Image

ഐഎസിനെ തുരത്താന്‍ ഇന്ത്യ ഒന്നും ചെയ്തില്ലെന്ന്: ട്രംപ്

Published on 22 August, 2019
ഐഎസിനെ തുരത്താന്‍ ഇന്ത്യ ഒന്നും ചെയ്തില്ലെന്ന്: ട്രംപ്
ന്യൂയോര്‍ക്ക്:  ഐഎസിനെ തുരത്താന്‍ ഇന്ത്യ ഒന്നും ചെയ്യുന്നില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 11,265 കിലോമീറ്റര്‍ ദൂരെയുള്ള യുഎസ് മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരെ പോരാടുന്നത്. ഇന്ത്യ, ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും പോരാട്ടത്തിന്റെ ഭാഗമാകണം. വളരെ കുറഞ്ഞ അളവില്‍ മാത്രമെ യുഎസ് ഒഴികെയുള്ള രാഷ്ട്രങ്ങള്‍ ഭീകരവിരുദ്ധ നീക്കത്തില്‍ പങ്കെടുക്കുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു.

‘ചില പ്രത്യേക സമയങ്ങളില്‍ റഷ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അവരുടേതായ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഐഎസിന്റെ കേന്ദ്രങ്ങള്‍ നമ്മള്‍ (യുഎസ്) നൂറു ശതമാനം ഇല്ലാതാക്കി. റെക്കോര്‍ഡ് സമയത്തിലാണു ഞാനിതു ചെയ്തത്. ഈ സമയം മറ്റു രാജ്യങ്ങള്‍ ദോഷകരമാംവിധം കുറഞ്ഞതോതിലാണു പോരാടിയത്. ഈ രാജ്യങ്ങളെല്ലാം ഭീകരരെ തുരത്താനുള്ള പോരാട്ടത്തില്‍ പങ്കെടുക്കണം. ഇനിയും 19 വര്‍ഷം കാത്തിരിക്കേണ്ടെന്നാണു ഞാന്‍ കരുതുന്നത്’– മാധ്യമ പ്രവര്‍ത്തകരോടു ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍നിന്നു പൂര്‍ണമായി യുഎസ് സേനയെ പിന്‍വലിക്കില്ലെന്നും താലിബാന്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നതു തടയാനാണിതെന്നും യുഎസ് സൂചന നല്‍കിയതിന്റെ അടുത്ത ദിവസമാണു ട്രംപിന്റെ പ്രസ്താവന.

അടുത്തായിട്ടും അഫ്ഗാനിസ്ഥാനില്‍ ഐഎസിനെതിരെ ഇന്ത്യ ഒന്നും ചെയ്യുന്നില്ല. പാക്കിസ്ഥാനും സമീപത്താണ്. അവരും ഭീകരരെ നേരിടാനായി വളരെ കുറച്ചുമാത്രമേ ശ്രമിക്കുന്നുള്ളൂ. ഇതു ശരിയല്ല. 7000 മൈല്‍ (11,265 കിലോമീറ്റര്‍) ദൂരെയുള്ള യുഎസ് മാത്രമാണു ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. ഐഎസിനെകുറിച്ച് ഇപ്പോള്‍ കാര്യമായൊന്നും കേള്‍ക്കാനില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക