Image

തീരുമാനിക്കേണ്ടത് വിദഗ്ധരാണ്: ജസ്റ്റിസ് കെ.ടി. തോമസ്

Published on 06 May, 2012
തീരുമാനിക്കേണ്ടത് വിദഗ്ധരാണ്: ജസ്റ്റിസ് കെ.ടി. തോമസ്
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് പറയുന്നത് എങ്ങനെ കേരളത്തിന്റെ താല്‍പ്പര്യത്തിന് എതിരാകുമെന്ന് ജസ്റ്റിസ് കെ.ടി. തോമസ്.
അണക്കെട്ട് സുരക്ഷിതമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അതേപ്പറ്റി പഠനം നടത്തുന്ന സാങ്കേതിക വിദഗ്ധരാണ്. അത്തരത്തില്‍ അനേകം പരിശോധനകളും വിലയിരുത്തലുകളും നടത്തിയാണ് 12 അംഗ സാങ്കേതികവിദഗ്ധര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് പറഞ്ഞിട്ടുള്ളത്.
അണക്കെട്ട് സുരക്ഷിതമല്ലെന്ന് പറഞ്ഞാല്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. ഒരുപക്ഷേ, ഇരു സംസ്ഥാനങ്ങളും തമ്മില്‍ യുദ്ധസമാനമായ സ്ഥിതിയാകും ഉണ്ടാവുക.
അതുകൊണ്ടുതന്നെ അണക്കെട്ട് സുരക്ഷിതമാണെന്ന് പറഞ്ഞതിനെ സ്വീകരിക്കാന്‍ എന്തിന് മടിക്കണമെന്ന് ജസ്റ്റിസ് തോമസ് ചോദിച്ചു. അണക്കെട്ട് സുരക്ഷിതമല്ലെന്ന് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഹിഡന്‍ അജണ്ട എന്താണെന്നും തിരിച്ചറിയേണ്ടതുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത്, സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന് എതിരാണെന്ന് താന്‍ നല്‍കിയ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. മറ്റൊരു സംസ്ഥാനം ആ നിയമത്തെ ചോദ്യം ചെയ്തതുകൊണ്ടുമാത്രം നിയമത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. 1886ലെ പാട്ടക്കരാര്‍ സമയത്ത് തിരുവിതാംകൂറിന് മുല്ലപ്പെരിയാറിലെ ജലം ആവശ്യമില്ലായിരുന്നു. എന്നാല്‍, 1970 ല്‍ ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തോടെ വൃഷ്ടിപ്രദേശത്ത് ഒരുപാട് ജലം ആവശ്യമായിവന്നു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമെന്ന നിലയില്‍ മുല്ലപ്പെരിയാറിലെ ജലം അവിടേക്ക് ആവശ്യമാണ്. കേരളത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഇടുക്കി അണക്കെട്ട് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും വിയോജനക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലത്തിനുമേല്‍ അവകാശം കേരളത്തിനാണ്. 1886 ലെ കരാര്‍ പ്രകാരമാണ് അത് തമിഴ്നാടിന് ലഭിച്ചത് ജസ്റ്റിസ് തോമസ് പറഞ്ഞു.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക