Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ - 35:ജയന്‍ വര്‍ഗീസ്)

Published on 14 September, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ - 35:ജയന്‍ വര്‍ഗീസ്)
നാട്ടും പുറങ്ങളിലെ ചെറിയ തരം തുണിക്കടകള്‍ തകരുന്ന ഒരു കാലമായിരുന്നു അത്. യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും, പട്ടണങ്ങളില്‍ വലിയ വലിയ ഷോറൂമുകള്‍ ഉയരുകയും ചെയ്തപ്പോള്‍ കൂടുതല്‍ സെലക്ഷന്‍ തേടി ജനങ്ങള്‍ അങ്ങോട്ടൊഴുകി. കച്ചവടം കുറവായിരുന്നെങ്കിലും മേരിക്കുട്ടിയുടെ തയ്യല്‍ പ്രാവീണ്യം കൊണ്ട് മാത്രം കുറച്ചു കളക്ഷന്‍ ഒക്കെ ഞങ്ങള്‍ക്കും കിട്ടിയിരുന്നു. കുട്ടികള്‍ രണ്ടും സ്കൂളില്‍ ആയി. ചെലവുകള്‍ വര്‍ധിച്ചുവെങ്കിലും, പുരയിടത്തില്‍ നിന്നുള്ള വരുമാനവും കൂടിയായപ്പോള്‍ ഞങ്ങള്‍ക്കും ചെറിയ സന്പാദ്യമൊക്കെ ഉണ്ടായി.

പണവുമായുള്ള ഇടപാടുകളില്‍ ഞാന്‍ പുലര്‍ത്തിയിരുന്ന കൃത്യ നിഷ്ഠ മൂലം ഞങ്ങളും ' കുട്ടിപ്പണക്കാരായി ' എന്ന ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ടായി. കടം വാങ്ങുന്ന തുകകള്‍ അവധിക്കും ഒരു ദിവസം മുന്‍പേ കൊടുത്ത് തീര്‍ക്കുക, പലിശ കൃത്യ സമയത്തു തന്നെ കൊടുക്കുക, ' പറ്റുപടി ' അടിസ്ഥാനത്തില്‍ കടമായി ആളുകള്‍ സാധനങ്ങള്‍ വാങ്ങിയിരുന്ന കാലത്ത് കടകളില്‍ നിന്ന് രൊക്കം പൈസ കൊടുത്ത് സാധനങ്ങള്‍ വാങ്ങുക, ( ചിലപ്പോള്‍ ഈ പൈസ രണ്ടു രൂപാ പലിശക്ക് വാങ്ങിയതാണെങ്കില്‍ കൂടിയും.) മുതലായവയായിരുന്നു എന്റെ രീതികള്‍.

ഇറച്ചിക്കടകളില്‍  രൊക്കം പണം കൊടുക്കുന്ന രീതി നാട്ടില്‍ ഉണ്ടായിരുന്നേയില്ല. എല്ലാ ഞായറാഴ്ചകളിലും  ഒരു ഉരുവിനെയെങ്കിലും കശാപ്പുകാര്‍ അറുക്കും. മിക്കവാറും അത് ഒരു പോത്തായിരിക്കും. ആ ഇറച്ചി വാങ്ങുന്നവര്‍ പിറ്റേ ആഴ്ചയിലാണ് പണം കൊടുക്കുക. ഈ പണം പിരിക്കുന്നതിനായി ചിലപ്പോഴെങ്കിലും അവര്‍ക്ക് വീടുകളില്‍ കയറിയിറങ്ങുകയും ചെയ്യേണ്ടിയിരുന്നു. രണ്ടാഴ്ച കൂടുന്‌പോള്‍ ഒരിക്കലാണ് ഞാന്‍ ഇറച്ചി വാങ്ങിയിരുന്നത് അത് കൃത്യം ഒന്നര കിലോ. ഞങ്ങളുടെ കശാപ്പു കാരനായിരുന്ന മീരാനിക്കക്ക് രൊക്കം പണം കിട്ടിയിരുന്നത് ഒരു പക്ഷെ എന്നില്‍ നിന്ന് മാത്രമായിരുന്നു എന്ന് പറയാം. ഇത് കൊണ്ട് എനിക്ക് കിട്ടിയിരുന്ന ഒരു വലിയ ഗുണമുണ്ടായിരുന്നു. ഇറച്ചിക്കടയില്‍ ' ക്യൂ ' സിസ്റ്റമൊന്നും നടപ്പിലായിരുന്നില്ല. പണം കിട്ടുമെന്ന് ഉറപ്പുള്ളവര്‍ക്ക് ആദ്യം കൊടുക്കുന്ന ഒരു രീതിയിരുന്നു അവിടെ. എന്നെ അകലെ കാണുന്നതേ മീരാനിക്ക ഒന്നര കിലോ നല്ല ഇറച്ചി മുറിച്ചു പാക്ക് ചെയ്തു വയ്ക്കും. നേരത്തെ വന്നവര്‍ അവിടെ നില്‍ക്കുന്‌പോള്‍ തന്നെ പണം കൊടുത്ത് ഇറച്ചി വാങ്ങി എനിക്ക് സ്ഥലം വിടാം എന്നതായിരുന്നു ആ ഗുണം.

' താക്കോല്‍ സ്വന്തം കൗപീന വാലില്‍ ' എന്നൊരു രീതിയാണ് നാട്ടും പുറങ്ങളില്‍ നടപ്പിലുണ്ടായിരുന്നത്. നൂറു പവന്‍ സ്വര്‍ണ്ണവും, അതിനൊത്ത തുകയും സ്ത്രീധനമായി കൊണ്ട് വന്ന പെണ്ണിന് പോലും ഒരു കണ്മഷി വാങ്ങണമെങ്കില്‍,അമ്മ മുഖാന്തിരം അപ്പനോട് ചോദിക്കണം. കൗപീന വാലിലെ ( സ്വന്തം വാലറ്റ് എന്ന് മോഡേണ്‍ നിര്‍വചനം.) താക്കോല്‍ അഴിച്ചെടുത്തു മേശ തുറന്ന്  അപ്പന്‍ പണമെടുത്ത് കൊടുക്കും. ( പുത്തന്‍ രീതിയില്‍ ഈ കൗപീന വാല്‍ സിസ്റ്റം നടപ്പിലാക്കുന്ന ചില അച്ചായന്മാരെ അമേരിക്കയിലെ പള്ളികളില്‍ ഒരു നിത്യ കാഴ്ചയാണ്. കുര്‍ബാന തീരാറാവുന്‌പോള്‍ അച്ചായന്‍ തുണി പൊക്കി പിന്‍ പോക്കറ്റില്‍ കൈയിട്ടു വാലറ്റെടുത്ത് ഒരു ഡോളര്‍ ഭാര്യക്ക് നീട്ടിക്കൊടുക്കും. എല്ലാം എന്റെ അണ്ടറിലാണ് നടക്കുന്നത് എന്ന ഭാവത്തോടെ. ഭാര്യ ഭക്ത്യാദര പൂര്‍വം അത് സ്വീകരിച്ചു  നേര്‍ച്ചയിടും. ഭാര്യയുടെ തോളത്ത് അപ്പോഴും തൂങ്ങിക്കിടക്കുന്ന മോഡേണ്‍ വാനിറ്റി ബാഗില്‍ ഈ ഡോളര്‍ മുന്നമേ ഇടാമായിരുന്നില്ലേ എന്ന് ഞാന്‍ ചോദിക്കുന്നില്ല.)

എന്റെ വീട്ടില്‍ നിന്ന് ഈ രീതി  ഞാന്‍ കുടിയിറക്കി. ഞങ്ങളുടെ കടയിലെ ചെറിയ കളക്ഷന്‍ അലമാരിയില്‍ ഒരു പ്രത്യേക സ്ഥലത്ത് പരസ്യമായി വച്ചിരിക്കും. ഭാര്യക്കോ, കുട്ടികള്‍ക്കോ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതില്‍ നിന്നെടുത്ത് ചെലവഴിക്കാം. അനാവശ്യമായി പണം ചെലവഴിക്കരുത് എന്ന് എല്ലാവരോടും മുന്നമേ പറഞ്ഞിട്ടുണ്ട് ; അത്രമാത്രം. ഭാര്യക്കോ, കുട്ടികള്‍ക്കോ വിശേഷ ദിവസങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങി സര്‍െ്രെപസായി അവര്‍ക്കു കൊടുത്ത് കൈയടി വാങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നില്ല. ( ഇത് തെറ്റായിപ്പോയി എന്ന് സ്വന്തക്കാരായ ചില മോഡേണ്‍ ലേഡികള്‍ എന്നെ കുറ്റപ്പെടുത്തുന്നുമുണ്ട്. ) ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണമെടുത്ത് ആവശ്യമുള്ളത് വാങ്ങാം എന്ന നിലയില്‍ ആയിരുന്നിട്ടു കൂടി എന്റെ കുടുംബം പണം ദുര്‍വിനിയോഗം ചെയ്തിട്ടില്ല എന്നത് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.

( പില്‍ക്കാലത്ത് ഈ ഓപ്പണ്‍ പേഴ്‌സ് സിസ്റ്റം എന്റെ ജീവിതത്തില്‍ തിരിച്ചു കിട്ടുക തന്നെ ചെയ്തു. എന്റെ മകന്റെയു, വിവാഹിതയായി മറ്റൊരു കുടുംബമായി കഴിയുന്ന മകളുടെയും സന്പാദ്യങ്ങളില്‍ ആവശ്യമെങ്കില്‍ കൈ കടത്തുന്നതിനുള്ള അവകാശം അവര്‍ എനിക്ക് തന്നിട്ടുണ്ട്.  ഞാന്‍ ആവശ്യപ്പെടാതെ തന്നെ അതാത് മാസത്തെ സാന്പത്തിക നില ഒരു ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പോലെ  മകന്‍ എന്നെ അറിയിക്കാറുമുണ്ട്.)

ഒരു ചെറിയ വീട് പണിയണം എന്ന ആശ പൂവണിയാതെ കിടക്കുകയായിരുന്നു. പാന്പ് ശല്യം ഒഴിവായെങ്കിലും, ഞങ്ങളുടെ വീടിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ഇപ്പോഴത്തെ സാന്പത്തികം തീരെ മോശമല്ലെങ്കിലും ഒരു വീട് പണിയാനും മാത്രമുള്ള ഭദ്രത ഉണ്ടായിരുന്നുമില്ല. സ്‌പോട്ടില്‍ വണ്ടി വരാനുള്ള സൗകര്യം ഇല്ല. റോഡില്‍ സാധനങ്ങള്‍ ഇറക്കിയാല്‍ തന്നെ തലച്ചുമടായി വേണം സ്ഥലത്തെത്തിക്കാന്‍. അതും നമുക്ക് സ്വന്തമായി ഒരു വഴിയില്ല. വേങ്ങച്ചുവട്ടിലെ കൊച്ചപ്പന്‍ കരുണാ പൂര്‍വം അനുവദിച്ചു തന്നിട്ടുള്ള ഒരു നടപ്പു വഴിയാണ് ഞങ്ങള്‍ക്കുള്ളത്. ഒരു പക്ഷെ അദ്ദേഹം സമ്മതിച്ചാല്‍ തന്നെ റോഡില്‍ നിന്ന് വളഞ്ഞു വരുന്ന  ആ വഴിയിലൂടെ സാധനങ്ങള്‍ എത്തിക്കാന്‍ വിലയുടെ ഇരട്ടി കൂലിയാകും എന്നതിനാല്‍ സ്വന്തം സ്ഥലത്തു ലഭ്യമാവുന്ന  സാധനങ്ങള്‍ ഉപയോഗപ്പെടുത്തി വീട് പണിയാന്‍ തീരുമാനിച്ചു.

പറന്പില്‍ ധാരാളം ഉരുളന്‍ കല്ലുകള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ? കല്ലുകള്‍ അളന്നു മുറിച്ച പോലെ ഒരടി കട്ടകളാക്കി കീറിയിടുന്ന സുപ്രന്‍ എന്റെ സുഹൃത്തായിരുന്നു. ഈ കല്ലുകീറല്‍ ഒരു വലിയ കലയാണെന്നാണ് എന്റെ അഭിപ്രായം. ഒരു വലിയ കല്ലിന്റെ പുറത്ത് സുപ്രന്‍ കയറിയാല്‍ ദിവസങ്ങള്‍ കൊണ്ട് അത് ഒരടി കട്ടകളായി മാറും. ഉപകരണങ്ങള്‍ എന്ന് പറയാവുന്നത് ഒന്നോ, രണ്ടോ കല്ലുളികളും, ഒരു ചുറ്റികയും മാത്രം. സുപ്രനെക്കൊണ്ട് തറ പണിയുന്നതിനാവശ്യമുള്ള കല്ലുകള്‍ കീറിച്ചിട്ടപ്പോള്‍ പുറത്തു നിന്ന് വാങ്ങിയാല്‍ വേണ്ടി വരുന്നതിന്റെ പകുതി പോലും ചിലവായില്ല.

മണലാണ് മറ്റൊരു നിര്‍മ്മാണ വസ്തു. തോട്ടില്‍ ധാരാളം മണല്‍ ഉണ്ടായിരുന്നെങ്കിലും, അത് ചളി കലര്‍ന്ന മണലാണ്. ചളിമണലിന് സിമന്റുമായി ചേരുന്‌പോള്‍ ഉറപ്പ് കുറയും. ഈ മണല്‍ തോട്ടിലെ വെള്ളത്തെ കൊണ്ട് തന്നെ കഴുകിച്ചെടുക്കുവാനുള്ള ഒരു മാര്‍ഗ്ഗം ഞാന്‍ കണ്ടെത്തി. വലതു വശത്തു നിന്ന് ഒഴുകി വന്ന് എന്റെ പുരയിടത്തെ തഴുകി ഇടതു വശത്തേക്ക് ഒഴുകിപ്പോവുന്ന ഒരു വളഞ്ഞ  സ്ഥിതിയാണ് തോടിന് ഉണ്ടായിരുന്നത്. ഈ വളവിന്റെ മധ്യ ഭാഗത്ത് മറുകരയില്‍ നിന്ന് തോടിന്റെ പകുതിയോളം വരുന്ന ഒരു ചിറ ( തടസ്സം ) ബലമായി ഞാന്‍ കെട്ടിയുണ്ടാക്കി. ഈ ചിറ ഒഴുക്കിനെ ഭാഗികമായി തടഞ്ഞു നിര്‍ത്തുന്നത് കൊണ്ട് അവിടെ വെള്ളം ചിറക്ക് ചുറ്റുമായി  ഇഗ്ലീഷ് അക്ഷരമാലയിലെ ' യു ' വിന്റെ ആകൃതിയിലാവും ഒഴുകുക. ഒഴുക്കിന്റെ ശക്തിയില്‍  വെള്ളം കൊണ്ട് വരുന്ന മണല്‍ അടുപ്പില്‍ അരി തിളക്കും പോലെ അല്‍പ്പം തിളച്ചിട്ടാണ് വെള്ളത്തില്‍ താഴുക. ഈ തിളക്കലില്‍ ചളിയെല്ലാം കഴുകിപ്പോകുന്ന  മണല്‍ ചിറയുടെ താഴത്തെ ഭാഗത്തു അടിഞ്ഞു കൂടും. കുളിക്കാനിറങ്ങുന്‌പോള്‍ പത്തോ അതിലധികമോ കുട്ട ( ഒരു കുട്ട എന്നാല്‍ ഒരു ഘനയടി.) മണല്‍ വാരി കരയില്‍ ഇട്ടിട്ടാവും കുളിക്കുക. ഇപ്രകാരം ഒരു പൈസ മുടക്കാതെ വീടിനാവശ്യമുള്ള മുഴുവന്‍ മണലും വാരിയെടുക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ( തോട്ടില്‍ ഒഴുക്ക് കൂടുന്‌പോള്‍ കൂടുതല്‍ മണല്‍ അടിയുമെങ്കിലും, ഒഴുക്കില്‍ ഉറച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യ എന്നെ വെള്ളത്തില്‍ താഴ്ത്തി പിടിച്ചിട്ടാണ് ഞാന്‍ മണല്‍ വാരിയിരുന്നത്.)

ഒരു കിലോമീറ്ററോളം ദൂരെയുള്ള ഒരു സ്ഥലത്ത് നിന്നാണ്  വെട്ടുകല്ല് ( ചെങ്കല്ല് ) വെട്ടിച്ചത്. അത് ചുമന്നു കൊണ്ട് വരുവാന്‍ കുറെ പാട് പെട്ടു. എങ്കിലും പിട്ടാപ്പിള്ളില്‍ മാത്യു ചേട്ടന്‍ എന്ന നല്ല സ്‌നേഹിതന്‍  തന്റെ പറന്പിലൂടെ ചുമന്നു കൊള്ളാന്‍  അനുവദിച്ചത് മൂലം ദൂരം പകുതിയായി കുറഞ്ഞു കിട്ടി. പറന്പിലെ ആഞ്ഞിലികളില്‍ ഒരെണ്ണം വെട്ടി അറപ്പിച്ചു മര ഉരുപ്പടികള്‍ തയാറാക്കി. എന്റെ സുഹൃത്തുക്കള്‍ തന്നെയായിരുന്ന ഈഴക്കുന്നേല്‍ കുഞ്ഞമ്മാന്‍ ചട്ടനും, ഭാസ്കരന്റെ അച്ഛന്‍ വേലായുധന്‍ പണിക്കനുമായിരുന്നു അറപ്പുകാര്‍.

സാധനങ്ങള്‍ എല്ലാം ഒത്തുകിട്ടിയതോടെ പിന്നത്തെ പണികള്‍ എളുപ്പമായിരുന്നു. എന്റെ സുഹൃത്തുക്കള്‍ തന്നെയായിരുന്ന പനം കുറ്റിയില്‍ വാസു കല്‍പ്പണിയും, ഭാസ്കരന്റെ അളിയന്‍ ദാസപ്പന്‍ മരപ്പണിയും ചെയ്തു തന്നു. അങ്ങിനെ എന്റെ സ്വന്തം പ്ലാനില്‍ രണ്ടു ബെഡ് റൂമുകളും, ലിവിങ് , ഡൈനിങ് , കിച്ചന്‍, സ്‌റ്റോര്‍, സിറ്റൗട്ട് എന്നീ  സൗകര്യങ്ങളോടെ  എല്ലാ പണിയും തീര്‍ന്നു പെയിന്റിംഗ് വരെ പൂര്‍ത്തിയായ മനോഹരമായ ഒരു കൊച്ചു വീട് ഞങ്ങള്‍ക്ക് സ്വന്തമായിത്തീര്‍ന്നു.

വീട് പണിക്കിടയിലുണ്ടായ ചില ചില്ലറ അലോസരങ്ങളും കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. വീടിന് സ്ഥാനം കാണുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നാട്ടില്‍ നില നിന്നിരുന്നത്. സ്ഥാനക്കാരില്‍ തന്നെ പ്രശസ്തരും, അപ്രശസ്തരും രംഗത്തുണ്ട്. തച്ചു ശാസ്ത്രം എന്നൊരു ശാസ്ത്രം തന്നെ ഉണ്ടെന്നാണ് അതിന്റെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത്. ( ചാനലുകളില്‍ പോലും പ്രചാരം നേടിക്കഴിഞ്ഞ ഈ തച്ചു ശാസ്ത്ര വിദഗ്ദന്മാരുടെ ഉപദേശം കേട്ട് ഒന്നാന്തരമായി പണിഞ്ഞു  വച്ച മനോഹര വീടുകള്‍ അവിടവിടെ പൊളിച്ചു വീണ്ടും പണിയുന്ന സന്പൂര്‍ണ്ണ സാക്ഷരരുടെ നാട് കൂടിയാണല്ലോ കേരളം ?)ഈ സങ്കല്‍പ്പ ശാസ്ത്രത്തിലെ ചില മൂലകളും, യോഗങ്ങളും വാസ്തുപുരുഷനും ഒക്കെ ഉരുവിട്ട് കൊണ്ട് സ്ഥാനക്കാരന്‍ വീട്ടുടമയെ ഹിപ്‌നോട്ടയ്‌സ് ചെയ്യുകയാണെന്നാണ് അന്നും, ഇന്നും അല്‍പ്പം യുക്തിവാദ ചിന്തയൊക്കെ ഉണ്ടായിരുന്ന എന്റെ വിശ്വാസം. വീട് പണി തീരും മുന്‍പ് വീട്ടുകാരന്‍ തട്ടിപ്പോകും എന്നോ മറ്റോ അയാള്‍ പറഞ്ഞു പോയാല്‍ പേടിച്ചിട്ടു വീട് പണിയാനും പറ്റില്ലാ, അഥവാ പണിതാല്‍ത്തന്നെ തട്ടിപ്പോയേക്കുമോ എന്ന ഭീതിയില്‍ ഭയന്ന് വിറച്ചു തട്ടിപ്പോവുകയും ചെയ്‌തേക്കാം എന്നതാണ് സ്ഥിതി. ( സ്ഥാനം നോക്കിക്കാതെ വീട് വച്ചതിന്റെ പേരില്‍ വീട്ടുകാരില്‍  നിന്നും, നാട്ടുകാരില്‍ നിന്നും ധാരാളം പഴി കേട്ടിട്ടുള്ള ഒരാളാണ് ഞാന്‍ )

( മനുഷ്യന്‍ ചന്ദ്രനിലെത്തി എന്നും, മറ്റു ഗ്രഹങ്ങളിലേക്ക് കൈ നീട്ടുകയാണ് എന്നുമൊക്കെ പ്രചരിപ്പിക്കുന്ന ശാസ്ത്രത്തിന്റെ ആരാധകരായി വളര്‍ന്നു വന്നതും,  സത്യാനേഷികളുടേതെന്ന് സ്വയം അവകാശപ്പെടുന്നതുമായ ഒരു കൂട്ടരാണ് യുക്തി വാദികള്‍. യുക്തി വാദികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കുറച്ചൊക്കെ നേരിട്ട് അറിയുകയും, അതിലേറെ വായിക്കുകയും ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലക്ക് അവരുടെ രീതികളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ കണ്ടെത്തുവാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്. മനുഷ്യ നന്മക്ക് മാര്‍ഗ്ഗ രേഖകള്‍ ആയിത്തീരേണ്ട മതങ്ങള്‍ ആചാരങ്ങളുടെയും, അനാചാരങ്ങളുടെയും പേരില്‍ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികളെ അവര്‍ ചോദ്യം ചെയ്തിട്ടുണ്ട്. 

പള്ളികളിലെയും, ക്ഷേത്രങ്ങളിലെയും ദൈവ പ്രതീകങ്ങള്‍ യദാര്‍ത്ഥ ദൈവങ്ങളാണെന്ന് പ്രചരിപ്പിച്ചു കൊണ്ട് അതിന്റെ പേരില്‍ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ചു ധനം കൊയ്‌യുന്ന ചൂഷകരെ അവര്‍ തൊലിയുരിച്ചു കാണിച്ചിട്ടുണ്ട്. അമാനുഷികമായി സംഭവിക്കുന്നത് എന്ന് ഈ ചൂഷകര്‍ പ്രചരിപ്പിച്ച പലതും മനുഷ്യന്റെ സൃഷ്ടിയാണെന്ന് അവര്‍ തെളിയിച്ചു. ഇതിന് ഏറ്റവും നല്ല തെളിവായി ചൂണ്ടിക്കാണിക്കാവുന്നതാണ്, ശബരിമലയില്‍ കാണപ്പെടുന്ന മകരവിളക്ക് മനുഷ്യന്‍ കത്തിച്ചു കാണിക്കുന്ന കര്‍പ്പൂര ദീപമാണ് എന്ന  സത്യം അതിന്റെ ഉത്ഭവ സ്ഥാനത്തു പോയി കണ്ടെത്തി തെളിവ് സഹിതം  പൊതു സമൂഹത്തെ അറിയിച്ചത്. ചോരയൊലിപ്പിക്കുന്ന ക്രൂശിത രൂപവും, കരയുന്ന കന്യാസ്ത്രീയും, പാലു കുടിക്കുന്ന ഗണപതി വിഗ്രഹവുമൊക്കെ ഈ ചൂഷണത്തിന്റെ സമാന രൂപങ്ങളായിരുന്നുവെന്ന് അവര്‍ തെളിയിച്ചു.

തങ്ങള്‍ സത്യാന്വേഷികളാണ് എന്ന യുക്തി വാദികളുടെ അവകാശ വാദത്തിന് കുറെയൊക്കെ സപ്പോര്‍ട്ട് നല്‍കുന്നതാണ് ഇത്തരം സംഭവങ്ങള്‍ എന്ന് സമ്മതിക്കുന്‌പോള്‍ പോലും രഹസ്യമായി ആചാരങ്ങള്‍ക്ക് അടിമകളായി ജീവിക്കുന്നവരാണ് ഒട്ടേറെ യുക്തിവാദികള്‍. സ്ഥാനം കാണാതെ വീട് വച്ച  എത്ര ശതമാനം യുക്തി വാദികള്‍ ഉണ്ട് സമൂഹത്തില്‍ എന്നാണ്എന്റെ ചോദ്യം. ( ഒരു ന്യൂന പക്ഷം ഉണ്ടാവാം ) ബൈബിളിലെയും, മറ്റു മത ഗ്രന്ഥങ്ങളിലെയും മനുഷ്യരുടെ പേരുകള്‍ സ്വന്തം പേരുകളായി അഭിമാനത്തോടെ  കൊണ്ട് നടക്കുന്നവര്‍ നിങ്ങള്‍ക്ക് ബോധം വന്നപ്പോളെങ്കിലും എന്തുകൊണ്ട്  ഒരു മതത്തിലും, ജാതിയിലും ഉള്‍പ്പെടാത്ത മണ്ണ്, കല്ല്, മരം, മാനം എന്നത് പോലുള്ള  ' യുക്തി സഹ ' പേരുകള്‍ സ്വീകരിച്ചില്ല എന്നും എനിക്ക് ചോദ്യമുണ്ട്.

ഇത് ചോദിക്കുവാനുള്ള എന്റെ അവകാശം എന്ത് എന്നാണു ചോദ്യമെങ്കില്‍, ഒരു തികഞ്ഞ ദൈവ വിശ്വാസി ആയിരിക്കുന്‌പോള്‍ തന്നെ ഒരു സ്ഥാനവും നോക്കാതെ വീട് വച്ചവനാണ് ഞാന്‍ എന്നതാണ് ആ ഉത്തരം. പ്രപഞ്ചാത്മാവായ ദൈവ ഭാവന മനുഷ്യ വാസത്തിനായി പ്രത്യേകം രൂപ കല്‍പ്പന ചെയ്തു സംഭവിച്ച  ഭൂമിയെന്ന ഈ നക്ഷത്രപ്പാറയില്‍ ( റോക്കി പ്ലാനറ്റ് എന്ന് ശാസ്ത്ര ഭാഷ്യം. ) എനിക്ക് ലഭിച്ച ഇടത്തില്‍ എന്റെ കൂടു കൂട്ടുന്നതിന് എന്റെ ഇഷ്ടമാണ് കൂടുതല്‍ വലുത് എന്ന യുക്തി ഭദ്രമായ നിലപാട് കൊണ്ടാണ് എനിക്കിഷ്ടമുള്ള പ്ലാനില്‍
ഞാന്‍ വീട് വച്ചത് ) .

( ലോകത്താകമാനമുള്ള യഥാര്‍ത്ഥ യുക്തി വാദികള്‍ സത്യാന്വേഷണത്തിനായി അവരുടെ ധനവും സമയവും ചെലവഴിക്കുന്‌പോള്‍ കേരളത്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ ചില  മഹാന്മാര്‍  ദൈവം എന്ന വാക്ക് കേട്ടാല്‍  ക്യൂലക്‌സിന്റെ കൂത്താടികളേപ്പോലെ വെറുതേ മേല്‍കീഴ് മറിഞ്ഞു പുളയ്ക്കുകയാണ്. അനന്തമായ കാല വീഥിയിലൂടെ ഉരുണ്ടു വരുന്ന അനിവാര്യമായ ദൈവ സാന്നിധ്യത്തിന്റെ ഭാരശകടം, തങ്ങളുടെ തുഛ ദുര്‍ബലമായ ശാസ്ത്ര ബോധത്തിന്റെ കൊച്ചുകാലുകളില്‍ എഴുന്നേറ്റു നിന്ന്  കൊണ്ട്  ഇപ്പ മറിച്ചുകളയും എന്ന ഭാവത്തോടെ മസില് പിടിച്ച് നില്‍ക്കുകയാണ് ഈ മണ്ണ് മാക്രികള്‍ ! ( ഇവര്‍ മാക്രുന്നതും,  പുളക്കുന്നതും ഗോത്ര സംസ്കൃതിയില്‍ മനുഷ്യന്‍ സൃഷ്ടിച്ച  ദൈവ  സങ്കല്‍പ്പങ്ങളുടെ പിന്‍ തുടര്‍ച്ചക്കാരായി ക്ഷേത്രങ്ങളിലും, പള്ളികളിലും നില നില്‍ക്കുന്ന  പ്രതിഷ്ഠകളുടെ പോരായ്മകളെ മാനദണ്ഡമാക്കിയിട്ടാണ്. ആറിനും അക്കരെ ഒരു ലോകമുണ്ടെന്ന്   വിവര ദോഷികളായ ഈ പണ്ഡിത ശിരോമണികള്‍ക്ക് ചിന്തിക്കാനേ കഴിയുന്നില്ല പോലും ! ) അതില്‍ ഒരാള്‍ക്ക് നൈല്‍ നദീതട സംസ്കാരത്തിലെ മനുഷ്യ വംശ പരിണാമത്തിലെ ശ്രദ്ധേയങ്ങളായ വഴിത്താരകളില്‍ ആഴത്തിലുള്ള വായനയും, അറിവുമുണ്ട്. മറ്റെയാള്‍ എന്ന് ഏക വചനത്തില്‍ പറയുന്നത് തന്നെ ശരിയല്ല.  ഏഴിലധികം വ്യാജപ്പേരുകളില്‍ ഇ മെയില്‍ ഐ. ഡി. സൃഷ്ടിച്ച് അതില്‍ ഒളിച്ചിരുന്ന് കൊണ്ടാണ് അയാളുടെ ആക്രമണം.

അവരില്‍ നിന്ന് പലപ്പോഴായി എനിക്ക് കിട്ടിയിട്ടുള്ള വിശേഷണങ്ങള്‍ അല്‍പ്പ ജ്ഞാനി, മത ഭ്രാന്തന്‍, അഹങ്കാരി, മതതീവ്രവാദി, തലക്ക് സ്ഥിരതയില്ലാത്തവന്‍, പിരിലൂസ്സ്, വട്ടന്‍, മതത്തിന്റെ അടിമ മുതലായ പദങ്ങളിലൂടെയാണ്. ( ഞാന്‍ ഇതൊക്കെയാണ് എന്ന് മുന്‍കൂറായി സമ്മതിച്ചു കൊള്ളുന്നു ) യഥാര്‍ത്ഥ വ്യക്തി ശരിയായ പേരില്‍ മാന്യനായി രംഗത്തുള്ളപ്പോള്‍  മാന്യത ചോരാതെ സൂക്ഷിച്ചേ സംസാരിക്കൂ. അയാളുടെ എഴുത്തുകളില്‍ ജഗദീശ്വരന്‍, പ്രപഞ്ച ശില്പി മുതലായ വാക്കുകള്‍ സമൃദ്ധമായി പ്രയോഗിക്കുന്‌പോളും, തന്റെ ഒളിയിടമായ കമന്റെഴുത്ത്  വേതാളങ്ങളുടെ പേര് വച്ച് ശുദ്ധ തെറിയാണ് എഴുതി വിടുന്നത്. ഒറ്റയൊരു ഉദ്ദേശമേ തത്ര ഭാവാനുള്ളു.  " ആശാനേ, ങ്ങളൊരു സംഭവമാണ് '" എന്ന് താന്‍ തന്നെയായ തന്റെ കമന്റെഴുത്ത് കൂളി കൂട്ടങ്ങളെക്കൊണ്ട് എഴുതിച്ച്, അഥവാ, സ്വയമെഴുതി, അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ താനാണ് കേമന്‍ എന്ന് വരുത്തി തീര്‍ക്കുക!   ജുഗുപ്‌സാവഹമായ ഇത്തരം ശ്രമങ്ങളാണ് കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെപ്പോലെ  ഈ ഈ മാന്യ ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യം വിവരമുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്  എന്ന് വിവരത്തിന്റെ ഉസ്താദായി ഭാവിക്കുന്ന ഈ മഹാനുഭാവന് മനസിലാവുന്നില്ലല്ലോ എന്നോര്‍ത്തു സഹതപിക്കുന്നു.

ഞാനും, നിങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പൊതു സമൂഹം അനുവര്‍ത്തിക്കേണ്ട അനേകം കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, വ്യക്തി എന്ന നിലയില്‍ എനിക്കുള്ള എല്ലാ ചിന്താ സ്വാതന്ത്ര്യവും  അതേ അളവില്‍ നിങ്ങള്‍ക്കും ഉണ്ട് എന്ന് സമ്മതിക്കാനുള്ള മാന്യത. സജീവവും, താള നിബദ്ധവുമായ ചലന സംപ്രദായങ്ങളിലൂടെ,  അനന്തമായ കാലത്തിന്റെ  അപാരമായ അതി സാഹസികതയിലൂടെ, എന്നെയും, നിങ്ങളെയും വഹിച്ച്  കൊണ്ട് അനവരതം  യാത്ര ചെയ്‌യുന്ന ഈ മഹാ പ്രഞ്ചത്തിന് അനുസ്യൂതമായി ലഭ്യമാവുന്ന ഒരു ഊര്‍ജ്ജ സ്രോതസ് എങ്ങോ, എവിടെയോ ഉണ്ടെന്ന്  എല്ലാ ഭൗതിക വാദങ്ങളുടെയും തല തൊട്ടപ്പനായ  ആധുനിക ശാസ്ത്രം തന്നെ തല കുലുക്കി  സമ്മതിക്കുന്‌പോള്‍, അത് ദൈവമാണെന്ന് വിശ്വസിക്കുന്നവനെ അതിനുള്ള അവന്റെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വെറുതേ വിട്ടു കൂടെ ? അത് ദൈവമല്ലെന്ന് വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം തച്ചുടക്കാന്‍ അവന്‍ വന്നാല്‍ അവനെ എതിര്‍ക്കാന്‍ നിങ്ങളോടൊപ്പം ഞാനുമുണ്ടാവും.

മനുഷ്യന്‍ എന്ന നിലയിലുള്ള സഹ ജീവിക്കുവേണ്ടി ഇത്രയെങ്കിലും ചെയ്‌യാന്‍ സഹായകമാവുന്നതല്ലെങ്കില്‍ എന്ത് യുക്തി വാദം ? എന്ത് ചിന്ത ? എന്ത് കല ? എന്ത് സാഹിത്യം ? എന്ത് മതം ? എന്ത് സംസ്കാരം ? )

വീട് പണി ഏറ്റെടുത്ത മരപ്പണിക്കാരുടെയും, കല്പണിക്കാരുടെയും ഭാഗത്തു നിന്ന് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള പല നിര്‍ദ്ദേശങ്ങളും വന്നു. അവയില്‍ സ്വീകാര്യം എന്ന് തോന്നിയവ സ്വീകരിക്കപ്പെടുകയും, അല്ലാത്തവ നിരാകരിക്കപ്പെടുകയും ചെയ്തു. എന്റെ അപ്പന്റെയും, സഹോദരങ്ങളുടെയും  ശാരീരിക അദ്ധ്വാനങ്ങളെയും, ജോലിക്കാര്‍ എന്നതിലുപരി കഠിനമായ അദ്ധ്വാനം കൊണ്ട് സഹകരിച്ച സര്‍വശ്രീ പത്രുവിനെയും, കുഞ്ഞപ്പന്‍  അംബിക ദന്പതികളെയും, കല്ല് ചുമടിന് നേതുത്വം വഹിച്ച വട്ടോലില്‍ മേരിയെയും, കൂട്ടുകാരികളെയും നന്ദി പൂര്‍വം  അനുസ്മരിച്ചു കൊണ്ടാണ് മനോഹരമായി പണിതെടുത്ത ആ കൊച്ചു വീട്ടില്‍ താമസിച്ച കാലങ്ങളിലൊക്കെയും ഞങ്ങള്‍ ഉറങ്ങിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക