Image

നാവികസേനയ്ക്കായി നിര്‍മിക്കുന്ന കപ്പലിലെ ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ചു

Published on 17 September, 2019
നാവികസേനയ്ക്കായി നിര്‍മിക്കുന്ന കപ്പലിലെ ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ചു
കൊച്ചി: രാജ്യത്ത് നിര്‍മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്കുകള്‍ കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചു. നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി ക്കപ്പലിലാണ് മോഷണം. ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി.

നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്ക് മോഷണം പോയതായി പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിക്കുന്നത്. 2009ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2021ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആരംഭം മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കപ്പല്‍ശാല. സംഭവത്തില്‍ അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റു വസ്തുക്കള്‍ ഒന്നും മോഷ്ടിക്കാതെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്ക് എടുത്തത് സംശയാസ്പദമാണ്. കപ്പല്‍ നേവിക്ക് കൈമാറാത്തതിനാല്‍ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്കല്ല മോഷണം പോയതെന്നാണ് കരുതുന്നത്. കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ളതാണ് നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്കുകള്‍ .

കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് നാവികസേന അറിയിച്ചു. അതെപ്പറ്റി ആശങ്ക വേണ്ട. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക