Image

വീട്ടുജോലിക്കാരെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ

Published on 04 May, 2012
വീട്ടുജോലിക്കാരെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ
അബൂദബി: വീട്ടുജോലിക്കാരെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കും. ലക്ഷം ദിര്‍ഹം പിഴ ചുമത്തുന്നതിന്‌ പുറമെ ആറു മാസം ജയില്‍ ശിക്ഷയും അത്‌ കഴിഞ്ഞാല്‍ നാടുകടത്തലുമുണ്ടാകും. രാജ്യത്തെ എട്ടു ലക്ഷത്തോളം വീട്ടുജോലിക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ അടുത്തു തന്നെ നടപ്പാക്കാന്‍ സാധ്യതയുള്ള നിയമത്തിലാണ്‌ ഈ വ്യവസ്ഥ.

തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തില്‍ നിയമ പ്രകാരം ജോലി ചെയ്യുന്ന സ്‌പോണ്‍സറുടെ കീഴില്‍നിന്ന്‌ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുക, ഇതിന്‌ വാഗ്‌ദാനങ്ങള്‍ നല്‍കുക, ഒളിച്ചോടാന്‍ സഹായിക്കുക, ഒളിച്ചോടി വരുന്നവര്‍ക്ക്‌ താമസം, ജോലി തുടങ്ങിയ സഹായങ്ങള്‍ നല്‍കുക എന്നിവയെല്ലാം നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ ആറു മാസം ജയില്‍ ശിക്ഷയുണ്ടാകും. ലക്ഷം ദിര്‍ഹം പിഴ അടക്കണം. ശിക്ഷാ കാലാവധിക്ക്‌ ശേഷം നാടുകടത്താന്‍ കോടതി ഉത്തരവിനും സാധ്യതയുണ്ട്‌. മറ്റുള്ളവരുടെ സഹായത്തോടെയോ, അല്ലാതെയോ ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്കും ഈ രീതിയില്‍ ശിക്ഷയുണ്ടാകും.

വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം തടയാന്‍ സമീപ കാലത്ത്‌ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ഷാര്‍ജയില്‍ ശക്തമായ നടപടിയുണ്ടായിരുന്നു. താമസ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ നൂറുകണക്കിന്‌ വീട്ടുജോലിക്കാരെയാണ്‌ പിടികൂടിയത്‌. പലയിടങ്ങളില്‍ നിന്നും ഒളിച്ചോടി വന്ന ഇവര്‍ മറ്റുള്ളവര്‍ക്ക്‌ കീഴില്‍ ജോലി ചെയ്യുകയായിരുന്നു. പുതിയ നിയമ പ്രകാരം ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്കും ജോലിക്ക്‌ നിയമിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയുണ്ടാകും.
വീട്ടുജോലിക്കാരെ റിക്രൂട്ട്‌ ചെയ്യുന്ന മുഴുവന്‍ ഏജന്‍സികളും തങ്ങളുടെ പ്രവര്‍ത്തനം നിയമ വിധേയമാക്കാന്‍ പുതിയ നിയമം നിര്‍ദേശിക്കുന്നു. നിയമ ലംഘനം നടത്തുന്ന ഏജന്‍സികള്‍ക്ക്‌ ലക്ഷം ദിര്‍ഹം പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാകും. വീണ്ടും നിയമ ലംഘനമുണ്ടായാല്‍ ലൈസന്‍സ്‌ റദ്ദാക്കുന്നത്‌ ഉള്‍പ്പെടെ നടപടിയുണ്ടാകും. നിയമം പ്രാബല്യത്തില്‍ വന്ന്‌ ഒരു വര്‍ഷത്തിനകം ഇവര്‍ പ്രവര്‍ത്തനം നിയമ വിധേയമാക്കണം.

പുതിയ നിയമ പ്രകാരം വീട്ടുജോലിക്കാര്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ കോടതി ഫീസ്‌ ഒഴിവാക്കുമെന്നാണ്‌ സൂചന. കേസ്‌ നടപടികളുടെ എല്ലാ ഘട്ടത്തിലും ഈ ഇളവ്‌ ലഭിക്കും.
അംഗീകാരം ലഭിച്ച തൊഴില്‍ കരാറില്‍ പറഞ്ഞതിന്‌ പുറമെയുള്ള ജോലിക്ക്‌ വീട്ടുജോലിക്കാരെ നിയമിക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. 5,000 ദിര്‍ഹമാണ്‌ ഇത്തരം പരാതികളില്‍ പിഴ ചുമത്തുക. വീട്ടുജോലിക്കാര്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ ജോലിക്ക്‌ ഹാജരാകാത്തതും ഇവരെ കാണാത്തതും ശ്രദ്ധയില്‍പ്പെട്ടാല്‍ 48 മണിക്കൂറിനകം പൊലീസിനെ അറിയിക്കണം. ഇതില്‍ വീഴ്‌ച വരുത്തുന്ന ഉടമകള്‍ക്കും 5,000 പിഴ ചുമത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക