Image

ചരിത്രം കുറിക്കാന്‍ കുമ്മനം രാജശേഖരന്‍ സിലിക്കണ്‍ വാലിയില്‍ എത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2019
ചരിത്രം കുറിക്കാന്‍ കുമ്മനം രാജശേഖരന്‍ സിലിക്കണ്‍ വാലിയില്‍ എത്തുന്നു
കാലിഫോര്‍ണിയ: ഇരുപതു ദിവസത്തെ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കാന്‍ മുന്‍ മിസോറം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ സെപ്റ്റംബര്‍ 8 ന് സിലിക്കണ്‍ വാലിയില്‍ എത്തും. വാഷിംഗ്ടണ്‍ ഡിസി, ഹൂസ്റ്റണ്‍, ഡാളസ്, റ്റാമ്പാ, ഒര്‍ലാന്‍ഡോ, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്, ലോസ് ഏഞ്ജലസ്, സാന്‍ ഡിയാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ അടക്കം അമേരിക്കയിലുടനീളം വലുതും ചെറുതുമായ  നിരവധി നഗരങ്ങളില്‍ അന്‍പതോളം പരിപാടികളിലായി ഇരുപതിനായിരത്തിലധികം അമേരിക്കന്‍ മലയാളികളുമായി സംവദിച്ചു അവരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചരിത്രം കുറിക്കുകയാണ് അദ്ദേഹം. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നും ഏതെങ്കിലും ഒരു നേതാവിന് ഒരു അമേരിക്കന്‍ പര്യടനത്തില്‍ ആയിരത്തിലധികം മലയാളികളുടെ സ്വീകരണം ലഭിക്കുന്നത്.

സെപ്റ്റംബര്‍ 8 ന് സിലിക്കണ്‍ വാലിയില്‍ എത്തുന്ന കുമ്മനം വൈകുന്നേരം നാലു മണിക്ക് ഫ്രീമോന്റില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങും. അന്ന് വൈകുന്നേരം ആറു മണിക്ക്  മില്‍പില്‍സ് കര്‍ട്‌നര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അമേരിക്കന്‍ മലയാളികളുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു മുഖ്യ പ്രഭാഷണം നടത്തും. കേരള ബിജെപി എന്‍.ആര്‍.ഐ സെല്ലിന്റെയും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്‍ഗനൈസഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ ചടങ്ങില്‍ നിരവധി മലയാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. എന്‍.ആര്‍.ഐ സെല്‍ സംസ്ഥാന സമിതി അംഗം ശ്രീ. രാജേഷ് നായര്‍ അധ്യക്ഷത വഹിക്കും. നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്‍ഗനൈസഷന്‍ മേഖല സെക്രട്ടറി ശ്യാംപ്രകാശ് സ്വാഗതം ആശംസിക്കും. റാണി സുനില്‍ നയിക്കുന്ന കലാപരിപാടികളും അരങ്ങേറും.

സെപ്റ്റംബര്‍ 9 ന് കുമ്മനം സിലിക്കണ്‍ വാലിയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, പ്രമുഖ ടെക്‌നോളജി കമ്പനികളുടെ ആസ്ഥാനങ്ങള്‍, സാന്‍ റമോനിലെ  മാതാ അമൃതാനന്ദമയി ആശ്രമം എന്നിവ സന്ദര്‍ശിക്കും. പിറ്റേ ദിവസം അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി ആസ്‌ട്രേലിയന്‍ പര്യടനത്തിനായി യാത്രതിരിക്കും. ന്യൂ ജേഴ്‌സി ചെറിഹില്ലില്‍ വച്ച് നടന്ന കെ.എച്ച്.എന്‍.എ. കണ്‍വെന്‍ഷന്‍ ആയിരുന്നു അദ്ദേഹത്തിന്റെ അമേരിക്കന്‍ പര്യടനത്തിലെ മുഖ്യപരിപാടി. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി. ശ്രീകുമാറും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കുമ്മനം രാജശേഖരന്റെ അമേരിക്കന്‍ പര്യടനത്തിന്റെ സംയോജനം കേരള ബിജെപി എന്‍.ആര്‍.ഐ സെല്‍ സംസ്ഥാന സമിതി അംഗം രാജേഷ് നായര്‍ ആണ് നിര്‍വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജേഷ് നായര്‍ 408.203.1087 ശ്യാംപ്രകാശ് 408.230.1988 എന്നിവരെ ബന്ധപ്പെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക