Image

സി.ഐ.ടി.യു സമരത്തില്‍ മനംമടുത്ത് കേരളം വിടുന്ന മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് (ശ്രീനി)

Published on 30 August, 2019
സി.ഐ.ടി.യു സമരത്തില്‍ മനംമടുത്ത് കേരളം വിടുന്ന മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് (ശ്രീനി)
സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളി സമരം ശക്തമായതോടെ, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുകയാണെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ കൈയ്യാങ്കളിയിലെത്തിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നും പിന്നീട് ചികിത്സ തേടിയവര്‍ക്ക് ആശുപത്രിയിലും മര്‍ദ്ദനമേറ്റെന്നും ആരോപണമുയര്‍ന്നിരിക്കുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ശങ്കേഴ്‌സ് ലാബിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് റീജണല്‍ ഓഫീസിലെ ജീവനക്കാരാണ് മര്‍ദനത്തിന് ഇരയായത്. തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്ക് കയറിയ അഞ്ച് ജീവനക്കാര്‍ക്ക് 29-ാം തീയതി രാത്രി എട്ടേകാലോടെയാണ് സമരക്കാരുടെ മര്‍ദനമേറ്റത്.

ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ സ്ഥാപനം ഒന്‍പത് ദിവസമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാഹചര്യത്തിലെ ശാഖകളില്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് സ്ഥാപനം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതോടെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 11 ജീവനക്കാര്‍ ജോലിക്ക് ഹാജരാകുകയും ചെയ്തു. പ്രശ്‌ന സാധ്യതകള്‍ കണക്കിലെടുത്ത് ഇവര്‍ സംഭവ ദിവസം രാവിലെ ജോലിയില്‍ പ്രവേശിച്ചു. വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സംഘടിച്ചെത്തിയ സമരക്കാര്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയെങ്കിലും സമരാനുകൂലികള്‍ പിന്തുടര്‍ന്നെത്തി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 2016 മുതല്‍ ഇവിടെ നടക്കുന്ന സമരം ഒത്തുതീര്‍ക്കുന്നതിന് സര്‍ക്കാര്‍ അനുഭാവ പൂര്‍വം ഇടപെടുന്നില്ലെന്നും സ്ഥാപനം മൂന്നു വര്‍മായി തകര്‍ച്ചയിലാണെന്നും അധികൃതര്‍ പറയുന്നു. സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാട്. സെപ്റ്റംബര്‍ രണ്ടാം തീയതിക്ക് ശേഷവും സമരം തുടരുകയാണെങ്കില്‍ കേരളത്തിലെ കമ്പനിയുടെ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. അതേസമയം ഇവിടങ്ങളിലെ ഇടപാടുകാര്‍ ആശങ്കയിലുമാണ്. കേരളത്തില്‍ സര്‍വ്വീസ് മേഖലയില്‍ ട്രേഡ് യൂണിയന്‍ സമരം മൂലം ഒരു ലിമിറ്റഡ് കമ്പനി പ്രവര്‍ത്തനം നിറുത്തുന്നത് ഇതാദ്യമാണ്.

കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ മുന്നൂറോളം ശാഖകളിലാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി സമരം നടക്കുന്നത്. ഇതുമൂലം ഇടപാടുകാര്‍ കുറഞ്ഞിരിക്കുന്നതിനാല്‍ ബിസിനസില്‍ ഇടിവു വന്നിരിക്കുന്നുവെന്നും ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞു. ഇതോടെ 3500 ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവില്ലത്രേ. ഇന്ത്യയിലാകെ സ്ഥാപനത്തിന് 26,000 ജീവനക്കാരുണ്ട്. കേരളം വിടുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് അവരുടെ തീരുമാനം.

തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.ഐ.ടി.യു സമരം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഒമ്പതു ദിവസമായി നടത്തുന്ന സമരത്തില്‍ ഇതുവരെ ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത മാനേജ്‌മെന്റ്, സമരം പൊളിക്കാന്‍ വേണ്ടി നടത്തുന്ന തന്ത്രങ്ങളാണ് സി.ഐ.ടി.യു ഗുണ്ടായിസവും കേരളത്തില്‍ നിന്ന് ബിസിനസ് നിര്‍ത്തുന്നുവെന്ന വാര്‍ത്തകളും എന്നാണ് സമരത്തിലുള്ള ജീവനക്കാരുടെ വാദം. കേരളത്തില്‍ ജോലി ചെയ്യുന്നവരില്‍ തൊണ്ണൂറ് ശതമാനം പേരും സംഘടനയിലെ അംഗങ്ങളാളാണെന്നും പത്ത് ശതമാനം ആളുകള്‍ മാത്രമേ മാനേജ്‌മെന്റിന്റെ കൂടെ നില്‍ക്കാന്‍ തയ്യാറായുള്ളൂവെന്നും സി.ഐ.ടി.യു വ്യക്തമാക്കുന്നു.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം സ്ഥാപനത്തില്‍ അനുവദിക്കില്ല എന്ന മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യമാണ് അവര്‍ പുലര്‍ത്തിപ്പോന്നതെന്നാണ് സമരക്കാരുടെ ആവലാതി. നിരവധിയാളുകള്‍ക്ക് കിട്ടാനുണ്ടായിരുന്ന സാമ്പത്തിക ആനുകൂല്യം തടഞ്ഞുവെക്കുക, ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുക തുടങ്ങിയ ശിക്ഷകളും പതിവാണ്. 140ഓളം വനിതാ ജീവനക്കാരെയാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോലും സ്ഥലം മാറ്റിയത്. ഇത്തരത്തില്‍ സംഘടനയില്‍ ഉള്ളവര്‍ക്കെതിരെ പ്രതികാര നടപടികള്‍ എടുത്ത് അവരെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുതെന്ന് യൂണിയന്‍ കുറ്റപ്പെടുത്തുന്നു.

നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെയാണ് സമരം നീളുന്നതെന്ന് സി.ഐ.ടി.യു പറയുന്നു. 628 ശാഖകള്‍, മുഖ്യഓഫീസ്, മേഖല ഓഫീസുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 1600 സി.ഐ.ടി.യു ജീവനക്കാരാണ് സമരത്തില്‍. എന്നാല്‍ തൊഴില്‍ നഷ്ടത്തിന് പുറമെ കമ്പനി തീരുമാനം സംസ്ഥാന ഖജനാവിനും വലിയ നഷ്ടം വരുത്തും. കഴിഞ്ഞ വര്‍ഷം മുത്തൂറ്റ് ഫിനാന്‍സ് സര്‍ക്കാരിന് നികുതിയിനത്തില്‍ നല്‍കിയത് 500 കോടി രൂപയാണ്. കോടതി നിര്‍ദേശങ്ങള്‍ സി.ഐ.ടി.യു പാലിച്ചില്ലെന്നും കമ്പനി പലവട്ടം അഭ്യര്‍ത്ഥിച്ചിട്ടും സര്‍ക്കാര്‍ സമരങ്ങള്‍ ഒത്തുതീര്‍ക്കുവാന്‍ സമവായ ശ്രമങ്ങള്‍ നടത്തിയില്ലെന്നും മാനേജ്‌മെന്റ് ആവര്‍ത്തിച്ച് ആരോപിക്കുന്നണ്ട്. സ്ഥാപനത്തെ തകര്‍ക്കാന്‍ സി.ഐ.ടി.യു നേതൃത്വം നല്‍കുന്ന ഗുണ്ടായിസമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

കേരളത്തിന്റെ ബിസിനസ് രംഗത്ത് ആഴത്തില്‍ വേരോട്ടമുള്ളതും മലയാളികളുടെ മനസില്‍ പതിഞ്ഞതുമായ സ്ഥാപനമാണ് മുത്തൂറ്റ് ഗ്രൂപ്പ്. മുത്തൂറ്റ് ഗ്രൂപ്പിന് മൂന്ന് തലമുറകളുടെ പഴക്കമുണ്ട്. 1887ല്‍ മുത്തൂറ്റ് നൈനാന്‍ മത്തായി കോഴഞ്ചേരിയില്‍ ചിട്ടി സ്ഥാപനമായാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ തുടക്കമിട്ടത്. പിന്നീട് അദ്ദേഹത്തിന്റെ മകന്‍ ജോര്‍ജ് എം മുത്തൂറ്റ് ചുമതല ഏറ്റെടുത്തു. എഴുപതുകളില്‍ കേരളത്തിന് പുറത്തേക്കും പ്രവര്‍ത്തനം തുടങ്ങിയ ഈ ധനകാര്യ സ്ഥാപനം രണ്ടായിരത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡായത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലായി മുത്തൂറ്റിന് 4,500 ശാഖകളുണ്ട്. 4.5 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള മുത്തൂറ്റ് ഗ്രൂപ്പ്, അമേരിക്ക, യു.കെ, യു.എ.ഇ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമറിയിക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ഐ.ടി, മീഡിയ, ഹെല്‍ത്ത് കെയര്‍, എജ്യുക്കേഷന്‍, വൈദ്യുതി ഉല്‍പ്പാദനം, രത്‌ന വ്യാപാരം, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാന്റേഷന്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ തുടങ്ങിയ മേഖലകളിലായി മുത്തൂറ്റ് പടര്‍ന്ന് കിടക്കുന്നു.

കമ്പനിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിത്തുടങ്ങിയത് 2016 ഓഗസ്റ്റ് ആദ്യത്തോടെയാണ്. സി.ഐ.ടി.യുവിന്റെ നേതൃത്തത്തില്‍ തൊഴിലാളി സംഘടന രൂപികരിച്ചതാണ് കമ്പനിയെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. യൂണിയന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയവരെ മുന്നറിയിപ്പുകള്‍ കൂടാതെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇത് ചോദ്യം ചെയ്ത തൊഴിലാളികളില്‍ ഒരാളെ പിരിച്ചു വിടുകയും പറഞ്ഞ സമയത്ത് ജോയിന്‍ ചെയ്യാന്‍ വിസ്സമാതിച്ചവരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതോടെ സി.ഐ.ടി.യു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനിക്കെതിരെയുള്ള സമരത്തില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയ സംഘടന തൊഴിലാളികള്‍ക്കായി ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും കമ്പനിക്ക് മുന്നില്‍ വയ്ക്കുകയായിരുന്നു.

നഷ്ടം സഹിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയല്ല മുത്തൂറ്റ് ഫിനാന്‍സ്. പ്രതിവര്‍ഷം 810 കോടി രൂപയ്ക്ക് മുകളിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭമെന്നും എന്നാല്‍ ഈ കമ്പനി ഒട്ടും തൊഴിലാളി സൗഹൃദമല്ലെന്നും ജീവനക്കാര്‍ തന്നെ പറയുന്നു. പത്തും മുപ്പതും വര്‍ഷം സര്‍വീസുള്ളവര്‍ക്ക് പോലും പതിനയ്യായിരം രൂപയില്‍ താഴെ മാത്രം ശമ്പളം നല്‍കിയാണ് കമ്പനി നിലനിര്‍ത്തുന്നതെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നു. കേരളത്തില്‍ നിന്നാരംഭിച്ച് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണപണയ കമ്പനിയായി പേരെടുത്ത സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. എന്നാല്‍ നിരന്തരമായി സമരം നടത്തുമ്പോള്‍ സംസ്ഥാനത്ത് സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടമായെന്നാണ് കമ്പനി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരമായ സമരം മൂലം ഇടപാടുകാര്‍ക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് ഇടപാടുകാര്‍ കൊഴിഞ്ഞ്‌പോയെന്നും നിലവിലുള്ളവര്‍ ആശങ്കയിലാണെന്നും അറുനൂറിലധികം ശാഖകള്‍ ഉള്ളതില്‍ നിലവില്‍ 150 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ അവസ്ഥ തുടരാനാകില്ലെന്നുമാണ് കമ്പനിയുടെ വാദം.

അതേസമയം, തൊഴിലാളി സുരക്ഷക്കായി തുടങ്ങിയ സമരം അവരെ തെരുവില്‍ ഉപേക്ഷിച്ച് കൊണ്ട് അവസാനിക്കുകയാണെങ്കില്‍ അത് ആത്ഹത്യാപരമായിരിക്കും. ഉറച്ച തീരുമാനം നടപ്പിലാക്കി കമ്പനി കേരളം വിടുമ്പോള്‍ ജോലി നഷ്ടമാകുന്ന ആയിരങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ സമര നേതൃത്വത്തിന് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതുകൊണ്ട് ഇരുവിഭാഗവും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായി കേരളത്തിലെ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം തുടരുകയെന്നതാണ് മുത്തൂറ്റിന്റെ കാര്യത്തില്‍ സംഭവിക്കേണ്ടതെന്ന് പൊതു അഭിപ്രായം ഉയരുകയുണ്ടായി. അതിനുള്ള ഇടപെടലുകളും സമവായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ ശക്തമായ തൊഴിലാളി സംഘടനയും തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ശക്തിയില്‍ ഭരിക്കുന്ന സര്‍ക്കാരും നോക്കുകിത്തിയാകുമെന്നതാണവസ്ഥ. 

see also

മൂത്തൂറ്റ് ഫിനാന്‍സ് സമരത്തില്‍ ട്രേഡ് യൂണിയനെ തകര്‍ക്കാനാണ് മാനേജ്‌മെന്റ് ശ്രമമെന്നും കേരളം വിടുമെന്ന പ്രസ്താവന ഓലപാമ്പിനെ കാട്ടിയുള്ള ഭീഷണിയാണെന്നും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മൂത്തൂറ്റ് ഫിനാന്‍സില്‍ സമരം നടത്തുന്നത് സി.ഐ.ടി.യു അല്ല. നോണ്‍ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് എംപ്ലോയീസ് അസോസിയേഷനാണ്. ഇത് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. സമരത്തിന്റെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും സി.ഐ.ടി.യു സമരത്തിന് പിന്തുണ കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാപനം അടച്ചുപൂട്ടി മാനേജ്മെന്റിന് തൊഴിലാളികളെ വഴിയാധാരമാക്കി കേരളം വിടാനൊന്നും പറ്റില്ല. അവരെ സംരക്ഷിക്കാന്‍ ഏത് വഴിയും സ്വീകരിക്കും. ഇത്തരം ഓലപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തിയാല്‍ സമരം പിന്‍വലിക്കുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നതെങ്കില്‍ അത് മൂഢത്വമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ് ന്യായമായ ഒത്തുതീര്‍പ്പിന് വരണം. കൃത്യമായ ശമ്പള വ്യവസ്ഥയില്ലാതെ, സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരേ അവിടെയുള്ള ജീവനക്കാന്‍ സ്വയമേവ സമരവുമായി മുന്നോട്ട് വന്നതാണ്. ആരേയും ബലം പ്രയോഗിച്ച് സമരത്തില്‍ പങ്കുചേര്‍ത്തിട്ടില്ലെന്നും കരീം പറഞ്ഞു.

യൂണിയനെ തകര്‍ക്കാനായി നേതാക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് അനധികൃതമായി സ്ഥലം മാറ്റുകയുണ്ടായി. ഇത് പ്രതികാര നടപടിയുടെ ഭാഗമായിരുന്നു. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനം പോലും കൃത്യമായി നടപ്പിലാക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. യൂണിയനില്‍ അംഗമായവര്‍ക്കും അല്ലാത്തവര്‍ക്കും രണ്ട് തരത്തിലുള്ളതാണ് ശമ്പള വ്യവസ്ഥ. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് 14 ദിവസം മുമ്പ് കമ്പനിക്ക് നോട്ടീസ് നല്‍കി പണിമുടക്കിലേക്ക് പോയത്. അല്ലാതെ കമ്പനി പറയുന്നത് പോലെ പെട്ടെന്നുള്ള സമരമായിരുന്നില്ല. യൂണിയനെ അംഗീകരിക്കില്ലെന്ന നിലപാട് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് ഉചിതമായ തീരുമാനമെടുക്കണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു സമരത്തില്‍ മനംമടുത്ത് കേരളം വിടുന്ന മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക