Image

വണ്ടേ നീ തുലയുന്നു വിളക്കും കെടുത്തുന്നു

ജി.കെ Published on 04 May, 2012
വണ്ടേ നീ തുലയുന്നു വിളക്കും കെടുത്തുന്നു
പ്രരോദനം എന്ന കൃതിയില്‍ മഹാകവി കുമാരനാശാന്‍ ഇങ്ങനെ എഴുതി,

പണടേയുണ്‌ടു മനുഷ്യനിഗ്ഗുണപുരോഭാഗിത്വ, മദ്ദുര്‍ഗ്ഗുണം
കണേ്‌ടറുന്ന വിവേകശക്തിയതിനെക്കൊന്നില്ലയിന്നേവരെ.
മിണ്‌ടേണ്‌ടാ കഥ ഹന്ത, യിന്നിതു വെറും മൂര്‍ഖത്വമോ മോഹമോ
വണേ്‌ട, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ!

കേരളാ രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ ആരെയെങ്കിലും നോക്കി ഈ വരികള്‍ പാടാമെങ്കില്‍ അതിന്‌ സര്‍വദാ യോഗ്യനായ പുരുഷകേസരി മറ്റാരുമല്ല. കൊട്ടാരക്കരമുതല്‍ കൊട്ടാരക്കരവരെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ്‌-ബി എന്ന അഖിലേന്ത്യാ പാര്‍ട്ടിയുടെ പരമോന്നത പദവി അലങ്കരിക്കുന്ന ആര്‍.ബാലകൃഷ്‌ണപിള്ള മാത്രമാണ്‌. പിറവം നിയമസഭാ മണ്‌ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ യുഡിഎഫിനെയും എല്‍ഡിഎഫിനെയും സംബന്ധിച്ചിടത്തോളം ആക്‌സ്‌മികമായിരുന്നുവെങ്കില്‍ നെയ്യാറ്റിന്‍കര യുഡിഎഫിന്‌ ആസൂത്രിതവും എല്‍ഡിഎഫിന്‌ അപ്രതീക്ഷിതവുമാണ്‌.

എന്നാല്‍ ഈ രണ്‌ടു ഉപതെരഞ്ഞെടുപ്പുകളും കഴിഞ്ഞ്‌ നിവര്‍ന്നു നില്‍ക്കുമ്പോഴേക്കും വോട്ടു വണ്‌ടിയുംകൊണ്‌ട്‌ പത്തനാപുരത്തും പര്യടനത്തിനിറങ്ങേണ്‌ടിവരുമോ എന്നാണ്‌ കൊട്ടാരക്കരയില്‍ നിന്നുള്ള കോളിളക്കങ്ങള്‍ യുഡിഎഫിന്‌ മുന്നിലുയര്‍ത്തുന്ന വലിയ ആശങ്ക. അഞ്ചാം മന്ത്രിയെന്ന വിവാദ സ്ഥാനം കൊണ്‌ട്‌ ആത്മാഭിമാനവും ആത്മവിശ്വാസവും പാതാളത്തോളം താണനിലയില്‍ നെയ്യാറ്റിന്‍കരയിലെത്തുന്ന യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൊട്ടാരക്കരയിലെ അച്ഛനും മകനും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല.

ഇപ്പോള്‍ പുറത്താക്കുമെന്നും ഇപ്പോള്‍ പിന്‍വലിക്കുമെന്നുമെല്ലാം ഭീഷണി മുഴക്കി ഒരച്ഛനും സത്യസന്ധതയുടെയും സുതാര്യതയുടെയും ആള്‍രൂപമെന്ന്‌ അവകാശപ്പെട്ട്‌ മകനും നേര്‍ക്കുനേര്‍ നിന്ന്‌ ഗ്വാ ഗ്വാ വിളിക്കുമ്പോള്‍ പിടയുന്നത്‌ യുഡിഎഫിന്റെ നെഞ്ചാണ്‌. മകന്‍ മന്ത്രിപദമേറിയതുമുതല്‍ കിടക്കപൊറുതിയില്ലാതായാ പിള്ളച്ചേട്ടന്‍ നടത്തുന്ന നീക്കങ്ങള്‍ യുഡിഎഫിന്‌ തന്നെ വാരിക്കുഴിയാകുമോ എന്നേ കണ്‌ടറിയേണ്‌ടതുള്ളൂ. കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും നേരിട്ട്‌ നടത്തിയ മധ്യസ്ഥതയ്‌ക്കുശേഷവും പിള്ളച്ചേട്ടന്റെ രോഷമടങ്ങാത്തതിന്‌ പിന്നിലെന്താണെന്ന്‌ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്ന ചില സംഗതികളുണ്‌ട്‌.

മുന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ജന്മഭൂമി ഡയറക്ടറുമായിരുന്ന സുരേഷ്‌ കുമാറിനെ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡു ചെയര്‍മാനാക്കിയതും പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയതും പിള്ളച്ചേട്ടന്‌ ഒട്ടും ദഹിച്ചിട്ടില്ല. എന്നാല്‍ ഇവരെ ഈ സ്ഥാനങ്ങളില്‍ നിന്ന്‌ മാറ്റാനാവില്ലെന്ന്‌ ഗണേഷ്‌ ഉറപ്പിച്ചു പറഞ്ഞതാണ്‌ മധ്യസ്ഥ ചര്‍ച്ചയ്‌ക്കുശേഷം പിള്ള വീണ്‌ടും പൊട്ടിത്തെറിക്കാന്‍ കാരണം. സുരേഷ്‌ കുമാര്‍ അറിയപ്പെടുന്ന നിര്‍മാതാവാണ്‌. പ്രിയദര്‍ശനാകട്ടെ തന്റെ എല്ലാ സിനിമകളിലും സ്ഥിരം ഒരു വേഷം തരുന്ന സംവിധായകനും. നാളെ മന്ത്രിപ്പണിയില്ലെങ്കിലും ജീവിക്കാന്‍ ഇവരുടെ ഒരു കൈ സഹായം വേണ്‌ടിവരുമെന്ന തിരിച്ചറിവിലാണ്‌ ഇവരെ അച്ഛന്‍ പറഞ്ഞിട്ടും ഇറക്കിവിടാത്തതെന്ന്‌ ചോദിച്ചാല്‍ സുതാര്യനും സത്യസന്ധനുമായ ഗണേഷ്‌ ഉത്തരംപറയില്ല.

പണ്‌ടു ചോറുണ്ണാത്ത കുട്ടികള്‍ ചോറു കഴിക്കാന്‍ അമ്മമാര്‍ പറയുന്ന മാടന്റെയുടെ മറുതയുടെയും കഥപോലെ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിയുടെ പേര്‌ പറഞ്ഞ്‌ മകനെ പേടിപ്പിക്കാമെന്ന്‌ കരുതിയപ്പോള്‍ അതും നടക്കുന്ന ലക്ഷണമില്ല. കേരളാ കോണ്‍ഗ്രസ്‌ ഏതെങ്കിലും സമുദായങ്ങളുടെ പിന്തുണയോടെ നിലിനില്‍ക്കുന്ന പാര്‍ട്ടിയല്ലെന്നും മതേതര പാര്‍ട്ടിയാണെന്നുമുള്ള 2012ല്‍ ഏറ്റവും വലിയ കണ്‌ടുപിടിത്തം(നൊബേല്‍ സമ്മാനത്തിന്‌ സ്‌കോപ്പുണ്‌ട്‌) നടത്തി അത്‌ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌താണ്‌ മന്ത്രി മകന്‍ അച്ഛന്റെ കണ്ണുരട്ടലിനെ നേരിടുന്നത്‌.

സത്യം പറഞ്ഞാല്‍ കെ.കരുണാകരന്‍ പോലും സ്വന്തം മക്കനെ ഇത്രയേറെ സ്‌നേഹിച്ചിട്ടുണ്‌ടാവില്ല. അതിനും അപ്പുറമായിരുന്നു പിള്ളച്ചേട്ടന്‌ മകനോടുള്ള സ്‌നേഹം. അതുകൊണ്‌ടാണ്‌ പാര്‍ട്ടിയുടെ അഞ്ചു രൂപ മെംബര്‍ഷിപ്പ്‌ ഇല്ലാതിരുന്നിട്ടും പതിനൊന്നുവര്‍ഷം മുമ്പ്‌ മകനെ പിടിച്ച്‌ എംഎല്‍എ ആക്കിയത്‌. മന്ത്രിസ്ഥാനമെന്നത്‌ പതിച്ചുകിട്ടിയ പദവിയാണെന്നതിനാല്‍ അവിടെനിന്ന്‌ ഇറങ്ങേണ്‌ടിവരുമെന്ന്‌ നിനച്ചില്ല. എന്നാല്‍ ഇടിത്തീപോലെ ഇടമലയാര്‍ വിധി വന്നപ്പോള്‍ രാജിവച്ചു. അപ്പോഴും ആരെ മന്ത്രിയാക്കണമെന്ന്‌ രണ്‌ടാമതൊന്ന്‌ ആലോചിക്കേണ്‌ടിവന്നില്ല. എന്നാല്‍ ഭരിക്കുന്നതിന്റെ സുഖമറിഞ്ഞ മകന്‍ പിന്നെ അവിടെ അള്ളിപ്പിടിച്ചിരിക്കുമോ എന്നായി ഭയം. അധികം പ്രശ്‌നങ്ങളൊന്നുമില്ലാതെ ആദ്യതവണ ഒഴിഞ്ഞുകൊടുത്തതോടെ വലിയ പൊല്ലാപ്പൊഴിവായി. അന്നേ മനസില്‍ കുറിച്ചിട്ടതാണ്‌ മന്ത്രിയാവുന്നെങ്കില്‍ മരിക്കുന്നതുവരെ താന്‍ തന്നെ എന്ന്‌. തനിക്കുശേഷം പ്രളയമെന്നും.

അപ്പോഴാണ്‌ ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെ ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിക്കുന്നത്‌. ജയിലില്‍ കിടന്ന്‌ മത്സരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും കുഞ്ഞൂഞ്ഞ്‌ കണ്ണുരുട്ടിയതിനാല്‍ നടന്നില്ല. എന്തായാലും പാര്‍ട്ടിയുടെ ഒരേയൊരു വിജയി എന്ന നിലയില്‍ മന്ത്രിയാവാന്‍ മകന്‌ തന്നെ നറുക്ക്‌ വീണു. ഗണേഷ്‌കുമാര്‍ ഇന്ന്‌ പറഞ്ഞ വാക്കുകള്‍ മുഖവിലക്കെടുക്കാമെങ്കില്‍ അന്നുതുടങ്ങിയ അസ്‌കിതയാണ്‌. അപൂര്‍വരോഗമെന്ന പേരില്‍ കിംസ്‌ ആശുപത്രിയിലെല്ലാം ചികിത്സതേടിയെങ്കിലും ഫലിക്കുന്നില്ല.

വീണ്‌ടുമൊരിക്കല്‍ കൂടി മന്ത്രിയായി കണ്ണടയ്‌ക്കണമെന്ന ഒറ്റ ആഗ്രഹമേ ഇനിയുള്ളൂ. എന്തു ചെയ്യാം വിധി. അടയ്‌ക്കയെന്ന്‌ കരുതി മടിയില്‍ വെച്ചിരുന്ന മകന്‍ അടയ്‌ക്കാമരമായത്‌ തിരിച്ചറിയാന്‍ വൈകി. അപ്പോള്‍ പിന്നെ പരമാവധി പ്രയോഗിക്കാന്‍ കഴിയുക വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം തന്നെ. അത്‌ പ്രയോഗിച്ച്‌ പ്രയോഗിച്ച്‌ യുഡിഎഫ്‌ ഉണ്‌ടാക്കിയെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം അവകാശപ്പെടുന്ന പിള്ളയ്‌ക്ക്‌ കേരളാ രാഷ്‌ട്രീയത്തില്‍ അവശേഷിച്ചിരുന്ന മുഖം കൂടി നഷ്‌ടമാവുന്നു എന്നത്‌ രാഷ്‌ട്രീയകേരളം കാണുന്ന ഏറ്റവും വലിയ വിരോധാഭാസവും.
വണ്ടേ നീ തുലയുന്നു വിളക്കും കെടുത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക