Image

ഏഴു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

Published on 06 May, 2012
ഏഴു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു
കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഏഴു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.

ഇതില്‍ കര്‍ണാടകത്തിലേക്ക് കടന്നെന്ന് കരുതുന്ന പള്ളൂര്‍ സ്വദേശി റഫീഖിനെയും കൊടി സുനിലിനെയും തേടി പോലീസ് ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇനി ഗൂഢാലോചന നടത്തിയവരെയും പ്രതികളെ സഹായിച്ചവരെയുമാണ് കണ്ടെത്താനുള്ളത്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടക്കുകയാണ്.

പ്രതികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞതോടെ സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിന് ഊന്നല്‍ നല്‍കിയുള്ള അന്വേഷണമാണ് നടക്കുന്നത്.

വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന് 35 ലക്ഷംരൂപ പ്രതിഫലം ലഭിച്ചതായി സൂചന.

നാദാപുരം, തലശ്ശേരി, പാനൂര്‍ ഭാഗങ്ങളില്‍ കൊലപാതകവും അക്രമവും ഏറ്റെടുത്ത് നടത്തിക്കൊടുക്കുന്ന സംഘങ്ങള്‍ ആവശ്യപ്പെടുന്ന തുകയെക്കാള്‍ ഉയര്‍ന്നതാണിതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നു.

കണ്ണൂരുകാരായ സി.പി.എമ്മിന്റെ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കളെയും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. രണ്ട് ഏരിയ സെക്രട്ടറിമാരും സംശയത്തിന്റെ നിഴലിലുണ്ട്. വെള്ളിയാഴ്ച രാത്രി സി.പി.എമ്മിന്റെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കുടുംബവും വീട്ടില്‍നിന്ന് മാറിനിന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സംശയം ബലപ്പെടുത്തുന്ന നിരവധി തെളിവുകള്‍ 12 മണിക്കൂറിനകം ശേഖരിക്കാനായെന്നും യഥാര്‍ഥ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. തെക്കന്‍ ജില്ലക്കാരനായ പ്രമുഖ നേതാവിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.

അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് ഇന്നലെ ചൊക്ളിയില്‍ നിന്നും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ഇത് വഴിത്തിരിവായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക