Image

അബുദാബിയില്‍ യുവതി ലിഫ്‌റ്റില്‍ കെട്ടിപ്പിടിച്ച്‌ സ്വര്‍ണ്ണം അപഹരിച്ചു

Published on 07 May, 2012
അബുദാബിയില്‍ യുവതി ലിഫ്‌റ്റില്‍ കെട്ടിപ്പിടിച്ച്‌ സ്വര്‍ണ്ണം അപഹരിച്ചു
അബൂദാബി: ലിഫ്‌റ്റില്‍ കയറി സ്‌നേഹം നടിച്ച്‌ കെട്ടിപ്പിടിച്ചുള്ള മോഷണം അബൂദബിയിലും. മുഖം മറച്ച യുവതിയുടെ തട്ടിപ്പില്‍ മലയാളി യുവാവിന്‌ മൂന്നു പവന്‍െറ ചെയിന്‍ നഷ്ടമായി. ഇന്നലെ രാവിലെയാണ്‌ സംഭവം.

പാസ്‌പോര്‍ട്ട്‌ റോഡിലെ ഫാര്‍മസിയില്‍ ജോലി ചെയ്യുന്ന യുവാവാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. ഫാര്‍മസി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ മുകള്‍ നിലയിലെ ക്‌ളിനിക്കിലേക്ക്‌ പോയതായിരുന്നു യുവാവ്‌. ലിഫ്‌റ്റുള്ള ഭാഗത്തേക്ക്‌ പോകുമ്പോള്‍, പര്‍ദ ധരിച്ച്‌ മുഖം മറച്ച സ്‌ത്രീ എതിരെ വന്നു. ഇവര്‍ കെട്ടിടത്തിലെ താമസക്കാരിയാകാമെന്നും പുറത്ത്‌ പോകുകയാണെന്നും യുവാവ്‌ കരുതി. അടുത്തെത്തിയപ്പോള്‍, ഇംഗ്‌ളീഷ്‌ അറിയുമോ എന്ന്‌ അറബിയില്‍ ചോദിച്ചത്രെ. അറിയാമെന്ന്‌ പറഞ്ഞപ്പോള്‍ തന്നെ സഹായിക്കണമെന്ന്‌ പറയുകയും യുവാവിനെ കൂട്ടി ലിഫ്‌റ്റില്‍ കയറുകയും ചെയ്‌തു. അഞ്ചാം നിലയിലേക്ക്‌ പോകാനുള്ള ബട്ടണാണ്‌ യുവതി അമര്‍ത്തിയത്‌. എന്നാല്‍, ലിഫ്‌റ്റ്‌ ഏതാണ്ട്‌ നാലാം നിലയില്‍ എത്തിയപ്പോള്‍ പെട്ടെന്ന്‌ യുവാവിനെ കെട്ടിപ്പിടിച്ചു.

അപ്പോഴേക്കും അഞ്ചാം നിലയിലെത്തി. അപ്രതീക്ഷിത നീക്കത്തില്‍ സ്‌തംഭിച്ച യുവാവിനെ സ്‌ത്രീ പുറത്തേക്ക്‌ തള്ളിയിട്ടു. ഉടന്‍ ലിഫ്‌റ്റില്‍ താഴേക്ക്‌ പോകുകയും ചെയ്‌തു. ഇത്തരം തട്ടിപ്പിനെ കുറിച്ച്‌ അവബോധമില്ലാത്ത യുവാവ്‌ അല്‍പ സമയത്തിന്‌ ശേഷം ഫാര്‍മസിയില്‍ തിരിച്ചെത്തുകയും കൂടെ ജോലി ചെയ്യുന്നയാളോട്‌ സംഭവം പറയുകയും ചെയ്‌തു. എന്നാല്‍, ഈ സമയത്തൊന്നും താന്‍ പഴ്‌സോ സ്വര്‍ണ ചെയിനോ ശ്രദ്ധിച്ചില്ലെന്നും പിന്നീടാണ്‌ ചെയിന്‍ കഴുത്തിലില്ലെന്ന്‌ മനസ്സിലായതെന്നും യുവാവ്‌ പറഞ്ഞു. ഇതിനു മുമ്പ്‌ രണ്ടുമൂന്നു തവണ ചെയിന്‍ അറിയാതെ അഴിഞ്ഞു വീണതിനാല്‍, അങ്ങനെ സംഭവിച്ചിരിക്കാമെന്ന്‌ കരുതി നേരത്തെ പോയ സ്ഥലങ്ങളില്‍ അന്വേഷിച്ചു. പിന്നീടാണ്‌ ലിഫ്‌റ്റില്‍ വെച്ച്‌ സ്‌ത്രീ തട്ടിയെടുത്തതാകാമെന്ന്‌ ചിന്തിച്ചത്‌. ഇതത്തേുടര്‍ന്ന്‌ പൊലീസില്‍ അറിയിക്കുകയും ഉടന്‍ പൊലീസ്‌ എത്തുകയും ചെയ്‌തു. ഏതാണ്ട്‌ ഒന്നര മണിക്കൂര്‍ പൊലീസ്‌ ഇവിടെയുണ്ടായിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

ഏതാനും ദിവസം മുമ്പ്‌ ഷാര്‍ജ ബുത്വീനയിലെ ഫ്‌ളാറ്റില്‍ ഇതുപോലെ തൃശൂര്‍ സ്വദേശിയായ യുവാവ്‌ തട്ടിപ്പിന്‌ ഇരയായിരുന്നു. ഇയാളുടെ 1,000 ദിര്‍ഹമടങ്ങിയ പഴ്‌സാണ്‌ കവര്‍ന്നത്‌. ഈ സംഭവത്തിലും മുഖം മറയുന്ന രീതിയില്‍ പര്‍ദ ധരിച്ച യുവതി ഇംഗ്‌ളീഷ്‌ അറിയുമോയെന്ന്‌ ചോദിച്ചാണ്‌ യുവാവിനെ കുടുക്കിയത്‌. പണം എടുത്ത ശേഷം രേഖകളുള്ള പഴ്‌സ്‌ പരിസരത്തെ ടൈപിങ്‌ സെന്‍ററില്‍ ഏല്‍പിച്ചാണ്‌ യുവതി മുങ്ങിയത്‌. ഈ തട്ടിപ്പ്‌ അബൂദബിയിലും നടന്നതോടെ മലയാളികള്‍ ആശങ്കയിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക