Image

ആവേശകരം, ഈ ഫൈനല്‍സ്

Published on 16 September, 2019
ആവേശകരം, ഈ ഫൈനല്‍സ്
മത്സരത്തില്‍ ഏറ്റവും പിന്നില്‍ നിന്നും മെല്ലെ എല്ലാവരുടെയും മുന്നിലേക്ക് കുതിച്ചു കയറുന്നതു പോലെയാണ് ഫൈനല്‍സ് എന്ന ചിത്രത്തിന്റെ വിജയക്കുതിപ്പ്. അധികം പരസ്യവാചകങ്ങളൊന്നുമില്ലാതെ, വമ്പന്‍ പ്രമോഷനും ചാനല്‍ ചര്‍ച്ചകളും ഇല്ലാതെ തന്നെ സൂപ്പര്‍ സ്റ്റാറുകളുടേതടക്കം തിയേറ്ററുകളിലെത്തിയ ഓണക്കാല ചിത്രങ്ങളുടെ മത്സര ട്രാക്കില്‍ ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഫൈനല്‍സ് എന്ന് നിസംശയം പറയാം.

സത്യസന്ധമായി കഥ പറയുന്ന, ആവേശത്തിന്റെ പിരിമുറുക്കം കാത്തുവയ്ക്കുന്ന, അത് പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന സ്‌പോര്‍ട്ട്‌സ് ചിത്രങ്ങള്‍ എല്ലാ കാലത്തും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഫൈനല്‍സും ആ വഴിക്കു തന്നെയാണ് നീങ്ങുന്നത്. ഒരു കായികതാരത്തിന്റെ ജീവിതകഥയ്‌ക്കൊപ്പം കാലിക പ്രസക്തിയുള്ള ചര്‍ച്ച ചെയ്യപ്പെടേണ്ടതും തുടച്ചു നീക്കപ്പെടേണ്ടതുമായ ചില അധാര്‍മ്മികതകളെയും ഈ ചിത്രം തുറന്നു കാട്ടുന്നുണ്ട്. ഒപ്പം ഹൃദയഹാരിയായ പ്രണയവും.

ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ഒരു കുഗ്രാമത്തില്‍ ഒരു സാധാരണ വീട്ടില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് ആലീസ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആലീസാണ്. മുന്‍കായിക താരവും പരിശീലകനുമായ വര്‍ഗീസിന്റെ മകളാണ് ആലീസ്. കാര്‍ക്കശ്യക്കാരനും എന്നാല്‍ ശാന്തപ്രകൃതക്കാരനുമാണ് വര്‍ഗീസ്. കായിക രംഗത്തെ ചില കൊള്ളരുതായ്മകള്‍ക്കെതിരേ സ്‌പോര്‍ട്ട്‌സ് ഫെഡറേഷനോട് ഏറ്റുമുട്ടിയതിന്റെ പേരില്‍ സ്വന്തം കരിയര്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും അയാള്‍ക്ക് പല നഷ്ടങ്ങളും നേരിടേണ്ടി വരുന്നു.അപ്പോഴെല്ലാം അയാള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്നത് മകള്‍ ആലീസിന്റെ കായികമികവാണ്. മികച്ച സൈക്‌ളിസ്റ്റാണ് ആലീസ്. തനിക്കു നഷ്ടമായ വിജയങ്ങളെല്ലാം മകളിലൂടെ നേടിയെടുക്കണമെന്നുള്ള അടങ്ങാത്ത ആഗ്രഹവുമായാണ് വര്‍ഗീസ് ഓരോ ദിവസവും തള്ളിനീക്കുന്നത്. 2020 ല്‍ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിജയം കൈപ്പിടിയിലാക്കാനാണ് അവളുടെ സ്വപ്നം. അവളുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള യാത്രയില്‍ അവളുടെ സുഹൃത്ത് മാനുവലിന്റെയും സ്വന്തം നാടിന്റെയും മുഴുവന്‍ പ്രാര്‍ത്ഥനയും പ്രോത്സാഹനവും അവള്‍ക്കൊപ്പമുണ്ട്. വാഗമണ്ണില്‍ നടക്കുന്ന കേരള സൈക്ക്‌ളിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തുന്ന ആലീസിന്റെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുന്നു. ഈ സംഭവം സൃഷ്ടിക്കുന്ന ദുരൂഹതകളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും പ്രതിബന്ധങ്ങള്‍ നിറഞ്ഞ വഴിയിലൂടെ ആലീസിന്റെ നടത്തുന്ന അതീജീവനത്തിന്റെ കഥയാണ് ഫൈനല്‍സ് പറയുന്നത്.

നവാഗത സംവിധായകന്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത ചിത്രമാണ് ഫൈനല്‍സ്. മികച്ച തിരക്കഥയും കെട്ടുറപ്പുള്ള തിരക്കഥയുമാണ് ചിത്രത്തിന്റെ പുതുമയും കരുത്തും. കഥയിലെവിടെയും അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ഊഹിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഓരോഘട്ടത്തിലും സ്‌ക്രീനില്‍ തെളിയുമ്പോള്‍ മാത്രം പ്രേക്ഷകന് കാണാന്‍ കഴിയുന്ന തരത്തിലാണ് ഓരോ രംഗവും ചിത്രീകരിച്ചിട്ടുള്ളത്. മികച്ച കൈയ്യടക്കം ചിത്രത്തിന്റെ ആദ്യാവസാനം കാണാന്‍ കഴിയും.

ആലീസ് എന്ന കായികതാരത്തിന്റെ ജീവിതത്തിനൊപ്പം കായികരംഗത്തെ അഴിമതികളും പാരവയ്പ്പുകളും കൂടി ചിത്രം തുറന്നു പറയുന്നുണ്ട്. ഈ രംഗത്ത് നിനില്‍ക്കുന്ന, കായികതാരങ്ങളുടെ പരിശീകരായി എത്തുന്ന ചിലരില്‍ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള പൊള്ളുന്ന സത്യങ്ങള്‍, പ്രതികരിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ഒതുക്കലുകള്‍ ഇവയെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഒരു യഥാര്‍ത്ഥ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫൈനല്‍സ് എന്ന ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്ട്‌സ് ചിത്രത്തിന്റെ ഗണത്തില്‍പെടുത്താവുന്ന ചിത്രമാണിത്. ജൂണ്‍എന്ന ചിത്രത്തിനു ശേഷം രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മികച്ച കായിക ക്ഷമത വേണ്ടി വന്ന കഥാപാത്രത്തിനായി രജീഷ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ചിത്രം കാണുമ്പോള്‍ ബോധ്യമാകും. ഒരുകായികതാരത്തിന്റെ എല്ലാ മാനറിസങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ട് രജീഷ. ആദ്യ പകുതിയില്‍ ആലീസിന് പ്രാധാന്യം നല്‍കിയാണ് അവസാനിക്കുന്നത്. എന്നാല്‍ ഇടവേളയ്ക്കു ശേഷം മാനുവലിനും പ്രാധാന്യം കൈവരുന്നു.

പ്രത്യേകം എടുത്തു പറയേണ്ട പ്രകടനം സുരാജ് വെഞ്ഞാറമൂടിന്റേതാണ്. അതിസങ്കീര്‍ണമായ വൈകാരിക പ്രക്ഷുബ്ധ ഭാവങ്ങള്‍ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കേണ്ട വര്‍ഗീസ് എന്ന കഥാപാത്രത്തെ തികഞ്ഞ കൈയ്യടക്കത്തോടെ സുരാജ് അവതരിപ്പിച്ചു. കോമഡി താരത്തില്‍ നിന്നും സ്വഭാവ നടനിലേക്കുള്ള സുരാജിന്റെ മാറ്റം ശരിക്കും അമ്പരപ്പിക്കുന്നതാണ്. ഗൗരവമേറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രമായി മാറാനുള്ള സുരാജിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. സുരാജിനെ സംബന്ധിച്ച് ഫൈനല്‍സിലെ വര്‍ഗീസും തന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

മാനുവലായി എത്തിയ നിരഞ്ജ് മണിയന്‍ പിള്ള രാജു, ടിനി ടോം, മുത്തുമണി, സോനാ നായര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. ആസ്വദിച്ചു കാണാന്‍ കഴിയുന്ന നല്ലൊരു ചിത്രമാണ് ഫൈനല്‍സ് എന്നു നിസംശയം പറയാം. സ്‌പോര്‍ട്ട് മാത്രമല്ല, ഈ ചിത്രത്തില്‍ പ്രണയമുണ്ട്, നഷ്ടപ്പെടലുകളുണ്ട്, ജീവിതമുണ്ട്. മികച്ച നിലവാരമുള്ള ഒരു സിനിമ കാണാനുളള അവസരമാണ് ഫൈനല്‍ നമുക്ക് തരുന്നത്. അതു വൈകിക്കരുത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക