Image

പ്രളയക്കെടുതിയില്‍ വഴിയും വെളിച്ചവുമില്ലാതെ ഒറ്റപ്പെട്ട്‌ ഉള്‍വനത്തിലെ മൂവായിരത്തോളം ആദിവാസികള്‍

Published on 19 August, 2019
 പ്രളയക്കെടുതിയില്‍ വഴിയും വെളിച്ചവുമില്ലാതെ ഒറ്റപ്പെട്ട്‌ ഉള്‍വനത്തിലെ മൂവായിരത്തോളം ആദിവാസികള്‍
പൂയംകുട്ടി: പെട്ടെന്ന്‌ ശ്രദ്ധ പതിയുന്നതും എത്തപ്പെടാന്‍ സൗകര്യമുള്ളതുമായ പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും ദുരിതങങ്ങളും വാര്‍ത്താ ശ്രദ്ധ നേടുമ്‌ബോള്‍ പെരുമഴയില്‍ പ്രളയവും ഉരുള്‍പൊട്ടലുമായി കഷ്ടപ്പെടുകയാണ്‌ വനവാസികള്‍. 

പൂയംകൂട്ടി ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലാണ്‌. കല്ലേലി മേട്‌, വാരിയം മീന്‍കുളം, തല വച്ചുപാറ, കുഞ്ചിപ്പാറ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ ദുരിതജീവിതത്തിലാണിപ്പോള്‍.

ഇവര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകാത്തതാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഭക്ഷണം, വസ്‌ത്രം, മരുന്ന്‌ എന്നിവയേക്കാള്‍ അടിസ്ഥാന സൗകര്യമാണ്‌ തങ്ങള്‍ക്കാവശ്യമെന്ന്‌ ആവശ്യപ്പെട്ട്‌ ഒട്ടേരെ നിവേദനങ്ങള്‍ നല്‍കിയിട്ടും ഒരു പ്രയോജനവുമില്ലെന്ന്‌ ഇവര്‍ പറയുന്നു. 

പുറം ലോകവുമായി ബന്ധപ്പെടുന്നതിനും അത്യാഹിതത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും സഞ്ചാരയോഗ്യമായ റോഡും വെളിച്ചവും വേണം. ആദിവാസി മേഖലയിലേക്കുള്ള വൈദ്യുതിയാണങ്കില്‍ പൂയംകുട്ടി ബ്ലാവനയില്‍ അവസാനിക്കുന്നു.


ബ്ലാവനയിലെ പാലമാണിവരുടെ മറ്റൊരു പ്രധാന ആവശ്യം. പുറം ലോകവുമായി ബന്ധപ്പെടുവാന്‍ ഗതാഗതത്തിന്‌ പൂയംകൂട്ടി ആറിന്‌ കുറുകെ വരുന്ന പാലമല്ലാതെ വേറെ മാര്‍ഗമില്ല. മഴ കനത്താല്‍ 15ആദിവാസി കുടികളാണ്‌ ഒറ്റപ്പെടുന്നത്‌.

 ഇതിന്‌ പരിഹാരമാകുന്ന ബ്ലാവന കടവിലെ പാലത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ആദിവാസി മേഖലയിലെപ്രധാന ഉപജീവനമാര്‍ഗമായ ഏക്കറുകണക്കിന്‌ കൃഷി മലവെള്ളം കൊണ്ടുപോയി. കാടിന്റെ മക്കളില്‍ പലരും ജീവിതംഇനി ആദ്യം മുതലേ തുടങ്ങണം. 

വര്‍ഷങ്ങളായി നല്‍കുന്ന നിവേദനങ്ങള്‍ക്ക്‌ എന്നെങ്കിലും പരിഹാരമുണ്ടാകുമോ എന്നാണിപ്പോള്‍ ഈ വനവാസികള്‍ ചോദിക്കുന്നത്‌. വന്യജീവികളോടുംപ്രകൃതിദുരന്തങ്ങളോടും മല്ലടിച്ച്‌ ജീവിതം തള്ളിനീക്കുന്ന മൂവായിരത്തോളം ആദിവാസികളാണ്‌ ഈ മേഖലയില്‍ ഉള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക