Image

കുറിമാനങ്ങളിലെ സ്വര്‍ണ്ണലിപികള്‍ (പുസ്തകനിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 19 August, 2019
  കുറിമാനങ്ങളിലെ സ്വര്‍ണ്ണലിപികള്‍  (പുസ്തകനിരൂപണം:  സുധീര്‍ പണിക്കവീട്ടില്‍)
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ അമേരിക്കന്‍ മലയാളി ശ്രീ എബ്രഹാം തോമസ് പലപ്പോഴായി പലയിടത്തും പ്രസിദ്ധീകരിച്ച എഴുപത്തിയഞ്ച് കുറിമാനങ്ങളുടെ  സമാഹാരമാണ് അദ്ദേഹത്തിന്റെ 'അമേരിക്കന്‍ നേര്‍ക്കാഴ്ച്ചകള്‍' എന്ന പുസ്തകം. പത്രാധിപലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ ഇവയെപ്പെടുത്താമെങ്കിലും  ശ്രീ എബ്രഹാം തോമസ് ഇവയെല്ലാം എഴുതിയത് നിഷ്പക്ഷനും സ്വതന്ത്രനുമായിട്ടാണ്. ഒരു പത്രത്തിന്റെ ആഭിമുഖ്യത്തില്‍ എഴുതുമ്പോള്‍ അത്തരം അഭിപ്രായങ്ങള്‍ പലപ്പോഴും പലതിനും വശപ്പെടുകയും സ്വാധീനിക്കപ്പെടുകയും ചെയ്യും. ന്യുയോര്‍ക്ക് ടയിംസിന്റെ ഉടമസ്ഥനായിരുന്ന അഡോള്‍ഫ് സൈമണ്‍ ആക്‌സ് പറഞ്ഞത് വാര്‍ത്തകളെ കഴിയാവുന്നടത്തോളം നിഷ്പക്ഷമായും, നിര്‍ഭയമായും ഒന്നിനോടും  ചായ്വില്ലാതെയും പ്രസിദ്ധീകരിക്കാനായിരുന്നു.   പത്രങ്ങള്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ പലപ്പോഴും അവരുടെ സിദ്ധാന്തങ്ങളുടെ ധാര്‍മികത കൈവിട്ടുപോകുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ശ്രീ എബ്രാഹാമിന്റെ കുറിപ്പുകള്‍ അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നപോലെ 'നേര്‍ക്കാഴ്ച്ചകളാണ്'.നമുക്ക് ചുറ്റും കണ്ണോടിക്കുമ്പോള്‍ നമ്മള്‍ പലതും മനസ്സിലാക്കുകയും അവയെപ്പറ്റി ചിന്തിക്കുക യും ചെയ്യുന്നു. ഇത് മനുഷ്യരിലുള്ള ഗ്രഹണശക്തിയാണ്. (perception), അത്തരം കാഴ്ച്ചകള്‍ വിചിന്തനം ചെയ്യുമ്പോള്‍ ഒരാള്‍ക്ക് അതേപ്പറ്റി അയാളുടേതായ ഒരു അനുഭവം അല്ലെങ്കില്‍ കാഴ്ച്ച്ചപാട് 
(Perspective) രൂപപ്പെടുന്നു. ഇതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് അയാള്‍ നടത്തുന്ന അന്വേഷണങ്ങള്‍ മനസ്സിലെ പ്രതിബിംബങ്ങളുടെ യഥാര്‍ത്ഥ രൂപങ്ങള്‍ (IMAGE) അയാള്‍ക്ക്  പ്രത്യക്ഷപെടുത്തുന്നു. പലപ്പോഴും നമ്മള്‍ കാണുന്നത് പ്രതിബിംബങ്ങളാണ്, ബിംബങ്ങളല്ല. നമ്മള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വിഷയത്തെ വിശകലനം ചെയ്തു അവതരിപ്പിക്കുകയാണ് പത്രപ്രവര്‍ത്തകന്‍ ചെയ്യുന്നത്. പലപ്പോഴും സത്യസന്ധരായ പത്രപ്രവര്‍ത്തകര്‍ അവരുടെ വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പു വരുത്തുന്നതില്‍ നിഷ്‌കര്ഷയുള്ളവരാണ്.  ശ്രീ എബ്രാഹാമിന്റെ ഓരോ കുറിപ്പുകളും നമുക്ക് അറിവ് പകരുകയും നമുക്ക് മാര്‍ഗദര്‍ശനം നല്കുന്നവയുമാണ്. അദ്ദേഹത്തിന്റെ കുറിമാനങ്ങള്‍ ഉള്‍കൊള്ളുന്ന സത്യസന്ധതയും, നേരും, നീതിബോധവും സ്വര്‍ണ്ണംപോലെ തിളങ്ങുന്നു, അമേരിക്കയില്‍ വളരെക്കാലമായി താമസിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ  ശ്രീ എബ്രാഹാമിന് ഒരു കുടിയേറ്റക്കാരന്റെ പ്രശ്‌നങ്ങളും പരിധികളും, പരിമിതികളും  വ്യക്തമായി അറിയാം. അല്ലെങ്കില്‍ അദ്ദേഹം അതറിയാന്‍ ശ്രമിക്കുന്നു. 

അതുകൊണ്ടല്ലേ അമേരിക്കന്‍ സമൂഹത്തില്‍ ആനുകാലിക പ്രസക്തിയുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതുന്നത്. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരു ഒഴികഴിവായി കണക്കാക്കാന്‍ (Ignorance of law is not an excuse) 
കഴിയില്ലെന്ന് പലര്‍ക്കും അറിയുമോ എന്ന് സംശയമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നിയമങ്ങളുടെ നൂലാമാലയില്‍ പെട്ടുപോകാവുന്ന അവസരങ്ങള്‍ നമുക്ക് ചുറ്റും പതിയിരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ചുവട് വയ്ക്കാന്‍ കഴിയാതെവരുമ്പോള്‍ നമ്മള്‍ പിന്നിലാകും.  എല്ലാവര്ക്കും നിയമജ്ഞാനം നേടുക അസാധ്യമെന്നിരിക്കെ ശ്രീ എബ്രാഹാം എഴുതിയ പുസ്തകം കുടിയേറ്റ ഭൂമിയിലെ മലയാളികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്‍ഥം പോലെ ഉപയോഗിക്കാവുന്നതാണ്. വളരെ ലളിതമായി ഇവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ ഗൗരവസ്ഥിതി അദ്ദേഹം അറിയിക്കുന്നു.

ജീവിതായോധനത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന മലയാളിസമൂഹം കുടിയേറിയ രാജ്യത്തെ നിയമങ്ങളും പെരുമാറ്റങ്ങളും പൂര്‍ണമായി മനസ്സിലാക്കുന്നില്ല. അമേരിക്കന്‍ മുഖ്യധാരാ ഇവിടത്തെ മലയാളി കുടിയേറ്റക്കാരായിരുന്ന ഒന്നാം തലമുറക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചുവെന്ന് ശ്രീ എബ്രാഹാം അദ്ദേഹത്തിന്റെ മുഖവുരയില്‍ പറയുന്നുണ്ട്.   അദ്ദേഹത്തിന്റെ വാക്കുകളില്‍ അത് ഇവിടെ ഉദ്ധരിക്കുന്നു. 'ഈ പ്രശ്‌നപരിഹാരത്തിന് ചിലര്‍ കണ്ടെത്തിയ മാര്‍ഗം, കേരളവും കേരളസംസ്‌കാരബന്ധവും അറുത്തുമാറ്റി വലിയ ജനവിഭാഗ ങ്ങളുമായി ബന്ധം സ്ഥാപിക്കലാണ്. ഈ ബന്ധത്തിലൂടെ നെറ്റവര്‍ക്ക് വിപുലപ്പെടുത്തതി നേട്ടങ്ങള്‍ കൊയ്യാന്‍ ഒരു ചെറിയ ശതമാനം മലയാളികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.'

പക്ഷെ ഇത് ചെറിയ ഒരു ശതമാനത്തിന്റെ താല്‍ക്കാലിക നേട്ടമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഭൂരിപക്ഷം മലയാളികളും അമേരിക്കയിലെ വിഭിന്ന സംസ്‌കാരങ്ങള്‍ അലിഞ്ഞുചേര്‍ന്ന് ഒന്നാകുന്ന കുംഭത്തില്‍ (Melting Pot) അലിഞ്ഞു ചേരാന്‍ കഴിയാതെ വേറിട്ട് നിന്ന് ഗൃഹാതുരത്വത്തിന്റെ പനിനീര്‍ മെത്തയില്‍ (Bed of Roses) സുഖം തേടുകയാണ്. ആ അനന്തശയനത്തില്‍ അവര്‍ അനുഭവിക്കുന്നത് നിര്‍വൃതിദായകമായ മൂഢത്വമാണ്. (Blissful Ignorance). അവരെ അതില്‍ നിന്നുമുണര്‍ത്തി വസ്തുനിഷ്ഠമായ വാര്‍ത്തകളും അതിന്റെ വ്യാഖ്യാനങ്ങളും നല്‍കിഉത്ബുദ്ധരാക്കാന്‍ ശ്രമിക്കയാണ് ശ്രീ എബ്രാഹാം. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ പത്രപ്രവര്‍ത്തനം സുഗമമാണെന്ന ധാരണയുണ്ടെങ്കിലും വാര്‍ത്തകള്‍ എഴുതുമ്പോഴും അവ പ്രസിദ്ധപ്പെടുത്തുപ്പോഴും പൂര്‍ണ്ണ ജാഗ്രത ആവശ്യമാണ്. ദീര്‍ഘകാലമായി പത്രപ്രവര്‍ത്തന രംഗത്ത് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചിട്ടുള്ള ശ്രീ എബ്രാഹാം ഒരു പത്രപ്രവര്‍ത്തകനുവേണ്ട വിപുലമായ അറിവും, സ്ഥിരതയും, വിനയവും, നയങ്ങളും അച്ചടക്കവും എല്ലാ നേടിയിട്ടുണ്ട്.

പുസ്തകത്തിലെ ഉള്ളടക്കത്തിലൂടെ കടന്നുപോയപ്പോള്‍ ശ്രീ എബ്രാഹാമിന്റെ പത്രപ്രവര്‍ത്തനസേവനത്തിലെ   അര്‍പ്പണബോധവും പ്രതിബദ്ധതയും പ്രകടമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. വാര്‍ത്തകള്‍ കണ്ടെത്തുക മാത്രമല്ല അവയുടെ വിശ്വാസയോഗ്യത കണ്ടെത്തുക എന്ന നീതിപുലര്‍ത്തുന്നതിലും അദ്ദേഹം സവിശേഷമായ ശ്രദ്ധപുലര്‍ത്തിയതായി കാണാം. ഒരു വാര്‍ത്ത പൂര്‍ണ്ണമായി എഴുതുന്നതിലൂടെ വായനക്കാര്‍ക്ക്  അതിനെ തെറ്റിദ്ധരിക്കാനോ,അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്യാനോയുള്ള അവസരം നഷ്ടപ്പെടുന്നു. തന്നെയുമല്ല ശ്രീ എബ്രാഹാം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാര്‍ത്ത ശകലങ്ങളിലെല്ലാം അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളോ, സൂചനകളോ വളരെ മിതമായ തോതിലാണ് നല്‍കിയിട്ടുള്ളത്. പത്രപ്രവര്‍ത്തകര്‍ അവരുടെ സാര്‍ത്ഥതതാല്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോഴാണ് സമൂഹത്തില്‍ കലാപങ്ങള്‍ പുറപ്പെടുന്നത്. ശ്രീ എബ്രാഹാം അദ്ദേഹത്തിന്റെ ആര്‍ജ്ജവവും സ്വഭാവദാര്‍ഢ്യവും വാര്‍ത്തകള്‍ തയ്യാറാക്കുന്നതില്‍ പ്രകടമാക്കുന്നു.തന്റെ അറിവും പരിചയവും പ്രകടമാക്കി വാര്‍ത്തകളെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ പവിത്രത ഇല്ലാതാകാന്‍ സാധ്യത യുണ്ടെന്ന്  നല്ലപോലെ അറിയുന്ന ശ്രീ എബ്രാഹാം വാര്‍ത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കി അത് അതേപോലെ പകരുന്നു. ഒപ്പം അതിനോട് അനുബന്ധമായ അറിവുകളും നല്‍കുന്നു. വായനക്കാരന് അതില്‍ നിന്നും അസ്പഷ്ടതയില്ലാതെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നു. ഇത് പരിചയസമ്പന്നനായ ഒരു പത്രപ്രവര്‍ത്തകന്റെ മികവാണ്. ശ്രീ എബ്രാഹാം തോമസ് അത് പ്രകടിപ്പിക്കുന്നു. 

വാര്‍ത്തകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് അത് കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷ്മത പാലിക്കേണ്ടത് ആവശ്യമാണ്. ഈ പുസ്തകത്തിലെ ചില വാര്‍ത്തകള്‍ ഒന്ന് പരിശോധിക്കാം.'പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം, രേഖകളില്ലാതെ   അമേരിക്കയിലെത്തിവരെ അറസ്റ്റ് ചെയ്തത് 40 %ലധികം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ പറയുന്നു. എന്നാല്‍, ഇതനുസരിച്ച് നിയമവിരുദ്ധ കുടിയേറ്റാക്കാരെ തിരിച്ചയക്കുന്നതില്‍ വര്‍ദ്ധനയുണ്ടായിട്ടില്ല. ഏറ്റവുമധികം പേരെ തിരിച്ചയച്ചതിനുള്ള റെക്കാര്‍ഡ് ഇപ്പോഴും ബരാക്ക് ഒബാമ ഭരണകൂടത്തിനാണ് സ്വന്തം.'(പേജ് 23). അടിവരയിട്ട വാചകം ശ്രദ്ധിക്കുക. മുന്‍ പ്രസിഡന്റിനെപ്പറ്റിയുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്താലേ വായനക്കാര്‍ക്ക് വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം കിട്ടുകയുള്ളുവെന്ന് ലേഖകന്‍ മനസ്സിലാക്കുന്നു. .  ചില പത്രപ്രവത്തകര്‍ അത്തരം വിവരങ്ങള്‍ വിട്ടുകളഞ്ഞ്  സ്ഥിതിഗതികളെ സങ്കീര്‍ണ്ണമാക്കുക പതിവാണ്. ദേവാലയങ്ങളില്‍ കൂട്ടക്കൊല നടന്ന സംഭവത്തെ ആധാരമാക്കി അദ്ദേഹം എഴുതിയ ഒരു കുറിപ്പില്‍ ഇങ്ങനെ പറയുന്നു. 'രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള പ്രാര്‍ ത്ഥനാലയങ്ങളില്‍ സുരക്ഷാക്രമീകരണം നിലവില്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദൈവം നല്‍കുന്ന സുരക്ഷക്കുപരി ( ഈ വിലയിരുത്തല്‍ ശ്രദ്ധിക്കുക)ആയുധസജ്ജരാവണം  എന്ന ചിന്ത ഇവരെ ഭരിച്ചുതുടങ്ങിയിരിക്കുകയാണ്'. (പേജ് 31 ) വളരെ മൃദുവായി അല്‍പ്പം ഹാസ്യരസം കലര്‍ത്തി ഇത്തരം ചെറിയ അഭിപ്രായങ്ങള്‍ അദ്ദേഹം തന്റെ ഇതര കുറിപ്പുകളിലും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഡാകയ്ക്ക് പകരം നിയമമുണ്ടായില്ലെങ്കില്‍ 20000 അധ്യാപകര്‍ അമേരിക്ക വിടേണ്ടിവരുമെന്ന ശീര്‍ഷകത്തില്‍ പേജ് 73 എഴുതിയ കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കുന്നു.'ഡാകയ്ക്ക് പകരം നിയമമുണ്ടായാല്‍ ഇപ്പോഴുള്ള അനിശ്ചിതത്വം മാറിക്കിട്ടും. അതിനു മുന്‍ കയ്യെടുക്കേണ്ടത് സെനറ്റും ജനപ്രതിനിധി സഭയുമാണ്.' കൊളംബസ്സിന്റെ പ്രതിമകള്‍ക്കും ഭീഷണി എന്ന കുറിപ്പിന്റെ (പേജ് 99 ) അവസാനം ഇങ്ങനെ' കൊളംബസ്സിന്റെ സ്മാരകങ്ങള്‍ വേണ്ട എന്ന വാദം ശക്തിപ്പെട്ടാല്‍, ഒരു തീരുമാനമെടുക്കുക പ്രയാസമായിരിക്കും.

ചില പത്രക്കുറിപ്പുകള്‍ അവസാനിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആശാവഹമായ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ്. ഇത്തരം നിഗമനങ്ങളില്‍ എത്താന്‍ ഇദ്ദേഹത്തിന് കഴിയുന്നത് അമേരിക്കന്‍ സാമൂഹ്യരാഷ്ട്രീയ
സാംസ്‌കാരികചരിത്രവും കേരളീയരുടെ മനസ്സും ചിന്തയും ആഴത്തില്‍ മനസ്സിലാക്കിയ , അതേക്കുറിച്ച് പഠിക്കയും ഗവേഷണം നടത്തുകയും ചെയ്ത വ്യക്തിയായതുകൊണ്ടാകാം. ഈ പുസ്തകത്തിലെ എല്ലാ വിഷയങ്ങളും തന്നെ അമേരിക്കന്‍ മലയാളിയുടെ ശ്രദ്ധയില്‍ പെടേണ്ടതാണ്. ഇവിടത്തെ മലയാളിയുടെ ജീവിതത്തെ ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങള്‍ വ്യത്യസ്ത അളവില്‍ സ്പര്‍ശിക്കുന്നു. ഓരോ  പത്രക്കുറിപ്പുകളും തന്മൂലം അവരെ സംബന്ധിച്ചെടത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

പുസ്തകത്തിന്റെ കോപ്പിക്കായി ബന്ധപ്പെടുക ശ്രീ എബ്രഹാം തോമസ് raajthomas@Hotmail.com.

ശ്രീ എബ്രാഹം തോമസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

ശുഭം

  കുറിമാനങ്ങളിലെ സ്വര്‍ണ്ണലിപികള്‍  (പുസ്തകനിരൂപണം:  സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക