Image

ആമസോണ്‍ കത്തുന്നു; ആശങ്കയുമായി ലോകം

Published on 22 August, 2019
ആമസോണ്‍ കത്തുന്നു; ആശങ്കയുമായി ലോകം
സാവോപോളോ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍  പരിസ്ഥിതി സംതുലനത്തിന് ഗുരുതര ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ കാട്ടുതീ പടരുന്നു. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളില്‍ 72,000 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രസീലിന്‍െറ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് വ്യക്തമാക്കുന്നു. പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരിക്കുകയാണത്രെ. കഴിഞ്ഞ ഒരാഴ്ച മാത്രം 9500ലധികം കാട്ടുതീ ഉണ്ടായതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

2018നെ അപേക്ഷിച്ച് 85ശതമാനത്തിലധികം കാട്ടുതീയാണ് ഈ വര്‍ഷമുണ്ടായത്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരള്‍ച്ചയാണ് ഈ വര്‍ഷം ആമസോണ്‍ കാടുകളടക്കമുള്ള മേഖലയില്‍ അനുഭവപ്പെട്ടത്. വരണ്ട കാലാവസ്ഥ കാട്ടുതീ ഉണ്ടാവുന്നതിനും വ്യാപകമായി പടരുന്നതിനും കാരണമാവുന്നു. മനുഷ്യന്‍െറ ഇടപെടലുകളാണ് കാട്ടുതീ പടരാന്‍ പ്രധാന കാരണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാട്ടുതീയുടെ ഫലമായി അന്തരീക്ഷത്തിലുയര്‍ന്ന രൂക്ഷമായ പുകപടലങ്ങള്‍ പല പ്രദേശങ്ങളെയും വലയംചെയ്തിരിക്കുകയാണ്. സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചക്കുപോലും രാത്രിയുടെ പ്രതീതിയാണത്രെ. നഗരത്തില്‍ കറുത്ത പുക മൂടിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശം എത്തിച്ചേരാത്തതാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ രൂക്ഷമായതിനാല്‍ മഴ പെയ്യുമ്പോള്‍ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക