Image

ഉത്തരേന്ത്യയില്‍ കനത്ത മഴ; മരണം 35 ആയി

Published on 19 August, 2019
ഉത്തരേന്ത്യയില്‍ കനത്ത മഴ; മരണം 35 ആയി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. ഡല്‍ഹിയില്‍ നിറഞ്ഞൊഴുകുന്ന യമുന നദിയിലെ വെള്ളം അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച മൂന്നു പേര്‍കൂടി മരിച്ചതോടെ ഹിമാചല്‍പ്രദേശില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും വീടുകളുടെ തകര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ഭവനരഹിതരായി. ഇതുവരെ 574 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയും മഴക്ക് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം.

ഉത്തരാഖണ്ഡിലും തിങ്കളാഴ്ച മൂന്നു പേര്‍ മരിച്ചു. മഴ കനത്ത നാശം വിതച്ച മോറി ജില്ലയില്‍നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. ആറു പേരെ കണ്ടെത്താനുണ്ട്.

നദിയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പഴയ യമുന പാലത്തിലൂടെയുള്ള ഗതാഗതം ഡല്‍ഹി അധികൃതര്‍ നിരോധിച്ചു. യമുനയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയില്‍നിന്ന് വെള്ളം വന്‍തോതില്‍ തുറന്നുവിട്ടതും യമുന കരകവിയാന്‍ കാരണമായി. ഞായറാഴ്ച മാത്രം 8.28 ക്യുസെക്‌സ് വെള്ളമാണ് ഹരിയാന യമുനയിലേക്ക് തുറന്നുവിട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക