Image

കണ്ണീരോര്‍മയില്‍ കെവിന്റെ നീനു, ദുരഭിമാന പ്രതികള്‍ അഴിക്കുള്ളില്‍ (ശ്രീനി)

Published on 27 August, 2019
കണ്ണീരോര്‍മയില്‍ കെവിന്റെ നീനു, ദുരഭിമാന പ്രതികള്‍ അഴിക്കുള്ളില്‍ (ശ്രീനി)
 "എനിക്കങ്ങനെ ഇപ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്‌നേഹമോ ഒന്നുമില്ല. അച്ഛന്‍, അമ്മ എന്ന ഒരു പൊസിഷന്‍ മാത്രം. അവരൊന്ന് ചിന്തിച്ചാല്‍ മതിയായിരുന്നു. അവിരിനി കാണാന്‍ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാന്‍ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല...'' മനസാക്ഷിയെ ഞെട്ടിച്ച, കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കേസിന്റെ വിധിയിന്ന് വന്നപ്പോള്‍, കെവിന്‍ എന്ന ഹതഭാഗ്യന്റെ  പ്രിയപ്പെട്ട നീനു എന്ന നീനു ചാക്കോ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. തന്റെ ജീവിത പങ്കാളിയെ നിഷ്ഠൂരം ഇല്ലാതാക്കിയ സ്വന്തം മാതാപിതാക്കളെ നീനു അത്രമേല്‍ വെറുത്തിരുന്നുവെന്നാണ് ഈ വാക്കുകളുടെ സാക്ഷ്യപ്പെടുത്തല്‍. പക്ഷേ, കെവിന്റെ പ്രണയാര്‍ദ്രമായ ഓര്‍മകളാണ് നീനുവിനെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മനുഷ്യ ജീവനേക്കാള്‍ വില ജാതിക്കും മതത്തിനും കല്‍പ്പിക്കുന്ന ഒരുകൂട്ടം നരാധമന്‍മാര്‍ പരിഷ്കൃത കേരളത്തിലും ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കെവിന്‍ എന്ന കെവിന്‍ ജോസഫിന്റെ (24), കോടതിയുടെ വാക്ക് കടമെടുത്താല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകം. ഉത്തരേന്ത്യയില്‍ ജാതിയുടെ പേരില്‍ ദുരഭിമാനക്കൊലകള്‍ നിരന്തരം നടക്കുന്ന സമയത്താണ് കേരളത്തിലും ഇത്തരത്തിലൊരു കൊലപാതകം നടന്നത്. ജാതിയുടെ പേരിലുള്ള അയിത്തവും അനാചാരങ്ങളും മലയാളമണ്ണില്‍ നിന്ന് തുടച്ചുനീക്കിയെന്ന് പറഞ്ഞ് മേനിനടിക്കുമ്പോഴും അതെല്ലാം പലരുടെയും മനസില്‍ രാക്ഷസ രൂപം പ്രാപിച്ച് നില്‍ക്കുന്നുണ്ട്.

സ്വന്തം മാതാപിതാക്കളും ബന്ധുക്കളും ഒരുനുമിഷം ഒന്ന് മാറി ചിന്തിച്ചിരുന്നെങ്കില്‍ ഒരു ജീവന്‍ പൊലിയില്ലായിരുന്നു...നീനുവിന് തോരാ കണ്ണീരുമായി ജീവിതകാലം മുഴുവന്‍ കഴിയേണ്ടി വരുമായിരുന്നില്ല. ഏതായാലും തീരാവേദയുടെ ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞപ്പോഴാണ്, പ്രതികളായ പത്ത് പേരെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി വന്നിരിക്കുന്നത്. എന്നാലതിനും നീനുവിന്റെ നോവിനെ ശമിപ്പിക്കാനുള്ള കരുത്തില്ലെന്നുറപ്പ്.

കെവിന്റെ മരണം ദുരഭിമാനക്കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദത്തിന് കനത്ത ബലം നല്‍കിയത് നിര്‍ണായക സാക്ഷിയായ നീനു കോടതിയില്‍ എടുത്ത നിലപാടായിരുന്നു. അച്ഛനും സഹോദരനും പ്രതിസ്ഥാനത്തായിട്ടും നീനു പതറിയില്ല. സാക്ഷിക്കൂട്ടില്‍ നിന്ന നീനുവിനെ നോക്കി കൈകൂപ്പിയാണു പിതാവ്  ചാക്കോ ആദ്യം വിസ്താരവേളയില്‍ നിന്നിരുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞതായി നീനു പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിക്കുന്നതിനെതിരായിരുന്നു പിതാവ് ചാക്കോയും മാതാവ് രഹനയും.

കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് നീനു കോടതിയില്‍ നല്‍കിയ മൊഴി. നീനുവിന്റേതിനൊപ്പം നിര്‍ണായകമായ പല മൊഴികളും കണക്കിലെടുത്താണ് കോടതി അന്തിമ വിധി പറഞ്ഞത്. സഹോദരന്‍ ഷാനു ചാക്കോയ്‌ക്കെതിരെയുമുള്ള നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവാകുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തത്തിന് പുറമെ 40,000 രൂപ വീതം പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.

ഒരു സുഹൃത്തുമൊത്ത് 2017 ഓഗസ്റ്റ് 27ന് കോട്ടയം നാഗമ്പടം ബസ്റ്റാന്‍ഡില്‍ ബസുകയറാന്‍ നില്‍ക്കുമ്പോഴാണ് കെവിനെ നീനു ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയില്‍ കെവിന്‍ വിദേശത്തുപോയി. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറുപ്പം മുതല്‍ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളര്‍ന്നത്. നാട്ടിലെത്തിയിട്ടും അവര്‍ നീനുവിനോട് ബന്ധം പുലര്‍ത്തിയിരുന്നില്ല. കൂടുതലും സഹോദരന്‍ ഷാനുവിനോടാണ് സ്‌നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജില്‍ പോകുമ്പോള്‍ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛന്‍ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നുവെന്ന് നീനു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയുരുന്നു.

വീട്ടുകാരിന്‍ നിന്ന് കിട്ടാത്ത സ്‌നേഹവും കരുതലും കെവിനില്‍ നിന്ന് കിട്ടിയപ്പോള്‍ അത് അവരുടെ വിവാഹത്തില്‍ കലാശിച്ചത് സ്വാഭാവികം. കെവിന്‍ തന്റെ സഹോദരിയെ വിവാഹം കഴിച്ച വിവരമറിഞ്ഞ ഉടന്‍ ഷാനു ചാക്കോ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് കടുത്ത പ്രതികാര ദാഹത്തോടെയായിരുന്നു. കൊലപാതകത്തിന് ശേഷം ഷാനു പിതാവ് ചാക്കോയെയും കൂട്ടി ബംഗളൂരുവിലേക്ക് കടന്നു. എന്നാല്‍ പൊലീസ് പിന്തുടരുന്നുണ്ട് എന്ന് ബോധ്യമായതോടെ ഇരുവരും പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരും ഉള്‍പ്പെടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വിധി വന്നപ്പോള്‍ ഒന്‍പതു പ്രതികള്‍ ജയിലിലും അഞ്ചു പ്രതികള്‍ ജാമ്യത്തിലുമാണുണ്ടായിരുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും കോടതി ചര്‍ച്ച ചെയ്തു.

കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് 2018 മെയ് 28നാണ്. 2018 മെയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28ന് രാവിലെ 11ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, 27ന് കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പരാതി മാറ്റിവെക്കുകയായിരുന്നു. ഇത് കേസിലെ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

അന്നേദിവസം തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കെവിന്റെ കൂടെ പോയാല്‍ മതിയെന്ന നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം പൊലീസ് പിടിയിലായത്. പിന്നീട് കീഴടങ്ങിയ ഷാനു ചാക്കോയുടെയും അച്ഛന്‍ ചാക്കോ ജോണിന്റെയും അറസ്റ്റ് രാഖപ്പെടുത്തി. ആറ്റില്‍ മുങ്ങിമരിച്ചതെന്നായിരുന്നു കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കെവിനെ മുക്കിക്കൊന്നതാണെന്ന് ഫൊറന്‍സിക് വിഭാഗം കണ്ടെത്തി. ഇതാണ് നിര്‍ണ്ണായകമായത്.

കെവിനെ കാണാനില്ലെന്ന് പലതവണ കരഞ്ഞ് പറഞ്ഞിട്ടും നീനുവിനോട് ഒരു ദയയും ഗാന്ധിനഗര്‍ പൊലീസ് അന്ന് കാണിച്ചില്ല. മുഖ്യമന്ത്രിയുടെ പരിപാടി ഉള്ളതിനാല്‍ കെവിനെ അന്വേഷിക്കാന്‍ സമയമില്ലെന്നായിരുന്നു എസ്.ഐ എം.എസ് ഷിബുവിന്റെ മറുപടി. ഷിബുവിനെ പിന്നീട് സസ്‌പെന്റ് ചെയ്തു. എസ്.പിയായിരുന്ന മുഹമ്മദ് റഫീക്കിനെ സ്ഥലം മാറ്റി. പ്രതികളുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയും പൊലീസ് നാണെകെട്ടു. പൊലീസിന് കൈക്കൂലി നല്‍കിയെന്ന പ്രതികളുടെ രഹസ്യമൊഴി പോലീസിന് സ്വയം പാരയായി.
***
ഒരു സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷതിനു കാരണമായി എന്ന കുറ്റം ചുമത്തി ഒരു വ്യക്തിയെ ആ കുടുംബത്തിലെയോ സമൂഹത്തിലെയോ മറ്റ് അംഗങ്ങള്‍ കൊലചെയ്യുന്നതിനെയാണ് ദുരഭിമാനക്കൊല എന്നു വിശേഷിപ്പിക്കുന്നത്. ലോകത്ത് വര്‍ഷം തോറും ഇരുപതിനായിരത്തിലധികം സ്ത്രീകള്‍ ദുരഭിമാനക്കൊലക്ക് വിധേയമാകുന്നതായി മദ്ധ്യപൂര്‍വേഷ്യയിലെയും പശ്ചിമേഷ്യയിലെയും വനിതാസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ദുരഭിമാനക്കൊലയെ നിര്‍വചിച്ചിരിക്കുന്നതിങ്ങനെ...കുടുംബത്തിനു മാനഹാനി വരുത്തി എന്ന കാരണത്താല്‍ കുടുംബത്തിലെ ആണ്‍ അംഗങ്ങള്‍ പെണ്‍ അംഗങ്ങള്‍ക്കു നേരെ നടത്തുന്ന പ്രതികാര നടപടികള്‍ (പൊതുവേ കൊലപാതകം) ആണ് ദുരഭിമാനക്കൊല. തീരുമാനിച്ച വിവാഹത്തിന് തയ്യാറാവാതിരിക്കല്‍, ലൈംഗിക അതിക്രമത്തിന്റെ ഇരയാകല്‍, വിവാഹ മോചനത്തിനു ശ്രമിക്കല്‍ അതിക്രമകാരിയായ ഭര്‍ത്താവാണെങ്കിലും, അല്ലെങ്കില്‍ ചാരിത്ര്യം ചോദ്യംചെയ്യപ്പെടുക തുടങ്ങി പലകാരണങ്ങളാലും ഒരു സ്ത്രീ ഇതിനിരയാവാം. കുടുംബത്തിനു മാനഹാനിക്കു കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന കേവല വിവരം മതി അവളുടെ ജീവനു ഭീഷണിയുണ്ടാവാന്‍. ഒരു കുടുംബത്തിലെ സ്ത്രീയുമായി അനഭിമതമായ ബന്ധത്തിലേര്‍പ്പെട്ടു എന്ന കാരണത്താല്‍ ആ സ്ത്രീയുടെ ബന്ധുക്കളാല്‍ ഒരു പുരുഷനും ദുരഭിമാനക്കൊലക്കിരയാകാവുന്നതാണ്.



Join WhatsApp News
സദ്‌പുത്രി 2019-08-27 13:17:19
സദ്‌പുത്രി ആയി നമുക്ക് നീനുവിന്റെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്താം. ഇങ്ങനെ ഒരു മകൾ /പെങ്ങൾ ഉണ്ടായാൽ ജീവിതം സഫലം!
Observer 2019-08-27 13:20:24
പഠിക്കാൻ  വിട്ടവൾ . ഹോസ്റ്റലിൽ കാശു മുടക്കി നിർത്തിയവൾ. പക്ഷെ അവൾക്ക് പ്രേമിക്കാനായിരുന്നു താല്പര്യം. എന്നാൽ വേലയും കൂലിയും   ഉള്ള ഒരാളെ കണ്ടെത്താനായോ അതുമില്ല. ഇപ്പൾ കുറ്റമെല്ലാം കുടുംബത്തിന്റെ തലയിൽ.
എത്ര കുടുംബം ഈ പ്രേമം മൂലം തകർന്നു? തൃപ്തി ആയില്ലേ മോളെ 
സദ്‌ പുത്രി & Observer ! 2019-08-27 17:14:11
 നിങ്ങളിലെ വര്‍ണ വിവേചനം എത്ര വേഗം വെളിയില്‍ വന്നു. നിങ്ങള്‍ കുറെ മുമ്പ് ഉള്ള നൂറ്റാണ്ടില്‍ ജനിക്കേണ്ടവര്‍. ഇവിടുത്തെ പ്രശ്നം ഒരു കുലപാതകം ആണ്, പ്രേമം അല്ല. ആര്‍ക്കും ആരെയും കൊല്ലാന്‍ അദികാരം ഇല്ല. നിങ്ങളുടെ പെങ്ങളോ മകളോ  ഇപ്രകാരം പ്രേമിച്ചാല്‍ നിങ്ങള്‍ കുലപാതകം ചെയ്യും അല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക