദേഹം നിരവധി കത്തുകള്‍ ആലഞ്ചേരിക്ക് അയച്ചെങ്കിലും ഒരു കത്തിനു പോലും മറുപടി കിട്ടിയില്ലെന്നാണ് അറിവ്!യാഥാസ്ഥിതികനായ ആലഞ്ചേരി സഭാ നവീകരണം ആഗ്രഹിക്കുന്നില്ലായെന്നതാണ് കാരണം. നൂറു കണക്കിന് പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങളുടെ കര്‍ത്താവാണ് ജെയിംസ് കോട്ടൂര്‍. ഓരോ ലേഖനവും പൗരാഹിത്യത്തെ ഇരുമ്പാണികള്‍കൊണ്ട് അടിച്ചുറപ്പിച്ചിരിക്കുകയാണ്. കാരിരുമ്പിനേക്കാളൂം ശക്തിയേറിയ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സഭയുടെയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും ഉറക്കവും കെടുത്തുന്നു. ഡോക്ടര്‍ കോട്ടൂര്‍ എഴുതിയ ജീവിതാനുഭവ കഥ വായിച്ചപ്പോള്‍ ഗാന്ധിജിയുടെ സത്യാന്വേഷണ കഥകളാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരു തുറന്ന പുസ്തകംപോലെ അദ്ദേഹത്തിന്റെ അനുഭവ കഥകള്‍ വിവരിച്ചിട്ടുണ്ട്. സഞ്ചരിച്ച കല്ലും മുള്ളും നിറഞ്ഞ വഴികളും ചെറിയ ലോകവും ഒപ്പം സഞ്ചരിച്ചവരും പാളീച്ചകളും വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന് സ്‌നേഹമുള്ള ഒരു കുടുംബമുണ്ട്. സ്‌നേഹിക്കുന്ന ഒരു ഭാര്യയുണ്ട്. സംഗീത ലോകത്തിലെ വാനമ്പാടികളായ മൂന്നു പെണ്‍മക്കളും അവരുടെ കൊച്ചുമക്കളുമായി സന്തോഷമായി കഴിയുന്നു. കൂടാതെ ഏകമകന്‍ ഡോക്ടറുമാണ്. ദീര്‍ഘായുഷ്മാനായി ഭാവിയില്‍ ഇനിയും നിരവധി പൊന്നാടകള്‍ അണിയുന്നതിനുള്ള ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു.

ശ്രീ ഏ.സി. ജോര്‍ജ് എന്റെ സുഹൃത്താണ്. നാല് പതിറ്റാണ്ടില്‍പ്പരമായി എനിക്ക് അദ്ദേഹത്തെ അറിയാം. ന്യൂയോര്‍ക്കിലെ മിക്ക സംഘടനകളുടെയും പ്രവര്‍ത്തകനും നേതാവും ആദ്യകാല ശില്പിയുമായിരുന്നു. ചുക്കില്ലാത്ത കഷായമില്ലെന്ന് പറഞ്ഞപോലെ ശ്രീ എ.സി. ജോര്‍ജ് ഇടപെടാത്ത സംഘടനകളില്ല. പ്രസിദ്ധനായ വാഗ്മി, എഴുത്തുകാരന്‍, നര്‍മ്മ കവി, പ്രഭാഷകന്‍ എന്നുവേണ്ട ഒരു സര്‍വകലാ വല്ലഭനാണ്. സാമൂഹികമായാലും രാഷ്ട്രീയമായാലും മതപരമായാലും ചര്‍ച്ചകളില്‍ മോഡറേറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമാണ്. ആകാശത്തിനുതാഴെയുള്ള എന്തിനെപ്പറ്റിയും ആധികാരികമായി സംസാരിക്കും.

ശ്രീ ജോര്‍ജ് മൂലെച്ചാലും എന്റെ സുഹൃത്താണ്. എഴുത്തിന്റെ ലോകത്തിലെ രാജാവും പ്രസിദ്ധ പത്രപ്രവര്‍ത്തകനുമായ അദ്ദേഹം സത്യജ്വാല സ്ഥാപിച്ച വ്യക്തിയും അതിന്റെ പത്രാധിപരുമാണ്. കെസിആര്‍എംന്റെ ആരംഭകാലം മുതലുള്ള പ്രവര്‍ത്തകനും അതിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. നീണ്ട വ്യാഴവട്ടക്കാലങ്ങള്‍ 'ശ്രീ ജോര്‍ജ് മൂലേച്ചാല്‍' സഭാ നവീകരണത്തിനായി പൊരുതി. ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ച് സത്യജ്വാല പത്രം നടത്തുന്നു. ഇത്തരം പ്രസ്ഥാനങ്ങളുടെ നടത്തിപ്പുവഴി അദ്ദേഹത്തിന് വിമര്‍ശകരുമുണ്ട്, മിത്രങ്ങളുമുണ്ട്. നീണ്ട കാലം പുലിക്കുന്നേല്‍ സാറിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്നു. പള്ളിയില്‍ ദളിതന് ശവസംസ്‌ക്കാരം നിഷേധിക്കുമ്പോഴും ഭൂമി വിവാദം നടന്നപ്പോഴും ഇളങ്ങുളത്തെ പൗരാണിക പള്ളി പൊളിച്ചപ്പോഴും അറയ്ക്കല്‍ തിരുമേനി ഫ്രാങ്കോ തിരുമേനിയെ കൃസ്തുവാക്കിയപ്പോഴും വാക്കുകള്‍കൊണ്ടു ശരാഭിഷേകം നടത്താന്‍  അദ്ദേഹം മുമ്പിലുണ്ടായിരുന്നു. പൗരാഹിത്യ ക്രമക്കേടുകള്‍ക്കും അനീതിക്കുമെതിരായി നിരവധി സമരങ്ങള്‍ക്ക് നേതൃത്വവും നല്‍കിയിട്ടുണ്ട്. വഴി നീളെ കുരിശുകള്‍ സ്ഥാപിച്ച് ട്രാഫിക്ക് ബ്ലോക്കാക്കുന്നതിനെയും ആഡംബരപ്പള്ളികളും കൂറ്റന്‍ കെട്ടിടങ്ങളും പണിയുന്നതിനെയും പരിസ്ഥിതിവാദിയെന്ന നിലയില്‍  വനം നശിപ്പിക്കുന്നതിനെയും അദ്ദേഹം എതിര്‍ക്കുന്നു. ശ്രീ ജോര്‍ജ് മൂലേച്ചാലിനെ കെസിആര്‍എം നോര്‍ത്ത് അമേരിക്ക പൊന്നാട നല്‍കി അംഗീകാരം നല്‍കിയതിലും അഭിനന്ദിക്കുന്നു.

ഫ്‌ലോറിഡയില്‍ സ്ഥിരതാമസക്കാരനായ ജോര്‍ജ്ജ് നെടുവേലിയേയും കുടുംബത്തെയും എനിക്കറിയാം. അദ്ദേഹം ഒരു യാത്രാപ്രിയനാണ്. സഞ്ചാരകൃതികളും എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ 'ഡാന്യൂ ബിന്റെ നാട്ടിലെന്ന പുസ്തകം' വായിച്ചതും അതിന്റെ അഭിപ്രായം ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതും ഓര്‍മ്മിക്കുന്നു. ആ പുസ്തകം വെറുമൊരു സഞ്ചാര കൃതി മാത്രമല്ല. ഉയരുകയും അസ്തമിക്കുകയും ചെയ്ത നിരവധി സാമ്രാജ്യങ്ങളുടെ കഥയാണ്. സാമൂഹിക സേവനത്തില്‍ വ്യക്തിമുദ്ര പതിച്ച അദ്ദേഹത്തിന്റെ സഹധര്‍മ്മണി ആനി ജേക്കബിനുള്ള ഈ അവാര്‍ഡില്‍ തികച്ചും അഭിമാനിക്കുന്നു. പുരുഷാധിപത്യത്തില്‍ സാധാരണ സ്ത്രീകളുടെ കഴിവുകളെ തഴയുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഈ വിശിഷ്ടമായ അവാര്‍ഡില്‍ക്കൂടി സ്ത്രീകള്‍ ബഹുമാനിക്കപ്പെട്ടിരിക്കുന്നു. നല്ല മനസുള്ളവര്‍ക്കേ സാമൂഹിക സേവനത്തില്‍ക്കൂടി മറ്റുള്ളവരുടെ ഹൃദയം പിടിച്ചു പറ്റാന്‍ കഴിയുള്ളൂ. 'ആനി'യെന്ന സാമൂഹിക പ്രവര്‍ത്തക അങ്ങനെയൊരു സാമാന്യ സങ്കല്പം നമ്മില്‍ പതിപ്പിച്ചിരിക്കുന്നു.

ചരിത്രത്തിലാദ്യമായി സീറോ മലബാര്‍സഭ ദുരൂഹമായ സാഹചര്യങ്ങളില്‍ക്കൂടിയാണ്  കടന്നുപോവുന്നത്. അനുദിനമെന്നോണം നിരവധി വിവാദപരമായ കാര്യങ്ങള്‍ക്ക് തീരുമാനമാകാത്തതുമൂലം സഭാ വിശ്വാസികളിലും ആശങ്കയുണ്ടാക്കുന്നു. സഭയ്ക്കുള്ളില്‍ തെക്കും വടക്കുമായുള്ള ചേരി തിരിഞ്ഞുള്ള പടയോട്ടത്തില്‍ ഏറ്റവും അസ്വസ്ഥരായിരിക്കുന്നതും വിശ്വാസികള്‍ തന്നെ! ഭൂമിവിവാദത്തില്‍ക്കൂടി സഭയ്ക്ക് ധാര്‍മ്മികമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കരുതുന്നതിലും തെറ്റില്ല. സഭയിലെ ചില കള്ളക്കളികള്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ച എറണാകുളം അതിരൂപതയിലെ പുരോഹിതരെയും രണ്ടു മെത്രാന്മാരെയും പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള സംഭവവികാസങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.

തലമുറകളായി പൂര്‍വിക പിതാക്കന്മാര്‍ മുതല്‍ സഭാമക്കളില്‍ നിന്നും പിരിച്ചെടുത്ത വന്‍കിട സാമ്പത്തിക സാമ്രാജ്യം പുരോഹിത ചേരിയുദ്ധം മൂലം തകര്‍ച്ചയുടെ പാതയിലേക്കാണ് പോവുന്നത്. പണവും അധികാരവും പോലീസും ഒപ്പമുണ്ടെങ്കില്‍ അദ്ധ്യാത്മികതയെ വിറ്റു പണമാക്കാമെന്നുള്ള മനസ്ഥിതിയാണ് ഇന്ന് സീറോ മലബാര്‍ നേതൃത്വത്തിനുള്ളത്. ബിഷപ്പുമാരുടെ സിനഡും കര്‍ദ്ദിനാള്‍ ചേരിയില്‍ നിലകൊള്ളുന്നു.

സഭയ്ക്കുള്ളിലെ ചേരിതിരിഞ്ഞുള്ള വഴക്കുകള്‍ ഓരോ ക്രിസ്ത്യാനിയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു. പഴയ കാലങ്ങളില്‍ കര്‍ദ്ദിനാള്‍, ബിഷപ്പ് എന്ന പദവികളെ ആത്മീയ രാജ പ്രൗഢികളോടെ ജനം സ്വീകരിച്ചിരുന്നു. പുരോഹിതരെ വളരെയധികം ഭയഭക്തി ബഹുമാനത്തോടെയും ആദരിച്ചിരുന്നു. സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തിന് എന്തുപറ്റിയെന്നുള്ള ചിന്തകളിലും വിശ്വാസികള്‍ ആശങ്കയിലാണ്. ബിഷപ്പുമാരും പുരോഹിതരും തമ്മില്‍ സ്ഥാനമഹിമകള്‍ കണക്കാക്കാതെ ചെളിവാരിയെറിയുന്ന വാര്‍ത്തകളാണ് പത്രങ്ങളിലും സോഷ്യല്‍ മീഡിയാകളിലും നിറഞ്ഞിരിക്കുന്നത്. കേഴുന്ന ഭക്തജനങ്ങള്‍ സഭയെ രക്ഷിക്കണമേയെന്നും പ്രാര്‍ത്ഥിക്കുന്നു.

മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തില്‍ സഹജമാണ്. അല്ലെങ്കില്‍ അത് പ്രകൃതി നിയമമാണ്. 'സംഭവാമി യുഗേ, യുഗേ' സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ. എന്നാല്‍ മാറ്റങ്ങള്‍ വരാത്ത ഒന്നുണ്ട്, സഭാ നേതൃത്വം. ഗോത്രകാല തത്ത്വങ്ങള്‍ ഇന്നും അവര്‍ പിന്തുടരുന്നു. ചിന്തിക്കാന്‍ കഴിവില്ലാത്തവര്‍ അവരെ പിന്തുടരുന്ന കാലത്തോളം സഭയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനായും സാധിക്കില്ല. അംശവടിയും, കൂന്തന്‍ തൊപ്പിയും രാജകീയ കുപ്പായങ്ങളും അണിഞ്ഞാല്‍ അവര്‍ സ്വര്‍ഗത്തിലേക്കുള്ള ഏണിപ്പടികളെന്നു ചിന്തിക്കും. വിശ്വസിക്കാത്തവരെ അജ്ഞാനികളെന്നു വിളിക്കും. ബൈബിളിലെ വചനങ്ങള്‍ ഉദ്ധരിച്ച് മനുഷ്യരെ പേടിപ്പിക്കും. ഇല്ലാത്ത നരകമുണ്ടെന്നും അവിടെ അട്ടയും തേളുമാണെന്നു പറഞ്ഞു നേര്‍ച്ച പെട്ടി കാണിക്കകളായി കൊണ്ടുവരും. കൊടുത്തില്ലെങ്കില്‍ പണ്ട് മഹറോന്‍ ഉറപ്പായിരുന്നു. ഇല്ലാത്തവനും കടം മേടിച്ച് അവരുടെ കീശ വീര്‍പ്പിച്ചുകൊണ്ടിരിക്കണം.

മരണശേഷമുള്ള സ്വര്‍ഗമാണ് പൗരാഹിത്യം വാഗ്ദാനം ചെയ്യുന്നത്. അവിടെ  സുഖതാമസത്തിനായി അടിമയായ അല്‌മേനി പണം നിക്ഷേപിച്ചുകൊണ്ടിരിക്കണം. അടിമയില്‍നിന്ന് കിട്ടുന്ന പണത്തിനു  കണക്കുണ്ട്. എന്നാല്‍ ചെലവാക്കുന്ന പണത്തിന് കണക്കില്ല. സ്വരൂപിക്കുന്ന സ്വത്തു മുഴുവന്‍ മെത്രാന്റെ അധീനതയിലാണ്. ഭൂമി വിവാദത്തില്‍ ഇന്ത്യന്‍ നിയമത്തെക്കാള്‍ കാനോന്‍ നിയമം പ്രധാനമെന്ന് ആലഞ്ചേരി കോടതിയില്‍ പറയുകയുണ്ടായി. സ്വത്ത് നല്‍കുന്നവന്, അതിന്റെ കണക്ക് ചോദിക്കാന്‍ അവകാശമുണ്ടെന്നു മാത്രമേ ചര്‍ച്ച് ആക്റ്റ് നിര്‍ദേശിക്കുന്നുള്ളൂ.

ഫാദര്‍ റോബിനെയും ഫാദര്‍ പുതുര്‍ക്കയെയും സിസ്റ്റര്‍ സെഫിയെയും ബിഷപ്പ് ഫ്രാങ്കോയെയും കുറ്റവിമുക്തരാക്കാന്‍ കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കും അല്‌മെനിക്കറിയണ്ടേ! പാവപ്പെട്ട വിധവയുടെ കൊച്ചു കാശു വരെയുള്ള നിക്ഷേപങ്ങളാണ് പൗരാഹിത്യ ലോകം തിന്നു കുടിച്ച്, മദാലസകളുമായി മദിച്ചുല്ലസിച്ചു നടക്കുന്നത്. അവര്‍ക്കൊരു കടിഞ്ഞാണിടുകയാണ് ചര്‍ച്ച് ആക്റ്റിന്റെ ലക്ഷ്യം. സഭയുടെ അഴിമതികളെ തടയണം. പതിമൂന്ന് ക്രിമിനല്‍ കേസുകളാണ് ആലഞ്ചേരിക്കെതിരെയുള്ളത്. എത്രയെത്ര കോടികള്‍ സഭ ചിലവാക്കിയെന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. സഭയുടെ കണക്കിന്മേല്‍ അല്‌മെനിയ്ക്കും പങ്കാളിത്വമുള്ള ശക്തമായ ഓഡിറ്റ് കൂടിയേ തീരൂ. അവിടെയാണ്, ചര്‍ച്ച് ആക്ടിന്റെ പ്രസക്തി വന്നെത്തുന്നത്!

ഷിക്കാഗോ രൂപത അധ്യക്ഷനായ മാര്‍ അങ്ങാടിയത്തിന് ചര്‍ച്ച് ആക്റ്റിനെപ്പറ്റി വലിയ കാര്യവിവരമില്ല. അങ്ങനെയൊരു നിയമം സഭയില്‍ കൊണ്ടുവരുന്നതിനെപ്പറ്റി അദ്ദേഹം കേട്ടിരിക്കാനും സാധ്യതയില്ല. ചര്‍ച്ച് ആക്റ്റിനെതിരെ മണ്ടത്തരം നിറഞ്ഞ പ്രസ്താവനകള്‍ ഷിക്കാഗോ രൂപതയും അവരുടെ പള്ളി സംഘടനകളും പുറത്തിറക്കിയിരുന്നു. തലശേരി രൂപത ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള പഠിച്ച വിരുതരായ മെത്രാന്മാര്‍ ചര്‍ച്ച് ആക്റ്റിനെപ്പറ്റി തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. സഭയും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന വ്യാജ പ്രസ്താവനകള്‍ ബിഷപ്പ് പാംപ്ലാനി കൂടെ കൂടെ പുറപ്പെടുവിക്കുന്നതു കാണാം. ചര്‍ച്ച് ആക്റ്റിനെതിരെ ബിഷപ്പുമാര്‍ അബദ്ധ ജടിലങ്ങളായ  മണ്ടത്തരങ്ങള്‍ നിറഞ്ഞ ഇടയലേഖനങ്ങളും പള്ളികളില്‍ വായിക്കാറുണ്ട്.

ഹ്യൂസ്റ്റണില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഹില്‍ട്ടണ്‍ ഹോട്ടലിന്റെ പരവതാനിയില്‍ക്കൂടി രണ്ടു തോക്കു ധാരികളുടെ അകമ്പടികളോടെയായിരുന്നു നടപ്പ്. അള്‍ത്താരയുടെ മുമ്പില്‍ കുര്‍ബാന അര്‍പ്പിച്ചതും   തോക്കുധാരികളുടെ നടുവിലായിരുന്നു. പോലീസകമ്പടിയില്ലാതെ ഒരു സഭയെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ആലഞ്ചേരിയെപ്പോലുള്ള ഒരാള്‍ സഭാനേതൃത്വത്തിന് ആവശ്യമുണ്ടോ? സ്വന്തം സഹപ്രവര്‍ത്തകരായ രണ്ടു മെത്രാന്മാരെയാണ് കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്.  ഐഐടി യില്‍ ഗവേഷകനായ ഒരു യുവാവിനെ തല്ലി ചതച്ചപ്പോള്‍ അഭിനവ നീറോ ചക്രവര്‍ത്തിമാര്‍ സഭാതലപ്പത്തിരുന്നുകൊണ്ട് വീണ വായിച്ചുകൊണ്ടിരുന്നു. ക്രിസ്തുവിന്റെ പ്രതിനിധിയാണ് തോക്കുധാരികളുടെ നടുവില്‍ നില്‍ക്കുന്നതെന്നും ഓര്‍മിക്കണം. യേശു ബലിയര്‍പ്പിച്ചിരുന്നത് നിസ്സഹായരും നിരായുധരുമായ ശിക്ഷ്യമാരുടെ നടുവില്‍ മലമുകളിലും. കര്‍ദ്ദിനാള്‍ ബലിയര്‍പ്പിക്കുന്നതു  പ്രവാസി പ്രഭുക്കളുടെ നടുവില്‍, ഹില്‍ട്ടണ്‍ ഹോട്ടലിലെന്നതും വിരോധാഭാസം തന്നെ.

സര്‍ക്കാരും കോടതിയുമെല്ലാം സഭ വിലക്ക് മേടിച്ചിരിക്കുകയാണ്. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സഭക്കറിയാം. ഭൂമി വിവാദം, ഭൂമിക്കച്ചവടം, കൊള്ള, കോഴ, കൈക്കൂലി എന്നിങ്ങനെ സഭാ നേതൃത്വം അധപതിച്ചുകൊണ്ടിരിക്കുന്നു. എന്തു സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്ക് തരേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ! എനിക്ക് പറയാനുള്ളത്, ആരെ നാം ഭയപ്പെടണം? ആത്മ വീര്യത്തെക്കാളു0! ഭയമോ? എന്തു തന്നെയാണെങ്കിലും വിശ്വാസമല്ലേ സഭയുടെഅടിത്തറ? വിശ്വാസമെന്നാല്‍ അന്ധമാകരുത്. അത് സത്യമായിരിക്കണം. ആത്മനവീകരണ ലോകത്ത്' സഭ ഇന്ന് നൂറ്റാണ്ടുകളോളം പിന്നിലാണ്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാവസ്ത്രം ഊരിച്ചു സഭയുടെ അര്‍ത്ഥിനി സമൂഹത്തില്‍ നിന്നും പുറത്താക്കി. അവര്‍ ചെയ്ത തെറ്റെന്താണ്? കാമവെറിയന്മാരായ ചുവന്നതൊപ്പിക്കാരുടെ താളത്തിനൊത്ത് അവര്‍ കൂട്ടുനിന്നില്ല. സിസ്റ്റര്‍ ലൂസിക്ക് കെസിആര്‍എം പൂര്‍ണ്ണ പിന്തുണ കൊടുക്കണം. സഭയിലെ കൊള്ള, കൊല, സ്ത്രീ പീഡനം, വ്യപിചാരം എല്ലാം അപ്പോഴപ്പോള്‍ സോഷ്യല്‍ മീഡിയ വഴി അറിഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും ക്രിസ്തുവിന്റെ പേരുംപറഞ്ഞു പിച്ചതെണ്ടുന്ന ഇവരുടെ സത്യവും ന്യായവും എവിടെ? ലൂസിക്ക് കെസിആര്‍എം ശക്തമായ പിന്തുണ നല്‍കുന്നതും ഇന്നത്തെ നമ്മുടെ സന്ദേശമാവട്ടെ. അവര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം മുഴുവന്‍ പലിശ സഹിതം മടക്കികൊടുക്കാന്‍ സഭ ബാധ്യസ്ഥമാണ്.

അവര്‍ കവിത എഴുതിയതും പുസ്തകം സ്വന്തം ചിലവില്‍ പ്രസിദ്ധീകരിച്ചതും കന്യാസ്ത്രിയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതും സ്വന്തമായി കാറ് മേടിച്ചതും അവര്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങളായിരുന്നു. പുരോഹിതര്‍ക്കും ബിഷപ്പുമാര്‍ക്കും ആഡംബര ജീവിതം ആവുകയും ചെയ്യാം. കന്യാസ്ത്രി മഠത്തിലേക്ക് മാതാപിതാക്കള്‍ ഒരു കുട്ടിയെ വിടുന്നത് കന്നുകാലികളെ അറവു ശാലകളില്‍ അയക്കുന്നതിന് തുല്യമെന്നു മനസിലാക്കുന്നില്ല. ദാരിദ്ര വ്രതം അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. മഠം മതില്‍ക്കെട്ടിനകം പുറംലോകം അറിയാത്ത ക്രൂരതയുടെ രഹസ്യങ്ങള്‍ നിറച്ചിരിക്കുകയാണ്. ഒരു കുട്ടിയെ മഠത്തിലേക്ക് വിടുമ്പോള്‍ കുടുംബത്തില്‍ നിന്നും ഒരു ഭാരം ഒഴിച്ച മട്ടിലാണ് ഭൂരിഭാഗം മാതാപിതാക്കളും.

കൗമാരവും യൗവനവും മുറ്റിനില്‍ക്കുന്ന കന്യാസ്ത്രീകളെ കുളത്തില്‍ തള്ളിയാലും ആത്മഹത്യയായി വിധി എഴുതും. സഭയെന്നും ഇരയ്‌ക്കെതിരെ പൊരുതും. മറിയക്കുട്ടിയെ നീചമായ കുത്തിക്കൊന്ന ഫാദര്‍ ബെനഡിക്റ്റ് ഓണംകുളത്തിനെ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകളെ പീഡിപ്പിച്ച പീഡനവീരന്‍ ബിഷപ്പ് ഫ്രാങ്കോ ക്രിസ്തുവാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജേക്കബ് അറക്കന്‍ പത്രപ്രസ്താവന നടത്തി. അഭയയെ കിണറ്റില്‍ തള്ളിയ പുരോഹിതരെ രക്ഷിക്കാന്‍ സഭ ഇതിനോടകം 500 കോടി രൂപ ചിലവാക്കിയിരിക്കുന്നു. കൊക്കനും പുതുക്കയും സെഫിയുമെല്ലാം സഭയുടെ ഭാവി വിശുദ്ധരായിരിക്കും.

സഭ എന്തേ, മാര്‍ട്ടിന്‍ ലൂഥര്‍ ചോദിച്ച ബാബിലോണിയായിലെ വേശ്യയോ? ക്രിസ്തുവില്‍ ഒരിക്കലും പൗരാഹിത്യം ഉണ്ടായിരുന്നില്ല. ക്രിസ്തു അന്ന് പുരോഹിതരെ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് വിളിച്ചു. ചാട്ടവാറുകള്‍ കൊണ്ടടിച്ചു. മഞ്ചെട്ടി വിഷങ്ങളാണവര്‍! നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിന്‍ സ്ഥാപിച്ച രാജപാരമ്പര്യമാണ് സഭയുടെ തലപ്പത്തുള്ളവര്‍ വഹിക്കുന്നത്. പാവപ്പെട്ട കന്യാസ്ത്രീകളെ അവരുടെ ദേവദാസിമാരായി കരുതുന്നു. അധികാരത്തിലിരിക്കുന്ന കന്യാസ്ത്രികള്‍ പുരോഹിതരുടെ കൂട്ടിക്കൊടിപ്പുകാരും.

എന്താണ്, അനീതിയുടെ ഈ ചട്ടക്കൂട്ടിലൊതുങ്ങിയിരിക്കുന്ന സഭയ്‌ക്കെതിരെ ആരും പ്രതികരിക്കാത്തത്? എന്തുകൊണ്ട്, മാറ്റത്തിന്റെ മുറവിളിയുമായി ജനങ്ങളിന്നു വിപ്ലവകാഹളം മുഴക്കുന്നില്ല. ധൈര്യം, പ്രത്യാശ ഒക്കെ നമ്മെ നവജീവിതത്തിലേക്കു നയിക്കുന്നു. ഒരേയൊരു ചോദ്യം നിങ്ങളോടായി എനിക്കു ചോദിക്കുവാനുള്ളതു നമ്മുടെ സഭയുടെ പരിശുദ്ധി വീണ്ടെടുക്കുവാനായി കര്‍മ്മമാര്‍ഗങ്ങളില്‍ക്കൂടി നിങ്ങള്‍ക്ക് എന്തു വാഗ്ദാനം നല്‍കുവാനായി സാധിക്കും? സഭയിലൊളിഞ്ഞിരിക്കുന്ന അഴുക്കു ചാനലുകളെ തുടച്ചുമാറ്റി പരിശുദ്ധമാക്കുവാനായി എന്തെല്ലാം മാര്‍ഗങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുമെന്നും ചിന്തിക്കണം. ആദ്യംവേണ്ടതു സഭയുടെ ചിന്താഗതിയിലെ പരിവര്‍ത്തനമാണ്. തെറ്റുകളറിഞ്ഞു സമൂലവിപ്ലവത്തിന്റെതായ ഒരു പാതതന്നെ വെട്ടിത്തുറക്കണം. സീറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാള്‍ മുതല്‍ മെത്രാന്‍പുരോഹിതര്‍വരെ തെറ്റുകളെ തിരുത്തി ഭാവിയിലേക്കു കുതിച്ചു ചാടേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

എവിടെയും ശൂന്യത നിറഞ്ഞിരിക്കുകയാണ്. അധികാരമത്തു പിടിച്ചവര്‍, സഭയെ കീഴ്‌പ്പെടുത്തി. സഭയുടെ ആചാരങ്ങളിലും കര്‍മ്മങ്ങളിലും വേഷഭൂഷാദകളിലും നാം ഇന്നു കാണുന്നതു വെറും ആഢഠബരഭ്രമങ്ങളെ മാത്രം! ആത്മീയതയെ കപടതകൊണ്ടു മറച്ചു വെച്ച ഇത്തരം ആചാരങ്ങളെ നമുക്ക് ആവശ്യമുണ്ടോ? ഇവരുടെ സുഖ നിദ്രകളിന്നു വിശ്വാസികളുടെ തോളിന്മേലായി വീണ്ടും വീണ്ടും ഭാരം അര്‍പ്പിക്കുന്നു.

എന്റെ വാക്കുകള്‍ ക്ഷമയോടെ ശ്രവിച്ച ഏവര്‍ക്കും നന്ദി. ഈ സമ്മേളനത്തില്‍ വന്നുചേരാനും നിങ്ങളോടൊപ്പം സമയം ചെലവഴിച്ചതിലും അതിയായി സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ചടത്തോളം  എന്റെ ആശയങ്ങള്‍ ഈ സമ്മേളനത്തില്‍ കൈമാറാന്‍ സാധിച്ചത് ഒരു അഭിമാന പുരസ്‌ക്കാരമായി കരുതുന്നു. ഏവര്‍ക്കും എന്റെ നന്ദിയും. Thank you and have wonderful evening..

കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌ കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌ കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌ കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌ കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌ കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌ കത്തോലിക്കാ സഭയിലെ ചേരിതിരിവും വഴക്കും ഓരോ സഭാംഗത്തിന്റെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നു: കെ.സി.ആര്‍.എം. സമ്മേളനത്തില്‍ നിന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക