Image

മുത്തൂറ്റ് തർക്കം ചർച്ച ചെയ്ത് തീർക്കണം, സർക്കാർ മുൻകൈയെടുക്കും: മുഖ്യമന്ത്രി

Published on 09 September, 2019
മുത്തൂറ്റ് തർക്കം ചർച്ച ചെയ്ത് തീർക്കണം, സർക്കാർ മുൻകൈയെടുക്കും: മുഖ്യമന്ത്രി

കൊച്ചി: മുത്തൂറ്റിലെ തൊഴിൽ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരു വിഭാഗങ്ങളും പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. പ്രശ്‌നം ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപ്പെട്ടിരുന്നു.

തൊഴിൽ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിനെത്താൻ മുത്തൂറ്റ് പ്രതിനിധികളോടു പറയണമെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യോഗത്തിന് ഉത്തരവാദിത്തപ്പെട്ടവർ എത്തിയില്ല. ദേശീയതലത്തിൽ ശ്രദ്ധ നേടിയ സ്ഥാപനമാണ് മുത്തൂറ്റ്. കേരളീയർക്ക് അഭിമാനിക്കാവുന്ന സ്ഥാപനമാണ് മുത്തൂറ്റ് എന്നും മന്ത്രി പറഞ്ഞു.

പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ താത്പര്യം കൂടി സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ പ്രത്യേക തൊഴിൽ സാഹചര്യം കൂടി കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്‌മെന്റും തമ്മിൽ നല്ല ബന്ധം ഉണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തുന്ന യോ​ഗം വൈകിട്ട് മൂന്ന് മണിക്ക് കൊച്ചിയിൽ ചേരും. സമരത്തിലുളള തൊഴിലാളി പ്രതിനിധികളേയും മാനേജ്മെന്‍റ് പ്രതിനിധികളേയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ മാനേജ്മെന്‍റ് പ്രതിനിധികളെത്താതിരുന്നതിനാൽ ചർച്ച പരാജയപ്പെട്ടിരുന്നു‌.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്നപ്പോൾ, 'ജോലിയെടുക്കാൻ അവകാശ'മുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എംഡിയടക്കം മറുവശത്ത് കുത്തിയിരുന്നു.

സമരത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ ജീവനക്കാർ ഹ‍ർജി നൽകി. തുടർന്ന് ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി. ഈ സാഹചര്യത്തിലാണ് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും മുത്തൂറ്റിൽ സമവായ ചർച്ച വിളിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക