Image

ചെറിയ ചെറിയ സങ്കടങ്ങള്‍, ജോര്‍ജ്ജ് വറുഗീസിന്റേയും, അന്നമ്മച്ചേടത്തിയുടേയും (കഥ: സാം നിലമ്പള്ളില്‍)

Published on 13 September, 2019
ചെറിയ ചെറിയ സങ്കടങ്ങള്‍, ജോര്‍ജ്ജ് വറുഗീസിന്റേയും, അന്നമ്മച്ചേടത്തിയുടേയും (കഥ: സാം നിലമ്പള്ളില്‍)
സ്കൂളില്‍ പോകുന്ന കുട്ടികളും, പരീക്ഷയില്‍ തോറ്റവരും, തോല്‍ക്കാന്‍ മനസ്സില്ലാത്തവരും പഠിക്കുന്ന വിസ്ഡം ട്യൂട്ടോറിയലിന്റെ പ്രിന്‍സിപ്പാള്‍ ജോര്‍ജ്ജ് വര്‍ക്ഷീസ് രാവിലെ സ്ഥാപനം തുറക്കാന്‍ വന്നപ്പോള്‍ ചൂലും പടിച്ചുകൊണ്ടു നില്‍ക്കുന്ന അന്നമ്മച്ചേടത്തിയെ ആണ് കണ്ടത്. ഇന്നത്തെ ദിവസം പോക്കാണല്ലോ കര്‍ത്താവേ എന്ന് വിചാരിച്ചെങ്കലും പുറത്തുപറഞ്ഞില്ല.

“എന്തൊക്കെയുണ്ട് ചേടത്തി വിശേഷങ്ങള്‍? സുഖംതന്നെയല്ലേ?”

“ഈ മാസത്തെ ശമ്പളം തന്നില്ല, സാറ് മറന്നുപോയോ?” ശമ്പളം തരാതെ സുഖമന്വേഷിക്കുന്നുവോ എന്ന് ചേടത്തിയും ചോദിച്ചില്ല

ഷെഡ്ഡും പരിസരവും ദിവസവും തൂക്കുന്നവകയില്‍ ഒന്നല്ല രണ്ടുമാസത്തെ ശമ്പളം ചേടത്തിക്ക് കൊടുക്കാനുണ്ട്. അല്‍പ്പം ബുദ്ധിമാന്ദ്യമുള്ള സ്ത്രീ ആയതുകൊണ്ട് മറ്റ് അദ്ധ്യാപകരെപ്പോലെ നിത്യവും ശല്ല്യപ്പെടത്തുന്നില്ലെന്നുമാത്രം

മറന്നിട്ടല്ല, മനപ്പൂര്‍വം കൊടുക്കാഞ്ഞതുമല്ല. കണക്കും കാര്യവും
അറിയാത്ത പാവത്തിനെ കളിപ്പിക്കണമെന്ന ദുരുദ്ദേശവും ജോര്‍ജ്ജ് വര്‍ക്ഷീസിനില്ല. ദിവസവും പരിഞ്ഞുകിട്ടുന്ന കാശ് സാറന്മാര്‍ക്ക് വീതംവെച്ചുകഴിഞ്ഞാല്‍ ചേടത്തിക്ക് കൊടുക്കന്‍ ബാക്കിയൊന്നും ഉണ്ടാവില്ല. പിറ്റേന്ന് രാവിലെ ട്യൂട്ടോറിയല്‍ തുറക്കാന്‍ വരുമ്പോള്‍ പോക്കറ്റ് കാലി. പിന്നെങ്ങനെ ചേടത്തിയുടെ ശമ്പളം കൊടുക്കും?

തല്ലിപ്പിരിക്കുക എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് സ്റ്റുഡന്‍സില്‍ നിന്ന് ഫീസ് പിരിക്കുന്നത്. ‘കഥ പറയുമ്പോള്‍’ എന്ന സിനിമയില്‍ മുകേഷ് ഫീസ്സ് പരിക്കാന്‍ എടുക്കുന്ന തറവേലകളൊന്നും ജോര്‍ജ്ജ് വര്‍ക്ഷീസ് പ്രയോഗിക്കാറില്ല. അതൊക്കെ സിനിമയില്‍. ജീവിതത്തില്‍ അങ്ങനെയൊക്കെ ചെയ്താല്‍ അടി എതിലേക്കൂടിവന്നു എന്ന് ചോദിച്ചാല്‍ മതി.

ഇപ്പോള്‍ അന്നമ്മച്ചേടത്തിയോട് എന്താ പറയേണ്ടത്? പോക്കറ്റില്‍ തപ്പിനോക്കിയപ്പോള്‍ അഞ്ചുരൂപയുടെ ഒരു നാണയം കിട്ടി. അതെങ്ങനെ കൊടുക്കും? നാളെത്തരാം എന്നു പറഞ്ഞ് ചേടത്തിയെ സമാധാനിപ്പിച്ചു വിട്ടു.

“നാളെത്തന്നെ തരണേ? എനിക്കൊരു ചട്ടേംമുണ്ടും വാങ്ങിക്കാനാ.” പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കാമല്ലോ എന്ന് സ്വപ്നംകണ്ട് ഏന്തിയേന്തി നടന്നുപോകുന്ന പാവത്തിനെ വിഷമത്തോടെ നോക്കിനിന്നു.

ഒരു തൊഴിലും ഇല്ലാതെ നടക്കുന്ന കുറെ ചെറുപ്പക്കാരെപ്പിടിച്ച്  സാറന്മാരാക്കിയാല്‍ പിറ്റെ ദിവസംമുതല്‍ അവകാശവാദങ്ങളായി. ഡിഎയും ബോണസ്സും ഒന്നും ചോദിക്കുന്നില്ല എന്നേയുള്ളു. കേരളത്തിലെ പ്രബുദ്ധരായ തൊഴിലാളിവര്‍ക്ഷത്തെപ്പോലെ കൊടിയും പിടിച്ച് സ്ഥാപനത്തിന്റെ പടിക്കല്‍ സമരം ചെയ്യാത്തത് ഭാഗ്യം. ഡിമാന്‍ഡ് കൂട്ടാന്‍വേണ്ടി ഒരുത്തന്‍ ‘എന്നെ ഇന്നലെ എക്‌സലന്റ് അക്കാഡമിയില്‍ നിന്ന് വിളിച്ചിരുന്നു’ എന്ന് എല്ലാവരും കേള്‍ക്കാന്‍വേണ്ടി ഉറക്കെ പറഞ്ഞു

എന്നാപ്പിന്നെ പോയ്ക്കൂടേ എന്ന് ചോദിച്ചാല്‍ വര്‍ഷത്തിന്റെ ഇടക്കിട്ട് പോകാന്‍ മനസ്സനുവദിക്കുന്നില്ല. തന്നെയല്ല കുട്ടികളുടെ ഭാവിയെപ്പറ്റിക്കൂടി നമ്മള്‍ ചിന്തിക്കണമല്ലോ എന്നൊരു തത്വശാസത്രവും.

ഇനി കുട്ടികളുടെ കാര്യമാണെങ്കല്‍ കൃത്യമായി ഫീസ്സ് തരുന്നവര്‍ അഞ്ചോ ആറോ മാത്രം. അവര്‍ ഒന്നാം തീയതിയോ അതിന്റെ പിറ്റേന്നോ തന്നിരിക്കും. ബാക്കിയുള്ളതില്‍ പകുതിപ്പേര്‍ തുടര്‍ച്ചയായി ഓഫീസില്‍ വിളിപ്പിച്ച് ഫീസിന്റെ കാര്യം ഓര്‍മ്മിപ്പിച്ചാല്‍ പത്താം തീയതിയോടുകൂടി കൊണ്ടുവന്നെന്നിരിക്കും. അതു കഴിഞ്ഞാണ് തല്ലിപ്പിരിക്കല്‍ തുടങ്ങുന്നത്. മനസ്സില്ലാമനസ്സോടെ ആണെങ്കിലും  ക്‌ളാസ്സില്‍ നിന്ന് ഇറക്കിവിട്ടും മറ്റുമാണ് ഫീസ്സ് പിരിച്ച് സാറന്മാര്‍ എക്സ്സലന്റ് അക്കാഡമിയില്‍ പോകാതെ പിടിച്ചുനിറുത്തുന്നത്.

എന്നും രാവിലെ കൃത്യമായി വന്ന് തന്നില്‍അര്‍പ്പിച്ചിരിക്കുന്ന ഒരു കടമപോലെ ഷെഡ്ഡും പരിസരവും തൂത്ത് വൃത്തിയാക്കി അവകാശവാദങ്ങളോ ഭീഷണികളോ ഇല്ലാതെ കടന്നുപോകുന്ന അന്നമ്മച്ചേടത്തിയുടെ കാര്യം ഇതിനിടയില്‍ മറന്നുപോകുന്നതില്‍ അത്ഭുതമില്ലല്ലോ?

പതിവുപോലെ അന്നുംകിട്ടി നാലഞ്ചു കുട്ടികളുടെ ഫീസ്സ്. ചേടത്തിയുടെ ശമ്പളം മാറ്റിവെച്ചിട്ടാണ് വൈകിട്ട് വീതംവെച്ചത്. അവകാശവാദം ഉന്നയിച്ച സാറന്മാരോട് ഇന്നില്ല എന്ന് തീര്‍ത്തുപറഞ്ഞു. എക്സ്സലന്റ് അക്കാഡമിയില്‍ നിന്ന് വിളിക്കപ്പെട്ടവന്‍ പരിഭവിച്ചാണ് ഇറങ്ങിപ്പോയത്. ‘അവന്‍ പോയാലും എക്സ്സലന്റുവരെയല്ലേ പോകത്തുള്ളു’ എന്ന് കണക്ക് പഠിപ്പിക്കുന്ന റിട്ടയേര്‍ഡ് ഹൈസ്കൂള്‍ ഹെഡ്ഡ്മാസ്റ്ററായ രാമചന്ദ്രന്‍പിള്ളസ്സാറിനോട് തമാശയായി പറഞ്ഞു. സാറ് വെറുതെ ഒന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അതൊരു പുളിച്ച ചിരിയല്ലായിരുന്നോ എന്ന് പന്നീട് തോന്നാതിരുന്നില്ല.

ഇത്രയും നാളിനിടയില്‍ ഒരിക്കല്‍ മാത്രമാണ് ചേടത്തിയോട് വീട്ടുവിശേഷങ്ങള്‍ ചോദിച്ചിട്ടുള്ളത്. ‘ര്‍ത്താവ് മരിച്ചതിനുശേഷം കൂലിപ്പണിക്കാരനായ മകന്റെകൂടെയാണ് താമസം.

“അവന് കിട്ടുന്നകാശ് കള്ളുകുടിക്കാന്‍പോലും തെകയത്തില്ല, അവന്റെ കെട്ടിയോളും മക്കളും അരപ്പട്ടിണയാ, അതിന്റെകൂടെ ഞാനും. അവള് ഒരുവീട്ടില്‍ പണിക്കുപോകും. അതുകൊണ്ട്  അവന്റെ കുഞ്ഞുങ്ങള്‍ ചാകാതെകെടക്കുന്നു. ഇവിടത്തെ തൂപ്പുകഴിഞ്ഞാല്‍ ഞാന്‍ പത്രോസ്സിന്റെ കൈരളിഹോട്ടലില്‍പോയി പാത്രങ്ങളൊക്കെ കഴുകിക്കൊടുക്കും. ശമ്പളമൊന്നും അവന്‍ തരത്തില്ല. മൂന്നുനേരം ആഹാരം തരും. അതുതന്നെ വലിയൊരു കാര്യമല്ലേ? മിച്ചംവരുന്ന ചോറും കറികളുമൊക്കെ പൊതിഞ്ഞോണ്ട് ഞാന്‍ വീട്ടില്‍ കൊണ്ടുപോകും. കുഞ്ഞുങ്ങള്‍ വിശന്ന് ഞാന്‍ വരുന്നതുംകാത്ത് ഇരിപ്പുണ്ടായിരിക്കും. എത്രനാള്‍ ഇങ്ങനെ തള്ളിനീക്കാന്‍ പറ്റുമോ ആവോ? വയസ് അറുപത്തഞ്ചായി. കുഞ്ഞുങ്ങളുടെ കാര്യമോര്‍ക്കുമ്പോഴാ വിഷമം.”

അന്നമ്മച്ചേടത്തി പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടുനിന്നു. ചേടത്തിയുടെ ശമ്പളം ഇരുപത്തിയഞ്ചു രൂപാകൂടി കൂട്ടി നൂറാക്കിയത് അതിനുശേഷമാണ്. അതുകൊണ്ടൊന്നും അവരുടെ വിഷമം തീരത്തില്ലെന്ന് അറിയാം. ജോര്‍ജ്ജ് വര്‍ക്ഷീസിന് അതില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിവില്ലല്ലോ? തന്റേതായ ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ട്. ഭാര്യയും രണ്ട് മക്കളും ഉള്ള കുടുംബം പുലരുന്നത് ട്യൂട്ടോറിയലില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രമാണ്.

കുടുംബസ്വത്തായി കിട്ടിയ പത്തുസെന്റ് ഭൂമിയും അതിലെ കൊച്ചുവീടും ഉള്ളതുകൊണ്ട് കയറിക്കിടക്കന്‍ ഒരിടമുണ്ട്. ട്യൂട്ടോറിയല്‍ ഇരിക്കുന്നത് വാടകസ്ഥലത്താണ്. അതിന്റെ ഉടമസ്ഥന്‍ വര്‍ഷംതോറും വാടക കൂട്ടുന്നകാര്യത്തില്‍ ഒരമാന്തവും വരുത്താറില്ല. ട്യൂട്ടോറിയലില്‍ നിന്നുള്ള വരുമാനമാണെങ്കില്‍ പഴയതുപോലെ ഇല്ലതാനും. പണ്ടൊക്കെ പത്താംക്‌ളാസ്സില്‍ തോറ്റ കുട്ടികള്‍ നൂറും നൂറ്റമ്പതുമൊക്കെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ നൂറുശതമാനത്തെ വിജയിപ്പിക്കുന്നതുകൊണ്ട് ആ ഒരു വരുമാനം ഇല്ലാതായി. പിന്നുള്ളത് പ്‌ളസ് റ്റു ആണ്. അതുംകൂടി നൂറുശതമാനം ആക്കിയാല്‍ ട്യൂട്ടോറിയല്‍ പൂട്ടിക്കെട്ടുകയേ മാര്‍ക്ഷമുള്ളു. ഭാവിയിലേക്കു നോക്കുമ്പോള്‍ അന്ധകാരമാണ് ജോര്‍ജ്ജ് വര്‍ക്ഷീസ് കാണുന്നത്.

അന്നമ്മച്ചേടത്തിയുടെ രണ്ടുമാസത്തെ ശമ്പളമായ ഇരുനൂറു രൂപയും പോക്കറ്റിലിട്ടുകൊണ്ടാണ് രാവിലെ വീട്ടല്‍നിന്ന് പുറപ്പെട്ടത്. തിരക്കുള്ള ബസ്സില്‍ പോക്കറ്റടിക്കപ്പെടാതിരിക്കാന്‍ ഡയറി നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ട്യൂട്ടോറിയലില്‍ ചെല്ലുമ്പോള്‍ അന്നമ്മച്ചേടത്തിയില്ല. പകരം മറ്റൊരു സ്ത്രീ ചൂലുമായിട്ട് നില്‍ക്കുന്നു

“അമ്മക്ക് സുഖമില്ലാതെ ആശുപത്രീലാ അതുകൊണ്ടാ ഞാന്‍ വന്നത്”

“നിങ്ങളാരാ?”

“മരുമോളാ.”

“ഏതാശുപത്രീലാ? എന്താ അസുഖം?”

“ഇന്നലെ ഹോട്ടലീ ജോലിചെയ്‌തോണ്ടിരുന്നപ്പം തലകറങ്ങി വീണു. ഹോട്ടലിലെ മാനേജരാ ഓട്ടോപിടിച്ച് സര്‍ക്കാരാശുപത്രീ കൊണ്ടാക്കിയത്.”

അന്നമ്മച്ചേടത്തീടെ ശമ്പളം മരുമോടെ കയ്യില്‍ കൊടുത്താലോ എന്നാലോചിച്ചു. പിന്നെ അത് വേണ്ടെന്നു വച്ചു. അവളത് കൊടുത്തില്ലെങ്കിലോ? വൈകിട്ട് ട്യൂട്ടോറിയലും പൂട്ടി നേരെ ആശുപത്രീലേക്കാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഡോക്ട്ടര്‍ വിസ്ഡം ട്യൂട്ടോറിയലില്‍  പഠിച്ചിട്ടുള്ള പഴയൊരു വിദ്യാര്‍ത്ഥി. വിവരം പറഞ്ഞപ്പോള്‍ ഡോക്ട്ടര്‍തന്നെയാണ് വാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

അവിടെ ചല്ലുമ്പോള്‍ ചേടത്തി മയക്കത്തിലാണ്.

“സാറിന്റെ ആരാ?” ഡോക്ട്ടര്‍ ചോദിച്ചു

ഒരു ബന്ധുവാണെന്ന് പറഞ്ഞു.

“എല്ലാ അസുഖങ്ങളും ഉണ്ട്” ചാര്‍ട്ട് നോക്കിയിട്ട് ഡോക്ട്ടര്‍ പറഞ്ഞു. “ബീപ്പി, കോളസ്റ്ററോള്‍ എല്ലാം വളരെ ഹൈയാ. ഞാനൊരു മരുന്നിന് കുറിച്ചുതരാം വെളിയില്‍ നിന്ന് വാങ്ങണം.”

കുറിപ്പും വാങ്ങി മെഡിക്കല്‍ സ്റ്റോറില്‍ ചെന്നപ്പം സ്റ്റോര്‍ ഉടമയും പരിചയക്കാരന്‍. അയാളുടെ മക്കള്‍ വിസ്ഡം ട്യൂട്ടോറിയലില്‍ പഠിച്ചിട്ടുണ്ടത്രെ. കുറിപ്പ് നോക്കിയിട്ട് അയാള്‍ ചോദിച്ചു, “സാറിന്റെ ആര്‍ക്കാ അസുഖം? ഇതല്‍പം വിലപടിപ്പുള്ള മരുന്നാണല്ലോ?”

എത്രയാകും എന്ന് ചോദിച്ചു

“എണ്ണൂറ് രൂപയോളം വരും. പൈസ ഇപ്പോഴില്ലെങ്കില്‍ പിന്നെ തന്നാലും മതി..” ജോര്‍ജ്ജ് വര്‍ക്ഷീസ് സംശയിച്ചു നില്‍ക്കുന്നത് കണ്ടിട്ട് അയാള്‍ പറഞ്ഞു, തന്റെ മക്കളെ പഠിപ്പിച്ചിട്ടുള്ള സാറില്‍ ഉള്ള വിശ്വാസം കൊണ്ട്. അന്നമ്മച്ചേടത്തിക്ക് കൊടുക്കാന്‍ കൊണ്ടുവന്ന ഇരുനൂറു രൂപാ കൊടുത്തിട്ട് ബാക്കി രണ്ടുദിവസത്തിനകം തരാം എന്ന് പറഞ്ഞ് മരുന്നും വാങ്ങി പോന്നു

തിരികെ വാര്‍ഡില്‍ ചെന്നപ്പോള്‍ അന്നമ്മച്ചേടത്തി കണ്ണുംതുറന്ന് കിടക്കുന്നു.

“അയ്യോ സാറോ? സാറെന്നെക്കാണാന്‍ വന്നതാണോ? ഷെഡ്ഡ് തൂക്കാന്‍ എന്റെ മരുമോളെ പറഞ്ഞു വിട്ടാരുന്നല്ലൊ? അവള് വന്നില്ലേ?”

“ചേടത്തിക്കിപ്പം എങ്ങനെയുണ്ട്?  കോളസ്റ്ററോളും മറ്റും വളരെ കൂടുതലാണെന്നാ ഡോക്ട്ടര്‍ പറഞ്ഞത്. ഹോട്ടലിലെ ആഹാരം മൂന്നുനേരോം കഴിച്ചിട്ടാ; സൂക്ഷിക്കണം.”

“ഇനിയിപ്പം എന്നാ സൂക്ഷിക്കാനാ സാറെ?” കെടന്ന് കഷ്ട്ടപ്പെടാതെ അങ്ങ് പോയാല്‍ മതി. കുഞ്ഞുങ്ങടെ കാര്യമോര്‍ക്കുമ്പോളത്തെ വിഷമമേയുള്ളു.”

“അങ്ങനെയൊന്നും വിചാരിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട. ഇനി നല്ല സുഖമായിട്ട് ജോലിക്ക് പോയാല്‍ മതി. ചേടത്തീടെ ശമ്പളം ഞാന്‍ നാളെക്കൊണ്ടുത്തരാം.”

മരുന്ന് ഡോക്ട്ടറെ ഏല്‍പ്പിച്ച് തിരികെ പോരുമ്പോള്‍ മെഡിക്കല്‍ സ്റ്റോറിലെ കടം എങ്ങനെ വീട്ടും എന്ന ചിന്തയായിരുന്നു മനസ്സില്‍.


സാം നിലമ്പള്ളില്‍
samnilampallil@gmail.com
Join WhatsApp News
സരസന്‍ അറിഞ്ഞേ! 2019-09-13 20:42:08
 സരസന്‍ അറിഞ്ഞേ നിലംബള്ളി സാറെ അന്നമ ചേടത്തിയും പിന്നെ.....
അയ്യോ പറയാന്‍ നാണം ...നാളെ പറയാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക