Image

ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തില്ലെന്ന് പോലീസ്

Published on 17 August, 2019
ആവശ്യപ്പെട്ടിട്ടും  ഡോക്ടര്‍മാര്‍ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുത്തില്ലെന്ന് പോലീസ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ്. ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തി പോലീസ് റിപ്പോര്‍ട്ട്.

പോലീസ് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍ ശ്രീറാമിന്റെ രക്തമെടുക്കാന്‍ തയാറായില്ല. അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നു. പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. മദ്യത്തിന്റെ മണമുള്ളതായി ഡോക്ടര്‍ എഴുതിയെങ്കിലും രക്തമെടുക്കാന്‍ തയ്യാറായില്ലെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ പോലീസ് ജനറല്‍ ആശപത്രിയിലാണ് എത്തിച്ചതെങ്കിലും അവിടെ നിന്നും ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. പരാതിക്കാര്‍ അടുത്ത ദിവസം രാവിലെ ഏഴിനാണ് സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കിയത്. ഇതിന് ശേഷമാണ് എഫ്.ഐ.ആര്‍. തയാറാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാന്‍ വൈകിയെന്നത് ന്യായീകരിക്കാനാണ് പോലീസ് ഇങ്ങനെ പറയുന്നതെന്ന് ആക്ഷേപമുണ്ട്. പരാതിക്കാര്‍ വൈകിയതാണ് രക്ത സാമ്പിള്‍ ശേഖരിക്കാന്‍ താമസിപ്പിച്ചതെന്ന ന്യായീകരണമാണ് പോലീസ് നല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക