Image

അഴിമതിക്കുരുക്ക് മുറുകി, ചിദംബരത്തിന് ഇനി രക്ഷയില്ല (ശ്രീനി)

ശ്രീനി Published on 21 August, 2019
അഴിമതിക്കുരുക്ക് മുറുകി, ചിദംബരത്തിന് ഇനി രക്ഷയില്ല (ശ്രീനി)
ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതം കനത്തതായിരിക്കും. കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി ചിദംബരത്തിന്റെ വീഴ്ച ഉന്നതങ്ങളില്‍ നിന്നായിരുന്നു. കോടികളുടെ വന്‍ അഴിമതി കേസില്‍ ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടി വന്നുവെന്ന് പറയുമ്പോള്‍ ആ പതനത്തിന്റെ ഗ്രാവിറ്റി മനസിലാക്കാം. ഇപ്പോള്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചിദംബരത്തെ ഒരു വശത്ത് വാഴ്ത്തുമ്പോള്‍ മറുഭാഗത്ത് അദ്ദേഹത്തിനെതിരെയുള്ള കുരുക്ക് മുറുകുകയാണ്. ലൈംലൈറ്റില്‍നിന്ന് ഇരുളിലേയ്ക്കുള്ള ദുര്യോഗം. പക്ഷേ, നിയമത്തിന് മുന്നില്‍ നിന്ന് ചിദംബരത്തിന് ഒളിച്ചോടാനാവില്ല.

ചിദംബരത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുംും സി.ബി.ഐയുമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ചിദംബരം രാജ്യം വിടരുതെന്നും നിര്‍ദേശം നല്‍കി. അതേസമയം, ചിദംബരം എവിടെയെന്ന് സൂചനയില്ല. എന്നാല്‍ അദ്ദേഹം എങ്ങും ഒളിച്ചോടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടെ, അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വരുന്നത് വരെ അറസ്റ്റ് ചെയ്യുന്നതില്‍ പരിരക്ഷ നല്‍കിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കാന്‍ ജസ്റ്റിസ് രമണ തയാറായതുമില്ല. ഇത് ചിദംബരത്തിന് വന്‍ തിരിച്ചടിയാണ്.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെ അറസ്റ്റ് ഒഴിവാക്കാന്‍ ചിദംബരം ഇന്നലെ (ഓഗസ്റ്റ് 20) ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. രാത്രി എട്ട് മണിയോടെ സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ജോര്‍ബാഗിലെ വസതിയിലെത്തിയെങ്കിലും ചിദംബരം ഇല്ലാത്തതിനാല്‍ മടങ്ങി. രാത്രി 12ന് വീണ്ടും ചിദംബരത്തിന്റെ വസതിയിലെത്തിയ സി.ബി.ഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് പതിച്ചു.

കേസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കാനിരിക്കെ ചിദംബരത്തെ പിടികിട്ടാപ്പുള്ളിയായി പരിഗണിച്ച് അറസ്റ്റ് ചെയ്യാനുള്ള സി.ബി.ഐയുടെ നീക്കങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ നിയമ പരിരക്ഷ കിട്ടാന്‍ സാധ്യതയില്ലെന്നിരിക്കെ ചിദംബരത്തിന് അധികനേരം ഒളിവില്‍ കഴിയാനാവില്ല. അതേസമയം, ചിദംബരത്തെ കുടുക്കാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇ.ഡി) ഉപയോഗിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഇന്ത്യയിലും പുറത്തുമായി നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളാണ്. സ്‌പെയിനില്‍ ഒരു ടെന്നീസ് ക്ലബ്, ബ്രിട്ടണില്‍ കോട്ടേജുകള്‍, ഇന്ത്യയിലും പുറത്തുമായി 54 കോടിരൂപയുടെ വസ്തുവകകള്‍ ഇവയെല്ലാം എങ്ങനെ കാര്‍ത്തി സ്വന്തമാക്കിയെന്നാണ് ചോദ്യം.

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് കാര്‍ത്തി ഈ ഇടപാടുകള്‍ നടത്തിയത് എന്നാണ് 2018 ഒക്ടോബറില്‍ ഇ.ഡി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എന്‍.എക്‌സ് കേസിന് പുറമെ എയര്‍സെല്‍ മാക്‌സിസ് 2-ജി അഴിമതിയിലും ചിദംബരത്തിനും കുടുംബത്തിനും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അച്ഛനും മകനും ചാര്‍ജ്ഷീറ്റില്‍ പേര് ചേര്‍ക്കപ്പെട്ടവരാണ്. ഇവരുടെ വസ്തുക്കള്‍ ഏറ്റെടുക്കുന്ന ഘട്ടത്തിലുമാണ്. ഡല്‍ഹിയിലെ 16 കോടിരൂപ മൂല്യമുള്ള ജോര്‍ബാഗ് ബംഗ്ലാവ്, ബാഴ്‌സലോണയിലെ 15 കോടി രൂപയുടെ ടെന്നീസ് ക്ലബ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ കാര്‍ത്തിക്കുള്ള 9.23 കോടി രൂപയുടെ സ്ഥിര നിക്ഷേപം, കാര്‍ത്തി നേരിട്ട് പങ്കാളിയായ ആഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ 90 ലക്ഷം രൂപ നിക്ഷേപം, ഇല്ലാത്ത പണമിടപാടുകളുടെ രേഖകള്‍ ഉപയോഗിച്ച് 3.09 കോടിരൂപ കാര്‍ത്തി കടത്തിയത്...എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങള്‍ക്ക് ചിദംബരം എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റിന് ഉത്തരം പറയണം.

സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഇടനിലനിന്നെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്. അഴിമതിപ്പണം ഐ.എന്‍.എക്‌സ് മീഡിയ വഴി കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കു ലഭിച്ചെന്നാണ് ആരോപണം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ഈ കേസില്‍ മാപ്പുസാക്ഷിയാകുകയും ചെയ്തു. 2017 മെയ് 15നാണു സി.ബി.ഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.

പത്ത് വര്‍ഷത്തോളം പഴക്കമുള്ള രണ്ട് അഴിമതിക്കേസുകളിലാണ് ചിദംബരത്തിന്റെ ഭാവി കുരുങ്ങിക്കിടക്കുന്നത്. എയര്‍സെല്‍  മാക്‌സിസ് കരാര്‍ നടക്കാന്‍ വിദേശ നിക്ഷേപ പ്രമോഷന്‍ ഫണ്ടില്‍ നിന്ന് അനധികൃതമായി 3500 കോടിരൂപയും ഐ.എന്‍.എക്‌സ് മീഡിയയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 305 കോടിയും അനുവദിച്ചതാണ് കേസുകള്‍. ഈ സമയത്ത് (2007) ചിദംബരം ഒന്നാം യു.പി.എ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്നു. ഏതായാലും പി ചിദംബരത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് കേന്ദ്രം എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചിദംബരത്തിന്റെ അറസ്റ്റ് ആസന്നമായിരിക്കെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഭാരവാഹികള്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പ്രതികരിച്ചിട്ടില്ല.

ആരാണ് ഈ പി ചിദംബരം എന്ന പളനിയപ്പന്‍ ചിദംബരം..? തമിഴ്‌നാട്ടിലെ പ്രമുഖമായ ചെട്ടിയാര്‍ കുടുബത്തില്‍ ജനിച്ച്, രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിച്ച് അധികാരത്തിന്റെ ഉന്നതികളില്‍ നിലയുറപ്പിക്കുന്നതില്‍ സവിശേഷമായ കഴിവ് പ്രകടിപ്പിച്ച നേതാവാണ് ചിദംബരം. നവഉദാരവല്‍ക്കരണത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമര്‍ത്ഥമായി പ്രയോഗവല്‍ക്കരിച്ച നേതാവാണ് . യുവത്വത്തിന്റെ ആദ്യ കാലത്ത് ഇടതു നയങ്ങളോടായിരുന്നു ചിദംബരത്തിന് ആഭിമുഖ്യം. വിഖ്യാത മാധ്യമ പ്രവര്‍ത്തകനും ഇടതു സഹയാത്രികനുമായ എന്‍ റാമിന്റെ കൂട്ടുകാരന്‍. പുരോഗമന ഇടതു ആശയങ്ങള്‍ക്കായി റാമിനും സി.ഐ.ടിയു നേതാവായിരുന്ന മൈഥിലി ശിവരാമനൊപ്പവും ചേര്‍ന്ന് 'റാഡിക്കല്‍ റിവ്യൂ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തിയാണ്. പിന്നെപ്പതിയെ മുതലാളിത്ത പാതയിലേയ്ക്ക് ചുവടുമാറ്റി.

മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ നിന്നും ലോ കോളെജില്‍നിന്നും ബിരുദങ്ങള്‍ നേടിയതിന് ശേഷം ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നും ബിസിനസ്സില്‍ മാസ്‌റ്റേഴ്‌സ് നേടിയ ചിദംബരം രാഷ്ട്രീയത്തെ സാധ്യതകളുടെ അസാധ്യമായ കലയാക്കി മാറ്റുകയായിരുന്നു. കാമാരാജിന്റെ മരണത്തോടെ കോണ്‍ഗ്രസിന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയില്ലാതിരുന്ന കാലത്ത് യുത്ത് കോണ്‍ഗ്രസിന്റെ നേതാവായി ചിദംബരം രാഷ്ട്രീയത്തില്‍ സജീവമായി.  കോണ്‍ഗ്രസില്‍ പല നേതാക്കളുടെയും തുടക്കം കുറിച്ച 1984ലെ രാജീവ് കാലത്താണ് ചിദംബരവും ഡല്‍ഹിയിലെത്തുന്നത്. ഡെപ്യൂട്ടി മന്ത്രിയായി. പിന്നീട് സഹമന്ത്രിയായി സ്ഥാനകയറ്റം. രാഷ്ട്രീയത്തിലെ നിരവധി കയറ്റങ്ങളുടെ തുടക്കമായിരുന്നു അത്. ഇപ്പേള്‍ ഇറക്കമാണ്. അത് കേവലം യാദൃശ്ചികമല്ല, സ്വയം കൃതാനര്‍ത്ഥം എന്നതിനെ വിശേഷിപ്പിക്കാം.

പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷണമോ ദുരുപയോഗമോ ആണ് അഴിമതി. അഴിമതിക്കടിമപ്പെടുമ്പോള്‍ ഒരു സമൂഹത്തിന് ധാര്‍മികതയും നൈതികതയും നഷ്ടപ്പെടുന്നു. ഭയമോ നിയമ വ്യവസ്തയോട് ബഹുമാനമോ ഇല്ലാത്ത സമുഹമായി അവര്‍ പരിണമിക്കുന്നു. കൈക്കൂലി, സ്വജനപക്ഷപാതം, പൊതുസ്വത്ത്  അപഹരിക്കല്‍, സ്വന്തം കാര്യലാഭത്തിനായി നിയമവ്യനസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കല്‍, എന്നിങ്ങനെ  അഴിമതികള്‍ക്ക് പല നിറമാണ്. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 1.6 ട്രില്യണ്‍ ഡോളര്‍ ലോകത്താകമാനം അഴിമതിയിലുടെ നഷ്ടപ്പെടുന്നു. വര്‍ഗ്ഗീയതയും ഭീകരവാദവും പോലെ അഴിമതി ഏറ്റവുമധികം ബാധിക്കുന്നതും സമുഹത്തിലെ ദരിദ്രവിഭാഗത്തെയാണ്. സമുഹത്തില്‍ സ്വാധീനശക്തിയുളളവര്‍ അഴിമതിയിലൂടെ നേട്ടം കൊയ്യുമ്പോള്‍ അവശ വിഭാഗം അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട് കൂടുതല്‍ അശക്തരാകുന്നു, അരക്ഷിതരാകുന്നു.

അഴിമതിക്കുരുക്ക് മുറുകി, ചിദംബരത്തിന് ഇനി രക്ഷയില്ല (ശ്രീനി)
Join WhatsApp News
anti-BJP 2019-08-21 10:39:57
ഗുജറാത്തിൽ കലാപത്തിന്റെ പേരിൽ  ആ  സർക്കാറിനെ പിരിച്ച് വിട്ട് ഉത്തരവാദികളെ അറസ്റ് ചെയ്യാൻ മൻമോഹൻ സിംഗിനും സോണിയാ ഗാന്ധിക്കും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ കോംഗ്രസിനു ഈ ഗതി വരില്ലായിരുന്നു.  ഇപ്പോൾ പോയി ---മ്പട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക