Image

മന്‍മോഹന്‍ സിംഗ്‌ പാക്കിസ്ഥാനെ ആക്രമിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചു; വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി

Published on 19 September, 2019
മന്‍മോഹന്‍ സിംഗ്‌ പാക്കിസ്ഥാനെ ആക്രമിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചു; വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പാകിസ്‌താനെതിരെ സൈനിക നടപടിക്ക്‌ തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ്‌ മുന്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍. 

മുംബൈ ഭീകരാക്രമണത്തിന്‌ സമാനമായ മറ്റൊരു ആക്രമണം കൂടി സംഭവിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിയ്‌ക്ക്‌ മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ്‌ പദ്ധതിയിട്ടിരുന്നതായി കാമറൂണ്‍ തന്റെ പുസ്‌തകത്തില്‍ വെളിപ്പെടുത്തി.

 മന്‍മോഹന്‍ സിങ്ങുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം ഒരു `വിശുദ്ധനായ മനുഷ്യനാ'ണെന്നും കാമറൂണിന്റെ ഓര്‍മക്കുറിപ്പുകളുടെ പുസ്‌തകമായ `ഫോര്‍ ദ റിക്കോര്‍ഡി'ല്‍ പറയുന്നു.

പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗുമായി നടത്തിയ സംവാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം തന്റെ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയത്‌. 

മുംബൈയില്‍ 2011 ലുണ്ടായ ഭീകരക്രമണത്തിന്റെ സാഹചര്യത്തില്‍ അദ്ദേഹം ശക്തമായ നിലപാടെടുത്തുവെന്നും ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായാല്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ തന്നോട്‌ പറഞ്ഞിരുന്നതായും കാമറൂണ്‍ പുസ്‌തകത്തില്‍ പറയുന്നു.

ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ്‌ താന്‍ സ്വീകരിച്ചിരുന്നതെന്നും അമേരിക്കയുമായുണ്ടായിരുന്ന തരത്തിലുള്ള പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കാമറോണ്‍ സ്‌മരിക്കുന്നുണ്ട്‌. 

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ബ്രിട്ടണിലെ വെബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത്‌ സംസാരിച്ചതിനെക്കുറിച്ചും പുസ്‌തകത്തില്‍ പരാമര്‍ശമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക