Image

പാകിസ്ഥാന് വീണ്ടും തിരിച്ചടി., കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്ന് യു.എന്‍

Published on 11 September, 2019
പാകിസ്ഥാന് വീണ്ടും തിരിച്ചടി., കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്ന്  യു.എന്‍

ന്യൂഡല്‍ഹി: കാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. വിഷയത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധപ്പെട്ട സെക്രട്ടറി ജനറല്‍ തീരുമാനം ഇരുരാജ്യങ്ങളെയും അറിയിച്ചതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു പാക് വാദം. 80 ലക്ഷത്തോളം കാശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുകയാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. കാശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര വേദികളില്‍ നിന്ന് പലതവണ തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലും വിഷയം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ വിഫലശ്രമം.അതേസമയം, യോഗത്തില്‍ പങ്കെടുത്ത പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ കാശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്നു വിശേഷിപ്പിച്ചത് പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ തള്ളുന്ന നിലയിലായി. കാശ്മീരില്‍ എല്ലാം സാധാരണ നിലയിലാണെന്ന് ഇന്ത്യ പറയുന്നത് ശരിയാണെങ്കില്‍, 'ഇന്ത്യന്‍ സംസ്ഥാന'മായ ജമ്മു കാശ്മീരിലേക്കു പോകാന്‍ അവര്‍ എന്തുകൊണ്ട് വിദേശമാദ്ധ്യമങ്ങളെ അനുവദിക്കുന്നില്ല എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം. 'അവര്‍ നുണ പറയുകയാണ്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരും, അവിടെ നടക്കുന്ന ദുരന്തത്തെക്കുറിച്ച് ലോകം അറിയുമെന്നും ഖുറേഷി ആരോപിച്ചിരുന്നു.

എന്നാല്‍, കാശ്മീര്‍ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ മറുപടി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക