Image

ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി: സിവില്‍ സര്‍വീസ് പരീക്ഷ പാസായി

Published on 04 May, 2012
ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി: സിവില്‍ സര്‍വീസ് പരീക്ഷ പാസായി
പിറവം: പെരിയപ്പുറം ഗ്രാമത്തിന് ഇനി സിവില്‍ സര്‍വീസിന്റെ സുവര്‍ണ തിളക്കം. പെരിയപ്പുറത്തുകാരി ആനീസ് കണ്‍മണി ജോയി ഇത്തവണ 65-ാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസായിരിക്കുന്നത്. ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയശേഷവും സിവില്‍ സര്‍വീസസില്‍ തന്നെ തന്റെ ഇടം കണെ്ടത്തണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയ മിടുക്കി നാടിനും നാട്ടാര്‍ക്കും അഭിമാനമായി മാറി.

2011-ലെ പരീക്ഷയില്‍ 580-ാം റാങ്ക് ലഭിച്ചപ്പോള്‍ ഐസിഎഎസ് (ഇന്ത്യന്‍ സെന്‍ട്രല്‍ അക്കൗണ്ട്‌സ് സര്‍വീസ്) സെലക്ഷന്‍ ലഭിച്ചിരുന്നു. ഇതിന്റെ പരിശീലനത്തിനായി നിയമനം ലഭിച്ചതു ഹരിയാനയിലെ ഫരീദാബാദിലാണ്. എന്നാല്‍, ഐസിഎസില്‍ മാത്രമൊതുങ്ങാന്‍ ഇരുപത്തിനാലുകാരിയായ ആനീസ് ഒരുക്കമായിരുന്നില്ല. വീണ്ടും തയാറെടുത്ത് ഈ വര്‍ഷം പരീക്ഷയെഴുതി. ഇന്നലെ പുറത്തുവന്ന ലിസ്റ്റില്‍ 65-ാം റാങ്കുകാരിയായി. സെലക്ഷന്‍ ലഭിച്ച വിവരം വീട്ടിലേക്ക് ആദ്യമറിയിച്ചതു ഫരീദാബാദില്‍നിന്ന് ആനീസായിരുന്നു.

പാമ്പാക്കുട പഞ്ചായത്തിലെ പെരിയപ്പുറത്ത് പാറപ്പാലില്‍ ജോയിയുടെയും ലീലയുടെയും മൂത്ത മകളാണ് ആനീസ്. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ആനീസിന്റെ ചെറുപ്പംമുതലുള്ള ആഗ്രഹമാണ് ഇതോടെ പൂവണിയുന്നത്. പിറവത്തെ ഫാത്തിമ മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള പഠനം.

തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ബിഎസ്‌സി നഴ്‌സിംഗിന് അഡ്മിഷന്‍ ലഭിക്കുകയും പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനിടെ, 2010ല്‍ തിരുവനന്തപുരം സിവില്‍ അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലനം നേടി. സഹോദരി എല്‍സ ബല്‍ഗാമില്‍ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ്. ആനീസിന്റെ വരവിനായി കാത്തിരിക്കുകയാണു കുടുംബാംഗങ്ങളും നാട്ടുകാരും.
ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി: സിവില്‍ സര്‍വീസ് പരീക്ഷ പാസായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക