Image

പ്രവാസി പെന്‍ഷന്‍ പദ്ധതിക്കു തുടക്കം

Published on 04 May, 2012
പ്രവാസി പെന്‍ഷന്‍ പദ്ധതിക്കു തുടക്കം
കൊച്ചി: ശക്‌തമായ സമ്മര്‍ദത്തിന്റെ ഫലമായാണു പ്രവാസി പെന്‍ഷന്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. പ്രവാസി ഇന്ത്യന്‍ വര്‍ക്കേഴ്‌സ്‌ പെന്‍ഷന്‍ ആന്‍ഡ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എതിര്‍ക്കരുതെന്നു മറ്റു മന്ത്രിമാരോടു വ്യക്‌തിപരമായി അഭ്യര്‍ഥിച്ചിരുന്നു. ധനകാര്യമന്ത്രിയെ പ്രശ്‌നം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതു പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കാന്‍ സഹായകമായെന്നും രവി പറഞ്ഞു.

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക്‌ 60 വയസ്സു കഴിഞ്ഞാല്‍ പെന്‍ഷനും വിദേശത്തു നിന്നു തിരികെയെത്തിയാല്‍ പുനരധിവാസ ധനസഹായവും ലഭിക്കും. അപകട ഇന്‍ഷുറന്‍സിനും അര്‍ഹതയുണ്ട്‌. 5000 രൂപയാണു ഗുണഭോക്‌താക്കള്‍ വിഹിതമായി നല്‍കേണ്ടത്‌. വിദേശത്തു വീട്ടുജോലിക്കു പോകുന്ന സ്‌ത്രീകള്‍ക്കു 3000 രൂപയും മറ്റുള്ളവര്‍ക്ക്‌ 2000 രൂപയുമായിരിക്കും സര്‍ക്കാര്‍ വിഹിതം. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ആവശ്യമുള്ള) പാസ്‌പോര്‍ട്ട്‌ ഉടമകള്‍ക്കു മാത്രമാണു പദ്ധതിയില്‍ ചേരാന്‍ അര്‍ഹത. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്കു തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിനു കേന്ദ്രം ഇടപെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ഇന്ത്യയില്‍ പൂര്‍ത്തിയായശേഷം കാര്‍ഡ്‌ വിദേശ ഇന്ത്യക്കാര്‍ക്കു ലഭ്യമാക്കുന്നതു പരിഗണിക്കാമെന്നു കേന്ദ്രം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.സി.ജോസഫ്‌, കെ.ബാബു, കെ.ഇ.ഇസ്‌മായില്‍ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, കേന്ദ്ര പ്രവാസികാര്യ സെക്രട്ടറി പര്‍വേഷ്‌ ദിവാന്‍, സംസ്‌ഥാന പ്രവാസികാര്യ സെക്രട്ടറി ടി.കെ.മനോജ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി പെന്‍ഷന്‍ പദ്ധതിക്കു തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക