Image

ആമസോണ്‍ കാട്ടുതീ: പ്രതിക്ഷേധത്തെ തുടര്‍ന്ന് ബ്രസീല്‍ സൈന്യത്തെ അയയ്ക്കുന്നു

Published on 24 August, 2019
ആമസോണ്‍ കാട്ടുതീ: പ്രതിക്ഷേധത്തെ തുടര്‍ന്ന് ബ്രസീല്‍  സൈന്യത്തെ അയയ്ക്കുന്നു

പോര്‍ട്ട് വെല്‍ഹോ: അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുര്‍ന്ന് ആമസോണ്‍ കാട്ടുതീ നേരിടാന്‍ സൈന്യത്തെ നിയോഗിക്കാന്‍ ബ്രസീലിന്റെ തീരുമാനം. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബോല്‍സൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

ശനിയാഴ്ച മുതല്‍ ബ്രസീല്‍ സൈന്യത്തെ ഇതിനായി നിയോഗിക്കും. ബ്രസീലിയന്‍ ആമസോണ്‍ പ്രദേശങ്ങളിലാവും സൈന്യം കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. കാട്ടുതീ നേരിടാന്‍ സൈന്യം ശക്തമായി ഇടപെടുമെന്ന് ബോല്‍സൊനാരോ വ്യക്തമാക്കി. സുരക്ഷാ, പരിസ്ഥിതി സംരക്ഷണ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും സൈന്യത്തിന്റെ പ്രവര്‍ത്തനം.

മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതന്ന് നേരത്തെ ബോല്‍സൊനാരോ അഭിപ്രായപ്പെട്ടിരുന്നു. ഇത് പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിന് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് സാവോപോളോയിലും റിയോ ഡി ജനീറോയിലും ആയിരക്കണക്കിന് ആളുകള്‍ അണിനിരന്ന പ്രതിഷേധങ്ങള്‍ നടന്നു.

ഇതിന് പുറമെ ആമസോണ്‍ കാട്ടുതീയെ നേരിടാന്‍ ബ്രസീല്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് പാരീസിലെയും ലണ്ടനിലെയും ജനീവയിലെയും ബോഗോട്ടയിലെയും നയതന്ത്ര കേന്ദ്രങ്ങളില്‍ വലിയ റാലികള്‍ നടന്നു. ചിലിയിലും ഇക്വഡോറിലും പെറുവിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നു. ആമസോണ്‍ വനാന്തരങ്ങളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്.

മറ്റ് ആമസോണ്‍ രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നേരിടാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന എ.ബ് 747400 സൂപ്പര്‍ ടാങ്കര്‍ വിമാനമുപയോഗിച്ചും ബൊളീവിയയില്‍ തീയണക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക