Image

സര്‍പ്പവ്യൂഹം(കഥ: അനിഷ് ഫ്രാന്‍സിസ് )

അനിഷ് ഫ്രാന്‍സിസ് Published on 16 August, 2019
 സര്‍പ്പവ്യൂഹം(കഥ: അനിഷ് ഫ്രാന്‍സിസ് )
വനത്തിനുനടുവിലൂടെയുള്ള ആ വഴിയില്‍ നിറയെ കൂര്‍ത്തകല്ലുകളും മുള്ളന്‍ചെടികളും നിറഞ്ഞിരുന്നു. മഴുകൊണ്ട് വെട്ടേട്ടറ്റ വേര്‍പെട്ട ഭടന്റെ കാല് പോലെ  ഒരു ദേവതാരുവിന്റെ വേര് വഴിയിലേക്ക് നീണ്ടുനിന്നു.അതില്‍  വെള്ളിനിറമുള്ള ഒരു സര്‍പ്പം ചുരുണ്ട്കൂടി കിടന്നു.ഇലകള്‍ പൊഴിഞ്ഞു ഞരമ്പ് പോലെയായ ആ ദേവതാരുവിന്റെ ശിഖരത്തില്‍ ഒരു കഴുകന്‍ വിശ്രമിച്ചു.അഗ്‌നി സ്പര്‍ശിച്ചത് പോലെ ,ശാപമേറ്റതുപോലെ ഉണങ്ങി നില്‍ക്കുന്ന വനത്തിലേക്ക് കണ്ണോടിച്ചുകൊണ്ട് കഴുകന്‍ പറഞ്ഞു.
'കുരുക്ഷേത്രത്തില്‍ ആര് ജയിച്ചാലും ,അത് ചന്ദ്രവംശത്തിന്റെ മാത്രമല്ല ഈ ഭാരതത്തിന്റെ അവസാനം കൂടിയാണ്.'
സര്‍പ്പം ഫണമുയര്‍ത്തി കഴുകനെ പരിഹാസത്തോടെ നോക്കി.അശ്വസേനന്‍ എന്നായിരുന്നു ആ വെള്ളിസര്‍പ്പത്തിന്റെ നാമം.
'ഹേ നാഗഭീഷണാ,ഇത് ശരിയല്ല..ആദ്യം നീ പാണ്ഡവര്‍  ജയിക്കും എന്ന് വാദിച്ചു.ഇപ്പോള്‍ ആര് ജയിച്ചാലും എന്ന നിലയിലേക്ക് നിലപാട് മാറിയിരിക്കുന്നു.'സര്‍പ്പം പറഞ്ഞു.
'എനിക്കിപ്പോഴും സംശയമൊന്നുമില്ല.ധര്‍മ്മം പാണ്ഡവര്‍ക്കൊപ്പമാണ്.ഈ യുദ്ധത്തില്‍ അവര്‍ തന്നെ ജയിക്കും. പക്ഷെ..'
ഒന്ന് നിര്‍ത്തി കഴുകന്‍ വീണ്ടും താന്‍ പിന്നിട്ട പാഞ്ചാലദേശത്തെ കാഴ്ചകള്‍ ഓര്‍മ്മിച്ചു.ഒരു ഭ്രാന്തിയുടെ ജടപിടിച്ച മുടിക്കെട്ട് പോലെ ശൂന്യവും വരണ്ടതും വിജനവുമായവനങ്ങള്‍.വിണ്ടുണങ്ങിയ വയലുകള്‍. ജലാശയങ്ങള്‍ വറ്റിവരണ്ടുപോയി.മനുഷ്യര്‍ ഉപേക്ഷിച്ചു പോയ ഗ്രാമങ്ങള്‍.അഗ്‌നിയുടെ സ്പര്‍ശമേറ്റപോലെ സഞ്ചരിച്ചിടത്തെല്ലാം കരിയും പുകയും.എല്ലായിടത്തെയും രാജാക്കന്‍മാരും സൈനികരും കുരുക്ഷേത്രഭൂമിയിലുണ്ട്.
'കലിംഗയില്‍ വച്ച് ഞാന്‍ ഒരു മഹര്‍ഷിയെ കണ്ടുമുട്ടി.അദ്ദേഹം പറഞ്ഞത്  യുദ്ധം കഴിയുമ്പോള്‍ ജയിക്കുന്നവരുടെ പടയില്‍ എട്ടുപേരും തോല്‍ക്കുന്നവരുടെ പടയില്‍ നാലുപേരും മാത്രം അവശേഷിക്കും എന്നാണ്.'
'ആര് ജയിക്കും എന്നാണ് ആ മഹാമഹര്‍ഷി പ്രവചിച്ചത് ?'അശ്വസേനന്‍ ആകാംക്ഷയോടെ  ചോദിച്ചു.
'അത് ഞാന്‍ ചോദിച്ചില്ല.അദ്ദേഹം പറഞ്ഞുമില്ല.എങ്കിലും ആ കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല.കൃഷ്ണന്‍ പാണ്ഡവര്‍ക്കൊപ്പമാണ്.യുധിഷ്ഠിരന്‍ ഹസ്തിനപുരിയുടെ രാജാവാകും.'
'വിഡ്ഢിത്തം പറയാതിരിക്ക് നാഗഭീഷണാ,പതിനൊന്നു അക്ഷൌഹിണി പടയുടെ സേനാധിപനായി ഭീഷ്മര്‍ നയിക്കുന്ന കൗരവരേ ആര്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയും ?
'എനിക്കറിയില്ല.അഞ്ചു  ദിവസം മുന്‍പ് ഭീഷ്മര്‍ മരിച്ചുവെന്നുംദ്രോണര്‍ സേനാധിപനായെന്നും ശ്രുതിയുണ്ട്.'
അശ്വസേനന്റെ മുഖം മ്ലാനമായി.
'ആ വാര്‍ത്ത! സത്യമാകില്ല.വിജനമായ ഈ വഴിയില്‍, കുരുക്ഷേത്രത്തില്‍ നിന്ന് വരുന്ന ആരെയെങ്കിലും കണ്ടിരുന്നുവെങ്കില്‍ വിവരങ്ങള്‍ അറിയാമായിരുന്നു.നമ്മുക്ക് വേഗം യാത്രതുടരാം.എത്രയും വേഗം എനിക്ക് യുദ്ധഭൂമിയില്‍ എത്തണം.'
അത്രയും പറഞ്ഞിട്ട് സര്‍പ്പം വായുവിലേക്ക് നാലുപാടും ശിരസ്സ് നീട്ടി ഗന്ധം പിടിച്ചു.
'നാഗഭീഷണാ,ഈ വഴിത്താരയില്‍ നമ്മുടെ പുറകെ മനുഷ്യരാരോ വരുന്നുണ്ട്.'
കഴുകന്‍ വൃക്ഷത്തില്‍നിന്ന് മെല്ലെ ഉയര്‍ന്നു പറന്നു.ഒരു വട്ടം കറങ്ങിപറന്നതിനു ശേഷം അത് തിരിച്ചെത്തി.
'അശ്വസേനാ ,ഭയക്കാനൊന്നുമില്ല.അതൊരു ബ്രാഹ്മണകുമാരനാണ്.നടന്നു ക്ഷീണിച്ച കുട്ടി കുറച്ചപ്പുറത്ത് വഴിയരുകിലെ പാറയില്‍ കിടന്നുറങ്ങുന്നുണ്ട്.വരൂ നമുക്ക് അങ്ങോട്ട് പോകാം.'
പൊള്ളുന്ന പകല്‍ച്ചൂടില്‍ തണല്‍ പകരേണ്ട വൃക്ഷങ്ങള്‍ ഉണങ്ങിനില്‍ക്കുകയാണ്.വഴിയരുകിലെ പാറക്കെട്ടില്‍ ,ഒരു മുള്‍ച്ചെടിയുടെ നേരിയ തണലില്‍  മയങ്ങിക്കിടക്കുന്ന ബാലനെ അലിവോടെ പക്ഷിയും പാമ്പും നോക്കിനിന്നു.ഒരു പക്ഷെ  ആ ബാലന് തണല്‍ നല്‍കാനായിരിക്കും ഈ മുള്‍ച്ചെടിയുടെ ജന്മമെന്നു അശ്വസേനന്‍  വിചാരിച്ചു.ഗോതമ്പ് നിറമുള്ള മെല്ലിച്ച ശരീരം.ക്ഷീണിച്ചു കരിവാളിച്ചതെങ്കിലും ഐശ്വര്യമുള്ള മുഖമാണ് ആ ബാലന്റെത്.അവന്റെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍  ദേഹത്ത് വിയര്‍ത്തൊട്ടി കിടന്നു.
'വെള്ളം..ഒരല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍..'നാവു കൊണ്ട് ചുണ്ട് നനച്ചുകൊണ്ട്  ബാലന്‍ ഞരങ്ങി.
സര്‍പ്പം അവന്റെ ശരീരത്തിനരികില്‍ കിടന്ന മാറാപ്പിന്റെയുള്ളിലേക്ക് ഇഴഞ്ഞു.ചുളുങ്ങിയ ഒരു ഭിക്ഷാപാത്രം മെല്ലെ വളിയിലേക്ക് തള്ളിവന്നു.നാഗഭീഷണന്‍ ആ ചെറിയപാത്രവുവും കാലില്‍ക്കൊരുക്കി വാനില്‍ മറഞ്ഞു.തന്റെ പത്തിവിടര്‍ത്തി മെല്ലെയാട്ടിക്കൊണ്ട് അശ്വസേനന്‍ ബാലന്  കുളിര്‍ പകര്‍ന്നു.അപ്പോഴേക്കും കഴുകന്‍ എവിടെനിന്നോ വെള്ളവുമായി പറന്നുവന്നു.മുഖത്ത് ജലം വീണപ്പോള്‍ ബാലന്‍ കണ്ണ് തുറന്നു.വെള്ളിനിറമുള്ള പത്തിവിടര്‍ത്തിയ സര്‍പ്പത്തിനെയും തവിട്ടുനിറമുള്ള വലിയ ചിറകുകള്‍ കുടയുന്ന കഴുനെയും കണ്ടു ഒരു ദു:സ്വപ്നം കണ്ടത് പോലെ അവന്‍ ഞെട്ടി.
'ഭയക്കാതിരുന്നാലും വിപ്രകുമാരാ ,ഞങ്ങള്‍ അങ്ങയെ ഉപദ്രവിക്കാന്‍ വന്നതല്ല.അങ്ങ് എവിടെനിന്ന് വരികയാണ് ? അപകടം നിറഞ്ഞ ഈ വഴിയിലൂടെതനിയെ എങ്ങോട്ട് പോവുകയാണ് ?' കഴുകന്‍ കുട്ടിയോട് ചോദിച്ചു.
ബാലന്റെ മുഖത്തു സമാധാനം തെളിഞ്ഞു.കീറിയ കുപ്പായം കൊണ്ട് മുഖം തുടച്ചതിനു ശേഷം അവന്‍ അവരെ നോക്കി പുഞ്ചിരിച്ചു.അവന്റെ  കണ്ണുകളില്‍ ഒരു സമുദ്രത്തിന്റെ ശാന്തത സര്‍പ്പം ദര്‍ശിച്ചു.താഴ്ന്ന സ്വരത്തില്‍ ബാലന്‍ അവനെക്കുറിച്ചു പറഞ്ഞു.
മഥുര നിവാസിയായ അവനു വിവാഹപ്രായമായ ഒരു സഹോദരി മാത്രമേയുള്ളൂ.അവളെ കെട്ടിച്ചയക്കാന്‍ അവന്റെ പക്കല്‍ ധനമൊന്നുമില്ല.യുദ്ധഭൂമിയില്‍  പൊന്നുകെട്ടിയ ശരങ്ങളുടെ അഗ്രങ്ങള്‍ പോലെയുള്ള വിലപിടിച്ച ധാരാളം അവശിഷ്ടങ്ങള്‍ ഉണ്ടെന്നും ആളുകള്‍ യുദ്ധത്തിന്റെ ഇടവേളകളില്‍ അവ  തിരഞ്ഞു ശേഖരിക്കുന്നുണ്ടെന്നും അവന്‍ കേട്ടു.അവനും അത് തിരയാന്‍  പോവുകയാണ്.ദിവസങ്ങളെടുത്തുള്ള കഠിനമായ  കാല്‍നടയാത്ര അവനെ തളര്‍ത്തിക്കളഞ്ഞു.
കുട്ടിയുടെ ധീരതയും സഹോദരിയോടുള്ള സ്‌നേഹവും കണ്ടു അശ്വസേനന്‍ എന്ന സര്‍പ്പം സന്തുഷ്ടനായി.കഴുകന്‍ വനത്തില്‍നിന്ന് നല്ല ഫലങ്ങള്‍ ശേഖരിച്ചു കൊണ്ട് വന്നു കൊടുത്തു.വെള്ളവും പഴങ്ങളും കഴിച്ചു ബാലന്റെ ക്ഷീണംമാറിയപ്പോള്‍ അവര്‍ ഒരുമിച്ചു  യാത്രതുടര്‍ന്നു.
'ഇന്ന് യുദ്ധം തുടങ്ങിയിട്ട് പതിനാറാം നാളായി.ആര് ജയിക്കുമെന്നാണ് അങ്ങയുടെ ചിന്ത ? ' സര്‍പ്പം ബാലനോട് ചോദിച്ചു.
'സര്‍പ്പരാജാ ,ചില മഹാരഥന്‍മാരുടെ കഥകള്‍ കേട്ടിട്ടുള്ളതല്ലാതെ എനിക്ക് യുദ്ധത്തെക്കുറിച്ച് ഒന്നും തന്നെയറിയില്ല'.
'യുദ്ധത്തില്‍ പാണ്ഡവര്‍ ജയിക്കും.അര്‍ജുനന്റെ സൂതന്‍ വാസുദേവനാണ്.നരനാരായണന്‍മാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കു കഴിയും ??' നാഗഭീഷണന്‍ പറഞ്ഞു.
അര്‍ജുനന്റെ പേര് കേട്ടതും അശ്വസേനന്റെ ഭാവം മാറി.ക്രോധത്തോടെ അവന്‍ നാഗഭീഷണന്റെ നേര്‍ക്ക് ചീറ്റി.ബാലന്‍ പരിഭ്രാന്തനായി .
'നിങ്ങളെ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചിരുന്നു.ജന്മവൈരികളായ സര്‍പ്പവും കഴുകനും എങ്ങിനെയാണ് കൂട്ടുകാരാവുക?എന്നാല്‍ ഇപ്പോള്‍ മനസ്സിലായി.നിങ്ങള്‍ വൈരികള്‍ തന്നെയാണ്.നിങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ എനിക്ക് ഭയമാകുന്നു.'
സര്‍പ്പത്തിന്റെയും കഴുകന്റെയും ശിരസ്സ് താഴ്ന്നു.
'കുമാരാ, എന്റെ ജന്മശത്രുവായ ഫല്‍ഗുനന്റെ പേര് കേള്‍ക്കുന്നത്  എന്നില്‍ ക്രോധം നിറയ്ക്കും.വര്‍ഗ്ഗശത്രുക്കളാണെങ്കിലും ഞാനും ഈ നാഗഭീഷണനും തമ്മില്‍ അത്തരം വൈരമില്ല.'
അതിനുശേഷം അശ്വസേനന്‍ അതിന്റെ കാരണം വിശദീകരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്  അഗ്‌നി മനുഷ്യരൂപം പൂണ്ട് അര്‍ജുനന്റെയും കൃഷ്ണന്റെയും അരികില്‍ വന്നു.സഹായം അഭ്യര്‍ത്ഥിച്ചു വരുന്ന ആരെയും ഉപേക്ഷിക്കില്ല എന്ന ഖ്യാതി അര്‍ജുനന് ഉണ്ടായിരുന്നത് കൊണ്ടാണ് അഗ്‌നി വന്നത്.തന്റെ ഉദരരോഗം മാറ്റാന്‍ ഖാണ്ഡവവനം ഭക്ഷിക്കാന്‍ തന്നെ സഹായിക്കണമെന്ന് അഗ്‌നി അഭ്യര്‍ത്ഥിച്ചു.ഗാണ്ഡീവം എന്ന സവിശേഷമായ വില്ല് ലഭിക്കുന്നതിനായി അഗ്‌നിയെ സഹായിക്കാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചു.ലക്ഷക്കണക്കിന് സര്‍പ്പങ്ങള്‍ അധിവസിച്ചിരുന്ന വനം അര്‍ജുനന്‍ അഗ്‌നിക്കിരയാക്കി.തീയില്‍ നിന്ന്  ഇഴഞ്ഞു പുറത്തുകടക്കാന്‍ ശ്രമിച്ച പാമ്പുകളെ വരെ അര്‍ജുനന്‍ കൊന്നു.അക്കൂട്ടത്തില്‍ അശ്വസേനന്റെ അമ്മയെയും അര്‍ജുനന്‍ കൊന്നു.സ്വന്തം കഴിവിലും അഗ്‌നിയുടെ പ്രീതിപറ്റാനും അര്‍ജ്ജുനന്‍ ജീവജാലങ്ങളെ സംഹരിച്ചുവെങ്കിലും കൃഷ്ണന്‍ ദയ തോന്നി കുറച്ചു പക്ഷികളെ വെറുതെവിട്ടു.അക്കൂട്ടത്തില്‍പെട്ട നാഗഭീഷണന്റെ പിതാവായിരുന്നുചാവാന്‍ തുടങ്ങിയ അശ്വസേനന്‍ എന്ന പാമ്പിന്‍കുഞ്ഞിനെ  അലിവു തോന്നി രക്ഷിച്ചത് .
'എന്റെ ജന്മവൈരി കഴുകനല്ല.അര്‍ജുനനാണ്.ഒരു മലയോളം  ഉയര്‍ന്നുപൊങ്ങിയ തീയില്‍പ്പെട്ട എന്റെ അമ്മ വെന്തുചാകുന്നതാണ് ഞാന്‍ ജനിച്ചയുടന്‍ കണ്ട ആദ്യ കാഴ്ച.അതിനുശേഷമുള്ള എന്റെ ജീവിതം ശത്രുനിഗ്രഹത്തിന് വേണ്ടിയുള്ള പരിശീലനമായിരുന്നു.സര്‍പ്പരില്‍ ശക്തനായ തക്ഷകരാജാവിന്റെ കൃപയാല്‍  നൂറ്റിയെട്ട്  യോജന പറന്നു വിഷം ചീറ്റി ശത്രുവിനെ വധിക്കാനുള്ള കഴിവ് ഞാന്‍ സ്വായത്തമാക്കി.അര്‍ജുനന്റെ മരണം കാണാനാണ് ഞാന്‍ കുരുക്ഷേത്രത്തിലേക്ക് പോകുന്നത്.കൌരവര്‍ അര്‍ജുനനെ  കൊന്നില്ലെങ്കില്‍ ഞാന്‍ കൊന്നിരിക്കും..'
ക്ഷോഭത്തോടെ സര്‍പ്പം തന്റെ ആ കഥ അവസാനിപ്പിച്ചപ്പോള്‍ കഴുകനും കുട്ടിയും നിശബ്ദരായി.
'എനിക്ക് അര്‍ജുനനോട് കോപമൊന്നുമില്ല.പക്ഷെ എന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചത് ഭഗവാന്‍ ശ്രീകൃഷ്ണനാണ്.അത് കൊണ്ട് ജനാര്‍ദനന്റെ പക്ഷമാണ് എന്റെ പക്ഷം.അവതാരപുരുഷനായ അവിടുന്ന് പ്രപഞ്ചനാഥനാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.ആ ദിവ്യപുരുഷനെ നേരില്‍ കാണുവാനും പറ്റുമെങ്കില്‍ യുദ്ധത്തില്‍ സഹായിക്കാനുമാണ് ഞാന്‍ പോകുന്നത്.' കഴുകന്‍ പറഞ്ഞു.
അവര്‍ ഒരു വലിയ കുന്നിന്റെ  മുകളില്‍  എത്തി.അവിടെനിന്നാല്‍ കുരുക്ഷേത്രം കാണാം.ആകാശത്തിലേക്ക് അനേകം കറുത്തവരകള്‍ വരച്ചുവച്ചത് പോലെ പുക ഉയരുന്നു.ഒരു മങ്ങിയ് ചുവപ്പ്  കലര്‍ന്ന മേഘംപോലെ യുദ്ധഭൂമി ചക്രവാളത്തിനരികില്‍ കാണപ്പെട്ടു.ആ ചുവപ്പില്‍ സദാ മഞ്ഞനിറമുള്ള തീപ്പൊട്ടുകള്‍ തിളങ്ങുന്നത് അവര്‍ കണ്ടു.പല ദിവ്യാസ്ത്രങ്ങളുടെയും വേലുകളും സിദ്ധിച്ചിട്ടുള്ള ധീരന്‍മാര്‍ തങ്ങളുടെ ആയുധങ്ങള്‍ പ്രയോഗിക്കുകയാവും.അപ്പോള്‍ അകലെനിന്ന് രണ്ടു ക്രൌഞ്ച പക്ഷികള്‍ അവര്‍ക്കരില്‍ പറന്നിറങ്ങി.കുന്നിന്‍മുകളിലെ നാരകമരത്തിന്റെ ശിഖരത്തില്‍ കിളികള്‍  വിശ്രമിക്കാനിരുന്നു.നീലനിറമുള്ള അവയുടെ തൂവലുകള്‍ കരിപുരണ്ടതും മലിനവുമായി കാണപ്പെട്ടു.അവര്‍ യുദ്ധഭൂമിയില്‍ നിന്നാണ് വരുന്നത്.
'യുദ്ധഭൂമിയിലെ വിശേഷങ്ങള്‍ പറയൂ കൂട്ടരെ ?കേശവപക്ഷമല്ലേ വിജയിക്കുന്നത്.?'നാഗഭീഷണന്‍ തിരക്കി.
'പത്താംനാള്‍ ഭീഷ്മരും കഴിഞ്ഞ ദിവസം ദ്രോണരും മരിച്ചു.'കൂട്ടത്തിലെ മുതിര്‍ന്ന പക്ഷി പറഞ്ഞു.
അശ്വസേനന്‍ വ്യസനത്തോടെ പത്തി താഴ്ത്തി.നാഗഭീഷണന്‍ ആവേശത്തോടെ ചിറകടിച്ചു.
'ഓ അപ്പോള്‍ പാണ്ഡവകുടീരങ്ങളില്‍ വലിയ ആഘോഷവും വിരുന്നുമൊക്കെ ഉണ്ടായിരുന്നിരിക്കണം.ദ്രോണരും ഭീഷ്മരും പോയാല്‍ യുദ്ധം പാണ്ഡവര്‍ ജയിച്ചതിനു തുല്യമാണ്.?'നാഗഭീഷണന്‍ ചോദിച്ചു.
'വലിയ ആഘോഷവും മേളവും വിരുന്നും ഞങ്ങളും പ്രതീക്ഷിച്ചു.പക്ഷെ പാണ്ഡവരുടെ പാളയങ്ങള്‍ നിശബ്ദമായിരൂന്നു.ധര്‍മ്മപുത്രര്‍ ആകുലതയോടെ തന്റെ കൂടാരത്തില്‍ ഉലാത്തുന്നതും  മ്ലാനവദനനായ പാര്‍ത്ഥനെ മാധവന്‍  ഉപദേശിക്കുന്നതും  കണ്ടു.ഭയാനകമായ എന്തോ വരുംദിവസങ്ങളില്‍ അവര്‍ പ്രതീക്ഷിക്കുന്നത്  പോലെ ഞങള്‍ക്ക് തോന്നി.അത് കൊണ്ടാണ്  ഞങ്ങള്‍ തിരികെപോന്നത്.'കിളികള്‍ പറഞ്ഞു.
'പ്രപഞ്ചസൃഷ്ടാവായ ഗോവിന്ദന്‍ തേര്‍ തെളിക്കുമ്പോള്‍ ,അമ്പൊഴിയാത്ത ആവനാഴിയുള്ള വിജയന്‍ ഭയക്കുന്നത് ആരെയാണ്?' അവിശ്വാസത്തോടെ  നാഗഭീഷണന്‍ ശിരസ്സ് വെട്ടിച്ചു.
'നമ്മുക്ക് യാത്ര തുടരാം.'എത്രയും പെട്ടെന്ന് യുദ്ധഭൂമിയില്‍ എത്താന്‍ സര്‍പ്പം തിടുക്കം കൂട്ടി.
ശൂന്യമായ ഗ്രാമങ്ങളും കാട്ടുപ്രദേശങ്ങളും കടന്നു അവര്‍ സഞ്ചരിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ വനത്തിനുള്ളില്‍ വിശ്രമിക്കുന്ന ഒരു ഗന്ധര്‍വനെകണ്ടു.അവന്‍ യുദ്ധഭൂമിയില്‍നിന്ന് മടങ്ങിവരികയായിരുന്നു.പക്ഷിയെയും പാമ്പിനെയും  ബാലനെയും കണ്ടു കൗതുകം തോന്നിയ ഗന്ധര്‍വന്‍ അവരോട് സംസാരിച്ചു.ദ്രോണന്‍ മരിച്ചതിനു ശേഷം പാണ്ഡവര്‍ ഭയന്നതിന്റെ കാരണം നാഗഭീഷണന്‍ തിരക്കി.
'കൂട്ടരേ ,ഇന്ന് രാവിലെ  യുദ്ധഭൂമിയിലുണ്ടായിരുന്നെങ്കില്‍ ആ ഭയത്തിനു കാരണം നിങ്ങള്‍ക്ക് മനസ്സിലായേനെ.സേനകളുടെ വ്യൂഹവിന്യാസം  കാണുവാന്‍ ഞാന്‍ സൂര്യോദയത്തില്‍ ആകാശത്തുകൂടി പറന്നു.അര്‍ജ്ജുനന്‍ ഗരുഡാകൃതിയില്‍ സേനകളെ  വിന്യസിച്ചു.ശിരസ്സില്‍  കൃഷ്ണാര്‍ജുനന്‍മാരുംധര്‍മ്മപുത്രരാജാവും  നിന്നു.ഇടതുചിറകില്‍  ഭീമനും വലത്ത്ചിറകില്‍ നകുലസഹദേവന്‍മാരും നിലയുറപ്പിച്ചു..ഒന്നരലക്ഷം ആനകളും അത്രതന്നെ കുതിരകളും അതിന്റെ മൂന്നിരട്ടിവരുന്ന കാലാളും അവര്‍ക്ക് പിന്നില്‍ നിരന്നു.പക്ഷെ മുന്‍നിരയിലെ സേനാനായകരുടെ മുഖത്ത് സന്തോഷമില്ലായിരുന്നു.അപ്പോള്‍ ശത്രുവ്യൂഹം വരുന്നതിന്റെ പെരുമ്പറ മുഴങ്ങി.അത് കാണാനായി ഞാന്‍ ഉയര്‍ന്നുപറന്നു.ഞാന്‍ കണ്ടത് ഒരു വ്യൂഹമല്ലായിരുനു.ആയിരം യോജന നീളവും വീതിയുമുള്ള ഒരു വലിയ സര്‍പ്പത്തെയാണ്  !
'സര്‍പ്പവ്യൂഹം!!' നാഗഭീഷണന്‍ മന്ത്രിച്ചു.
'പതിനെട്ടു വ്യൂഹങ്ങളിലെ ഏറ്റവും ശക്തവും ഭീകരവുമായ വ്യൂഹവിന്യാസം.സര്‍പ്പത്തിന്റെ  ആകൃതിയില്‍ സേനകളെ വിന്യസിക്കുവാന്‍സേനാധിപതികളായ ഭീഷ്മരും ദ്രോണരും മരിച്ചതോടെ ആര്‍ക്കും കഴിയില്ലയെന്നാണ് ഞാന്‍ കരുതിയത്.'സര്‍പ്പത്തിന്റെ  കണ്ണുകളായി ശകുനിയും ഉലൂകനും നിന്നു.ശിരസ്സില്‍ അശ്വത്ഥാമാവും കഴുത്തില്‍ നൂറു ഗാന്ധാരിപുത്രന്‍മാരും നിരന്നു.നടുക്ക് ദുര്യോധനനും വാലില്‍  ദുര്യോധനന്റെ ബന്ധുജനങ്ങളായ മറ്റു മഹാരഥന്‍മാരും നിരന്നു.ലക്ഷക്കണക്കിന് വരുന്ന ആനകളുടെയും കുതിരകളുടെയും ഓട്ടത്തില്‍ ആകാശം വരെ പൊടിപടലങ്ങളുയര്‍ന്നു.ആ പൊടിപടലത്തിനിടയില്‍,ഭേരികളും ദുന്ദുഭികളും മുഴങ്ങുന്നതിനിടെ ,സര്‍പ്പമുഖത്ത് വെള്ളക്കൊടിയും വെള്ളക്കുതിരകളുമായി കൌരവരുടെ  പുതിയ സൈന്യാധിപന്‍  പ്രത്യക്ഷപ്പെട്ടു.സൂര്യനെപ്പോലെ ശോഭിക്കുന്ന വില്ലാളിവീരനായ കര്‍ണ്ണനായിരുന്നു അത്.അവന്റെ തോളറ്റം വരെയുള്ള മുടി കാറ്റില്‍ പറന്നു.കണ്ണുകള്‍ ജ്വലിച്ചു.തേര്‍ത്തട്ടില്‍ തീപ്പന്തംപോലെ ജ്വലിച്ച അവന്‍ പാണ്ഡവപ്പടക്ക് നേരെ സിംഹനാദം മുഴക്കി. ഭീഷ്മരുടെ അപ്രീതി കാരണം യുദ്ധത്തില്‍ പങ്കെടുക്കാതെ   മാറിനിന്ന കര്‍ണ്ണന്‍ സേനാധിപനായി വ്യൂഹത്തലക്കല്‍ നില്‍ക്കുന്നതു കണ്ടാണ് പാണ്ഡവപ്പടയുടെ മനസ്സിടിഞ്ഞത്.അവനെ മാത്രമാണ്  പതിമൂന്നു വര്‍ഷമായി യുധിഷ്ഠിരന്‍ ഭയപ്പെടുന്നത്.'
ഗന്ധര്‍വന്‍ ഒന്ന് നിര്‍ത്തി.ആ കാഴ്ച കണ്ടത് പോലെ അവന്റെ മുഖം  ഭീതിദമായി.
'ഇന്നലെവരെയുള്ള യുദ്ധഭൂമിയല്ലായിരുന്നു ഇന്ന്.ചേദിക്കപ്പെട്ട അവയവങ്ങളും കുടല്‍മാലകളും ചോരക്കളത്തില്‍ പൊങ്ങിയൊഴുകി.കര്‍ണ്ണന്‍ അര്‍ജുനനെ തിരഞ്ഞു പായുകയായിരുന്നു യുദ്ധഭൂമിയില്‍.അവനെതിരെ വന്ന മറ്റു നാല് കുന്തിപുത്രന്‍മാരെയും അവന്‍ കൊല്ലാതെ  തോല്‍പ്പിച്ചുവിട്ടു..ഇന്ന് വൈകുന്നേരം  അര്‍ജുനനും കര്‍ണ്ണനും തമ്മില്‍ ഏറ്റുമുട്ടാനിടയുണ്ട്.ഈ യുദ്ധത്തിന്റെ ഫലം അതില്‍ ആര് ജയിക്കും എന്നാശ്രയിച്ചിരിക്കുന്നു.ഞാന്‍ ഗന്ധര്‍വലോകത്തിലേ മറ്റ് കൂട്ടുകാരെയുദ്ധത്തില്‍  അര്‍ജുനനെ പിന്തുണക്കുവാന്‍ ക്ഷണിക്കുവാന്‍ പോവുകയാണ്.'
'കവചകുണ്ഡലങ്ങള്‍ അണിഞ്ഞ കര്‍ണ്ണന്‍ അര്‍ജുനനെക്കാള്‍ ശക്തനാണ്.തീര്‍ച്ചയായും അവന്‍ അര്‍ജുനനെ വധിക്കും. !'അശ്വസേനന്‍ അഭിപ്രായപ്പെട്ടു.
'കര്‍ണ്ണന് കവചകുണ്ഡലങ്ങള്‍ നഷ്ടമായി.ഇന്ദ്രന്‍ അത് ദാനമായി വാങ്ങിയെന്ന് കേള്‍ക്കുന്നു.'
'വിചിത്രമായ കാര്യങ്ങളാണ് യുദ്ധഭൂമിയില്‍ നടക്കുന്നത്.വരൂ സമയം കളയാതെ നമ്മുക്ക് യുദ്ധഭൂമിയില്‍ എത്താം.' സര്‍പ്പം വീണ്ടും തിടുക്കം കൂട്ടി.
അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.
'കര്‍ണ്ണാര്‍ജുന യുദ്ധത്തില്‍ ആര് ജയിക്കുമെന്നാണ് അങ്ങയുടെ അഭിപ്രായം ?'നാഗഭീഷണന്‍ ബാലനോട് ചോദിച്ചു.
'അര്‍ജുനനെക്കാള്‍ ഉത്തമന്‍ അര്‍ജുനന്‍ തന്നെ.എങ്കിലും അവനെ ജനനം മുതല്‍ പിന്തുടരുന്ന ദൗര്‍ഭാഗ്യം ഈ യുദ്ധത്തില്‍ ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു.'അശ്വസേനന്‍പറഞ്ഞു.
'എനിക്ക് കര്‍ണ്ണനെക്കുറിച്ച് പറഞ്ഞുതന്നാലും കൂട്ടുകാരേ..അതിനുശേഷമേ എനിക്ക് ഒരു അഭിപ്രായം പറയാന്‍ കഴിയൂ.'ബാലന്‍ പറഞ്ഞു.
'ഹീനനായ ദുര്യോധനന്റെ ഒപ്പമായതിനാല്‍  കര്‍ണ്ണന്‍ അധര്‍മ്മത്തിന്റെ ഭാഗമാണ്.ദുര്യോധനന്റെ സകല ദുഷ്‌ക്കര്‍മ്മങ്ങളുടെയും ഒരു പങ്ക് ആത്മസുഹൃത്ത് എന്നനിലയില്‍ കര്‍ണ്ണനില്‍ നിക്ഷിത്പമാണ്.ആയതിനാല്‍ ഈ യുദ്ധത്തില്‍ കര്‍ണ്ണന്‍ വധിക്കപെടണം.'
'അങ്ങിനെയെങ്കില്‍ കര്‍ണ്ണന്റെ  യഥാര്‍ത്ഥ മാതാവായ കുന്തിയോ ?ആയോധന മത്സരം നടന്ന സമയം പാണ്ഡവര്‍ സൂതപുത്രനെന്നു പറഞ്ഞു കര്‍ണ്ണനെ അപമാനിച്ചു.ആ സമയം രക്ഷക്കെത്തിയതു ദുര്യോധനനാണ്.അത് കൊണ്ടാണ് അവര്‍ സുഹൃത്തുക്കളായത്.കുന്തി മുഖം കുനിച്ചു സ്വന്തം അഭിമാനം സംരക്ഷിച്ചു.കര്‍ണ്ണന്റെ ജന്മസത്യം അറിയുന്ന പരശുരാമന്‍ പോലും താന്‍ പഠിപ്പിച്ച ബ്രഹ്മാസ്ത്രം മറന്നുപോകാന്‍ അവനെ ശപിച്ചു.ഇപ്പോഴിതാ ,ആര്‍ക്കും എന്തും ദാനം ചെയ്യുന്ന അവന്റെ കവചകുണ്ഡലങ്ങളും ഇന്ദ്രന്‍ മകനുവേണ്ടി കരസ്ഥമാക്കിയിരിക്കുന്നു.'
'പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ കര്‍ണന്‍ എതിര്‍ത്തില്ല .'
'പക്ഷേ സ്വയംവരസമയത്ത് പാഞ്ചാലി കര്‍ണ്ണനെ സൂതന്‍ എന്ന് വിളിച്ച് അപമാനിച്ചില്ലേ.?'
ഇങ്ങനെ യുദ്ധഭൂമിയില്‍ എത്തുവോളം സര്‍പ്പവും കഴുകാനും കര്‍ണ്ണന് അനുകൂലവും പ്രതികൂലവുമായി വാദങ്ങള്‍ നിരത്തി.എല്ലാം കേട്ടിട്ട് ഒടുവില്‍ ബ്രാഹ്മണബാലന്‍ ഇപ്രകാരം പറഞ്ഞു.
'കൂട്ടരേ ,കര്‍ണ്ണന്‍ മഹാധീരനും ഹൃദയശുദ്ധിയുള്ളവനുമാണ്.ഈ യുദ്ധം അവന്റെ കര്‍മ്മമാണ്.പ്രപഞ്ചത്തിനുതകുന്ന കര്‍മ്മഫലം അതില്‍നിന്നുണ്ടാകട്ടെ.'
ഒടുവില്‍ അവര്‍ യുദ്ധഭൂമിയിയിലെത്തി. ഒരു രക്തസമുദ്രമായിരുന്നു അത്. .തിരമാല പോലെ ആര്‍ത്തിരമ്പുന്ന പതിനായിരക്കണക്കിന് പടയാളികളുടെ  ആരവം.ഇപ്പോള്‍ യുദ്ധം ,തേരില്‍ മുഖാഭിമുഖം നില്‍ക്കുന്ന രണ്ടു യോദ്ധാക്കള്‍ തമ്മില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.പാണ്ഡവപ്പട അര്‍ജുനന് പിന്തുണയുമായി ആ രഥത്തിനു ചുറ്റുമാര്‍ത്തു.അതിലുമേറെ ഇരട്ടി വരുന്ന കൌരവപ്പട കര്‍ണ്ണന് വേണ്ടി ആര്‍പ്പു വിളിച്ചു.ആകാശം കര്‍ണ്ണനെയും ഭൂമി അര്‍ജുനനെയും അസുര പ്രേത പിശാചുക്കള്‍ കര്‍ണ്ണനെയും ദേവ ഗന്ധവര്‍ന്‍മാരും മുനിമാരും അര്‍ജുനനെയും പിന്തുണച്ചു.ഇന്ദ്രന്‍ അര്‍ജുനന് വേണ്ടിയും സൂര്യന്‍ കര്‍ണ്ണന് വേണ്ടിയും നിലയുറപ്പിച്ചു.പക്ഷികളും ,മൃഗങ്ങളും ,അപ്‌സസരസ്സുകളും ,രാക്ഷസന്‍മാരും പിശാച്ചുക്കളും  ആ വീരന്‍മാരുടെ പോരാട്ടം കാണാനെത്തിയിട്ടുണ്ട്.ആകാശവും ഭൂമിയും കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞു.യുദ്ധഭേരി മുഴങ്ങിയപ്പോള്‍ക ര്‍ണ്ണാര്‍ജുന പോരാട്ടമാരംഭിച്ചു.
'മയില്‍പ്പീലി ചൂടിയ ജനാര്‍ദ്ദനന്‍ തെളിക്കുന്ന നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ നില്‍ക്കുന്നത് അര്‍ജുനനാണ്.എതിര്‍ഭാഗത്ത്  മനോവേഗമുള്ള മറ്റു നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥമോടിക്കുന്നത്  മഹാരഥനായ ശല്യരാണ്.അതില്‍ വിജയമെന്ന വില്ലുമായ് പര്‍വതത്തിന്റെ ഗാംഭിര്യവുമായി നില്‍ക്കുന്ന മിന്നല്‍പോലെ വിളങ്ങുന്ന തേജസ്വി കര്‍ണ്ണനാണ്.പാണ്ഡവര്‍ ഈ യുദ്ധം തുടങ്ങിയത്  തന്നെ   അര്‍ജുനനില്‍ പ്രതീക്ഷവച്ചാണ്.മറുഭാഗമാകട്ടെ കര്‍ണ്ണനിലും.ഈ പോരാട്ടം മാത്രമാണ് ലോകത്തിന്റെ  വിധി തീരുമാനിക്കുന്നത്.'
യുദ്ധം കാണാന്‍ വന്ന മുനിമാരാരോ പറഞ്ഞത് കേട്ട് കൃഷ്ണനെകാണുവാന്‍  നാഗഭീഷണന്‍ ഉയര്‍ന്നു പറന്നുനോക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ആകാശം അസ്ത്രങ്ങള്‍ക്കൊണ്ട്  കറുത്തു.
അവര്‍ പരസ്പരം മത്സരിച്ച് അസ്ത്രങ്ങള്‍ അയച്ചു.അര്‍ജുനനയച്ച പൊന്നുകെട്ടിയ ഘോരശരങ്ങള്‍ കര്‍ണ്ണന്‍ തടുത്തുകൊണ്ടിരുന്നു.ക്ഷമനശിച്ചപ്പോള്‍ അര്‍ജുനന്‍ ആഗ്‌നേയാസ്ത്രം ഉപയോഗിച്ചു.ദിക്കുകള്‍ മുഴുവന്‍ അഗ്‌നി വിളങ്ങി .മലയോളം വലിപ്പമുള്ള തീജ്വാലകള്‍ തിരമാലകള്‍ പോലെ  തന്റെ നേര്‍ക്ക് വരുന്നത് കണ്ട കര്‍ണ്ണന്‍ വരുണാസ്ത്രം പ്രയോഗിച്ചു.ദിക്കുകള്‍ ഇരുട്ടില്‍മറഞ്ഞു യുദ്ധഭൂമിയിലേക്ക്  പേമാരി പെയ്തിറങ്ങി.വീണ്ടും അര്‍ജുനന്‍ അനസ്യൂതം ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ചുവെങ്കിലും കര്‍ണ്ണന്‍ ഒരു കുട്ടിക്കളിപോലെ സകല ശരങ്ങളെയും വായുവില്‍ വച്ച് മുറിച്ചു.അതിനുശേഷം കര്‍ണ്ണന്‍ ശത്രുനിരയെ ആകെമൊത്തം വീക്ഷിച്ചു .അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവന്‍ ഭാര്‍ഗവാസ്ത്രം പ്രയോഗിച്ചു.ഭഅപ്പോള്‍ കോടിക്കണക്കിന് ശരങ്ങള്‍ പേമാരിപോലെ അര്‍ജുനന്‍പ്പടയുടെ മേല്‍ പെയ്തിറങ്ങി.പാണ്ഡവപ്പടയിലെ പതിനായിരങ്ങള്‍ ചാകുന്നത് കണ്ടു കൃഷ്ണന്‍ അര്‍ജുനനെ തിരിഞ്ഞുനോക്കി.അപ്പോള്‍ ബ്രഹ്മദേവനെ ജപിച്ചുകൊണ്ട് അര്‍ജുനന്‍ കര്‍ണ്ണന് നേരെ  ബ്രഹ്മാസ്ത്രം പ്രയോഗിച്ചുവെങ്കിലും അതും കര്‍ണ്ണന്‍ വായുവില്‍ വച്ച് തകര്‍ത്തു.അതിനിടയില്‍ യുദ്ധഭൂമിയില്‍ കൌരവരുടെ നിരാശാജനകമായ നിലവിളിയും പാണ്ഡവരുടെ ആവേശത്തോടെയുള്ള  ആര്‍പ്പുംകേട്ടു.
'കര്‍ണ്ണന്റെ രഥചക്രം ഭൂമിയില്‍ താഴ്ന്നിരിക്കുന്നു..' അശ്വസേനന്‍ അസ്വസ്ഥതയോടെ പറഞ്ഞു.
തേര്‍ ചലിക്കാതായതോടെ പ്രതിരോധത്തിലായ കര്‍ണ്ണന്‍ സര്‍പ്പരൂപമുള്ള  നാഗാസ്ത്രങ്ങള്‍കൊണ്ട്  പിടിച്ചുനില്‍ക്കുവാന്‍ ശ്രമിച്ചു.
'ഇതാണ് അവസരം. കൂട്ടുകാരെ .ഞാന്‍ എന്റെ ജന്മവൈരിയെ  വധിക്കുന്നതും  കര്‍ണ്ണനെ സഹായിക്കുന്നതും നിങ്ങള്‍ കണ്ടു കൊള്ളുക.'അശ്വസേനന്‍ പറഞ്ഞു.
'അരുത്.യുദ്ധത്തില്‍ ഇടപെട്ടാല്‍ അങ്ങയുടെ ജീവന്‍ അപകടത്തിലാകും.' ബാലന്‍ സര്‍പ്പത്തെ തടയുവാന്‍ ശ്രമിച്ചു.
'അങ്ങാരാണെന്നു ഞാന്‍  മുന്‍പേ തിരിച്ചറിഞ്ഞിരുന്നു.അങ്ങേക്ക് തണല്‍നല്‍കിയ മുള്‍ച്ചെടി തളിര്‍ത്തുപൂക്കുന്നത് ഞാന്‍ കണ്ടു.എന്റെ കര്‍മ്മം ചെയ്യാന്‍ എന്നെ അനുവദിച്ചാലും..'അത്രയും പറഞ്ഞു  ബാലനെ വന്ദിച്ചതിനുശേഷം സര്‍പ്പം കര്‍ണന്റെ സമീപത്തേക്ക് ഇഴഞ്ഞുചെന്നു.സര്‍പ്പശസ്ത്രങ്ങളുടെ ആവനാഴിയില്‍ കര്‍ണ്ണനറിയാതെ അശ്വസേനന്‍  ഒളിച്ചു.
അസ്ത്രമെന്നു കരുതി കര്‍ണ്ണന്‍ ആശ്വസേനനെ വില്ലില്‍ വച്ചു.നാഗമന്ത്രം ജപിച്ചു സൂര്യപുത്രന്‍ അര്‍ജുനനു നേരെ സര്‍പ്പശരമെയ്തു.മിന്നല്‍ പോലെ പാഞ്ഞുവരുന്ന നാഗാസ്ത്രംഫല്‍ഗുനന്റെ ശിരസ്സ് കൊയ്യുമെന്നു മനസ്സിലാക്കിയ കൃഷ്ണന്‍ തേര്‍ത്തട്ട് ചവിട്ടിതാഴ്ത്തി.ശിരസ്സില്‍ കൊള്ളേണ്ട അസ്ത്രം അര്‍ജുനന്റെ ശിരസ്സിലണിഞ്ഞ ഇന്ദ്രകിരീടം തകര്‍ത്തു കടന്നുപോയി.ഉടന്‍തന്നെ അര്‍ജുനന്‍ സര്‍പ്പത്തെ മറ്റൊരസ്ത്രത്താല്‍ മുറിച്ചിട്ടൂ.
ബാലന്റെയും കഴുകന്റെയും ശിരസ്സ് ദു:ഖഭാരത്താല്‍ കുനിഞ്ഞു.
അടുത്ത രഥചക്രവും ഭൂമിയില്‍ താഴ്ന്നതോടെ കര്‍ണ്ണന്‍ തേര് വിട്ടു നിലത്തിറങ്ങി.യുദ്ധം അവസാനിപ്പിക്കാന്‍ അവന്‍ ബ്രഹ്മാസ്ത്രമെടുത്തുവെങ്കിലും വിദ്യ  ഓര്‍മ്മയില്‍ വരാഞ്ഞതിനാല്‍ അത് പ്രയോഗിക്കുവാന്‍ കഴിഞ്ഞില്ല.
'ഈ ചക്രങ്ങള്‍ ഉയര്‍ത്തുന്നത് വരെ അസ്ത്രങ്ങള്‍ അയക്കാതിരിക്കുക.'കര്‍ണ്ണന്‍ ഗത്യന്തരമില്ലാതെ അര്‍ജുനനോടു അഭ്യര്‍ത്ഥിച്ചു.പക്ഷേ നിരായുധനായ കര്‍ണ്ണനു നേരെ അര്‍ജുനന്‍ അസ്ത്രമഴപെയ്യിച്ചു.ചക്രങ്ങള്‍ പൊക്കിയെടുക്കുന്നതിനിടയില്‍ കര്‍ണ്ണന്റെ ദേഹം ശരങ്ങള്‍ക്കൊണ്ട് രക്തത്തില്‍ കുളിച്ചു.ചോരനിറം പൂണ്ട ആ സന്ധ്യയില്‍ രാധേയന്‍ ഒരു ചുവന്ന സൂര്യനെപോലെ കാണപ്പെട്ടു.നിലത്തുനിന്ന് കൊണ്ട് അവന്‍ അര്‍ജുനനു നേരെ പോരാടി.ഒടുവില്‍ അവന്‍ രഥചക്രങ്ങള്‍ക്കിടയില്‍ ശരമേറ്റു നിരായുധനായി യുദ്ധഭൂമിയില്‍ കിടന്നു.പക്ഷെ  അര്‍ജുനന്‍ പിന്നീടയച്ച അസ്ത്രങ്ങള്‍ കര്‍ണ്ണന്റെ ദേഹത്ത് സ്പര്‍ശിക്കാതെ  ലക്ഷ്യം തെറ്റി.അസ്തങ്ങളുടെ ഇരുള്‍ പൂണ്ട യുദ്ധഭൂമിയില്‍ ഇരുഭാഗത്തും നിശബ്ദത പടര്‍ന്നു.ആകാശവും ഭൂമിയും ആ കാഴ്ച കണ്ടു വിറങ്ങലിചൂ..
'ഇത്ര അസ്ത്രങ്ങള്‍  ചൊരിഞ്ഞിട്ടും  അര്‍ജുനന് കര്‍ണ്ണനെ വധിക്കുവാന്‍ കഴിയാത്തതെന്താണ്?'നാഗഭീഷണന്‍ ബാലനോട് ചോദിച്ചു.
'നിരായുധനായി ,രഥചക്രം ഉയര്‍ത്തിയ കര്‍ണ്ണനു നേരെ അസ്ത്രം പ്രയോഗിച്ചതോടെ ധര്‍മ്മം  അര്‍ജുനന് എതിരായി.കര്‍ണ്ണന്‍ ജീവിതകാലത്ത് ചെയ്ത പുണ്യകര്‍മ്മങ്ങളുടെ ശക്തിയില്‍  കര്‍ണ്ണനും അര്‍ജുനനുമിടയില്‍  ഇപ്പോള്‍ മറയായി നില്‍ക്കുന്നത് ധര്‍മ്മദേവതയാണ്..ഹേ നാഗഭീഷണാ,ഇതൊരു യുഗമുഹൂര്‍ത്തമാണ്.പ്രപഞ്ചത്തിന്റെ സ്ഥിതി ഈ നിമിഷങ്ങളില്‍ കര്‍ണ്ണന് മുന്‍പില്‍ തൊഴുതുനില്‍ക്കുന്നു..വരിക ,നമ്മുക്ക് യുദ്ധഭൂമിയില്‍ ഇറങ്ങാന്‍ സമയമായിരിക്കുന്നു.'
ഉടനെ നാഗഭീഷണന്‍ കാലുകള്‍ താഴ്ത്തി തന്റെ ചിറകുകള്‍ക്കിടയില്‍ ആ ബാലനെയിരുത്തി ആകാശത്തേക്ക് പറന്നുയര്‍ന്നു.അവര്‍  കര്‍ണ്ണന്റെ സമീപത്തു പറന്നിറങ്ങി.തന്റെ അടുത്തേക്ക് വരുന്ന ബാലനെ കണ്ടു കര്‍ണ്ണന്റെ മുഖത്ത് അത്ഭുതവും ആദരവും തെളിഞ്ഞു.
'കുമാരാ,അത്യന്തം അപകടകരമായ ഈ യുദ്ധഭൂമിയില്‍ അങ്ങ് എന്താണ് തിരയുന്നത്?'ബാലനെക്കണ്ട്  കര്‍ണ്ണന്‍ മുറിഞ്ഞ ശബ്ദത്തില്‍ ചോദിചു.
'ഞാന്‍ എന്റെ സോദരിയുടെ വിവാഹത്തിനു വേണ്ടി സ്വര്‍ണ്ണം തിരയുവാന്‍ വന്നതാണ്.ശരീരത്തില്‍ ജീവനുള്ളിടത്തോളം കാലം ആരും ചോദിക്കുന്നത് നല്‍കുമെന്ന് അങ്ങ് പ്രതിജ്ഞ ചെയ്തിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ  വീണുകിടക്കുന്ന അങ്ങേക്ക് ഇനി ദാനം അസാധ്യമാണല്ലോ.'
'അങ്ങിനെ പറയരുത്.ഞാന്‍ പാണ്ഡവമാതാവിന് അഭിമാനവും സമാധാനവും ദാനം  ചെയ്തു.ദുര്യോധനനു കൂറും ജീവിതവും ദാനം ചെയ്തു.ഇന്ദ്രന്കവച കുണ്ഡലങ്ങള്‍ ദാനം ചെയ്തു.ഇതാ ,ഞാന്‍ പോര്‍ത്തട്ടില്‍ കിടക്കുന്നു.യമന്‍ ഇപ്പോഴും എന്റെ അരികില്‍ വരാന്‍ മടിക്കുന്നു.ഈ നിമിഷവും ഞാന്‍ അങ്ങേക്ക് ദാനം തരാന്‍ ഞാന്‍ തയ്യാറാണ്..' ചിരിച്ചുകൊണ്ട് കര്‍ണ്ണന്‍ പറഞ്ഞു.
അതിനുശേഷം കര്‍ണ്ണന്‍ തന്റെ തോള്‍വളകള്‍ വാള്‌കൊണ്ട് മുറിച്ചുമാറ്റി .രക്തം പുരണ്ട ,അപൂര്‍വ രത്‌നങ്ങള്‍ പതിച്ച ആ  സ്വര്‍ണ്ണവളകള്‍ അവന്‍ ബാലന് നേരെ നീട്ടി.
അത് കണ്ടു ബാലന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.
'രക്തം പൂണ്ട ഈ വളകള്‍ ശുദ്ധിയില്ലാത്തതാണ്.ഇത് ദാനമായി സ്വീകരിക്കാന്‍ കഴിയില്ല.അങ്ങേക്ക് പ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.'
കര്‍ണ്ണന്‍ ആവനാഴിയില്‍ തിരഞ്ഞു.ഒരേ ഒരു വരുണാസ്ത്രം ആവനാഴിയില്‍ ബാക്കിയുണ്ടായിരുന്നു.അതെടുത്തു അവന്‍ ആകാശത്തേക്ക് എയ്തു.ഉടനെ അവര്‍ക്കിടയിലേക്ക് മഴ പെയ്തിറങ്ങി.ആ മഴയില്‍ ആ സ്വര്‍ണ്ണവളകള്‍  ശുദ്ധമായി.ബാലന്റെ മുഖം കുനിഞ്ഞു.അത് കര്‍ണ്ണന്‍ വീണ്ടും ചിരിച്ചു.
'നമുക്കീ കളി മതിയാക്കാം.ഇനിയും അങ്ങേക്കെന്തെങ്കിലും വേണോ ?' കര്‍ണ്ണന്‍ വീണ്ടും ചോദിച്ചു.
'ഇനി തരാന്‍ അങ്ങയുടെ കയ്യില്‍ എന്താണുള്ളത് ?അത് സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്.'ദു:ഖം നിറഞ്ഞ മുഖത്തോടെ ബാലന്‍ പറഞ്ഞു..
കര്‍ണ്ണന്‍ ചുറ്റും നോക്കി.ചുറ്റും മരിച്ചു കിടക്കുന്ന പതിനായിരങ്ങള്‍.യുദ്ധത്തില്‍ താന്‍ കൊന്നവരുടെ മുഖങ്ങള്‍ അവന്റെ മനസ്സില്‍ തെളിഞ്ഞു.അവരില്‍ കൂട്ടുകാരും ,ബന്ധുക്കളുമുണ്ട്.വൃദ്ധരും ചെറുപ്പക്കാരുമുണ്ട്.
'ദുര്യോധന പക്ഷത്ത് ചേര്‍ന്നതിനാല്‍ ഒരുപക്ഷെ ചരിത്രത്തില്‍ ഞാന്‍ ഒരു ദുഷ്ടനായി അറിയപെടുമായിരിക്കും.പക്ഷെ ചരിത്രത്തെ ഞാന്‍ വക വയ്ക്കുന്നില്ല.കാരണം ചരിത്രം സേനാനായകരേ കുറിച്ച് മാത്രമേപറയുകയുള്ളൂ.എല്ലാ യുദ്ധങ്ങളിലും ബലികൊടുക്കുന്ന കോടിക്കണക്കിന് പോരാളികളുടെ ജീവിതങ്ങള്‍ക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ടാകില്ല.ചരിത്രത്തില്‍ രേഖപെടുത്താത്ത അവര്‍ക്കൊപ്പമാണ് ഞാന്‍.അവരോരുത്തുരും കര്‍ണ്ണന്‍മാരാണ് കുമാരാ,ഞാന്‍ ചമച്ച സര്‍പ്പവ്യൂഹം പോലെ ഒഴിവാക്കാനാവാത്ത മുന്‍നിശ്ചിതമായ വിധിയുടെ യുദ്ധവ്യൂഹത്തില്‍ പെട്ടുപോകുന്നവര്‍.യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന അങ്ങയുടെ ചതുരംഗകളിയിലെ കാലാളുകള്‍.ഒരു ആലിലയുടെ നടുവിലെ ഞരമ്പ് അതിനെ രണ്ടായി പകുക്കുന്നത് പോലെ കുറച്ചുപേരെ നന്മയുടെ ഭാഗത്തും കുറച്ചു പേരെ തിന്മയുടെ ഭാഗത്തും കാലം  അണിനിരത്തും.എങ്കിലും സത്യം എത്ര അകലെയാണ്.എന്റെ ഭാര്‍ഗവാസ്തത്താല്‍ അര്‍ജുനന്റെ തേര് ഇതിനകം കത്തിതീരേണ്ടതാണ്.എങ്കിലും മുകുന്ദന്‍ യോഗശക്തിയാല്‍ അഗ്‌നി അതിനെ സ്പര്‍ശിക്കുന്നില്ല.അത് പോലെ എന്റെ പുണ്യങ്ങളുടെ ബലത്തില്‍ ,ഇപ്പോഴും അര്‍ജുനനു എന്നെ വധിക്കാന്‍ കഴിയുന്നില്ല.എന്റെ കയ്യില്‍ ഇനി ബാക്കിയുള്ളത് അത് മാത്രമാണ്.' കര്‍ണ്ണന്‍ പറഞ്ഞു.
ബാലന്റെ മുഖം കുനിഞ്ഞു.
'മഹാരഥാ,ആ പുണ്യകര്‍മ്മങ്ങളുടെ ശക്തിക്കായി ഞാന്‍ അങ്ങയോടു യാചിക്കുന്നു.'
വിജയം നേടിയവന്റെ പുഞ്ചിരി കര്‍ണ്ണന്റെ മുഖത്ത് പ്രത്യക്ഷമായി.
'ഇതാ,ഞാന്‍ എന്റെ പുണ്യങ്ങള്‍  എല്ലാമറിയുന്ന അങ്ങേക്ക് തരുന്നു.മരണത്തെ കര്‍ണ്ണന്‍ ഭയക്കുന്നില്ല.അജ്ഞാതനായ ,ഉപേക്ഷിക്കപ്പെട്ട ഒരു പോരാളിയുടെ കാലത്തിനുള്ള സമ്മാനമായി അങ്ങിത് വാങ്ങുക.'
ആ യുദ്ധഭൂമിയില്‍ താനും ആ ബ്രാഹ്മണബാലനും മാത്രമെ ഉള്ളുവെന്ന് കര്‍ണ്ണനു തോന്നി.അവന്റെ മേഘവര്‍ണ്ണമാര്‍ന്ന മുഖത്തെ കാരുണ്യം കര്‍ണന്‍ കണ്ടു.താമരക്കൊത്ത കണ്ണുകളിലെ ശാന്തതയും.ആ നിമിഷം അവന്റെ ഇരുകൈകളിലുമിരിക്കുന്ന തന്റെ  തോള്‍വളകള്‍ പാഞ്ചജന്യവും സുദര്‍ശനവും പോലെ കര്‍ണ്ണന് അനുഭവപ്പെട്ടു.
ശൂന്യമായ തന്റെ മനസ്സില്‍ ശാന്തി പടര്‍ന്നത് കര്‍ണ്ണന്‍ അറിഞ്ഞു.ഭൂമിദേവി പുല്‍കിയ തന്റെ രഥചക്രങ്ങളില്‍ ശിരസ്സ്  ചാരി കര്‍ണ്ണന്‍,അര്‍ജുനന്റെ അസ്ത്രങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു.

 സര്‍പ്പവ്യൂഹം(കഥ: അനിഷ് ഫ്രാന്‍സിസ് )
Join WhatsApp News
JOSEPH ABRAHAM 2019-08-16 10:06:44
VERY GOOD WORK AND GOOD PRESENTATION
Santhosh Pillai 2019-08-17 19:36:35
മനോഹര ശൈലി. കർണ്ണൻൻറെ കഥയുടെ അവസാനം ഈ വിധത്തിൽ ഇതിനുമുമ്പ് കേട്ടിട്ടില്ല. പുതിയ അറിവ് പകർന്നു നൽകിയതിന് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക