Image

പണം കിട്ടാതെ കേസ്‌ പിന്‍വലിക്കില്ലെന്ന്‌ നാസിന്‍ അബ്ദുള്ള; ഒത്തുതീര്‍പ്പിന്‌ തയ്യാറായി തുഷാര്‍ വെള്ളാപ്പള്ളി

Published on 23 August, 2019
പണം കിട്ടാതെ കേസ്‌ പിന്‍വലിക്കില്ലെന്ന്‌ നാസിന്‍ അബ്ദുള്ള; ഒത്തുതീര്‍പ്പിന്‌ തയ്യാറായി തുഷാര്‍ വെള്ളാപ്പള്ളി

അജ്‌മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക്‌ കേസില്‍ പണം കിട്ടാതെ പിന്നോട്ടില്ലെന്ന്‌ പരാതിക്കാരനായ പ്രവാസി മലയാളി നാസിന്‍ അബ്ദുള്ള. കേസില്‍ പറയുന്നപോലെ തുക തുഷാര്‍ നല്‍കാനില്ലെന്നത്‌ ശരിയാണ്‌. 

എത്ര തുകയാണ്‌ നല്‍കാനുള്ളതെന്ന്‌ ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കുള്ള നഷ്ടപരിഹാരം കൂടിയായാണ്‌ ഈ തുകയെന്നും സ്വകാര്യ ചാനലുകള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ നാസിന്‍ പറയുന്നു.

ഗള്‍ഫില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള കമ്‌ബനിയില്‍ തുഷാറില്‍ നിന്നും സബ്‌ കോണ്‍ട്രാക്‌ട്‌ എടുത്തു ചെയ്‌തിരുന്ന തനിക്ക്‌ തുഷാര്‍ പണം നല്‍കിയില്ല. 

ഇതേതുടര്‍ന്ന്‌ താന്‍ ഇടപാടുകാര്‍ക്ക്‌ നല്‍കിയ ചെക്കുകള്‍ മടങ്ങി. അവര്‍ നല്‍കിയ പരാതിയില്‍ തനിക്ക്‌ ആറു മാസത്തോളം ജയിലില്‍ കിടക്കേണ്ടിവന്നിരുന്നു. 

ഏറെ നിയമപോരാട്ടം നടത്തിയ ശേഷമാണ്‌ താന്‍ ജയിലില്‍ നിന്ന്‌ ഇറങ്ങിയത്‌. നാട്ടില്‍ നിന്നും വസ്‌തുവിറ്റും കടംവാങ്ങിയും മറ്റുമാണ്‌ അവര്‍ക്കുള്ള പണം നല്‍കിയതെന്നും ചാനലുകളോട്‌ പ്രതികരിച്ചു.

തുഷാറിനെതിരായ കേസിനു പിന്നില്‍ ഗൂഢാലോചനയില്ല. പണം നല്‍കിയാല്‍ കേസ്‌ പിന്‍വലിക്കാന്‍ തയ്യാറാണ്‌. മറ്റു മാര്‍ഗമില്ലാതെ വന്നതോടെയാണ്‌ കേസ്‌ കൊടുത്തത്‌. പണത്തിനായി പല തവണ തുഷാറുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കല്‍ തന്റെ പിതാവ്‌ വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ പോയി കണ്ടു.

 തനിക്കു നല്‍കാനുള്ള പണത്തിന്റെ പത്തു ശതമാനം മാത്രം നല്‍കി സെറ്റില്‍ ചെയ്യാമെന്നാണ്‌ പറഞ്ഞത്‌. അന്നത്തെ അവസ്ഥയില്‍ അതിനു തയ്യാറായി. എന്നാല്‍ അഞ്ചു ശതമാനം മാത്രം പണമായും അഞ്ചു ശതമാനത്തിന്‌ അവര്‍ക്ക്‌ മറ്റുള്ളവരില്‍ നിന്നു കിട്ടാനുള്ള പണത്തിന്റെ ചെക്കും നല്‍കി.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ്‌ ബി.ജെ.പി അധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍പിള്ളയെ വിളിച്ചിരുന്നു. എന്നാല്‍ ഘടകകക്ഷിയായതിനാല്‍ തനിക്ക്‌ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നാണ്‌ അദ്ദേഹം അറിയിച്ചത്‌.

തുഷാര്‍ ആരോപിക്കുന്നപോലെ താന്‍ ചെക്ക്‌ മോഷ്ടിച്ചതല്ല. ഒപ്പുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ അത്‌ കോടതിയില്‍ ബോധിപ്പിക്കാം. ചെക്ക്‌ പത്തു വര്‍ഷം പഴയതാണ്‌. എന്നാല്‍ അതിനു സാധുത ഉള്ളതിനാലാണ്‌ ബാങ്ക്‌ സ്വീകരിച്ചത്‌. തനിക്ക്‌ രാഷ്ട്രീയ പിന്‍ബലമില്ല. 

കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുമില്ല. ഒരു സ്‌ത്രീയെ ഉപയോഗിച്ചാണ്‌ തുഷാറിനെ വിളിച്ചുവരുത്തിയത്‌. അത്‌ തന്റെ ആശയമല്ല. ദുബായിലെ സി.ഐ.ഡികള്‍ നിര്‍ദേശിച്ചിട്ടാണ്‌. വസ്‌തുകച്ചവടത്തിനായാണ്‌ തുഷാറിനെ വിളിച്ചുവരുത്തിയത്‌.

അതിനിടെ, നാസിനുമായി ഒത്തുതീര്‍പ്പിന്‌ തയ്യാറായി തുഷാര്‍ രംഗത്തെത്തി. തുഷാര്‍ തന്നെ ഫോണില്‍ വിളിച്ച്‌ ചര്‍ച്ചയ്‌ക്ക്‌ സന്നദ്ധത അറിയിച്ചു. കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പിന്‌ തയ്യാറാണെന്നും തങ്ങള്‍ തമ്മില്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്നും താനും അറിയിച്ചു. ഇന്ന്‌ 
അജ്‌മാനിലെ ഒരു ഹോട്ടലില്‍ കൂടിക്കാഴ്‌ച നടത്തും. 

ഒത്തുതീര്‍പ്പ്‌ ഇല്ലെങ്കില്‍ മാത്രമേ നിയമനടപടിയുമായി മുന്നോട്ടുപോകൂ. ചര്‍ച്ച വിജയിച്ചാല്‍ ഒത്തുതീര്‍പ്പ്‌ ധാരണയില്‍ എത്തും. ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചാല്‍ തുഷാറിന്‌ പാസ്‌പോര്‍ട്ട്‌ വിട്ടുകിട്ടുകയും നാട്ടിലേക്ക്‌ മടങ്ങുകയും ചെയ്യാം.

ഇന്നലെ രാത്രി നാസിന്‍ തന്നെ വന്നു കണ്ടിരുന്നതായും ചര്‍ച്ച ചെയ്‌ത്‌ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ കൊടുക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കൊടുക്കുമെന്നും തുഷാര്‍ അറിയിച്ചു.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്‌ നാസിന്‍ അബ്ദുള്ള. കടബാധ്യതയെ തുടര്‍ന്ന്‌ മൂന്നര വര്‍ഷമായി നാസിന്‍ നാട്ടില്‍ വന്നിട്ട്‌. മകന്‍ കേസില്‍ പെട്ടതോടെ നാസിന്റെ പിതാവ്‌ പക്ഷാഘാതം വന്ന്‌ എഴുന്നേറ്റ്‌ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി.

 പ്രവാസിയായിരുന്ന ഇദ്ദേഹം സമ്‌ബാദിച്ച വസ്‌തു വിറ്റും നാട്ടുകാരോട്‌ പണം വാങ്ങിയുമാണ്‌ നിസാന്‍ നല്‍കാനുള്ള പണം കൊടുത്തുതീര്‍ത്തത്‌. പിതാവ്‌ അജ്‌മാനില്‍ എത്തി മകനുവേണ്ടി കേസ്‌ നടത്തിയിരുന്നു. 

നാട്ടില്‍ പലര്‍ക്കും പണം നല്‍കാനുള്ളതിനാലാണ്‌ നിസാന്‍ നാട്ടിലേക്ക്‌ വരാന്‍ മടിക്കുന്നതെന്നും മാതാവ്‌ ചാനലുകളോട്‌ പ്രതികരിച്ചു. മകന്‍ ജയിലില്‍ ആയതോടെയാണ്‌ ഇത്രയും വലിയ പ്രശ്‌നമാണ്‌ അവിടെ നേരിടുന്നതെന്ന്‌ അറിഞ്ഞത്‌.  അവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക