Image

കുടിയന്‍ ...മുക്കുടിയന്‍ !! (കഥ: നാരായണന്‍ രാമന്‍)

Published on 16 August, 2019
കുടിയന്‍ ...മുക്കുടിയന്‍ !! (കഥ: നാരായണന്‍ രാമന്‍)
മനസ്സിനിഷ്ടപ്പെട്ട കമ്പനിയും സമയവും കാലവും ഒത്തു വന്നാല്‍ മാത്രം രണ്ടെണ്ണം വീശുന്ന ഒരു കാലമുണ്ടായിരുന്നു.

വീട്ടിലെത്തിയാല്‍ മദ്യ ഗന്ധവും പെരുമാറ്റത്തിലുള്ള മാറ്റവും ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കൃത്രിമമായി ഒരു ഗൗരവഭാവം മുഖത്തണി യും. ചലനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ്. സംസാരം ഇല്ലേയില്ല. ദേഷ്യ ഭാവമാണെങ്കില്‍ മനൈ വിയും പിള്ളാരും അധികം അടുത്തു വരാതെ കഴിക്കാം.
അതിനൊരു കാരണം നോക്കുമ്പോഴാണ് ഊണുമേശപ്പുറത്ത് ചിതറിയിട്ടിരിക്കുന്ന പുസ്തകങ്ങള്‍! വാച്ച്! കണ്ണട!

"ആയിരം തവണ പറഞ്ഞിട്ടുണ്ട് മുറിയിലോ ഹാളിലോ ഇരുന്ന് പഠിച്ചാല്‍ മതിയെന്ന് " ഉറക്കെപ്പറഞ്ഞ് ഞാന്‍ ഒളികണ്ണിട്ടു നോക്കി.

ഇളയവന്‍ ഭയാശങ്കകള്‍ നിഴലിച്ച കണ്ണുകളുമായി വാതില്‍ക്കല്‍ നില്‍പ്പുണ്ട്. ഭാര്യയെ കാണാനില്ല. കടിഞ്ഞൂല്‍ സന്തതി അടുത്ത മുറിയിലുണ്ട്.

" ഇനി മേലാല്‍.. എന്നും പറഞ്ഞ് ഊണുമേശപ്പുറത്തു നിരന്നു കിടന്ന പുസ്തക ബുക്കുകള്‍ എടുത്ത് താഴേക്കിടാന്‍ തുടങ്ങി.

ഭാര്യ വന്ന് ഒന്നെത്തി നോക്കി. ആ മിഴികളില്‍ നിന്നൊരു ആഗ്‌നേയാസ്ത്രം പാഞ്ഞു വരുന്നത് കണ്ട് ഞാനൊഴിഞ്ഞു മാറി.

പിന്നെ അടുക്കളയില്‍ പാത്രങ്ങളുടെ പതിവിലല്‍പമുറക്കെയുള്ള തട്ടിമുട്ടലുകളുടെ ശബ്ദമൊഴിച്ചാല്‍ നിശബ്ദത. ഞാന്‍ ഠഢ യില്‍ മിഴിയും അകത്തേക്ക് തുറന്ന കാതുകളുമായി ചാരു കസാലയില്‍ കിടന്നു. മനസ്സില്‍ പിടികൊടുക്കാത്തതിന്റെ ഗൂഢമായൊരാനന്ദം. എങ്കിലും ഒരു മൗഢ്യം ചൂഴ്ന്നു നില്‍ക്കുന്നുണ്ട്.

മേല്‍കഴുകി വന്ന് നോക്കുമ്പോള്‍ ഡൈനിംഗ് ടേബിളില്‍ നിരന്ന ഭക്ഷണ പാത്രങ്ങള്‍. ഹൃദ്യമായ ഗന്ധം ജഢരാഗ്‌നിയെ ആളിക്കത്തിച്ചു.

വരുത്തിയ ചിരിയുമായി മക്കളെ വിളിച്ചിരുത്തുമ്പോഴും നല്ല പാതിയുടെ മുഖത്ത് കര്‍ക്കിടക മാനത്തെ കാളിമ. ഒന്നുമങ്ങേശുന്നില്ല.

ബെഡ്‌റൂമില്‍ ലൈറ്റണക്കും മുമ്പ് ഒരു മഞ്ഞുരുക്കല്‍ ശ്രമം കൂടി.

ഇന്നോഫീസില് എന്താണ്ടായേന്നറിയോ?

പെട്ടെന്ന് പ്രതികരണമുണ്ടായി.

" വിശേഷിച്ചെന്താണ്ടാവാന്‍? കള്ളുകുടീല്ലാണ്ട്? ആട്ടെ കഴിഞ്ഞോ നാടകമൊക്കെ? "

"എന്തു നാടകം?

" ഞാന്‍ പിന്നെ പൊട്ടിയാണല്ലോ. ഗേറ്റ് തുറന്ന് അടി വച്ച് അടി വച്ച് നേര്‍വരയില്‍ ഒരു വരവ്, പതിവില്ലാതെ ഒരു ഗേറ്റടക്കല്‍, വാതുക്കെ നിന്ന എന്നെ ബഹുമാനിച്ച് അകന്നു മാറി ഒരു നടപ്പ്. ചീഞ്ഞ വയ്‌ക്കോലിന്റെ ആ മണം വന്നപ്പഴേ യ്ക്ക് കാര്യോക്കെ മന്‍സിലായി"

പിടി വീണു എന്നെനിക്കു മനസ്സിലായി. എങ്കിലുമത് ഭാവിക്കാതെ ഒരവസാന ശ്രമം കൂടി.

" അതുപിന്നെ ഊണു മേശപ്പുറത്ത് ബുക്കും പുസ്തകോം വലിച്ചു വാരിയിടരുതെന്നെത്ര പറഞ്ഞിറ്റ്ണ്ട്? അതല്ലേ ന്റെ കണ്‍ട്രോള് പോയത്?

" കണ്‍ട്രോള് കളഞ്ഞൂത്രെ! അത്ര ദേഷ്യം വന്ന് കണ്ണ് കണ്ടൂടെങ്കില്‍ പുസ്തകോം ബുക്ക്വൊക്കെ നെലത്തേക്കും വാച്ചും കണ്ണടയുമൊക്കെ സെറ്റീലേക്കുമെറിയ്യോ? അതൊക്കെ പൊട്ടണതാന്നറിയാം അദന്നെ !!

ഇനി പിടച്ചിട്ട് കാര്യമില്ല.! അപ്പോഴും അവള്‍ക്കറിയാം. ആള്‍ കുടിയനൊന്നുമല്ല. ഏറിയാല്‍ മാസത്തിലൊന്ന്. അതും രണ്ടേ രണ്ട് പെഗ് . ജീവിതായോധനത്തിന്റെ ഈ കഠിന ദശാസന്ധികളിലും അതിനു മുടക്കമുണ്ടായില്ല. ശമ്പള ദിവസം 2 പെഗ്, ഒരു രാവ് മാത്രം ആയുസ്സുള്ള പതിവ് പിണക്കം.

ഇത്രയും വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷവും മാസവഴിപാടിന് മുടക്കമില്ല. ശമ്പള ദിവസം എന്നതു മാറ്റി പെന്‍ഷന്‍ ദിവസമായെന്നു മാത്രം. ഇപ്പോള്‍ എറിയാന്‍ പുസ്തകങ്ങളൊന്നുമില്ല. അതിന്റെ ഉടയോരോക്കെ പറക്കമുറ്റി ചിറകടിച്ച് പറന്നുപോയി മക്കളും കുടുംബവുമായി ജീവിക്കുന്നു. കഴിഞ്ഞ പെന്‍ഷന്‍ ദിവസവും ചോദ്യമെത്തി.

" ങ്ങക്കിതൊന്നു നിര്‍ത്തിക്കൂടെ?

" എന്ത്?

" ഈ മുടിഞ്ഞ കുടി''

" അതിനു ഞാന്‍ കുടിയനോ മറ്റോ ആണോ?

" പിന്നല്ലാതെ? മാസത്തിലൊന്നായാലും കള്ളുകുടിക്കണവനെ കള്ളുടിയന്‍ ന്നു തന്ന്യാ ആളോള് വിളിക്യാ "

" അപ്പൊ, 365 ദിവസവും ഉണ്ണുന്നവനെ ഉണ്ണാമന്‍ ന്ന് വിളിക്യോ?

അവള്‍ മുഖം വീര്‍പ്പിച്ച് തറപ്പിച്ചൊന്നു നോക്കി അകത്തേക്ക് പോയി.

ഇതാണ് ഭാര്യമാരുടെ മനസ്സ്. ഭര്‍ത്താവിനെ 99% ശതമാനവും വരുതിക്കു കൊണ്ടു വന്നാലും ബാക്കി 1% ഷൂസിനിടയില്‍ പെട്ട ചരല്‍ കല്ലു പോലെ അവരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. വീടും ഭര്‍ത്താവും മക്കളുമൊക്കെ തങ്ങളുടെ പൂര്‍ണ്ണ വരുതിയിലായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു!

രാത്രി, പരിഭവിച്ച് വശം തിരിഞ്ഞു ശയിക്കുന്ന പ്രിയതമയുടെ ചുമലിലൊന്നു തട്ടി ഒരു മൂളിപ്പാട്ട് പാടി.

" മെല്ലെയൊന്നു പാടി നിന്നെ, ഞാനുറക്കുമോമലേ....

പ്രതികരണമൊന്നുമില്ല. ഉറങ്ങിക്കാണുമോ? ഏയ് ഇല്ല. കണ്ണട മുഖത്തു തന്നെയുണ്ട്! ഉള്ളിലൂറിയ ചിരി പുറത്തു കാട്ടാതെ പ്രേമലോലുപനായി ആവുന്നത്ര സ്‌നേഹം ചാലിച്ച് വിളിച്ചു നോക്കി.

" ന്റെ ചക്കര ഒറങ്ങ്യോ?

"ചക്കര്യല്ല ചാണകാണ്.
ഞാമ്പറയണേന് ഈ വീട്ടില് വല്ല വെലേണ്ടോ?

" നീ വിചാരിക്കണതല്ലാതെ ഇബടെ വേറേന്തെങ്കിലും നട ക്കണ് ണ്ടോ?

" ന്ന് ട്ടാണോ ങ്ങള് ന്ന് മൂക്കുമുട്ടെ കുടിച്ചിറ്റ് വന്നത്?

"മൂക്കു മുട്ടെയോ? വെറും 2 പെഗ് . അതും മാസത്തിലൊരു....

"മൂക്കു പിഴിഞ്ഞാ മുന്നാഴ്യാര്‍ന്നൂ. രണ്ടായാലും അഞ്ചായാലും മാസത്തിലൊന്നായാലും മുപ്പതീസായാലും കുടിയ്ക്കണോനേ കുടിയന്‍ ന്നു തന്ന്യാ പറയ്യാ. ങ്ങള് ന്നോട് കിണ്ണാണിക്കാന്‍ പൊറപ്പെടണ്ടാ !

ഉള്ളില്‍ നിന്ന് കുതിച്ചുയര്‍ന്നു വന്ന ചിരി പിന്നെ എനിക്ക് നിയന്ത്രിക്കാനായില്ല. ലൈറ്റ് ഓഫ് ചെയ്യും മുമ്പേ ഒന്നു കൂടി കേട്ടു .

" കുടിയന്‍ !! മുക്കുടിയന്‍ !!


================================
 ഇതിലെ കഥാപാത്രങ്ങള്‍ ഞാനും ഭാര്യയുമല്ല എന്നു പ്രത്യേകം തെര്യപ്പെടുത്തിക്കൊള്ളുന്നു.ശോക പര്യവസായിയായ എഴുത്തുകള്‍ക്ക് അറുതി  വരുത്തണം എന്ന ചില സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥനയാണീ സാഹസത്തിനു പിന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക