Image

മുത്തൂറ്റിലെ ബാങ്കും മരടിലെ ഫ്‌ലാറ്റും (മോന്‍സി കൊടുമണ്‍)

Published on 15 September, 2019
മുത്തൂറ്റിലെ ബാങ്കും മരടിലെ ഫ്‌ലാറ്റും (മോന്‍സി കൊടുമണ്‍)
മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളും വളരെ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങളില്‍ പെടുത്താം .

രണ്ടും ഇന്ന് താഴേക്കു വീഴ്ത്തിക്കളയാന്‍ ചിലര്‍ കെണികള്‍ ഒരുക്കുകയായിരിക്കാം. മനുഷ്യപുത്രന് തന്റെ കഠിനമായ ജോലി കഴിഞ്ഞ് അന്തിക്ക് തല ചായ്ക്കാന്‍ ഒരിടം വേണം അത് ഫ്‌ലാറ്റ് ആകട്ടെ കുടില്‍ ആകട്ടെ, അതവന്റെ കഠിന പ്രയത്‌നത്താന്‍ നീണ്ട പരിശ്രമത്തിനു ശേഷം നിയമപരമായും രേഖാപരമായും വര്‍ഷങ്ങള്‍ക്കു മുന്‍പ് നേടിയെടുത്തതാണ്

എങ്കില്‍ ഇപ്പോള്‍ കാണിക്കുന്ന കുതന്ത്രങ്ങള്‍ കൊണ്ട് അതു നശിപ്പിച്ചു കളയാന്‍ നോക്കുന്നത് സങ്കടകരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമങ്ങളും ചട്ടങ്ങളും നോക്കി പടുത്തുയര്‍ത്തിയ മണിമന്ദിരങ്ങള്‍ ഇന്നെങ്ങനെ നിയമവിരുദ്ധമായി . അന്ന് എല്ലാ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി രേഖകള്‍ കൃതിമമായി ഉണ്ടാക്കിയതായിരുന്നെങ്കില്‍ ആ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്.

നീണ്ട വര്‍ഷങ്ങള്‍ എടുത്ത് പണി കഴിച്ചപ്പോള്‍ ഇല്ലാത്ത നിയമങ്ങള്‍ ഇപ്പോള്‍ എങ്ങനെ വന്നു. പണ്ടു മുന്നാറില്‍ വര്‍ഷങ്ങളോളം പടുത്തുയര്‍ത്തിയ മണി മന്ദിരങ്ങള്‍ രാഷട്രീയത്തിമിരം മൂലം കണ്ണു കാണാത്തവര്‍ക്ക് പിന്നെ കണ്ണു തെളിഞ്ഞതും അത് തകര്‍ത്ത് തരിപ്പണമാക്കിയതും നാം കണ്ടു കഴിഞ്ഞതാണ് .
അത്രയും മനോഹരമായി പടുത്തുയര്‍ത്തിയ മന്ദിരങ്ങള്‍ പൊളിച്ചു കളയാതെ സര്‍ക്കാരിലേക്കു കണ്ടു കെട്ടിയിരുന്നെങ്കില്‍ വലിയ നേട്ടം സര്‍ക്കാരിനും ലഭിക്കുമായിരുന്നു .വെട്ടിനിരത്തുവാനും തല്ലിത്തകര്‍ക്കുവാനും മന്ദിരമായാലും കൃഷിയിടമായാലും നിസ്സാരമാണ് .

നമുക്ക് തണല്‍ തരുന്ന വൃക്ഷങ്ങള്‍ വര്‍ഷങ്ങളോളം പ്രയത്‌നത്താല്‍ വളര്‍ന്നു വലുതായതാണ് അത് വെട്ടിനശിപ്പിക്കുവാന്‍ എളുപ്പമാണ്. ഇന്ന് കേരളത്തില്‍ കാര്‍ഷിക വിഭവങ്ങള്‍ ലഭ്യമല്ല. മടിയന്‍മാരായ നാം വിഷം നിറഞ്ഞ പച്ചക്കറികളും മത്സ്യ മാംസാദികളും തമിഴ്‌നാട്ടില്‍ നിന്നുമിറക്കി നമ്മുടെ വൃക്കകള്‍ തകരാറിലാക്കുന്നു

'കൊച്ചിയില്‍ മാത്രം ഒരു ലക്ഷത്തി അമ്പതിനായിരം വൃക്കരോഗികള്‍ .നമ്മള്‍ കുടിക്കുന്ന ജലമോ പെരിയാറ്റിലെ എന്‍ഡോസള്‍ഫാന്‍ നിറഞ്ഞതും മറ്റു മാരകമായ കെമിക്കല്‍ നിറഞ്ഞതുമായ ജലമാണ് ' കെട്ടിട സമുച്ചയങ്ങള്‍ പൊക്കി പൊക്കി എല്ലാജല സ്രോതസുകളും നാം അടച്ചു കഴിഞ്ഞു .ജലം കെട്ടിക്കിടന്നു കൊതുകുകള്‍ പെരുകി രോഗം വന്ന് നാം നശിച്ചു കൊണ്ടിരിക്കുന്നു '.

വെറും ഒരു ജലദോഷം പോലെ ക്യാന്‍സര്‍ നമ്മുടെ നിത്യസന്ദര്‍ശകനായി മാറിക്കഴിഞ്ഞു. കേരളത്തില്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ സാധാരണ മനുഷ്യരുടെ സമാധാനം കെടുത്തുന്നു'

മുത്തുറ്റിലെ മകനെ കൊന്നവരെ വെറുതെ വിട്ടതു നാം കണ്ടു കഴിഞ്ഞു ഇനിയും ആ കുടുംബത്തെ ഉന്‍മൂലനാശം വരുത്തുകയാണോ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്കു തെറ്റുപറ്റി. കാരണം മുതലാളി ഉണ്ടെങ്കിലെ തൊഴിലാളി ഉള്ളു. അതു പോലെ തൊഴിലാളി ഉണ്ടെങ്കിലെ മുതലാളിക്കും നിലനില്‍പ്പുള്ളു.

രണ്ടും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ തൊഴിലാളി നാളത്തെ മുതലാളിയാകണം അമേരിക്കയിലും യൂറോപ്പിലും അതിന് അവസരം ലഭിക്കുന്നുണ്ട്. അവിടെ ഓരോ തൊഴിലാളിക്കും മുതലാളിയാകുവാന്‍ അവസരം ലഭിക്കുന്നത് അവന്റെ അല്ലെങ്കില്‍ തൊഴിലാളിയുടെ നിരന്തരമായ കഠിന പ്രയന്തത്തിലൂടെയാണ്

എന്നാല്‍ കേരളത്തില്‍ മെയ്യനങ്ങാതെ കൂലി വാങ്ങിക്കുവാന്‍ എങ്ങനെ സാധിക്കും എന്ന കുതന്ത്രങ്ങളാണ് .ഇപ്പോള്‍ നോക്കുകൂലി നിര്‍ത്തിയതില്‍ പരിഭവിക്കുന്ന ധാരാളം മടിയന്‍മാര്‍ കണ്ടേക്കാം. ഒരു തൊഴിലാളിയുടെ നിരന്തരമായ കഠിന പ്രയത്‌നം അവനെ മുതലാളിയാക്കും നിശ്ചയം തന്നെ .

പക്ഷെ തൊഴിലാളി ഒരിക്കലും മുതലാളിയാകരുതെയെന്ന് ശഠിക്കുന്ന കുത്തക മുതലാളിമാര്‍ ഉണ്ടെങ്കില്‍ പ്രശ്‌നം ഗുരുതരമാകും .ഇവിടെ മുത്തൂറ്റ് ബാങ്കില്‍ ശരിയായ വേതനം കൊടുക്കുന്നുവെന്നാണ് കേള്‍വിയെങ്കിലും ചില ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വേതനം ലഭിക്കുന്നില്ലെയെന്നാണ് പ്രശ്‌നത്തിന്റെ തുടക്കം .

ശതകോടികള്‍ നിരന്തരം ഉണ്ടാക്കുന്ന മുത്തൂറ്റ് ബാങ്കുകള്‍ തൊഴിലാളിക്ക് ശരിയായ വേതനം നല്‍കുന്നുണ്ടോയെന്ന് കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മൂത്തുറ്റ് ഹോസ്പിറ്റലിലെ നേഴ്‌സ്മാര്‍ക്ക് ഗവണ്‍മെന്റ് പറഞ്ഞ ശമ്പളം നല്‍കുന്നുണ്ടോ? അതുപോലെ അമൃതാനന്ദമയി ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റല്‍ ഇവര്‍ നഴ്‌സ് മാര്‍ക്ക് കേരള ഗവണ്‍മെന്റ് നിശ്ചയിച്ച വേതനം നല്‍കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.

ഇനി മുത്തൂറ്റ് ബാങ്കിലേക്കു വീണ്ടും വരാം .ഒരു വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കു കടന്നു വരുന്ന ഒരു മനുഷ്യന് തന്റെ സ്വര്‍ണ്ണം കൊണ്ടു മുത്തൂറ്റ് ബാങ്കിലേക്കു ചെല്ലുമ്പോള്‍ അതു വാങ്ങി അവന് പണയമായി പണം നല്‍കുന്ന ഒരു നല്ല കാര്യമാണ് . ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമ്പോള്‍ ഇത്രയും തൊഴിലാളിക്ക് അവരുടെ ജോലി നഷ്ടപ്പെടുന്നത് ദുഃഖകരമായ കാഴ്ചയാണ് .

കേരളം കാര്‍ഷിക അടിസ്ഥാനത്തിലും വ്യവസ്ഥായിക അടിസ്ഥാനത്തിലും വട്ടപൂജ്യമാണ്. പിന്നെയുള്ളത് ടൂറിസം മാത്രമാണ് പിന്നെ പ്രവാസി വരുമാനം ഇതും തകരാറിലാക്കാന്‍ ചില കുത്സിത ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു '

കേരള മക്കള്‍ ബുദ്ധിയായി നിന്നില്ലെങ്കില്‍ അതായത് മുതലാളിയും തൊഴിലാളിയും ഒരു പരസ്പര ധാരണയില്‍ നിന്നില്ലെങ്കില്‍ ഈ സംസ്ഥാനം താഴേക്കിടയിലേക്കു കൂപ്പുകുത്തിയെന്നിരിക്കും. കശുവണ്ടി മേഖല, കയര്‍ മേഖല അതുപോലെ റബ്ബര്‍ വ്യവസായം എല്ലാം തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ സമരങ്ങളുടെ അതിപ്രസരം നമ്മെ പടുകുഴിയിലേക്കു വീഴ്ത്തുമെന്ന് ഉത്‌ബോധിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ
മോന്‍സി കൊടുമണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക