Image

മരടില്‍ ഉദ്യോഗസ്ഥരും കെട്ടിട ഉടമകളും ഒത്തുകളിച്ചു; വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌

Published on 18 September, 2019
 മരടില്‍ ഉദ്യോഗസ്ഥരും കെട്ടിട ഉടമകളും ഒത്തുകളിച്ചു; വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌
കൊച്ചി: ഉദ്യോഗസ്ഥരുടെയും കെട്ടിട ഉടമകളുടെയും ഒത്താശയോടെയാണ്‌ മരടിലെ വിവാദ ഫ്‌ളാറ്റുകളടക്കം പണിതതെന്ന്‌ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്‌ പുറത്ത്‌. 

രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന്‌ ചൂണ്ടിക്കാട്ടുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ 2016ല്‍ ലോകായുക്തക്ക്‌ വിജിലന്‍സ്‌ സമര്‍പ്പിച്ചത്‌. 

അനധികൃത നിര്‍മാണങ്ങള്‍ തുടര്‍ന്നപ്പോഴും സാധാരണക്കാരെ തീരദേശ പരിപാലന നിയമം പറഞ്ഞ്‌ അധികൃതര്‍ ബുദ്ധിമുട്ടിച്ചെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

മരട്‌ പഞ്ചായത്തായിരുന്ന കാലഘട്ടത്തില്‍ കെട്ടിട നിര്‍മാണത്തിനായി സെക്രട്ടറി അനുമതി നല്‍കുകയും ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി റദ്ദ്‌ചെയ്യുകയും ചെയ്‌തിരുന്നു.

 ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ ഉത്തരവ്‌ വാങ്ങി പല ഘട്ടങ്ങളിലായി നിര്‍മാതാക്കള്‍ കെട്ടിടങ്ങള്‍ പണിയുകയായിരുന്നു. ഉദ്യോഗസ്ഥരും കെട്ടിട നിര്‍മാതാക്കളും തമ്മിലുള്ള ഒത്തുകളിയെപ്പറ്റിയും രാഷ്ട്രീയക്കാര്‍ക്ക്‌ പങ്കുണ്ടെന്ന്‌ കരുതണമെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ ചൂണ്ടിക്കാട്ടുന്നു.

2010ലാണ്‌ മരട്‌ പഞ്ചായത്തില്‍ നിന്ന്‌ മുനിസിപ്പാലിറ്റിയായത്‌. മുനിസിപ്പല്‍ ഓഫീസിലെ രേഖകള്‍ പ്രകാരം തീരദേശ പരിപാലന നിയമം ലംഘിച്ച പതിനെട്ട്‌ നിര്‍മാണങ്ങള്‍ മരടിലുണ്ടെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 

ഈ കെട്ടിടങ്ങളൊക്കെയും തീരദേശ പരിപാലന നിയമപ്രകാരമുള്ള മാപ്പിങിന്റെ അഭാവത്തില്‍ ഉദ്യോഗസ്ഥരുടെയും കെട്ടിട നിര്‍മാതാക്കളുടെയും ഒത്താശയില്‍ കെട്ടിപ്പൊക്കിയതാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഇതേ നിയമത്തിന്റെ കടമ്‌ബകള്‍കാട്ടി സാധാരണക്കാരെ അധികൃതര്‍ ബുദ്ധമുട്ടിച്ചുവെന്നും വിജിലന്‍സ്‌ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക