Image

2018ലെ പ്രളയക്കാലത്ത്‌ നേവി ഹെലികോപ്‌റ്റര്‍ രക്ഷിച്ച പൂര്‍ണ ഗര്‍ഭിണി സാജിതയുടെ മകന്‍ സുബ്‌ഹാന്‌ ഇന്ന്‌ ഒന്നാം പിറന്നാള്‍

Published on 18 August, 2019
2018ലെ പ്രളയക്കാലത്ത്‌ നേവി ഹെലികോപ്‌റ്റര്‍  രക്ഷിച്ച പൂര്‍ണ ഗര്‍ഭിണി  സാജിതയുടെ മകന്‍ സുബ്‌ഹാന്‌ ഇന്ന്‌ ഒന്നാം പിറന്നാള്‍


ആലുവ : 2018 ലെ പ്രളയക്കാലത്ത്‌പൂര്‍ണ ഗര്‍ഭിണിയായ സാജിതയെ നേവി ഹെലികോപ്‌റ്റര്‍ വഴി രക്ഷിച്ച നിമിഷങ്ങള്‍ ആരും മറക്കാനിടയില്ല. 

ഓഗസ്റ്റ്‌ 17 രാവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നാവികസേന ഉദ്യോഗസ്ഥര്‍ക്ക്‌ സന്ദേശമെത്തി, പൂര്‍ണ ഗര്‍ഭിണിയായ ആലുവ ചെങ്ങമനാട്‌ കളത്തിങ്ങല്‍ സാജിത ജബീലി(25)യെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണമെന്ന്‌... 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ സമീപത്തെ പള്ളിയുടെ ടെറസില്‍ അഭയം തേടിയിരിക്കുകയായിരുന്നു സാജിത.

പ്രസവമടുത്തതിനാല്‍ എത്രയും പെട്ടെന്ന്‌ സാജിതയ്‌ക്ക്‌ വൈദ്യസഹായം എത്തിക്കുക എന്നതായിരുന്നു നേവി ഉദ്യോഗസ്ഥരുടെ മുന്നിലുണ്ടായിരുന്ന ഏകലക്ഷ്യം. പിന്നീട്‌ ഒട്ടും വൈകിയില്ല, കയറില്‍ തൂക്കി സാജിതയെ ഹെലിക്കോപ്‌റ്ററില്‍ കയറ്റി.

നേരേ ആശുപത്രി മുറ്റത്തേക്ക്‌ പറന്നിറങ്ങി. തൊട്ടടുത്ത ദിവസം നാവികസേനയുടെ വെല്ലിങ്‌ടണ്‍ ഐലന്‍ഡിലെ സഞ്‌ജീവനി ആശുപത്രിയില്‍ സാജിത ആണ്‍കുഞ്ഞിനു ജന്മം നല്‍കി. 

സജിതയുടെ കൈകളില്‍ ബെല്‍റ്റുക്കെട്ടി ഹെലികോപ്‌റ്ററിലെത്തിക്കുന്ന നാവികസേന ഉദ്യോഗസ്ഥരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.സാജിതയുടെ മകന്‍ സുബ്‌ഹാന്റെ ഒന്നാം പിറന്നാള്‍ ആണിന്ന്‌.

രക്ഷാദൗത്യത്തിന്‌ നേതൃത്വം നല്‍കിയ കമാന്‍ഡര്‍ വിജയ്‌വര്‍മ്മയും ഭാര്യയും സുബ്‌ഹാനെ കാണാനെത്തി.

പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ബെല്‍റ്റില്‍ തൂങ്ങി ഹെലികോപ്‌റ്ററില്‍ കയറിയ സജിതയുടെ ധൈര്യത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ്‌ രംഗത്തെത്തിയത്‌.

അന്നത്ര ധൈര്യം കാണിച്ചെങ്കിലും ഹെലിക്കോപ്‌റ്ററിലേക്ക്‌ കയറിലൂടെ കയറിയത്‌ ആലോചിക്കുമ്‌ബോള്‍ ഇപ്പോഴും പേടിയാണെന്നാണ്‌ സജിത പറയുന്നത്‌.

നാവികസേനയോടുള്ള നന്ദിയായിട്ടാണ്‌ കുഞ്ഞിന്‌ അവര്‍ നിര്‍ദേശിച്ച സുബ്‌ഹാന്‍ എന്ന പേര്‌ സജിത നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക