Image

മുല്ലപ്പെരിയാര്‍: ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ മുങ്ങരുത്‌ കേരളം

ജി.കെ. Published on 05 May, 2012
മുല്ലപ്പെരിയാര്‍: ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ മുങ്ങരുത്‌ കേരളം
മുല്ലെപ്പെരിയാറില്‍ പുതിയ ഡം നിര്‍മിക്കണമെന്ന കേരളത്തിന്റെ ചിരകാല ആവശ്യത്തിനുമേല്‍ വെള്ളമൊഴുക്കി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമതി മലയാളികളുടെ ആശങ്കയുടെ ജലനിരപ്പ്‌ ഒന്നുകൂടി ഉയര്‍ത്തിയിരിക്കുകയാണ്‌. വര്‍ഷകാലത്തും ഭൂമികുലുക്കമുണ്‌ടാവുമ്പോഴും മാത്രം മുല്ലപ്പെരിയാറില്‍ വള്ളമിറക്കി രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്ന നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക്‌ ഇപ്പോള്‍ ഇതൊന്നും വിഷയമേയല്ല. കിടന്നുറങ്ങാന്‍പോലും കഴിയുന്നില്ലെന്ന്‌ വലിയവായില്‍ വിളിച്ചുപറഞ്ഞ ജലവിഭവമന്ത്രി പേരിനൊരു പ്രതികരണം നടത്തി മുങ്ങിയപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ കരകയറാനുള്ള രാഷ്‌ട്രീയ തത്രപ്പാട്ടില്‍ കേരളത്തിലെ പ്രബലരായ ഇരുമുന്നണികളും ജനവികാരം കണ്‌ടില്ലെന്ന്‌ നടിച്ച്‌ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ പരസ്‌പരം ഗ്വാ ഗ്വാ വിളിക്കുന്ന തിരിക്കിലും.

ഉന്നതാധികാരസമിതി റിപ്പോര്‍ട്ട്‌ പൂര്‍ണമായും തമിഴ്‌നാടിന്‌ അനുകൂലമായപ്പോള്‍ പരസ്‌പരം അഭിനന്ദിച്ച കരുണാനിധിയുടെയും ജയലലളിതയുടെയും നിലപാടുകള്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം സൗകര്യപൂര്‍വം കണ്‌ടില്ലെന്ന്‌ നടിക്കുന്നു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനു നാലു മാസം മുമ്പെ റിപ്പോര്‍ട്ട്‌ തമിഴ്‌നാടിന്‌ അനുകൂലമാകുമെന്ന്‌ പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര വേന്ദ്രന്‍ ചിദംബരം ചെട്ടിയാരുടെ ത്രികാല ജ്ഞാനമോര്‍ത്ത്‌ നമുക്ക്‌ അസൂയപ്പെടാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം പുലര്‍ത്തുന്ന പൊതുവെയുള്ള ഈ അലംഭാവം തന്നെയാണ്‌ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നതെന്ന്‌ പറഞ്ഞാല്‍ അതിശോയക്തിയാവില്ല.

ഉന്നതാധികാരസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റീസ്‌ കെ.ടി.തോമസ്‌ പോലും പറയുന്നത്‌ ഡാമിന്‌ ബലക്ഷയമില്ലെന്ന്‌ വിദഗ്‌ധര്‍ പറഞ്ഞുവെന്നും അവരെ ചോദ്യം ചെയ്യാനുള്ള വൈദഗ്‌ധ്യം തനിക്കില്ലെന്നുമാണ്‌. മുല്ലപ്പെരിയാറില്‍ ഉയരുന്ന ജലനിരപ്പിനൊപ്പം കേരളത്തിലെ ജനങ്ങളുടെ ആശങ്കയും ഉയരുന്നുണ്‌ടെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം എന്തിന്‌ ഉന്നതാധികാരസമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ചു എന്ന ചോദ്യം തികച്ചും സ്വാഭാവികം മാത്രമാണ്‌.

പുതിയ അണക്കെട്ട്‌ എന്ന ആവശ്യം പോയിട്ട്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയാക്കണമെന്ന ആവശ്യം പോലും അംഗീകരിപ്പിക്കാന്‍ ഉന്നതാധികാരസമിതിയിലെ കേരളത്തിന്റെ പ്രതിനിധിക്കായിട്ടില്ല. പകരം അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ നിര്‍ദേശത്തിന്‌ അദ്ദേഹം തുല്യം ചാര്‍ത്തുകയും പരസ്യമായി അതു വിളിച്ചു പറഞ്ഞ്‌ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നത്‌ കേരളജനതയ്‌ക്ക്‌ ഒട്ടും അഭിമാനകരമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാര്‍ 450 കുടുംബങ്ങളെ മാത്രം മാറ്റി പാര്‍പ്പിച്ചാല്‍ മതിയെന്നം മുല്ലപ്പെരിയാറിലെ ജലം ഇടുക്കി അണക്കെട്ട്‌ താങ്ങിക്കൊള്ളുമെന്നും സര്‍ക്കാരിന്‌ വേണ്‌ടി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയ അഭിഭാഷകവേന്ദ്രന്‍മാരുള്ള നാട്ടില്‍ ഇതല്ല ഇതിനപ്പുറവും നടന്നില്ലെങ്കിലെ അത്ഭുതമുള്ളു.

കേരളത്തിന്റെ വാദങ്ങളും ആശങ്കകളും പാടേ തള്ളിക്കളഞ്ഞു തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ തമിഴ്‌നാടിന്റെ ആവശ്യങ്ങളാണു നിര്‍ദേശങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പൂര്‍ണമായും കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥാപിക്കപ്പെട്ടതും116 വര്‍ഷം പഴക്കമുള്ളതും വലിയ സുരക്ഷാ ഭീഷണി നേരിടുന്നതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ പകരം സ്വന്തം ചെലവില്‍ വേണമെങ്കില്‍ അണക്കെട്ട്‌ നിര്‍മിച്ച്‌ അധികാരവും അവകാശവും തമിഴ്‌നാടിന്‌ കൈമാറാമെന്നൊരു ഔദാര്യം സമിതി ബദല്‍ നിര്‍ദേശമായി മുന്നോട്ടുവെച്ചിട്ടുണ്‌ട്‌.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നടക്കുന്ന നിയമ നടപടികളുടെ അവസാന വാക്കല്ല ഈ ശുപാര്‍ശ എന്നതു മറക്കുന്നില്ല. പക്ഷേ, അണക്കെട്ടിനെച്ചൊല്ലി, കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ സുപ്രീം കോടതി നേരിട്ടു നിയോഗിച്ച ഒരു സമിതി, പ്രതികൂലമായി റിപ്പോര്‍ട്ട്‌ നല്‍കി എന്നതു കേരളത്തിന്റെ വാദഗതിക്കേറ്റ വലിയ പ്രഹരം തന്നെയാണ്‌.

ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ അവരുടെ സാങ്കേതിക വിദഗ്‌ധര്‍ പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച അണക്കെട്ടിന്‌ അവര്‍ കല്‍പ്പിച്ച ആയുസ്‌ എന്നേ കഴിഞ്ഞു. അണക്കെട്ട്‌ നില്‍ക്കുന്ന പ്രദേശം ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ്‌. കാലാകാലങ്ങളില്‍ ചെറുതും വലുതുമായ ഭൂചലനങ്ങള്‍ അണക്കെട്ടിനു വിള്ളലും പരുക്കുമേല്‍പ്പിച്ചിട്ടുണ്‌ട്‌. കാലവര്‍ഷം കനക്കുമ്പോള്‍ ഈ വിള്ളലുകള്‍ ഭീതിജനകമാം വിധം ചോര്‍ന്നൊലിക്കാറുണ്‌ട്‌. എന്നാല്‍, ഈ വാദങ്ങള്‍ അംഗീകരിപ്പിക്കുന്നതില്‍ നിയമപരമായും രാഷ്ട്രീയമായും തന്ത്രപരമായും നമ്മുടെ പ്രതിനിധികള്‍ പരാജയപ്പെട്ടു.

അണക്കെട്ടു പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാനുള്ള തമിഴ്‌നാടിന്റെ ശ്രമമാണ്‌ പടിപടിയായി വിജയിക്കുന്നത്‌. സുപ്രീം കോടതി നിയോഗിച്ചതാണെങ്കിലും ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ കോടതി അപ്പാടെ അംഗീകരിക്കണമെന്നില്ല. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കേരളത്തിന്‌ എതിരാണെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനുള്ള സാധ്യതകളാണ്‌ ഇനി ആരായേണ്‌ടത്‌. നിയമനടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്‌ അനുകൂലമായ രാഷ്ട്രീയ സമ്മര്‍ദവും കൂടിയേ തീരൂ.

മുല്ലപ്പെരിയാര്‍ അണക്കെട്ടു മാത്രമല്ല, കേരളത്തിന്റെ ദേവികുളം, പീരുമേട്‌ താലൂക്കുകള്‍ കൂടി തങ്ങളുടെ ഭാഗമാക്കാനുള്ള അണിയറ ശ്രമങ്ങളിലാണു തമിഴ്‌നാട്‌ എന്നകാര്യം പരസ്‌പരം പോര്‍വിളിച്ച്‌ നടക്കുന്നതിനിടയില്‍ നമ്മുടെ ഭരണ പക്ഷവും പ്രതിപക്ഷവും മറക്കരുത്‌. തമിഴ്‌നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനോടൊപ്പം, പരിപൂര്‍ണമായി കേരളത്തിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ട്‌ എന്നതു തന്നെയാവണം മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത ലക്ഷ്യം.
മുല്ലപ്പെരിയാര്‍: ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ മുങ്ങരുത്‌ കേരളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക