Image

വിവാഹേതരബന്ധം വിധിയില്‍നിന്ന് സൈന്യത്തെ ഒഴിവാക്കണമെന്ന് കരസേന

Published on 09 September, 2019
വിവാഹേതരബന്ധം വിധിയില്‍നിന്ന് സൈന്യത്തെ ഒഴിവാക്കണമെന്ന് കരസേന
ന്യൂഡല്‍ഹി: വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയില്‍നിന്ന് സൈന്യത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരസേന സുപ്രീംകോടതിയെ സമീപിച്ചേക്കും.

2018ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് കരസേനയുടെ എതിര്‍പ്പ്. വിഷയം പ്രതിരോധമന്ത്രാലയത്തിനുമുമ്പില്‍ കരസേന ഉന്നയിച്ചിട്ടുണ്ട്. വിവാഹേതരബന്ധത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാംവകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെടുമെന്നാണ് അവരുടെ ആശങ്ക. ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുമായി മറ്റൊരു ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടതായി തെളിഞ്ഞാല്‍ കുറ്റക്കാരനെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ സൈനികചട്ടങ്ങള്‍ പ്രകാരം സാധിക്കും. എന്നാല്‍, 497ാം വകുപ്പ് നീക്കിയത് അച്ചടക്കം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് സേനാവൃത്തങ്ങള്‍ പറയുന്നു.

ജോലിയുടെ ഭാഗമായി പുരുഷ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മാസങ്ങളോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ അച്ചടക്കമില്ലാത്ത പെരുമാറ്റം ചില പുരുഷ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ദാമ്പത്യത്തില്‍ ഭര്‍ത്താവിന് മേധാവിത്വം നല്‍കുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 സെപ്റ്റംബറില്‍ വിവാഹേതരബന്ധത്തെ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്. വിവാഹിതയുമായി ഉഭയസമ്മതത്തോടെ ബന്ധപ്പെട്ടാലും ആ സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെമാത്രം ക്രിമിനല്‍ക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു 497ാംവകുപ്പ്. പുരുഷന്റെ സ്വകാര്യസ്വത്താണ് സ്ത്രീയെന്ന സങ്കല്പത്തില്‍ ഊന്നിയുള്ള വ്യവസ്ഥയായിരുന്നു ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഏകപക്ഷീയമാണ് വിവാഹേതരബന്ധ നിയമമെന്നും സ്ത്രീയുടെ അന്തസ്സിനെ ഇത് അവഹേളിക്കുന്നെന്നും അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയുമായി വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെട്ട കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ പട്ടാളവിചാരണ കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിവാഹേതരബന്ധത്തിനെതിരേ കരസേനാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നടപടി സ്വീകരിച്ചിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക