Image

ആമസോണ്‍ മഴക്കാടുകള്‍: 'ഭൂമിയുടെ ശ്വാസകോശം' എരിഞ്ഞമരുന്നു (ശ്രീനി)

ശ്രീനി Published on 24 August, 2019
 ആമസോണ്‍ മഴക്കാടുകള്‍: 'ഭൂമിയുടെ ശ്വാസകോശം' എരിഞ്ഞമരുന്നു (ശ്രീനി)
ലോകം സ്തംഭിച്ച് നോക്കിനില്‍ക്കെ, ഭൂമിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുകയാണ്. വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ബ്രസീല്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പ്രകൃതി സ്‌നേഹികളുടെ ആശങ്ക അകലുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗത്ത് അമേരിക്കയില്‍ വ്യാപിച്ച് കിടക്കുന്ന ആമസോണ്‍ നിബിഢ വനം ഭൂമിയിലെ 20 ശതമാനം ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. അതുകൊണ്ടാണ് ഈ മഴക്കാടുകളെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഉഷ്ണമേഖല മഴക്കാടായ ആമസോണ്‍ വനത്തെ  കഴിഞ്ഞ ഒരാഴ്ചയായി കാട്ടുതീ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തില്‍ നിന്നുള്ള പുക ഓഗസ്റ്റ് 19ന് സാവോ പോളോ നഗരത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.  ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക പകലും പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കി. 2013നു ശേഷം ഉണ്ടായ റെക്കോര്‍ഡു തീപിടുത്തമാണിത്.  ഓഗസ്റ്റ് 15 മുതല്‍ 9,500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായി. ഇക്കൊല്ലം മാത്രം ആമസോണ്‍ വനത്തില്‍ ഏതാണ്ട് 75,000 തീപിടിത്തങ്ങള്‍  ഉണ്ടായിട്ടുണ്ടെന്ന് ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഇക്കൊല്ലം ഉണ്ടായത്.

വര്‍ഷത്തില്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള വരണ്ട കാലങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും യഥേഷ്ടം നടക്കുന്നുമുണ്ട്. വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, പരിസിഥിതി ഏജന്‍സി  തലവനെ പുറത്താക്കിയത് ആഴ്ചകള്‍ക്കു മുമ്പാണ്. ആമസോണ്‍ ബ്രസീലിന്റെ മാത്രം സ്വത്താണെന്നും അത് എങ്ങനെ ഉപയോഗിക്കാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് ബോള്‍സൊനാരോ പറയുന്നത്. ആമസോണിലെ വനങ്ങള്‍ മുറിച്ചുമാറ്റാന്‍ മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്ന് വനസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

മഴക്കാടുകളുടെ സിംഹഭാഗം ഉള്‍പ്പെടുന്ന ബ്രസീലില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുപരിശോധിച്ചാല്‍ ഏറ്റവും അധികം മഴക്കാടുകള്‍ നശിപ്പിക്കപ്പെട്ടതായി രേഖകള്‍ പറയുന്നു. അനധികൃതമായ മരംവെട്ടലും കാട് വെട്ടിത്തെളിച്ചുള്ള വന്‍തോതിലുള്ള കൃഷിയുമാണ് മഴക്കാടുകളെ നശിപ്പിക്കുന്നത്. മരംവെട്ട് മാഫിയയ്‌ക്കൊപ്പം കന്നുകാലി കൃഷിക്കാരും മനപ്പൂര്‍വം കാടിന് തീയിടുന്നുവെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. ലോകത്തില്‍ അവശേഷിക്കുന്ന മൊത്തം വനങ്ങളുടെ പകുതിയോളം ആമസോണില്‍ ആണ്. ഭൂമധ്യരേഖ പ്രദേശത്തുള്ള നിബിഡ വനങ്ങളില്‍ ഭൂമിയില്‍ ഏറ്റവും ജൈവവൈവിധ്യമുള്ള മേഖലയും ആമസോണ്‍ ആണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും നിയന്ത്രിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാണ് ആമസോണ്‍ വനങ്ങള്‍.

 കാട്ടുതീ വ്യാപിച്ചതോടെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള പോരാട്ടവും അപകടത്തിലാകും എന്നാണ് കരുതുന്നത്. ജൂലൈ 2018വരെയുള്ള ഒരുവര്‍ഷത്തെ ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് 7,900 ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിക്കപ്പെട്ടു. നമ്മുടെ ഇടുക്കി ജില്ലയുടെ വിസ്തീര്‍ണം എതാണ്ട് 4300 ചതുരശ്ര കിലോമീറ്റര്‍ ആണെന്ന് ഓര്‍ക്കണം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 83 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ ഭീതിതമാണ് ഈ വിവരങ്ങള്‍. ബ്രസീല്‍ സംസ്ഥാനമായ മാറ്റോ ഗ്രോസൊയാണ് ഏറ്റവും അധികം വനം നശിപ്പിച്ചത്. ബ്രസീലിലെ ഏറ്റവും അധികം സോയബീന്‍ ഉല്‍പ്പാദനം നടക്കുന്ന സംസ്ഥാനമാണിത്.

ആമസോണ്‍ മഴക്കാടുകളുടെ വിസ്തൃതി 55 ലക്ഷം ചതുരശ്രമീറ്ററാണ്. കേരളത്തിന്റെ 138 ഇരട്ടി വലിപ്പമുണ്ടിതിന്. 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവിടങ്ങളിലായി ഇത് വ്യാപിച്ചുകിടക്കുന്നു. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. 16000 സ്പീഷിസുകളിലായി 39000 കോടി മരങ്ങളാണ് ഇവിടെയുള്ളത്. അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വനമാണ് ആമസോണ്‍ മഴക്കാടുകള്‍.

ആമസോണ്‍ വനങ്ങളില്‍ 11200 വര്‍ഷം മുമ്പ് മനുഷ്യര്‍ വസിച്ചിരുന്നതായി പര്യവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എ.ഡി 1250 ഓടെ മനുഷ്യര്‍ ഇവിടെ സ്ഥിരവാസം ഉറപ്പിക്കുകയും തല്‍ഫലമായി കാടിന്റെ പ്രകൃതത്തില്‍ വ്യത്യാസം വരികയും ഉണ്ടായി. എ.ഡി 1500 കാലഘട്ടത്തില്‍ ഏതാണ്ട് 50 ലക്ഷം ആള്‍ക്കാര്‍ ആമസോണ്‍ പ്രദേശത്ത് ജീവിച്ചിരുന്നിട്ടുണ്ടാവാം എന്ന് കരുതുന്നു. 1900 ആയപ്പോഴേക്കും ഇത് 10 ലക്ഷമായി കുറയുകയും എണ്‍പതുകളില്‍ ഇതു വെറും രണ്ട് ലക്ഷമായി ചുരുങ്ങുകയും ചെയ്തു. 2003ലെ പര്യവേഷണങ്ങളില്‍ പുരാതനമായ വലിയ മനുഷ്യവാസങ്ങളുടെ തെളിവുകളും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിച്ചിരുന്നുവെന്നുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം.

വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകള്‍ എന്നു പറയുന്നത്. സാധാരണ ഒരു വര്‍ഷത്തില്‍ 1750 മില്ലിമീറ്റര്‍റില്‍ കൂടുതല്‍ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകള്‍ എന്നു പറയാം. യുണൈറ്റഡ് നേഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ വേള്‍ഡ് കണ്‍സര്‍വേഷന്‍ മോണിറ്ററിങ് സെന്ററിന്റെ വനവര്‍ഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് മഴക്കാടുകള്‍. ജൈവവൈവിധ്യത്തിന്റെ മഴക്കാടുകള്‍ തന്നെയാണ്. ഇതില്‍ത്തന്നെ ആമസോണാവട്ടേ, ഏഷ്യയിലെയും ആഫ്രിക്കയിലെയും കാടുകളേക്കാള്‍ ഉയര്‍ന്ന ജൈവവൈവിധ്യം ഉള്ളതുമാണ്. ഈ കാടുകളില്‍ മറ്റെവിടെയുമുള്ള ജീവജാലങ്ങളേക്കാള്‍ ജീവികള്‍ അടങ്ങിയിരിക്കുന്നു.

ലോകത്തേറ്റവും ജന്തു-സസ്യജാലങ്ങള്‍ ഉള്ള സ്ഥലമാണ് ആമസോണ്‍ മഴക്കാടുകള്‍. ആമസോണ്‍ മേഖലയില്‍ ഏതാണ്ട് 25 ലക്ഷം പ്രാണി സ്പീഷിസുകളും, പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളും ഉണ്ട്. ഇതുവരെ കുറഞ്ഞത് 40000 തരം സസ്യങ്ങള്‍, 2,200 തരം മീനുകള്‍, 1,294 പക്ഷികള്‍, 427 സസ്തനികള്‍, 428 ഉഭയജീവികള്‍, 378 ഉരഗങ്ങള്‍ എന്നിവയെ ഇവിടെ നിന്നും ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ചിട്ടുണ്ട്. ലോകത്തു കാണുന്ന അഞ്ചുതരം പക്ഷികളില്‍ ഒന്ന് ആമസോണ്‍ മഴക്കാടുകളിലാവും, അതുപോലെ തന്നെ അഞ്ചില്‍ ഒന്ന് തരം മല്‍സ്യങ്ങളും ഇവിടത്തെ പുഴകളിലാണ് ഉണ്ടാവുക. 96660 നും 128843 നും ഇടയില്‍ അകശേരുകികള്‍ ബ്രസീലില്‍ മാത്രം ഉണ്ടെന്നാണു കണക്ക്.

ലോകത്തേറ്റവും കൂടുതല്‍ സസ്യവൈവിധ്യമുള്ള ഇടമാണ് ആമസോണ്‍ കാടുകള്‍. മഴക്കാട്ടിലെ മരങ്ങളുടെ പച്ച ഇലകളുടെ അളവ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സൂര്യപ്രകാശം പരമാവധി കിട്ടുന്ന കാലത്ത് ഇലച്ചാര്‍ത്തുകള്‍ വളരെയേറെയുണ്ടാവും, മേഘം മൂടിയ നനഞ്ഞ കാലത്ത് ഇല പൊഴിക്കുകയും ചെയ്യും. ഈ മാറ്റങ്ങള്‍ വഴിയാണ് പ്രകാശസംശ്ലേഷണവും ശ്വസനവും വഴി കാര്‍ബണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നത്. ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോണ്‍ മഴക്കാടുകള്‍.

കരയില്‍ കറുത്ത ചീങ്കണ്ണി, ജാഗ്വാര്‍, പൂമ, അനാക്കൊണ്ട എന്നിവരും, വെള്ളത്തില്‍ ഇരയെ ബോധം കെടുത്താനും കൊല്ലാനോ പോലും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാന്‍ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളും ഉണ്ട്. കൊടിയ വിഷം ഉള്ള അമ്പു തവളകള്‍ മാരകമായ ലിപ്പോഫിലിക് ആല്‍ക്കലോയ്ഡ് ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കും. ഇവ കൂടാതെ ധാരാളം പരാന്നഭോജികളായ ജീവികളും രോഗം പരത്തുന്നവയും ഉണ്ട്. പേവിഷം പരത്താന്‍ കഴിവുള്ള വാമ്പയര്‍ വവ്വാലുകളും ഇവയില്‍ പെടുന്നു. മലേറിയ, മഞ്ഞപ്പനി, ഡെംഗിപ്പനി എന്നിവയും ആമസോണ്‍ പ്രദേശത്ത് പിടിപെടാം. ഏതായാലും ഭൂമിയുടെ ശ്വാസകോശം തന്നെ കത്തിയമരുമ്പോള്‍ ജീവന് ഭീഷണിയില്ലാതിരിക്കുമോ..? തീര്‍ച്ചയായും. പകഷേ, ലോകം ഈ കാഴ്ച നിസഹായതോടെയാണ് നോക്കി നില്‍ക്കുന്നത്.


 ആമസോണ്‍ മഴക്കാടുകള്‍: 'ഭൂമിയുടെ ശ്വാസകോശം' എരിഞ്ഞമരുന്നു (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക