Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോഡ്‌ സ്വന്തമാക്കിയ മങ്കയമ്മക്ക്‌ സ്‌ട്രോക്ക്‌; ഭര്‍ത്താവിന്‌ ഹൃദയാഘാതം

Published on 16 September, 2019
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോഡ്‌ സ്വന്തമാക്കിയ മങ്കയമ്മക്ക്‌ സ്‌ട്രോക്ക്‌; ഭര്‍ത്താവിന്‌ ഹൃദയാഘാതം

ഏറ്റവും പ്രായം കൂടിയ അമ്മയെന്നനിലയില്‍ ലോക റെക്കോര്‍ഡിട്ട 72 കാരി എരമാട്ടി മങ്കയമ്മയെ സ്‌ട്രോക്ക്‌ വന്നതിനെ തുടര്‍ന്ന്‌ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 

പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു മങ്കയമ്മയ്‌ക്ക്‌ സ്‌ട്രോക്ക്‌ ഉണ്ടായത്‌. സെപ്‌റ്റംബര്‍ 5 നായിരുന്നു ആന്ധ്ര സ്വദേശികളായ വൃദ്ധ ദമ്പതികള്‍ക്ക്‌ ഐ.വി.എഫ്‌ ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്‌. 

72-ാം വയസില്‍ അമ്മയായതോടെയാണ്‌ മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌.

എന്നാല്‍ മങ്കയമ്മയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജറാവുവിനെ കുഞ്ഞുങ്ങള്‍ ജനിച്ച്‌ അടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. പത്തു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ്‌ മങ്കയമ്മയെ നീരിക്ഷിച്ചു കൊണ്ടിരുന്നത്‌. 

ഏറ്റവും പ്രായം കൂടിയ അമ്മയെന്ന നിലയില്‍ മങ്കയമ്മയുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. എന്നിരുന്നാലും ഇത്രയും പ്രായമേറിയയാള്‍ക്ക്‌ ഐ.വി.എഫ്‌ ചികിത്സ നല്‍കിയതിനെതിരെ പല ഭാഗത്തും നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജനുവരിയിലായിരുന്നു മങ്കയമ്മ ഇരട്ടപെണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചത്‌. സിസേറിയനിലൂടെയായിരുന്നു ഇവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിയത്‌. 

പ്രായം കൂടി പ്രസവിച്ചതിനെ തുടര്‍ന്ന്‌ ഉണ്ടായ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ്‌ സ്‌ട്രോക്കിലേയ്‌ക്ക്‌ നയിച്ചതെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. 

നിലവില്‍ മങ്കയമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. രണ്ട്‌ കുട്ടികള്‍ക്കും രണ്ട്‌ കിലോയിലധികം ശരീരഭാരം ഉണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക