Image

കേന്ദ്രം ഒന്നും തരുന്നില്ലെന്ന് മന്ത്രി സുനില്‍കുമാര്‍

Published on 18 August, 2019
കേന്ദ്രം ഒന്നും തരുന്നില്ലെന്ന് മന്ത്രി സുനില്‍കുമാര്‍
തൃശ്ശൂര്‍: പ്രളയത്തോടനുബന്ധിച്ച് കേരളത്തിലുണ്ടായ കാര്‍ഷിക നഷ്ടത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കേന്ദ്രത്തിനോട് കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്റെ കാര്‍ഷിക നഷ്ടം പരിഹരിക്കാന്‍  ഒന്നുംതന്നില്ലെന്നും പ്രത്യേക ഫണ്ട് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം തരേണ്ട തുക മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവും കേരളവും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല. ചെലവാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ വെച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്. എന്നിട്ടാണ് തന്ന പണം ചെലവഴിച്ചിട്ടില്ലെന്ന് പറയുന്നത്. പലതവണ കേന്ദ്രത്തിന് മുന്നില്‍പോയി കെഞ്ചി പറഞ്ഞതാണ്. ഇതില്‍ ഇനി എന്തുപറയാനാണ്. അവര്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ. അത് നോക്കി ഇരിക്കാനാവില്ല. കഴിഞ്ഞ പ്രളയകാലത്തും കേന്ദ്രം ഒന്നും പ്രത്യേകമായി നല്‍കിയിട്ടില്ല.

രാജ്യത്തുനടക്കുന്നത് കേന്ദ്രം അറിയാത്തതല്ലല്ലോ. സാങ്കേതികത്വം പറയുകയാണ്. ഇതൊരു ഫെഡറല്‍ റിപ്പബ്ലിക്കാണ്. ഇത് തമ്പുരാന്മാരുടെ ലോകമല്ലല്ലോ. കേരളവും കേന്ദ്രവും ഒന്നിച്ചുനീങ്ങേണ്ട സന്ദര്‍ഭമാണിത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ പ്രളയത്തില്‍ മാത്രം സംസ്ഥാനത്ത് 2000 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം വരെ കാര്‍ഷികവിളകളുടെ നഷ്ടം മാത്രം 1200 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക