മെല്‍ബണ്‍: എന്റെ കേരളം ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 14 ന് (ശനി) ആഘോഷിക്കുന്നു. ഗ്രീന്വൈയില് കോല്‍ബി കാത്തോലിക് കോളജ് സ്റ്റേഡിയത്തില്‍ രാവിലെ 10 മുതലാണ് പരിപാടി. വിറ്റ്ലെസീ ഡെപ്യൂട്ടി മേയര്‍ ടോം ജോസഫ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ചെണ്ടമേളം , തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ പരമ്പരാഗത ശൈലിയില്‍ ഉള്ള കലാ കായിക പരിപാടികള്‍ ഉള്‍പ്പെടുത്തി വിപുലമായ കലാവിരുന്ന് ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാവേലി മന്നനെ ആനയിച്ചു തിരുവാതിര തീയേറ്റേഴ്സ് ഒരുക്കുന്ന പ്രത്യേക പരിപാടി പിന്നണിയില്‍ ഒരുങ്ങുന്നു. രാവിലെ 9 ന് പ്രഭാത ഭക്ഷണത്തോടെ തുടങ്ങുന്ന ഓണാഘോഷ പരിപാടികള്‍ ഓണസദ്യയോടെ സമാപിക്കും .
മികച്ച മലയാളി സംഘടനക്കുള്ള ഈ വര്‍ഷത്തെ ഗര്‍ഷോം അവാര്‍ഡ് നേടിയ 'എന്റെ കേരള'ത്തിന്റെ പുരസ്കാര നേട്ടത്തനോടനുബന്ധിച്ചുള്ള പരിപാടിയും ഓണത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ആഘോഷത്തിന്റെ ഭാഗമായിരിക്കുമെന്ന് സംഘടകര്‍ അറിയിച്ചു.