Image

മായാമോഹിനിക്കു ശേഷം ദിലീപിന്റെ നാടോടി മന്നന്‍

Published on 05 May, 2012
മായാമോഹിനിക്കു ശേഷം ദിലീപിന്റെ നാടോടി മന്നന്‍
ഇതു പത്മനാഭന്‍. ഇപ്പോള്‍ തിരുവനന്തപുരം മേയറാണ്. ഈ പദവിയില്‍ പത്മനാഭനെത്തിയതിന്റെ കല്ലും മുള്ളും നിറഞ്ഞ സാഹസികമായ വഴികളിലൂടെയുള്ള ദുരിതപൂര്‍ണമായ സഞ്ചാരമുണ്ട്. ഒരുപക്ഷേ, ത്യാഗപൂര്‍വമായ ഈ സഞ്ചാരംതന്നെയാകാം ഈ നിലയിലെത്താനുള്ള കാരണവും.

വിജി തമ്പി സംവിധാനംചെയ്യുന്ന നാടോടി മന്നന്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് പത്മനാഭന്‍. ദിലീപ് പത്മനാഭനെ അവതരിപ്പിക്കുന്നു. മായാമോഹിനി പൂര്‍ത്തിയാക്കിയതിനുശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്.

മായാമോഹിനി പൂര്‍ത്തിയാക്കിയ ദിലീപ് ഏതാണ്ട് ഒരു മാസത്തോളമുള്ള വിശ്രമത്തിനുശേഷമാണ് നാടോടിമന്നനിലെത്തിയത്. മായാമോഹിനിക്കുവേണ്ടി ഉപേക്ഷിച്ച മീശ വളരേണ്ടതും ആവശ്യമായിരുന്നു. ഇതിനിടയില്‍ മായാമോഹിനിയുടെ പ്രമോഷന്‍ സംബന്ധമായ പരിപാടികളിലും പങ്കെടുക്കുകയുണ്ടായി.

സഖാവ് മാധവേട്ടന്റെ മകനാണ് പത്മനാഭന്‍. നിസ്വാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തി. മകനില്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയതാണ് മാധവേട്ടന്‍. മാധവേട്ടന്റെ മരണമാണ് പത്മനാഭനില്‍ വലിയ ഉത്തരവാദിത്വമുണ്ടാകാനുള്ള കാരണം. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ മനസിലായതോടെ പത്മനാഭന്‍ കണെ്ടത്തിയത് ജാഥാ തൊഴിലാളിയാകുകയായിരുന്നു. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെയും ജാഥയ്ക്കു പോവുക, ആള്‍ക്കാരെ സംഘടിപ്പിക്കുക. ഒറ്റപ്പാലത്തുകാരനായ പത്മനാഭന്‍ ഇങ്ങനെയൊരു ജാഥാ തൊഴിലാളിയായിട്ടാണ് തിരുവനന്തപുരത്ത് എത്തുന്നത്. അങ്ങനെയൊരു ദിവസം അവന്റെ ജീവിതത്തില്‍ ഭാഗ്യം വന്നുവീണു. അതുകൊണെ്ടത്തിച്ചത് തിരുവനന്തപുരം മേയറായിട്ടാണ്.

മേയറായുള്ള പത്മനാഭന്റെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രസകരവും ഒപ്പം ഉദ്വേഗജനകവുമായ രംഗങ്ങളിലൂടെയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

മൂന്ന് നായികമാരുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്. അനന്യ, മൈഥിലി, അര്‍ച്ചനാ കവി എന്നിവരാണിവര്‍.

വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, സുരാജ്, നെടുമുടി വേണു, റിയാസ് ഖാന്‍, മുരളി മോഹന്‍, സലിംകുമാര്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ഗീഥാ സലാം, നന്ദു പൊതുവാള്‍, ശ്രീലത, കുളപ്പുള്ളി ലീല, നന്ദു പൊതുവാള്‍, കലാഭവന്‍ പ്രചോദ്, സോളമന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. കഥ- വി.എസ്. സുഭാഷ്. വയലാര്‍ ശരത് ചന്ദ്രവര്‍മ, അനില്‍ പനച്ചൂരാന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- മനോജ്, കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്- പി.എസ്. മണി, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, അസോസിയേറ്റ് ഡയറക്ടര്‍- അന്‍സാര്‍. പ്രൊഡ. കണ്‍ട്രോളര്‍- ദീപു എസ്. കുമാര്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്- രാജേഷ് തിലകം, സന്തോഷ്.

ചിത്രം ഫിലിംസിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ചിത്രം ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

മായാമോഹിനിക്കു ശേഷം ദിലീപിന്റെ നാടോടി മന്നന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക