Image

പ്രളയക്കുരുക്കില്‍ അകപ്പെട്ട മഞ്ജുവിനെ രക്ഷിക്കണമെന്ന് ദിലീപ്; ഇടപെടലുകളുമായി ഹൈബി ഈഡന്‍

Published on 20 August, 2019
പ്രളയക്കുരുക്കില്‍ അകപ്പെട്ട മഞ്ജുവിനെ രക്ഷിക്കണമെന്ന് ദിലീപ്; ഇടപെടലുകളുമായി ഹൈബി ഈഡന്‍
ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടനടി മഞ്ജു വാര്യരെ രക്ഷിക്കാനുള്ള  ഇടപെടലുകളുമായി  എം.പി ഹൈബി ഈഡന്‍. നടന്‍ ദിലീപ് വഴിയാണ് താന്‍ മഞ്ജു ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതാവസ്ഥയെ കുറിച്ച് അറിയുന്നതെന്നും രക്ഷപെടുത്തുന്നതിനുള്ള വഴികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഹൈ ബി ഈഡന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.

"മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശിലെ ചത്രു എന്ന പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്. ഇരുനൂറോളം വരുന്ന സംഘമാണ് മഞ്ജുവിനൊപ്പമുള്ളത്. മഞ്ജുവിന്റെ സംഘത്തില്‍ മുപ്പതോളം പേരുണ്ട്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ കഴിയുന്നത്. രണ്ടു ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണമാണ് അവരുടെ പക്കലുള്ളത്.''

നടന്‍ ദിലീപാണ് തന്നെ ഇക്കാര്യം വിളിച്ചരിയിക്കുന്നത്. മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ  തുടര്‍ന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം.പിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെടുകയും ഇവരെ രക്ഷപെടുത്താനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാനുളള നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം വാക്കു നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും മടങ്ങി വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. '' ഹൈബി ഈഡന്‍ കുറിച്ചു.

അതേ സമയം ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതരാണെന്ന് ലാഹോല്‍ സ്പിതി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.കെ സറോച്ച് മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജുവിനും കൂട്ടര്‍ക്കും ആഹാരമെത്തിച്ചെന്നും വൈകിട്ടോടെ അവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

മഞ്ജു ഉള്‍പ്പെടുന്ന ഷൂട്ടിങ്ങ് സംഘത്തിനൊപ്പം വിനോദ സഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്. ആകെ 140 പേരാണ് സംഘത്തിലുള്ളത്. അവര്‍ സുരക്ഷിതരാണെന്നും അവര്‍ക്കുള്ള ആഹാരം എത്തിച്ചെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. അവരോട് നേരത്തേ മലയിറങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും അവരുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുങ്ങിയവരെ രക്ഷപെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ യാത്ര തിരിച്ചു കഴിഞ്ഞു. 20 കിലോമീറ്റര്‍ നടന്നു വേണം അവിടെയെത്താന്‍, ഇവര്‍ക്കൊപ്പം ഡോക്ടര്‍മാരുമുണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിനിമാ ചിത്രീകരണത്തി#ിടെയാണ് മഞ്ജു വാര്യരും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍ പ്രളയത്തില്‍ കുടുങ്ങിയത്. ഫോണ്‍ ചെയ്യാന്‍ പോലും നിവൃത്തിയില്ലാതെയും ഭക്ഷണം പോലും കിട്ടാതെയും വലഞ്ഞ ഇവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മണാലിയില്‍ നിന്നും 100  കിലോ മീറ്റര്‍ അകലെയുള്ള ഛത്രുവിലാണ്  ഇവര്‍ കുടുങ്ങിയത്. 

മൂന്നാഴ്ച മുമ്പ് ഷൂട്ടിങ്ങിനായി  പോയ മഞ്ജു സഹോദരന്‍ മധു വാര്യരെ ആരുടെയോ സാററലൈറ്റ് ഫോണില്‍ വിളിച്ചാണ് ദുരിതവിവരങ്ങള്‍ അറിയിച്ചത്. വിനോദ സഞ്ചാരികളടക്കം ഇരുനൂറോളം പേര്‍ ഇവിടെ കുടുങ്ങിയതായാണ് മഞ്ജു പറഞ്ഞത്. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം സംസാരിച്ച മഞ്ജു പെട്ടെന്ന് ഫോണ്‍ കട്ടു ചെയ്തതായും മധു പറഞ്ഞു. മണാലിയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ ഛത്രുവിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്നും മഞ്ജു പറഞ്ഞെന്നു മധു അറിയിച്ചു.   

പ്രളയക്കുരുക്കില്‍ അകപ്പെട്ട മഞ്ജുവിനെ രക്ഷിക്കണമെന്ന് ദിലീപ്; ഇടപെടലുകളുമായി ഹൈബി ഈഡന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക