Image

ഓണത്തപ്പനും ഓണനിലാവും (ഹരി നമ്പൂതിരി)

ഹരി നമ്പൂതിരി Published on 09 September, 2019
ഓണത്തപ്പനും ഓണനിലാവും (ഹരി നമ്പൂതിരി)
ഓര്‍മകളുടെ ഓണപ്പാട്ടുകള്‍ കേട്ടുണര്‍ന്നെഴുന്നേല്‍ക്കുവാന്‍ മനസ്സില്‍ സ്വാധീനിക്കപ്പെട്ട അനുഭവങ്ങളുണ്ട്. ലോകത്തിന്റെ  ഏത് ഭൂഭാഗങ്ങളില്‍ വിയര്‍പ്പും കണ്ണീരും മണിക്കൂറുകള്‍ക്കു വേണ്ടി ഇറ്റിച്ച് ജോലി ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ ആത്മഹര്‍ഷത്തിനും ശ്രേഷ്ഠ ഭാവിക്കുമായി മഹാബലി അറിയാ പാതാളത്തില്‍ നിന്ന് മെതിയടിയൊച്ചയുമായി കടന്നുവരുന്ന പുലരിയുടെ നിറവാണ് ഇത്. ജനക്ഷേമതത്പരനായ ഒരു ഭരണാധികാരിയുടെ ഓര്‍മ പുതുക്കുന്ന നാള്‍. സമത്വസുന്ദരമായ ഒരിന്നലെയുടെ ഗൃഹാതുരസ്മരണ. ഓണം അങ്ങനെ പലതാണ് മലയാളിക്ക്. പാതാളത്തിലേക്ക് തല കുനിച്ചു കൊടുത്ത മഹാബലി തമ്പുരാന്‍ നാടുകാണാനെത്തുന്ന ദിവസം എന്നതുള്‍പ്പെടെ ഒട്ടേറെ പുരാവൃത്തങ്ങളും ഐതീഹ്യങ്ങളും ചരിത്രവസ്തുതകളും മലയാളിയുടെ ദേശീയഘോഷത്തിന് നിറം നല്‍കുന്നു.

വിഷ്ണുവിന്റെ ജന്മനക്ഷത്രമാണ് തിരുവോണം. വാമനന്‍ മഹാബലിക്ക് കൊടുത്ത വാക്ക് പ്രകാരം ആണ്ടുതോറും തന്റെ ജന്മനക്ഷത്രമായ ശ്രാവണമാസത്തിലെ തിരുവോണം നാളില്‍ മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്നു എന്നാണ് ഇതിന് പിന്നിലെ പ്രധാന സങ്കല്പം. മറ്റൊരു പാഠം: കാര്‍ക്കരെ നാട്ടുരാജക്കന്മാര്‍ തൃക്കാക്കര തലസ്ഥാനമാക്കി ഭരണം നടത്തിയപ്പോള്‍ അതിലൊരു ഭരണാധികാരിയായ മഹാബലി പെരുമാള്‍ തൃക്കാക്കര ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏര്‍പ്പെടുത്തി. കര്‍ക്കിട മാസത്തിലെ തിരുവോണം മുതല്‍ ചിങ്ങമാസത്തിലെ തിരുവോണം വരെ. ഉത്സവത്തിന്റെ അവസാനത്തെ പത്തു ദിവസങ്ങളായ അത്തം മുതല്‍ തിരുവോണം വരെ മഹോത്സവങ്ങളായിരുന്നു. മഹോത്സവദിനങ്ങളില്‍ എല്ലാ നാടുവാഴികളും പങ്കുകൊള്ളണമെന്നും തൃക്കാക്കര എത്തണമെന്നും ആയിരുന്നു കല്‍പ്പന. അപ്രകാരം അനുഷ്ഠിക്കുകയും ചെയ്തു പോന്നു. കാലക്രമേണ ദൂരദിക്കിലുള്ളവര്‍ക്ക് തൃക്കാക്കര എത്തുവാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് സ്വഗൃഹങ്ങളില്‍ ആഘോഷിച്ചാല്‍ മതിയെന്ന് നിശ്ചയിക്കപ്പെട്ടു. അങ്ങനെയാണ് കേരളമൊട്ടുക്ക് ഓണം ആഘോഷിക്കാന്‍ തുടങ്ങിയത്.
പരശുരാമന്‍ കേരളം സൃഷ്ടിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തത് തൃക്കാക്കര വെച്ചാണത്രേ. തന്റെ ആവശ്യം ഇനിയെപ്പോഴെങ്കിലും വരികയാണെങ്കില്‍ സ്മരിച്ചാല്‍ ആ സമയം എത്താമെന്ന് ഭാര്‍ഗവരാമന്‍ അറിയിച്ചു. ഇത് പരീക്ഷിക്കാന്‍ ബ്രാഹ്മണര്‍ ആവശ്യമേതുമില്ലാതെ പരശുരാമനെ സ്മരിച്ചു. കാര്യമൊന്നുമില്ലാതെയാണ് പ്രത്യക്ഷപ്പെടുത്തിയതെന്നു മനസ്സിലാക്കിയ ഭാര്‍ഗവരാമന്‍ ബ്രാഹ്മണരെ ശപിക്കുകയും, വര്‍ഷത്തിലൊരിക്കല്‍ താന്‍ തൃക്കാക്കര പ്രത്യക്ഷപ്പെടുമെന്നും അന്ന് എല്ലാവരും ഉത്സവമായി ആഘോഷിക്കണമെന്നും അരുളിച്ചെയ്തത്. അങ്ങനെ പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ സ്മരണ പുതുക്കലാണ് ഓണമെന്ന അഭിപ്രായവും വിശ്വാസവുമുണ്ട്. ഇതു കൂടാതെ കേരളത്തിന്റെ വിളവെടുപ്പുത്സവമാണ് ഓണമെന്നും മലബാറില്‍ ആണ്ടുപിറവി കുറിക്കുന്ന  ദിനമാണ് ഓണമെന്നും അഭിപ്രായമുണ്ട്. ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് യാത്ര തിരിച്ച സംഭവത്തെ അനുസ്മരിക്കുന്നതാണ് ഓണമെന്നാണ് മറ്റൊരഭിപ്രായം. എന്തുതന്നെയായാലും ചരിത്രവും ഐതീഹ്യവും പുരാവൃത്തവും പുരാണവും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഓണഘോഷത്തിന്റെ ഉത്പത്തി ഒന്നുമോര്‍ക്കാതെ മാനുഷരെല്ലാരുമൊന്നുപോലെയായിരുന്ന ഭൂതകാലത്തിന്റെ ഓര്‍മപുതുക്കി മലയാളി ഓണം ആഘോഷിക്കുന്നു.

ഓണത്തെക്കുറിച്ച് നമുക്കറിവുളളിടത്തോളം ഏറ്റവും പഴയ പരാമര്‍ശം അടങ്ങിയിട്ടുള്ളത് സംഘകാലകൃതികളിലൊന്നായ പത്തുപ്പാട്ടില്‍പ്പെട്ട 'മധുരൈ കാഞ്ചി'യിലാണ്. മാങ്കുടി മരുതനാര്‍ സംഘതമിഴില്‍ രചിച്ച ഈ കൃതിയുടെ കാലം ക്രിസ്തുവര്‍ഷം നാലോ, അഞ്ചോ നൂറ്റാണ്ടാണെന്നാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. അക്കാലത്തെ പാണ്ടി നാടിനെപ്പറ്റിയും മധുരാ  നഗരത്തിനെപ്പറ്റിയും അവിടത്തെ ഓണാഘോഷത്തെപ്പറ്റിയുമുള്ള വിവരണമാണ് കാവ്യത്തിന്റെ വിഷയം. 782 വരികളുള്ള കാവ്യത്തില്‍ ഏഴ് വരികള്‍ ഓണത്തെപ്പറ്റിയാണ്. അവുണരെയകറ്റിയ, സുവര്‍ണ മാലയണിഞ്ഞ മായോന്റെ പ്രീതിക്കാണ് ഓണം ആചരിക്കപ്പെടുന്നതെന്നും അന്ന് മുഖത്ത് വടുക്കളുള്ള കലഹപ്രീയരായ മറവര്‍ കള്ളുകുടിച്ച് പലവിധ ആയുധങ്ങളെടുത്തും വെറും കൈയാലും ക്രീഡായുദ്ധങ്ങളിലേര്‍പ്പെട്ടുവെന്നുമാണ് പറഞ്ഞിട്ടുള്ളത്. സംഘകാലത്തെ മായോന്‍ പില്‍ക്കാലത്ത് വിഷണുവായെന്നും അവുണര്‍ അസുരന്മാര്‍ക്ക് തുല്യമാണെന്നും വ്യാഖ്യാനം. സംഘകാല പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് കേരളമെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ നാമിന്നു കാണുന്ന 'ഓണത്തല്ല്' സംഘകാല മല്ലന്‍മാരുടെ ക്രീഡായുദ്ധത്തിന്റെ തുടര്‍ച്ചയാണെന്ന് കരുതപ്പെടുന്നു.

ഇന്ത്യയിലെ തന്നെ വാമനപ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തൃക്കാക്കര ക്ഷേത്രം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷമാണ് ഇവിടുത്തെ പ്രത്യേകത. കൊച്ചിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ തൃക്കാക്കര പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ തൃക്കാല്‍ സ്ഥിതിചെയ്യുന്ന കര  എന്ന അര്‍ത്ഥത്തില്‍ തൃക്കാക്കരയായെന്നുമാണ് അഭിപ്രായം. ഇവിടെ ക്ഷേത്രത്തില്‍ മഹാബലിക്ക് പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ മഹാബലി ശിവഭക്തനായിരുന്നു എന്നും വാമനപ്രതിഷ്ഠയ്ക്കു മുമ്പേ ഇവിടെ മറ്റൊരു ക്ഷേത്രമുണ്ടായിരുന്നുവെന്നും തെക്കേക്കരതേവര്‍ എന്നറിയപ്പെട്ടിരുന്ന മഹാതേവര്‍ (മഹാദേവന്‍-ശിവന്‍) ആയിരുന്നു ഇവിടുത്തെ പ്രതിഷ്ഠയെന്നും പറയപ്പെടുന്നു. ആഴ്‌വാന്‍മാരില്‍ പ്രമുഖനായിരുന്ന നാമാഴ്‌വാര്‍ 'തൃക്കടക്കരെയ് കുടികൊള്ളും മാതേവരേ' തന്റെ കീര്‍ത്തനങ്ങളില്‍ പാടിപ്പുകഴ്ത്തുന്നതില്‍ നിന്നും നാമാഴ്‌വാന്‍മാരുടെ കാലത്ത് ഇവിടെ ശിവക്ഷേത്രമായിരുന്നു എന്നു കരുതാം. മാത്രമല്ല ഓണത്തെക്കുറിച്ചുള്ള പാക്കനാര്‍പാട്ടില്‍ തൃക്കാക്കര മഹാദേവനെയാണ് വര്‍ണിച്ചിരിക്കുന്നത്.

തിരുവോണത്തിന് പത്ത് ദിവസം മുന്‍പു തന്നെ കൊച്ചി രാജാവും സാമൂതിരി രാജാവും തങ്ങളുടെ ആസ്ഥാനത്ത് നടത്തിയിരുന്ന ഒരു ചടങ്ങാണ് അത്തച്ചമയം. ഓണത്തിന് മുന്‍പുള്ള ചമയല്‍ച്ചടങ്ങ് എന്ന രീതിയില്‍ അത്തം മുതല്‍ നടത്തിവരുന്ന ചടങ്ങായത് കൊണ്ടാണിതിന് അത്തച്ചമയം എന്ന പേര് വന്നുചേര്‍ന്നത്. ആദ്യകാലത്ത് എല്ലാ രാജാക്കന്മാരും കൊച്ചിയിലേക്ക് എഴുന്നള്ളിയായിരുന്നു അത്തച്ചമയാഘോഷം. പിന്നീടിത് തന്താങ്ങളുടെ നാട്ടില്‍ത്തന്നെ നടത്തി. സാമൂതിരി രാജാവിന്റെ അത്തച്ചമയാഘോഷം അധികാരം അസ്തമിച്ചതോടെ മെല്ലെമെല്ലെ അവസാനിച്ചു. പിന്നീട് കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായ തൃപ്പൂണിത്തുറയില്‍ മാത്രമായി. ഇന്ന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പോടെ തൃപ്പൂണിത്തുറയില്‍ വമ്പിച്ച രീതിയില്‍ ടൂറിസം ആകര്‍ഷകപരിപാടിയായി അത്തച്ചമയം നടന്നുവരുന്നു.

നേരത്തെ നടന്നിരുന്ന അത്തച്ചമയാഘോഷത്തിന്റെ ഒരു ലഘു ചിത്രം ഇങ്ങനെയാണ് 'അത്തത്തിന് മൂന്ന് ദിവസം മുമ്പ് ആനപ്പുറത്ത് പെരുംമ്പറ മുഴക്കിക്കൊണ്ട് ഇന്ന ദിവസം അത്തച്ചമയം നടക്കുമെന്നറിയിക്കുന്നു (വിളംബരം ചെയ്യുന്നു). ദേശമറിയിക്കല്‍ എന്നാണിതിന്റെ പേര്. ചമയത്തിന്റെ തലേ നാള്‍ രാജാവ് കുളിച്ച് പരദേവതാ ക്ഷേത്രദര്‍ശനം നടത്തുന്നു. അവിടെ വച്ച് നമ്പൂതിരിമാര്‍ രാജാവിനെ അണിയിച്ചൊരുക്കും. പിന്നീട് സ്വീകരണമുറിയിലിരിക്കുന്ന രാജാവിനെ അര്‍ഹതപ്പെട്ടവര്‍ മുഖം കാണിക്കും. ശേഷം പീരങ്കി വെടി മുഴക്കും. അത്തച്ചമയഘോഷയാത്ര പുറപ്പെടുന്നതിന്റെ മുന്നോടിയാണീ പീരങ്കി വെടികള്‍. പിന്നീട് ഘോഷയാത്രയോടെ രാജാവെഴുന്നെള്ളുന്നു.

ഉത്രാടപ്പാച്ചിലെന്നത് ഒരു നാടന്‍ ശൈലിയാണ്. തിരുവോണത്തിന്റെ തലേ ദിവസം തിരുവോണത്തിന്റെ ആഘോഷത്തിനു വേണ്ടുന്ന സാധനങ്ങള്‍ അങ്ങുമിങ്ങുനിന്ന് ഒരുക്കിക്കൂട്ടുന്നതിനുള്ള തിരക്കിലായിരിക്കും പലരും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍  എന്നു പറയുന്നത്. ഇതു പോലുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ വരുമ്പോഴാണ് ഈ ശൈലി പ്രയോഗിച്ചു വരുന്നത്.

ഓണത്തിന് സമാനമായ ചില ആഘോഷങ്ങള്‍ തായലന്‍ഡിലും ജാവ, ബര്‍മ തുടങ്ങിയ രാജ്യങ്ങളിലും പണ്ടുമുതലേ നടന്നുവന്നിരുന്നു. ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും എന്തുതന്നെയായാലും കേരളീയന്റെ ഓണം ഒരു കാര്‍ഷിക സമൂഹത്തിന്റെ പുതുവത്സര ആഘോഷം കൂടിയാണ്. ആ അര്‍ത്ഥത്തില്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പുതുവത്സരത്തിന്റെ ആദ്യത്തെ നാളുകളില്‍ ജനങ്ങള്‍ പുതുവര്‍ഷങ്ങളണിഞ്ഞ് വീടുകളുടെ മുന്‍വശം പൂക്കള്‍ കൊണ്ടലങ്കരിക്കുന്നു. എല്ലാ വീടുകളിലും വിഭവസമ-ദ്ധമായ സദ്യയുണ്ടാകും, ദേവാസുരയുദ്ധത്തെ അനുസ്മരിപ്പിക്കുന്ന നാടകങ്ങളും വ്യാളി, കുരങ്ങ് തുടങ്ങിയവയുടെ വേഷങ്ങളണിഞ്ഞ കലാപ്രകടനങ്ങളും അവിടങ്ങളില്‍ നടക്കും. ഇത്തരം വിനോദങ്ങള്‍ ഇന്നും തായ്‌ലന്‍ഡില്‍ നടന്നുവരുന്നുണ്ട്.
''ഹാപ്പി ഓണം...''


ഓണത്തപ്പനും ഓണനിലാവും (ഹരി നമ്പൂതിരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക