Image

മൂന്നു പെണ്ണുങ്ങള്‍ (കവിത: ബിന്ദു രാമചന്ദ്രന്‍)

Published on 17 August, 2019
മൂന്നു പെണ്ണുങ്ങള്‍ (കവിത: ബിന്ദു രാമചന്ദ്രന്‍)
പ്രണയത്താല്‍ തളിര്‍ത്തവള്‍
അതി ശക്തയാണ്.
മല വെള്ളപ്പാച്ചില്‍ പോലെ
മാമരങ്ങളെ കട പുഴക്കി
കണ്ണുകളിലൊരായിരം
കവിത നിറച്ചു
കടലിലേയ്‌ക്കൊഴുകുന്ന
പുഴയാണവള്‍.

മറ്റാരെയുമവള്‍  കാണുന്നേയില്ല
വേറൊരു സ്വരവും കേള്‍ക്കേണ്ടവള്‍ക്ക് .
പടവുകളെ പുണര്‍ന്നും
പാറകളെ പിളര്‍ന്നും
കയങ്ങളില്‍ മുങ്ങിയും
ഇരച്ചും കിതച്ചും
തല തല്ലി ചിരിച്ചും
കടലിലേക്ക്  മാത്രമവള്‍
ഒഴുകിക്കൊണ്ടേയിരിക്കും .

പ്രണയത്താല്‍ തകര്‍ന്നവള്‍
അതിലുമേറെശക്തയാണ്.
മണലിടങ്ങളിലെ കാറ്റായി,
മുഴങ്ങും ചുഴലിപ്പതം പറച്ചിലായ്
തട്ടിയും തെറിപ്പിച്ചും
വട്ടം വച്ചാര്‍ത്തലച്ചും
ഉള്ളിലെ കനലെരിച്ചും
ദിക്കുകള്‍ തച്ചുടച്ചും
എന്തിനെന്നറിയാതെ
അവള്‍ അലഞ്ഞു കൊണ്ടേയിരിക്കും.

പ്രണയത്താല്‍ തളിര്‍,ത്തെന്നോ
പ്രണയത്താല്‍ തകര്‍ന്നിട്ട്
പ്രണയത്തെ വെറുത്തവള്‍
അതീവ ശക്തയാണ്.

കാറ്റും കടലുമവള്‍
താണ്ടിക്കഴിഞ്ഞു
ഇരവും പകലുമവള്‍ക്കൊരു പോലെ.
ഒരേ കണ്ണിന്‍ കണ്ണാടിയില്‍
ആരാധനയും അവഗണനയും അനുഭവിച്ചറിഞ്ഞവള്‍ !

നക്ഷത്രമായ് കണ്‍ ചിമ്മി
ഉല്‍ക്കയായി  കൂപ്പു കുത്തി
ഉറക്കം തരാത്ത രാത്രികളും
ഉറക്കം വരാത്ത രാത്രികളും
ഒരുമിച്ചറിഞ്ഞവള്‍ !

ഉള്ളുരുക്കത്താല്‍
ഉടലുറഞ്ഞു പോയവള്‍ !
അവള്‍ ഒഴുകുന്നില്ല ;
അലയുന്നില്ല ;
എന്തിന്, 
അനങ്ങുന്നു പോലുമില്ല.



Join WhatsApp News
Rajasree Pinto 2019-08-20 12:37:58
ഹൃദയഹാരിയായ വരികൾ .....ആശംസകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക