Image

വയലാര്‍ രവിയുടെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്നു കേരള പ്രവാസി ഫെഡറേഷന്‍

Published on 06 May, 2012
വയലാര്‍ രവിയുടെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്നു കേരള പ്രവാസി ഫെഡറേഷന്‍
ആലപ്പുഴ: പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്നു കേരള പ്രവാസി ഫെഡറേഷന്‍. പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതല്ലാതെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ മന്ത്രിക്കു കഴിയുന്നില്ലെന്നു ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ഇ. ഇസ്മയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസികളുടെ സംരക്ഷണത്തിനു കേന്ദ്രസര്‍ക്കാര്‍ നിയമം നിര്‍മിക്കണം. എംബസികളില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണം.

ലേബര്‍ ക്യാമ്പുകളിലും മറ്റും പണിയെടുക്കുന്ന പ്രവാസികളില്‍ 95 ശതമാനം വരുന്ന വിഭാഗത്തെ ദാരിദ്ര്യരേഖയ്ക്കു താഴെപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്കണം. ഇടതുസര്‍ക്കാര്‍ പ്രവാസിക്ഷേമത്തിനായി അനുവദിച്ച നൂറുകോടി രൂപ ഫലപ്രദമായി വിനിയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. 25 ലക്ഷം പ്രവാസികളെ ഉദ്ദേശിച്ചു തുടങ്ങിയ പെന്‍ഷന്‍ പദ്ധതിയില്‍ ഒരു ലക്ഷം പേര്‍ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 55 വയസില്‍നിന്നു വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല.

എമിഗ്രേഷന്‍ ഫീസ് ഇനത്തില്‍ പ്രവാസികളില്‍ നിന്നു പിരിച്ചെടുത്ത 20,000 കോടി രൂപ കേന്ദ്ര ഖജനാവില്‍ കെട്ടിക്കിടക്കുകയാണ്. ഈ തുക പ്രവാസികള്‍ക്കു തിരികെ നല്‍കുകയോ അവരുടെ പുനരധിവാസത്തിനായി ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നു പ്രവാസി ഫെഡറേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വി.എസ്. സുനില്‍കുമാര്‍, കമാല്‍ എം. മാക്കിയില്‍, തമ്പി മേട്ടുതറ, സുലൈമാന്‍, ബി. അന്‍സാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക