Image

വനിതാ പോലീസിന്റെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു

Published on 23 August, 2019
വനിതാ പോലീസിന്റെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു
പത്തനംതിട്ട: റാന്നി വലിയകുളത്ത് വനിതാ സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെ.എ.പി ക്യാമ്പിലെ ഹണി രാജ് (27) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ കയറില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. വലിയകുളം കിഴക്കേതില്‍ രാജുജഗദമ്മ ദമ്പതികളുടെ മകളാണ്. രണ്ടു വര്‍ഷം മുമ്പാണ് പൊലീസില്‍ നിയമനം ലഭിച്ചത്. ശബരിമല മാസപൂജയോട് അനുബന്ധിച്ച് അഞ്ചു ദിവസമായി നിലയ്ക്കലില്‍ ഡ്യൂട്ടിയിലായിരുന്നു. മരണത്തിന് പിന്നില്‍ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് ചീഫ് ജി.ജയദേവ് പറഞ്ഞു.

കൊല്ലം കുണ്ടറ സ്വദേശിയും റെയില്‍വേ ജീവനക്കാരനുമായ സ്വരാജുമായി അഞ്ചുമാസം മുമ്പാണ് ഹണിയുടെ വിവാഹം നടന്നത്. കുടുംബപരമായ പ്രശ്‌നങ്ങളില്ലായിരുന്നെന്ന് ഹണിയുടെയും സ്വരാജിന്റെയും ബന്ധുക്കള്‍ പറഞ്ഞു. കിഡ്‌നി സ്‌റ്റോണിന് മരുന്ന് കഴിക്കുന്നതല്ലാതെ ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്നു.

നിലയ്ക്കലില്‍ നിന്ന് ബുധനാഴ്ച രാത്രിയില്‍ റാന്നിയിലെ വീട്ടിലെത്തിയ ഹണി കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാവിലെ ആറരയ്ക്ക് കാപ്പി കഴിച്ച ശേഷം ഭര്‍തൃവീട്ടിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ക്ഷീണമുണ്ടെന്നും കിടന്നിട്ടുവരാമെന്നും പറഞ്ഞ് കിടപ്പുമുറിയില്‍ കയറി. ഏഴരയോടെ ഹണിയെ വടശേരിക്കര ബസ് സ്‌റ്റോപ്പില്‍ കൊണ്ടുവിടാനായി പിതാവ് രാജു കതകില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ അറ്റന്‍ഡ് ചെയ്തില്ല. തുടര്‍ന്ന് രാജുവും ജഗദമ്മയും വാക്കത്തികൊണ്ട് കതക് വെട്ടിപ്പൊളിച്ച് മുറിയില്‍ കടന്നപ്പോഴാണ് ഹണിയെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. റാന്നിയിലെ സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്.

അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടില്‌ളെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടന്നും റാന്നി സി. ഐ.വിപിന്‍ ഗോപിനാഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക